ഗ്രബോവ്: മലേഷ്യന്‍ വിമാനത്തെ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിന് വിമതര്‍ തടസം സൃഷ്ടിക്കുന്നു. വിമാനം നിലംപതിച്ചയിടത്തേക്ക് കടന്നുചെല്ലാന്‍ കഴിയാതെ അന്വേഷകര്‍ ബുദ്ധിമുട്ടുകയാണ്. മേഖലയുടെ നിയന്ത്രണം കയ്യാളുന്ന റഷ്യന്‍ അനുകൂല യുക്രൈന് വിമതര്‍ അന്വേഷകര്‍ക്ക് പലവിധത്തിലുള്ള തടസങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രദേശമാകെ സംരക്ഷണവലയം സൃഷ്ടിച്ച് നില്‍ക്കാനാണ് വിമതരുടെ തീരുമാനം. വെടിനിര്‍ത്തലിനില്ലെന്ന് പ്രഖ്യാപിച്ച അവര്‍ തുടര്‍ച്ചയായി റോക്കറ്റുകള്‍ തൊടുക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷകസംഘം ദുരന്തമേഖലയിലേക്ക് കടന്നു ചെല്ലാന്‍ കഴിയാതെ വലയുന്നത്. യൂറോപ്പിലെ ഓര്ഗനൈസേഷന് ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോപ്പറേഷന് നിരീക്ഷകരെ തങ്ങളുടെ സുരക്ഷയ്ക്കു ഭീഷണി എന്നു പറഞ്ഞ് വിമതര്‍ തടയുകയും ചെയ്തു.
മലേഷ്യന്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് യുക്രൈന് വിമതരാണെന്ന ആരോപണം കൂടുതല്‍ ബലപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഇതുവരെലഭിച്ച വിവരങ്ങളും വിമതരെ പ്രതിക്കൂട്ടിലാക്കുന്നു. റഷ്യന്‍ പിന്തുണയുള്ള വിമതരാണ് വിമാനം തകര്‍ത്തതെന്നു അമേരിക്കയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കുന്ന ചെയ്തികളും സംഭവത്തില്‍ വിമതരുടെ പങ്ക് ദൃഢമാക്കുന്നു. അപകടം സംബന്ധിച്ച നിര്‍ണ്ണായക വിവരം നല്കാന് ഉതകുന്ന ബഌക്ക് ബോക്സുകളില്‍ ഒന്നിന്റെ ഗതി അജ്ഞാതമാണ്. ഒരെണ്ണം വിമതര്‍ കണ്ടെടുത്ത് റഷ്യയ്ക്ക് കൈമാറിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതിനിടെ, ഹോളണ്ട് വിദേശകാര്യമന്ത്രി ഫ്രാന്‍സ് ടിമ്മര്‍മാന്‍സ് പതിനഞ്ച് ഫോറന്‍സിക് വിദഗ്ധരുമായി യുക്രൈന് തലസ്ഥാനമായ കീവില്‍ എത്തി. മരിച്ചവരില്‍ 192 പേരും ഹോളണ്ടുകാരാണ്. മലേഷ്യയില്‍ നിന്നുള്ള 62 അംഗ ദുരന്തനിവാരണ സംഘവും കീവിലെത്തി. അപകടസ്ഥലത്ത് എത്താന്‍ ഇവരെ സഹായിക്കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനോട് ഫോണില്‍ അഭ്യര്‍ഥിച്ചു. യാത്രാവിമാനം വെടിവെച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാന്‍ കാരണം റഷ്യയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആരോപണം. ഒബാമയുടെ റഷ്യന്‍ വിരുദ്ധ പ്രസ്താവനയോടെ പഴയ ശീതയുദ്ധകാലത്തിന്റെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമോയെന്ന ആശങ്കയും ഉടലെടുത്തു.
ഒരു സംഘം വിമതര്‍ക്കു മാത്രമായി വിമാനം വീഴ്ത്താന്‍ കഴിയില്ലെന്നാണ് ഒബാമ പറയുന്നത്. അത്യാധുനിക ഉപകരണങ്ങളും പരിശീലനവുമില്ലാതെ ഇത്തരമൊരു ദൗത്യം നിര്‍വ്വഹിക്കാനാവില്ലെന്നും അവ രണ്ടും വിമതര്‍ക്ക് നല്‍കുന്നത് റഷ്യയാണെന്നും ഒബാമ കുറ്റപ്പെടുത്തുന്നു.
289 പേരാണ് യുക്രൈന് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ആറ് എയ്ഡ്സ് ഗവേഷകരും ഉള്‍പ്പെടുന്നതായും വെളിവായിട്ടുണ്ട്.
മെല്‍ബണിലെ ആഗോള എയ്ഡ്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയവരാണിവര്‍. 100 എയ്ഡ്സ് ഗവേഷകര്‍ അപകടത്തില്‍ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ അമ്മൂമ്മ സീതി അമീറയും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, വിമാനം തകര്‍ത്ത വിമതരെ രക്ഷിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് യുക്രൈന് ആരോപിച്ചു. വിമതര്‍ ഇതിനകം 38 മൃതദേഹങ്ങള്‍ മാറ്റിക്കഴിഞ്ഞു. ദുരന്തസ്ഥലത്ത് എത്താതിരിക്കാന്‍ വിമതര്‍ അന്വേഷകരെ തടയുകയാണെന്നും യുക്രൈന് അധികൃതര്‍ ചൂണ്ടിക്കാട്ടി..
പ്രതികരിക്കാൻ ഇവിടെ എഴുതുക: