പെരിയ: ഉദുമ മണ്ഡലത്തില്‍ അനുവദിച്ച ഗവണ്മെന്റ് കോളേജിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒടുവില്‍ കോണ്‍ഗ്രസ് ലീഗിന് വഴങ്ങി. മുസ്ലിംലീഗ് നിര്‍ദ്ദേശിച്ച പനയാല്‍ വില്ലേജിലെ കുണിയയില്‍ കോളേജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുണിയയില്‍ കോളേജ് സ്ഥാപിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്റേയും ഉദുമ എം. എല്‍.എ. കെ.കുഞ്ഞിരാമന്റെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷിവകുപ്പ് മന്ത്രി അധ്യക്ഷത വഹിച്ചു. കോളേജിനു വേണ്ടി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കൈവശമുള്ള 7.5 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ പ്ലാന്റേഷന് കോര്പ്പറേഷന് അധികൃതരോട് ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്റെ അടുത്ത ബോര്‍ഡ് യോഗത്തില്‍ സ്ഥലം അനുവദിക്കാനുള്ള നടപടി പൂര്‍ത്തിയാകും. കോര്പ്പറേഷന് ഭൂമി റവന്യു വകുപ്പിനു കൈമാറുകയും റവന്യു വകുപ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പിനു കൈമാറുകയും ചെയ്യും. പ്ലാന്റേഷന് കോര്‍പ്പറേഷനു പകരമായി സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി അനുവദിക്കുകയും ചെയ്യും. കാഞ്ഞിരടുക്കം ബട്ടത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം ഉണ്ടായിരുന്നുവെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കുണിയയെ തെരെഞ്ഞെടുക്കുകയായിരുന്നുവെന്ന് ചടങ്ങില്‍ എംഎല്‍എ അറിയിച്ചു.കോളേജ് എവിടെ സ്ഥാപിക്കണമെന്നത് സംബന്ധിച്ച് യുഡിഎഫില്‍ ഉടലെടുത്ത തര്‍ക്കം കോണ്‍ഗ്രസ് -ലീഗ് പോരിലേക്കെത്തിയിരുന്നു. ദേശീയ പാതയില്‍ പെരിയ ബട്ടത്തൂരില്‍ കോളേജ് സ്ഥാപിക്കുന്നതിനാണ് ആദ്യം തീരുമാനമുണ്ടായത്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദുമ എംഎല്‍എയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കക്ഷികളെ ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരുന്നു. ഇതിനിടയില്‍ കാഞ്ഞിരടുക്കത്ത് കോളേജ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് ഗംഗാധരന് നായരുടെ നേതൃത്വത്തില്‍ ബദല്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. ക്രിസ്ത്യന്‍ ലോബിയുടെ താത്പര്യത്തിനു വേണ്ടിയായിരുന്നു ഗംഗാധരന് നായരുടെ നീക്കം. എംഎല്‍എയെ അറിയിക്കാതെ വിദഗ്ധ സംഘത്തിന്റെ സ്ഥല പരിശോധനയും കാഞ്ഞിരടുക്കത്ത് നടന്നിരുന്നു. കോളേജ് കാഞ്ഞിരടുക്കത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗംഗാധരന് നായര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കാഞ്ഞിരടുക്കത്ത് ഫ്ളക്സ് ബോര്‍ഡും ഉയര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവും നടത്തി. എന്നാല്‍ ഇതിനെതിരെ മുസ്ലിംലീഗ് ശക്തമായി രംഗത്തെത്തുകയായിരുന്നു. ഇതേ ചൊല്ലി ഏറ്റവുമൊടുവില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസും ലീഗും വാക്പോരുണ്ടായി. എന്നാല്‍ ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍ ലീഗിനുമുന്നില്‍ കോണ്‍ഗ്രസിന് മുട്ടുമടക്കേണ്ടി വന്നു. സംസ്ഥാന ഭരണം മുസ്ലിംലീഗിന് വഴങ്ങിയാണെന്ന് ആക്ഷേപമുയരുമ്പോഴാണ് ഗവണ്മെന്റ് കോളേജിന്റെ കാര്യത്തിലും കോണ്‍ഗ്രസിന് പരാജയം സംഭവിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍പള്ളി അധികൃതരുടെ താത്പര്യം സംരക്ഷിക്കാന്‍ കാഞ്ഞിരടുക്കത്തേക്ക് കടത്തിയ കോളേജ് ഒടുവില്‍ മുസ്ലിംലീഗിന് വഴങ്ങി കുണിയയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: