മുളംതണ്ട് സംഗീതം ചൊരിയുന്നത് മുരളിയാകുമ്പോഴാണ്. മുരളിക്ക് പാടാതെ ജീവിതമില്ല, അതു സംഗീതം പൊഴിച്ചുകൊണ്ടേയിരിക്കും. അതു കൃഷ്ണമുരളിയാണെങ്കിലോ. മുരളീകൃഷ്ണയുടെ ലോകം അങ്ങനെയാണ്. പാട്ടില്ലാതെ ജീവിതമില്ല, അഥവാ ജീവിതം സംഗീതത്തിനുള്ളതാണ്. എട്ടാം വയസില്‍ കിട്ടിയതാണ് കുട്ടിത്തത്തിന്റെ സംഗീതക്കൂട്ടിന് ബാല എന്ന ചെല്ലപ്പേര്, പിന്നെ അതു കൂട്ടു പിരിയാതായി; ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ട്, പ്രായം 84 കഴിഞ്ഞിട്ടും.
ശാസ്ത്രീയ സംഗീത ലോകത്തെ കുലപതി ഡോ. എം. ബാലമുരളീകൃഷ്ണയെക്കുറിച്ചാണ്. ആ ജീവിതം സംഗീതസാന്ദ്രമാണ്, സാന്ദ്രസംഗീതമാണ്. പാടുന്നവനും പാട്ടുകേള്ക്കുന്നവനും ഒന്നാകുന്ന അവസ്ഥയിലേക്ക് ചേര്‍ത്തുനിര്‍ത്തുന്ന ആലാപനം. ആ ശബ്ദസൗകുമാരത്തിന്റെ ഉടമയ്ക്ക് വയസ്സ് 84. കര്‍ണാടക സംഗീത ലോകത്തെത്തിയിട്ട് എഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും സംഗീതവും ഈശ്വരനും ഒന്നാണെന്ന തിരിച്ചറിവില്‍ അദ്ദേഹം ഇപ്പോഴും രംഗത്ത് സജീവം; എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച്.
1930 ജൂലൈ ആറിന് ആന്ധ്രാപ്രദേശിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മംഗലംപള്ളി മുരളീകൃഷ്ണയുടെ ജനനം. സംഗീതപാരമ്പര്യമുള്ള കുടുംബം. അച്ഛന് മംഗലംപള്ളി പട്ടാഭിരാമയ്യ. സംഗീതജ്ഞനും പുല്ലാങ്കുഴല്‍, വയലിന്, വീണ എന്നീ സംഗീതോപകരണങ്ങളിലും പ്രാവീണ്യം നേടിയ വ്യക്തി. അമ്മ വീണവിദുഷി സൂര്യകാന്തമ്മ. മകനിലെ സംഗീതവാസന തിരിച്ചറിഞ്ഞ അച്ഛന്, പരുപള്ളി രാമകൃഷ്ണയ്യ പന്തുലുവിന്റെ അടുത്ത് സംഗീതം അഭ്യസിക്കാന്‍ മുരളീകൃഷ്ണയെ ചേര്‍ത്തു. ജനിച്ച് 15 ദിവസത്തിനകം അമ്മയെ നഷ്ടപ്പെട്ട മുരളീകൃഷ്ണയുടെ ലോകം പിന്നെ അച്ഛനായിരുന്നു.
വിജയവാഡയില്‍ ത്യാഗരാജ ആരാധനയില്‍ പങ്കെടുത്ത് ഒരു മുഴുനീളക്കച്ചേരി അവതരിപ്പിക്കുമ്പോള്‍ മുരളീകൃഷ്ണക്ക് വയസ്സ് എട്ടുമാത്രം. ആ കുഞ്ഞുബാലന്റെ ആലാപനം കേട്ട് മുസുനുരി സൂര്യനാരായണ മൂര്‍ത്തിയെന്ന ഹരികഥാ വിദ്വാനാണ് ബാല എന്ന വിശേഷണം മുരളീകൃഷ്ണയ്ക്ക് നല്‍കിയത്. ബാലന് മുതിര്‍ന്നിട്ടും പേരില്‍നിന്ന് ബാല മാറിയില്ല, ആ വിശേഷണം അത്രക്കങ്ങ് ചേര്‍ന്നു. അങ്ങനെ മുരളീകൃഷ്ണ ബാലമുരളീകൃഷ്ണയായി. 15-ാം വയസ്സിനുള്ളില്‍ 72 മേളകര്‍ത്താരാഗങ്ങളിലും മാസ്റ്ററായി, കൃതികള്‍ രചിക്കാന്‍ തുടങ്ങി. സംഗീതത്തില്‍ പൂര്‍ണമായും മുഴുകുന്നത്തിന് പഠനം തടസ്സമാകുമെന്ന് കണ്ട് ആറാം ക്ലാസില്‍ ഔപചാരിക പഠനം ഉപേക്ഷിച്ചു.
സംഗീത ജീവിതത്തിലെ നിത്യസാധനയെന്ന സിദ്ധാന്ത നിര്‍ബന്ധത്തോട് മുഖം തിരിച്ചു നിന്നു ബാലമുരളീകൃഷ്ണ. ഗുരുവിന്റെ പാതയാണ് ഇക്കാര്യത്തില്‍ അദ്ദേഹം പിന്തുടര്ന്നത്. പഠിക്കുന്നത് തെറ്റാതെ ആലപിക്കണം എന്നതിനപ്പുറം സാധനയ്ക്ക് അത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. സദസിനെ കയ്യിലെടുക്കുന്നതിന് കര്‍ണാടക സംഗീതലോകത്തെ കുലപതിക്ക് പ്രത്യേക ചാതുരി തന്നെയുണ്ടായിരുന്നു. രാഗ-താള-ലയ സമന്വയമായ ആലാപനം. തെലുങ്ക്, സംസ്കൃതം, കന്നഡ, തമിഴ് ഭാഷകളിലായി നാനൂറിലധികം കമ്പോസിഷന്‍സ്. വര്‍ണങ്ങളും കൃതികളും ജാവളി, തില്ലാന, ഭക്തിഗാനങ്ങള്‍ തുടങ്ങി അദ്ദേഹം ചിട്ടപ്പെടുത്താത സംഗീത വിഭാഗങ്ങളില്ല. സുമുഖം, മഹതി, ലവംഗി തുടങ്ങി നാല് സ്വരങ്ങള്‍ വീതമുള്ള രാഗങ്ങള്‍, മൂന്ന് സ്വരങ്ങള്‍ വീതമുള്ള ത്രിശക്തി, സര്‍വ്വശ്രീ, ഗണപതി തുടങ്ങിയ രാഗങ്ങള്‍ രൂപപ്പെടുത്തി കര്‍ണാടക സംഗീതത്തിലെ കീഴ്വഴക്കങ്ങള് തെറ്റിച്ച് സംഗീതരംഗത്ത് അനന്യനായി നടന്ന സംഗീതജ്ഞന്.
കര്‍ണാടക സംഗീത ലോകത്ത് പാരമ്പര്യ ശൈലികളില്‍ നിന്നും ചിലപ്പോഴൊക്കെ വഴി മാറിസഞ്ചരിക്കുന്ന ബാലമുരളീകൃഷ്ണ, സംഗീതത്തില്‍ താന്‍ നടത്തുന്ന പരീക്ഷണങ്ങളിലൂടെ വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കര്‍ണാടക സംഗീതത്തില്‍ അക്കാദമിക മികവ് നേടുന്നതിനേക്കാളുപരി സംഗീതത്തില്‍ പുതുഗവേഷണങ്ങള്‍ നടത്തി ആ ശാഖയെ സമ്പന്നമാക്കണമെന്ന പക്ഷക്കാരനാണദ്ദേഹം. എന്നാല്‍ കര്‍ണാടക സംഗീതമാണ് ഏറ്റവും മികച്ചതെന്ന അഭിപ്രായവുമില്ല. മറിച്ച് എല്ലാത്തിലും ആ സംഗീതത്തിന്റെ സ്വാധീനമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഒട്ടനവധി ഗവേഷണങ്ങള്‍ക്ക് സാധ്യതയുള്ള മേഖലയെന്ന നിലയില്‍ ഒരു സംഗീത സര്‍വകലാശാല എന്ന സ്വപ്നം യാഥാര്‍ത്ഥമാക്കുവാനുള്ള പ്രയത്നവും അദ്ദേഹം നടത്തിയിരുന്നു. പുതിയ രാഗങ്ങളും താളപദ്ധതികളും സൃഷ്ടിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് നേരെ വിമര്‍ശന ശരങ്ങള്‍ സംഗീതജ്ഞര്തന്നെ തൊടുത്തുവിട്ടത്.
സംഗീതത്തിന്റെ സമസ്ത മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് ബാലമുരളീകൃഷ്ണ. പാടുക മാത്രമല്ല പാട്ടുപകരണങ്ങളും അദ്ദേഹത്തിന് വഴങ്ങി. കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കം. കൂടാതെ അഭിനയവും തനിക്ക് വഴങ്ങുമെന്നും അദ്ദേഹം ഭക്തപ്രഹ്ലാദയില്‍ നാരദനായി വേഷമിട്ട് തെളിയിച്ചു.
നിരവധി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ജുഗല്‍ബന്ദിയോട് കര്‍ണാടക സംഗീതജ്ഞര്‍ അയിത്തം കാട്ടി അകന്നു നിന്നപ്പോള്‍ ശാസ്ത്രീയ സംഗീതത്തിന്റെ രംഗാവതരണമായ ജുഗല്‍ബന്ദിയോട് അടുപ്പം കാട്ടിയ വ്യക്തിയാണ് ബാലമുരളീകൃഷ്ണ. പ്രമുഖരായ നിവരധി ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ക്കൊപ്പം ജുഗല്‍ബന്ദി അവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയെന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഹിന്ദുസ്ഥാനിയും കര്‍ണാടക സംഗീതവും സമന്വയിക്കുമ്പോള്‍ സംഗീതം മനോധര്‍മത്തിന്റെ ആവിഷ്കാരം കൂടിയാണെന്ന് ബാലമുരളീകൃഷ്ണ തെളിയിക്കുന്നു. പണ്ഡിറ്റ് ഭീംസെന്‍ ജോഷി, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ജസ്രാജ്, കിഷോരി അമോങ്കര്‍, പങ്കജ് ഉദാസ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അദ്ദേഹം ജുഗല്‍ബന്ദി അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും മികച്ച പിന്നണിഗായകന്‍, നല്ല ഗാനരചയിതാവ്, ഏറ്റവും നല്ല സംഗീതസംവിധായകന് എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്കാരങ്ങളും ചലച്ചിത്ര ലോകത്തുനിന്നും അദ്ദേഹത്തെ തേടിയെത്തിയിട്ടണ്ട്. കൊടുങ്ങല്ലൂരമ്മ, സ്വാതി തിരുനാള്‍, ഭരതം, ഗ്രാമം എന്നീ മലയാള ചിത്രങ്ങള്‍ക്കും അദ്ദേഹം പിന്നണിപാടിയിട്ടുണ്ട്. 1978 ലാണ് ബാലമുരളീകൃഷ്ണയ്ക്ക് സംഗീത കലാനിധിയെന്ന വിശേഷണം ചാര്‍ത്തിക്കിട്ടുന്നത്. രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന സര്‍ക്കാരിന്റെ സ്വാതി സംഗീത പുരസ്കരം, വിവിധ സര്‍വകലാശാലകളില്‍ നിന്നായി ഒമ്പത് ഡോക്ടറേറ്റ്, തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്ഥാന വിദ്വാന്, തുടങ്ങി വിശേഷണങ്ങള്‍ക്കൊണ്ടും ബഹുമതികള്‍ക്കൊണ്ടും ഒരു രാജ്യമൊട്ടാകെ ബാലമുരളീകൃഷ്ണയെ ആദരിക്കുന്നു.
മ്യൂസിക് തെറാപ്പിയുടെ പ്രയോക്താക്കളില്‍ ഒരാളാണ് ബാലമുരളീകൃഷ്ണ. സംഗീതത്തിന്റെ അപാരമായ ശക്തി രോഗങ്ങളില്‍ നിന്നും മുക്തി നല്‍കുമെന്നും പാടുന്ന വ്യക്തിയുടെ ഉദ്ദേശ്യവും രാഗത്തെ പ്രയോഗിക്കുന്ന രീതിയുമാണ് ഇതിന് സഹായിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സംഗീതം കടല്‍ പോലെ പ്രക്ഷുബ്ധമായ മനസ്സിനേയും ശാന്തമാക്കുന്നു. അതേകുന്ന ആത്മാനന്ദം അവാച്യവുമാണ്. ആനന്ദത്താല്‍ കണ്ണുകളെ ഈറനണിയിക്കുന്ന, സംഗീതത്തിന്റെ ശാസ്ത്രീയ വശം മനസ്സിലാകാത്തവരെക്കൂടി പിടിച്ചിരുത്തി ഒരുമാത്ര കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന, എല്ലാം മറന്ന് അലിഞ്ഞുചേരാന്‍ മോഹിപ്പിക്കുന്ന സംഗീതം, ആ സംഗീതത്തില്‍ ജീവിതം തന്നെ അര്‍പ്പിച്ചിരിക്കുകയാണ് ബാലമുരളീകൃഷ്ണ. ജീവിതം തന്നെ സംഗീതമയമാകുമ്പോള്‍ രണ്ടെന്ന ഭേദത്തിന് തന്നെ അവിടെ സ്ഥാനമില്ലല്ലോ…
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: