ജീവിതം ഇവിടെ തുടങ്ങാം…അതെ പഠനം പൂര്‍ത്തിയാക്കാന്‍ പോലും കാത്തിരിക്കാതെ ഇവിടെ ജീവിച്ചു തുടങ്ങിയവര്‍ നിരവധി. മാറ്റത്തിന്റെ കാറ്റ് വിതക്കുന്ന നൂതന സാങ്കേതിക വിദ്യകണ്ടെത്തി ജീവിതാരംഭത്തില്‍തന്നെ ആഗോളശ്രദ്ധ പിടിച്ചുപറ്റിയവരും ഇവിടെയുണ്ട്. ഐടി വിപ്ലവത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ ആവാഹിച്ച് കേരളത്തില്‍ മാത്രമല്ല രാജ്യത്താകമാനംതന്നെ സംരംഭകത്വ സംസ്ക്കാരം വളര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെട്ട യുവസംഘത്തിന്റെ വീര്യവും സ്പന്ദനങ്ങളും ഇവിടെ നേരില്‍ അനുഭവപ്പെടും. നിങ്ങള്‍ ഒരാശയവുമായി ഇവിടേക്കു വരൂ, ജീവിതവുമായി തിരിച്ചു പോകാം.
ജോലി സ്വപ്നം കാണുന്ന തലമുറയില്‍ നിന്ന് ജോലി നല്കുന്ന തലമുറയിലേക്ക് മലയാളി മാറുകയാണോ? ആണെന്നു കരുതുന്നവരെ പഴിക്കാന്‍ വരട്ടെ. ഒരു സര്‍ക്കാര്‍ ജോലി, അല്ലെങ്കില്‍ ഗള്‍ഫിലേക്ക് ഒരു വിസ ഇതായിരുന്നു ഒരുകാലത്ത് ശരാശരി മലയാളി സ്വപ്നം കണ്ടത്. പിന്നീട് വിവരസാങ്കേതിക വിദ്യ തൊഴില്ദാതാവായപ്പോള് മലയാളി യുവാക്കള്‍ ബാംഗ്ലൂരും ചെന്നൈയുമൊക്കെ സ്വപ്നത്തില്പ്പെടുത്തി. മലയാളമണ്ണിലെ തൊഴിലില്ലായ്മയും തൊഴിലാളി സമരങ്ങളുമായിരുന്നു ഒരുകാലത്ത് ലോകം ചര്‍ച്ച ചെയ്തിരുന്നതെങ്കില്‍ പുതുതലമുറയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം അതെല്ലാം പഴങ്കഥയാക്കുകയാണ്.
ആരംഭിച്ച് ഒരു കൊല്ലമെത്തും മുമ്പ് ആഗോള ശ്രദ്ധ ആകര്‍ഷിച്ച രാജ്യത്തെ അപൂര്‍വ്വം സംരംഭങ്ങളിലൊന്നാണ് കൊച്ചി കളമശ്ശേരി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജ്. ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്തമുള്ള ഇന്റര്‍നെറ്റ് ടെലികോം ടെക്നോളജി, ബിസിനസ് ഇന്‍കുബേറ്ററാണിത്. ഇന്കുബേറ്ററെന്നുപറയുമ്പോള് അടവെച്ചു വിരിയിക്കുന്ന സ്ഥാപനം തന്നെ. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും അതിനു സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുവേണ്ടിയുള്ള സംവിധാനങ്ങളും പരിസ്ഥിതിയുമാണ് അവര്‍ സ്റ്റാര്‍ട്ടപ് വില്ലേജില്‍ ഒരുക്കിയിട്ടുള്ളത്.
അമേരിക്കയിലെ സിലിക്കണ്‍ താഴ്വരയുടെ മാതൃകയില്‍ കേരളത്തെ സിലിക്കണ്‍ തീരമാക്കുക എന്നതാണ് ഇതിനു പിന്നിലുള്ളവരുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദവും ഭൂമി ഏറെ ആവശ്യമില്ലാത്തതുമായ വ്യവസായ മേഖലയെന്ന ആനുകൂല്യവും ഇതിനുണ്ട്. സ്റ്റാര്‍ട്ടപ് വില്ലേജ് കേന്ദ്രമാക്കി സംരംഭങ്ങള്‍ക്ക് രൂപം നല്കുന്ന എന്‍ജിനീയറിംഗ് ബിരുദവിദ്യാര്‍ത്ഥികളും സംരംഭകരുമാണ് ഈ ഹരിതസംരംഭത്തില് പങ്കാളികളാകുന്നത്. ഇന്ത്യന്‍ ക്യാമ്പസുകളില്‍നിന്ന് ശതകോടി സംരംഭകനെ കണ്ടുപിടിക്കുക എന്നതാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയ ശാസ്ത്ര, സാങ്കേതിക സംരംഭക വികസന ബോര്‍ഡ്(എന്‍എസ്ടിഇഡിബി), തിരുവനന്തപുരം ടെക്നോപാര്‍ക്ക് എന്നീ സ്ഥാപനങ്ങള്‍ മോബ്മി വയര്‍ലസ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സ്റ്റാര്‍ട്ടപ് വില്ലേജിനു രൂപം നല്‍കിയിരിക്കുന്നത്. ടെക്നോപാര്‍ക്കില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തുടക്കമിട്ട മോബ്മി ഇന്ന് ഏറ്റവും പെട്ടെന്നു വളര്‍ച്ച നേടുന്ന ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളിലൊന്നാണ്.
യഥാര്‍ത്ഥത്തില്‍ ഈ മോബ്മീയാണ് വിപ്ലവത്തിന് ബീജാവാപം നടത്തിയത്. അതിനു മുമ്പ് കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ നവസംരംഭങ്ങളില്ലെന്നു പറയാനാവില്ല. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് പ്രവണത ഒരു സംസ്ക്കാരമാക്കി മാറ്റിയത് ഈ വിദ്യാര്‍ത്ഥി സംരംഭകര്‍ തന്നെയാണ്. തിരുവനന്തപുരത്തെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളിലെ ആറു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു തുടങ്ങിയ ചെറുകമ്പനി ഇന്ന് നൂറുകോടിക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവും ഐപിഓ നടത്താന്‍ സെബിയുടെ അനുമതി ലഭിച്ച കമ്പനിയുമായി മാറി. മോബ്മീ സ്ഥാപകമേധാവി സഞ്ജയ് വിജയകുമാറാണ് സ്റ്റാര്‍ട്ടപ് വിപ്ലവത്തിന്റെയും മുന്‍നിരയില്‍. സിജോ കുരുവിളയും പ്രണവ് കുമാര്‍ സുരേഷുമൊക്കെ ഒപ്പമുണ്ട്. പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശകനും ലോകമറിയുന്നയാളാണ്, ഇന്‍ഫോസിസ് സഹസ്ഥാപകനും രാജ്യം കണ്ട മികച്ച സംരംഭകനുമായ ക്രിസ് ഗോപാലകൃഷ്ണന്.
മാറിയ വിദ്യാഭ്യാസ നയത്തിലൂടെ സ്വന്തം ആശയങ്ങള്‍ വളര്‍ത്തിയെടുത്ത് വ്യാവസായിക പിന്തുണയും നിക്ഷേപവും കൊണ്ട് അതിനെ ത്വരിതപ്പെടുത്തി പുതിയൊരു സാങ്കേതിക പരിസ്ഥിതിയുണ്ടാക്കുക എന്ന സങ്കല്പമാണ് സ്റ്റാര്‍ട്ടപ് വില്ലേജിലൂടെ സാക്ഷാത്കരിക്കുന്നത്. ഇന്റര്‍നെറ്റ് ടെലികോം മേഖലയിലെ ഭീമമായ സാധ്യതകള്‍ മുന്നില്‍കണ്ട് സ്വകാര്യമേഖലയുടെ സഹകരണത്തോടെ നവീനാശയങ്ങള്‍ പരിപോഷിപ്പിക്കാനും വിദ്യാര്‍ഥികളെ തൊഴില്‍ദാതാക്കളായി മാറ്റിയെടുക്കാനും ദേശീയാടിസ്ഥാനത്തില്‍ ഇന്‍കുബേറ്ററുകളിലൂടെ നടത്തുന്ന ശ്രമമെന്ന നിലയിലാണ് സ്റ്റാര്‍ട്ടപ് വില്ലേജിനെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പും പിന്തുണയ്ക്കുന്നത്.
4ജി ശൃംഖലയില്‍ ടെലികോം ലാബുകള്‍, ഇന്നൊവേഷന് സോണുകള്‍, നിയമ-ബൗദ്ധിക സ്വത്തവകാശ സേവനങ്ങള്‍, സമ്പൂര്‍ണ സജ്ജീകരണങ്ങളോടെയുള്ള ഓഫിസ് സൗകര്യം, വിഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമെ സംരംഭകര്‍ക്കു നല്കുന്ന നിക്ഷേപങ്ങള്‍ക്ക് മൂന്നുവര്‍ഷത്തെ നികുതിസൗജന്യമടക്കമുള്ള നിരവധി ആനുകൂല്യങ്ങളും ശതകോടി സംരംഭകനെ കണ്ടെത്താന്‍വേണ്ടി സ്റ്റാര്‍ട്ടപ് വില്ലേജില്‍ ലഭ്യമാക്കുന്നുണ്ട്. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും സേവനവുമടങ്ങുന്ന സൗകര്യങ്ങളും ഉപദേഷ്ടാക്കളെന്ന നിലയിലുള്ള നിക്ഷേപവും വ്യക്തിഗത സഹായങ്ങളും അതില്‍പ്പെടും. രാജ്യത്തുതന്നെ ഏറ്റവും വേഗതയേറിയ (1 ജിബിപിഎസ്) ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമായ കേന്ദ്രവും നവ സംരംഭകരുടെ ഈ ആസ്ഥാനമാണ്.
കോളജ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ തുടക്കമിടുന്ന സംരംഭങ്ങളിലാണ് സ്റ്റാര്‍ട്ടപ് വില്ലേജ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവയെ അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെ ടെക്നോളജി ഇന്‍കുബേറ്ററുകളുടെ മാതൃകയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ പത്ത് വര്‍ഷം ഉല്പന്നങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആയിരം സംരംഭകരെ കണ്ടുപിടിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ടാം വര്‍ഷത്തില്‍ത്തന്നെ മൂവായിരം അപേക്ഷകരിലും 600ല്‍പ്പരം സ്റ്റാര്ട്ടപ്പുകളിലുമെത്തി.
ആഗോളതലത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ചര്‍ച്ചാവിഷയമാകാന്‍ ഈ സംരംഭത്തിനു കഴിഞ്ഞു. ക്രിസ് ഗോപാലകൃഷ്ണന് തന്നെയാണിത് സാക്ഷ്യപ്പെടുത്തിയത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിലും സിലിക്കണ്‍ വാലിയിലും സ്റ്റാര്‍ട്ടപ് വില്ലേജ് ചര്‍ച്ചയായിട്ടുണ്ടെന്ന് അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ ക്രിസ് ചൂണ്ടിക്കാട്ടി. ഇതിനോടകം വിദേശത്തു നിന്നടക്കം നിരവധി പ്രമുഖ വ്യക്തികള്‍ വില്ലേജ് സന്ദര്‍ശിച്ചിട്ടുണ്ട്. കാനഡ, സ്വിറ്റ്സര്‍ലന്റ്, അമേരിക്ക എന്നീ രാജ്യങ്ങളുടെ കോണ്‍സല്‍ ജനറല്‍മാര്‍, സംരംഭകത്വത്തിനുള്ള ലോക സാമ്പത്തിക ഫോറത്തിന്റെ ചെയര്‍പേഴ്സണ്‍ എസ്തര് ഡൈസണ്‍ തുടങ്ങിയവര്‍ ഇവരില്‍പെടും. അതിഥികളെത്തിയാല്‍ വില്ലേജിലെ പൂന്തോട്ടത്തില്‍ വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുന്നുണ്ട്. ആയിരം നവ സംരംഭങ്ങള്‍ക്കൊപ്പം ആയിരം വൃക്ഷങ്ങളും വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.
കൊച്ചി കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ് വില്ലേജ് സ്വകാര്യമേഖലയുമായി സഹകരിച്ച് ഇന്‍കുബേറ്ററുകളിലൂടെ സംരംഭകസ്വഭാവം വളര്‍ത്തുന്നതിനുള്ള രാജ്യത്തെ ഏറ്റവും വലിയ പരിശ്രമമാണ്. അതിന്റെ ഭാഗമായി സംരംഭകരെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമായി നിരവധി സംരംഭങ്ങളാണ് സ്റ്റാര്‍ട്ടപ് വില്ലേജില്‍ എത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്താദ്യമായി ബ്ലാക്ക് ബെറി ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ചതും ഒറാക്കിള്‍ അക്കാദമിയും ഐബിഎമ്മും സേവനമാരംഭിച്ചതും ഈ മേഖലയിലെ ഭീമന്മാര്ക്കിടയില് ചര്‍ച്ചയായി.
മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യയില്‍ വിപ്ലവം സൃഷ്ടിച്ച ബ്ലാക്ക്ബെറിയുടെ ഉപജ്ഞാതാക്കളായ കാനഡയിലെ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) ബ്ലാക്ക്ബെറി സാങ്കേതികവിദ്യയും കണ്ടുപിടിത്തങ്ങളും ഭാവി സംരംഭകര്‍ക്ക് പരിചയപ്പെടുത്താന്‍വേണ്ടി റൂബസ് ലാബ്സ് എന്ന പേരിലാണ് ഇന്നൊവേഷന് സോണ്‍ തുടങ്ങിയത്. ബ്ലാക്ക്ബെറി ഫണ്ട് പാര്‍ട്നര്‍മാരുമായി സഹകരിച്ച് പുത്തന്സംരംഭങ്ങളിലേയ്ക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഈ പങ്കാളിത്തം സൗകര്യമൊരുക്കും.
കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജാവ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ സൗജന്യപരിശീലനം നല്കാന് ലോക പ്രശസ്ത ഐ.ടി. കമ്പനിയായ ഒറാക്കിള്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ് വില്ലേജും സഹകരിക്കുന്നുണ്ട്. ഉപരിപഠനത്തിനും മികച്ച ജോലി സമ്പാദനത്തിനും തൊഴില്‍ ജീവിതം കെട്ടിപ്പടുക്കുന്നതിനുമുള്ള സാങ്കേതിക മികവും ബിസിനസ് വൈദഗ്ധ്യവും അപഗ്രഥനശേഷിയും വികസിപ്പിച്ചെടുക്കുന്നതിനാണ് പരിശീലനം.
അമേരിക്കയിലെ പ്രമുഖ സംരംഭകനും നിക്ഷേപകനും ഇന്റര്‍നെറ്റ് അധിഷ്ഠിത സ്ഥാപനങ്ങളുടെ ഉപദേഷ്ടാവുമായ ഫ്രീമാന്‍ മറേ യുവസംരംഭകര്‍ക്കായി വില്ലേജില്‍ സ്റ്റാര്‍ട്ടപ് സ്കൂള്‍ ആരംഭിച്ചിട്ടുണ്ട്. യുവസംരംഭകര്ക്ക് വിജയകരമായ രീതിയില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ തുടങ്ങാന്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഓണ്‍ലൈന്‍ ക്ലാസുകളുള്പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഐബിഎം സ്റ്റാര്‍ട്ടപ് വില്ലേജുമായിച്ചേര്ന്ന് മറ്റൊരു പരിശീലന പദ്ധതിയും നടപ്പാക്കുന്നുണ്ട്.
മികച്ച പരിസ്ഥിതി വളര്‍ത്തുന്നതില്‍ സാങ്കേതികവിദ്യയുമായുള്ള അടുപ്പം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. സ്റ്റാര്‍ട്ടപ് വില്ലേജ് അത്തരമൊരു മികച്ച പരിസ്ഥിതി സൃഷ്ടിക്കുന്നതിനുള്ള ദൗത്യത്തിലാണ്. ആ ദൗത്യത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഐ ബിഎമ്മുമായുള്ള ധാരണ. ഏറ്റവും മികച്ച സാങ്കേതികത വിദ്യാര്‍ത്ഥികളിലെത്തിക്കാനും കൂടുതല്‍ നൂതനത്വത്തിലേക്കു നീങ്ങാനും അത് അവരെ സഹായിക്കും . ഐബിഎമ്മിന്റെ ആഗോള സംരംഭക പരിപാടി (ജിഇപി)യിലൂടെ സ്റ്റാര്‍ട്ടപ് വില്ലേജിലെ കമ്പനികള്‍ക്ക് ഐബിഎം സോഫ്റ്റ്വെയര് സൗജന്യമായി ലഭിക്കും. അതിനു പുറമെ ലോക്കല്‍ നെറ്റ്വര്ക്കിംഗ്, മെന്റര്‍ഷിപ്പ് ഇവന്റുകള്‍ എന്നിവയ്ക്കും സഹായം ലഭിക്കും.
ഫിന്‍ലന്‍ഡിലെ ആള്‍ട്ടോ സര്‍വ്വകലാശാലയുമായി സ്റ്റാര്‍ട്ടപ്പ് വില്ലേജിന് സഹകരണ കരാറുണ്ട്. ആള്‍ട്ടോ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ആള്‍ട്ടോ സംരംഭകത്വ കേന്ദ്രമാണ് (എയ്സ്)സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി സഹകരിക്കുന്നത്.
സ്വന്തം സംരംഭകര്‍ക്ക് സാമ്പത്തികസഹായമുള്‍പ്പെടെയുള്ള പോഷണനടപടികള് ലഭ്യമാക്കുന്നതിന് വില്ലേജ് ഐസിഐസിഐ ബാങ്കുമായി കൈകോര്‍ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ടെലികോം ഇന്‍കുബേറ്ററായി ഉയരുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്റ്റാര്‍ട്ടപ് വില്ലേജ് ഇത്തരമൊരു പങ്കാളിത്തത്തിലേയ്ക്ക് തിരിഞ്ഞത്.
ആഗോളതലത്തില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ‘അണ്‍റീസണബിള്‍ അറ്റ് സീ’ എന്ന കടല്‍യാത്രാ പരിപാടിയിലെ സംരംഭകരും ഉപദേഷ്ടാക്കളും വില്ലേജ് സന്ദര്‍ശിച്ചിരുന്നു. വിവിധ രാജ്യങ്ങളിലുള്ള വ്യത്യസ്ത കമ്പനികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സംരംഭകരും ഉപദേഷ്ടാക്കളും അടങ്ങുന്ന സംഘം 25,000 നോട്ടിക്കല്‍ മൈല്‍ദൂരം കടലിലൂടെ സഞ്ചരിച്ച് 100 ദിവസം കൊണ്ട് 14 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഈ സംഘം സന്ദര്‍ശനത്തിന് തിരഞ്ഞെടുത്ത അപൂര്‍വ്വം കേന്ദ്രങ്ങളില്‍ ഒന്നാണ് സ്റ്റാര്‍ട്ടപ് വില്ലേജ്.
വാള്‍സ്ട്രീറ്റ് ജേണല്‍ ലൈവ് മിന്റിന്റെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തതന്നെ വില്ലേജ് ആഗോളശ്രദ്ധയാകര്ഷിച്ചുവെന്നതിന്റെ സൂചനയാണ്. പതിനായിരം ചതുരശ്ര അടിയുടെ അധിക ഇന്‍കുബേഷന്‍ ഇടം തയാറാക്കാന്‍ കിന്‍ഫ്രാ പാര്‍ക്കിലെ ജലസംഭരണിയാണ് ബഹുനില മന്ദിരമാക്കിയത്.
അഞ്ച് വിദ്യാര്‍ത്ഥികളെ സിലിക്കണ്‍വാലിയില്‍ അയച്ച് അവര്‍ക്ക് വാലിയിലേയും ആഗോള സാഹചര്യങ്ങളും പഠിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. സിലിക്കണ്‍വാലിയില്‍ ഫെയ്സ്ബുക്കിന്റെയും ഗൂഗിളിന്റെയും സ്ഥാപകരുള്പ്പെടെയുള്ള ഐടി വമ്പന്മാരെ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. ഇത് സ്ഥിരം സംവിധാനമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിന്റെ ഭാഗമായി സിലിക്കണ്‍വാലിയില്‍ സംസ്ഥാനത്തിന് എസ് വി സ്ക്വയറെന്ന സ്വന്തം കേന്ദ്രത്തിനും തുടക്കമിടുകയാണ്.
ഫിന് എന്ന ആംഗ്യനിയന്ത്രിത മോതിരം രൂപം കൊണ്ടത് സ്റ്റാര്‍ട്ടപ് വില്ലേജിലാണ്. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെ രോഹില്‍ ദേവ് ആരംഭിച്ച ആര്‍എച്ച്എല്‍ വിഷന്‍ എന്ന സ്റ്റാര്‍ട്ടപ്പാണ് റിമോട്ട് കണ്ട്രോളായി ഉപയോഗിക്കാവുന്ന തള്ളവിരലിലണിയുന്ന മോതിരത്തിന് രൂപം നല്‍കിയത്. കാറിന്റെയും ടിവിയുടെയുമൊക്കെ റിമോട്ടിനു പകരമായോ മൊബൈല്‍ ടച്ച് സ്ക്രീനിനു പകരമയോ ഇത് ആംഗ്യനിയന്ത്രണത്തിലൂടെ ഉപയോഗിക്കാനാകും. ഈ ഉപകരണവും രോഹില്‍ ദേവും ഐടി ലോകത്ത് പെട്ടെന്ന് താരമായെന്നു പറയുമ്പോള്‍ വില്ലേജില്‍ നടക്കുന്ന ഇന്നൊവെഷന്റെ വലിപ്പം പിടികിട്ടും. ആഗോള മൊബൈല്‍ കോണ്‍ഫറന്‍സിലേക്ക് ഈ യുവാവിന് ക്ഷണം ലഭിച്ചെങ്കിലും വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ മൂലം അവസരപ്പെടുത്താനായില്ല. എന്നാല്‍ ക്രൗഡ് ഫണ്ടിംഗ് സംവിധാനത്തിലൂടെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള തുക സമാഹരിക്കാനായി. ഓണ്‍ലൈനിലൂടെ അഡ്വാന്‍സ് വിപണനം വഴി 45 ദിവസം കൊണ്ട് ലക്ഷ്യമിട്ട തുകയുടെ ഇരട്ടിയോളമാണ് അതിലും കുറഞ്ഞ സമയത്തിനുള്ളില്‍ രോഹില്‍ ദേവ് സമാഹരിച്ചത്. ഇത് സ്റ്റാര്‍ട്ടപ് വില്ലേജിലെ നിരവധി വിജയകഥകളില്‍ ഒന്നുമാത്രം. ഇങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് വില്ലേജ് ചരിത്രത്തിലേക്കു കടന്നു കഴിഞ്ഞു.
വില്ലേജിന്റെ സാരഥികളും കേരളത്തിലെ മാത്രമല്ല രാജ്യത്താകമാനമുള്ള യുവാക്കള്‍ക്ക് മാതൃക സൃഷ്ടിക്കുന്നവരാണ്. സ്റ്റാര്‍ട്ടപ് വില്ലേജ് മാതൃക ശൈശവദശ കടന്നെന്നു പറയാം. അതിനകം തന്നെ അതു വിജയമാതൃകയുമായി. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങളും പരിഹാരങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ച് കൈപ്പുസ്തകം തയ്യാറാക്കാന്‍ അവര്‍ തീരുമാനിച്ചതും നടപ്പാക്കിയതും. മാത്രമല്ല, ഈ മാതൃകാ സംരംഭം രാജ്യത്തിന്റ ഇതരഭാഗങ്ങളില്‍ നടപ്പാക്കാനുള്ള പിന്തുണയും അവര്‍ വാഗ്ദാനം ചെയ്യുന്നു. ഇതിനകം തന്നെ നിരവധി സംസ്ഥാനങ്ങള്‍ ഇതെക്കുറിച്ച് പഠിക്കാനരംഭിച്ചിട്ടുണ്ട്. പുതിയ കേന്ദ്ര സര്‍ക്കാരിനു മുന്നിലും അവര്‍ പദ്ധതി വ്യാപകമാക്കണമെന്ന അഭ്യര്ത്ഥനവച്ചിട്ടുണ്ട്. പുതിയ കേന്ദ്ര ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു പ്രാമുഖ്യം നല്കിയതും ഗ്രാമീണ യുവസംരംഭകത്വം വളര്‍ത്താന്‍ സ്റ്റാര്‍ട്ടപ് വില്ലേജുകള്‍ പ്രഖ്യാപിച്ചതും നല്ല സൂചനയായാണ് വില്ലേജ് വിലയിരുത്തുന്നത്.
സ്റ്റാര്‍ട്ടപ് വില്ലേജിന്റെ പ്രവര്‍ത്തനം മാതൃകയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചത്. 2012 സപ്തംബറില്‍ നടന്ന എമര്‍ജിംഗ് കേരളയില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനവും തുടര്‍ന്നു പുറത്തിറക്കിയ ഉത്തരവും ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് 20 ശതമാനം ഹാജരും നാലു ശതമാനം മാര്‍ക്കും നല്‍കുന്നതാണ് ഉത്തരവ്. സംസ്ഥാന ബജറ്റും സംസ്ഥാനസര്‍ക്കാരിനെ ഈ മാതൃക എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ബജറ്റിന്റെ ഒരുശതമാനമാണ് ഈ മേഖലക്ക് മാറ്റിവച്ചിരിക്കുന്നത്.
സ്റ്റാര്‍ട്ടപ് വില്ലേജ് മാതൃക കേരള വികസനത്തിലും പുതിയ ചുവടുവയ്പ്പാണ്. സംരംഭകത്വവികസനവും നവ സംരംഭങ്ങളുമാണ് വരും കാലത്ത് കേരളത്തിന്റെ പ്രതീക്ഷ. അതിലേക്കുള്ള ചവിട്ടുപടിയാണ് സ്റ്റാര്‍ട്ടപ് വില്ലേജ്.
എസ് സനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: