കോഴിക്കോട് സര്‍വകലാശാലയുടെ മുന്‍ വിസി ഡോ.ടി.കെ.രവീന്ദ്രന് ഈ മാസാദ്യം മാതൃഭൂമി പത്രത്തില്‍ ദേശീയഗാനമായ ജനഗണമനയെക്കുറിച്ചെഴുതിയ അഭിപ്രായങ്ങള്‍ ആ പത്രം ഒരു വലിയ വിവാദമാക്കിയെടുത്തു. ‘ജനഗണമന’ 1911 ഡിസംബറില്‍ നടന്ന ദല്‍ഹി ദര്‍ബാറില്‍ എത്തി ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി സ്വയം അവരോധിതനായ ജോര്‍ജ്ജ് അഞ്ചാമനെ സ്തുതിച്ച് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പാടിയ സ്വാഗതഗാനമായിരുന്നു അത് എന്നാണ് ഡോ.രവീന്ദ്രന് പറയുന്നത്. ഏതാണ്ടതേ കാലത്തുതന്നെ കൊല്‍ക്കത്തയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലും ടാഗോര്‍ ഈ ഗാനം പാടുകയുണ്ടായി. അക്കാലത്ത് കോണ്‍ഗ്രസ് പൂര്‍ണ സ്വാതന്ത്ര്യത്തിനായി പൊരുതിയ പ്രസ്ഥാനമായിരുന്നില്ല. 1857 ലെ സ്വാതന്ത്ര്യസമരത്തിന് ശേഷം ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി ഭാരതം ഭരിച്ചിരുന്ന ഈസ്റ്റിന്ത്യാ കമ്പനിയില്‍നിന്നും ഭരണം ഏറ്റെടുക്കുകയും തന്റെ പ്രതിനിധിയെ വൈസ്രോയി ആയി നിയമിക്കുകയുമാണ് വീണ്ടും ചെയ്തത്. 1857 ലേതുപോലുള്ള പരിതസ്ഥിതി വീണ്ടും വരാതിരിക്കാന്‍ സര്‍ക്കാരിന്റെ പദ്ധതിപ്രകാരം എ.ഒ.ഹ്യൂം, സര് വില്യം ഫെഡര്‍ബോണ്‍, ഡബ്ല്യു.സി.ബാനര്‍ജി, ദാദാഭായി നവറോജി തുടങ്ങിയ ഉന്നതന്മാര് ചേര്‍ന്ന്, ബ്രിട്ടീഷ് സര്‍ക്കാരും ഭാരതത്തിലെ ജനങ്ങളും തമ്മില്‍ സഹകരണം വളര്‍ത്താനായി തുടങ്ങിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ആംഗലേയ രീതികളും സംസ്കാരവുമായി പൊരുത്തപ്പെട്ടവര്‍ തന്നെയായിരുന്നു. ഓരോ കോണ്‍ഗ്രസ് സമ്മേളനവും അംഗീകരിച്ച ആദ്യപ്രമേയം ചക്രവര്‍ത്തി തിരുമനസ്സിലെ ആയുരാരോഗ്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന തന്നെയായിരുന്നു. സ്വാതന്ത്ര്യം എന്റെ ജന്മാവകാശം അത് നേടുന്നതുവരെ ഞാന്‍ അടങ്ങുകയില്ല. എന്ന ലോകമാന്യന്റെ നിലപാടിനെ തീവ്രവാദമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും വിശേഷിപ്പിച്ചത്. തിലകനാണ് ബംഗാള്‍ വിഭജനത്തിനെതിരായ 1905 ലെ പ്രക്ഷോഭത്തിന് ബിപിന്‍ ചന്ദ്രപാലും ലാലാ ലജപത് റായിയുമൊത്ത് ബംഗഭംഗ പ്രക്ഷോഭം നയിച്ചത്. ആ പ്രക്ഷോഭത്തിന്റെ അടയാളവാക്യം വന്ദേമാതരം എന്നതായിരുന്നു. ബങ്കിം ചന്ദ്രന്റെ വന്ദേമാതര ഗാനം ദേശസ്നേഹത്തിന്റെ ഉജ്ജ്വല സന്ദേശം നാടെങ്ങുമെത്തിച്ചു. ദേശീയസമരത്തിനിറങ്ങിയവരുടെ പരസ്പ്പരാഭിവാദ്യം തന്നെ വന്ദേമാതരം ആയി. പരിഭ്രാന്തരായ ബ്രിട്ടീഷ് ഭരണം വന്ദേമാതരം പറയുന്നതിനെ നിരോധിക്കുകയും അതുച്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഘസ്ഥാപകന് ഡോ.കേശവ ബലിറാം ഹെഡ്ഗേവാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ വന്ദേമാതരം ഉദ്ഘോഷിച്ചതിന് പുറത്താക്കപ്പെട്ട് ദേശീയ നേതാക്കള്‍ നടത്തിവന്ന വിദ്യാലയങ്ങളിലും കൊല്‍ക്കത്തയിലെ നാഷണല്‍ മെഡിക്കല്‍ കോളേജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്.
ലോകമാന്യ തിലകനുശേഷം മഹാത്മാഗാന്ധി സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തലപ്പത്തെത്തുമ്പോഴും കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ ആരംഭിച്ചത് വന്ദേമാതര ഗാനാലാപനത്തോടെ ആയിരുന്നു. സ്വാതന്ത്ര്യസമരത്തിന് കരുത്തും ആവേശവും പകര്‍ന്ന ആ ഗാനമാവും സ്വതന്ത്രഭാരതത്തിന്റെ ദേശീയഗാനം എന്നാണ് മിക്കവരും പ്രതീക്ഷിച്ചത്.
സ്വാതന്ത്ര്യസമരത്തോട് പൊതുവേ വൈമുഖ്യം കാട്ടിയ മുസ്ലിം ജനതയെ അനുനയിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനവുമായി സഹകരിക്കാന്‍ തീരുമാനിച്ചത് ചരിത്രത്തിലെ വഴിത്തിരിവായിത്തീര്‍ന്നു. അതുവരെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന പ്രബുദ്ധരും ഉദാരമതികളുമായിരുന്ന മുസ്ലിം നേതൃത്വത്തിന്റെ സ്ഥാനത്തു മുല്ലാ മൗലവി മാര്‍ സ്ഥാനം പിടിച്ചു. അവരാകട്ടെ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ വന്ദേമാതരം ആലപിക്കുന്നതിനെ എതിര്‍ക്കുകും വേദിയെ ബഹിഷ്ക്കരിക്കുകയും ചെയ്തു. ഖിലാഫത്ത് പ്രസ്ഥാനം കോണ്‍ഗ്രസ് നേതൃത്വം വിചാരിക്കാത്ത വഴിയിലേക്ക് തിരിഞ്ഞ് മാപ്പിള ലഹളപോലത്തെ കൂട്ടക്കൊലകള്‍ക്കും ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരമായ നടപടികള്‍ക്കും ഇടയാക്കുകയും ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യത്തിന്റെ വിഭജനത്തിലാണ് അത് കലാശിച്ചതെന്ന് നമുക്കറിയാം.
ഗതികെട്ട വിഭജനത്തിനു വഴിപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം വിഭജനം ഒരുനാള്‍ അവസാനിക്കുമെന്നും വീണ്ടും ഭാരതം ഒന്നാകുമെന്നു പ്രത്യാശിച്ചുവെന്ന് അക്കാലത്തെ അവരുടെ പ്രസ്താവനകളിലും പ്രസംഗങ്ങളിലും വ്യക്തമായിരുന്നു. സ്വതന്ത്രഭാരതത്തിന്റെ റിപ്പബ്ലിക്കന്‍ ഭരണഘടനയ്ക്ക് രൂപം നല്കപ്പെട്ടപ്പോള് ദേശീയഗാന പ്രശ്നം ഉയര്‍ന്നുവന്നു. ഭൂരിപക്ഷം അംഗങ്ങളും വന്ദേമാതരത്തെയാണ് ശുപാര്‍ശ ചെയ്തത്. അതില്‍ ദശപ്രഹരണധാരിണിയായ ദുര്‍ഗയോട് ഭാരതമാതാവിനെ രൂപകപ്പെടുത്തിയത് മുസ്ലിങ്ങള്‍ക്ക് അസ്വീകാര്യമാകുമെന്ന ശങ്കയാണ് തടസ്സമായി വന്നത്. അതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജനീവയില്‍ ചേര്‍ന്ന ഒരു സര്‍വരാഷ്ട്ര സമ്മേളനത്തില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്ത നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ജനഗണമനയുടെ സംഗീതം ചിട്ടപ്പെടുത്തിയ റിക്കോര്‍ഡ് കൊണ്ടുപോയിരുന്നു. അത് ബാന്റ് വാദ്യത്തിനനുസരിച്ച് ആലപിക്കാന്‍ ഏറ്റവും അനുയോജ്യമായി കണ്ടുവെന്നും അതിനാല്‍ അതുതന്നെ ദേശീയഗാനമാക്കുന്നതാണുചിതമെന്നും നെഹ്റു വിധിച്ചു. ഹിന്ദുക്കളോടും മുസ്ലിങ്ങളോടുമുള്ള കോംപ്രമൈസ് എന്ന നിലക്ക് ‘വന്ദേമാതര’ത്തെയും ‘സാരേജഹാംസേ അഛാ’യേയും (ദേശീയ ഗീതങ്ങള്‍)നാഷണല്‍ സോങുകളായും സ്വീകരിച്ചു. അങ്ങനെ ഒരു നാഷണല്‍ ആന്റവും രണ്ടു നാഷണല്‍ സോങുകളും നമുക്ക് ഉണ്ടായി. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ചക്രവ്രര്‍ത്തി സ്തുതി ഗീതം നാം ആലപിക്കുന്നു ദേശീയഗാനമായി.
ജനഗണമനയിലെ ആദ്യത്തെ ചരണമാണ് ദേശീയഗാനമായി നാം സ്വീകരിച്ചിരിക്കുന്നത്. അതിലെ ഭാരത വിവരണം ”പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാഠാ ദ്രാവിഡ ഉത്കല ബംഗാ” എന്നതില്‍ ഡോ.രവീന്ദ്രനും വിവാദത്തില്‍ പങ്കെടുത്ത പലര്‍ക്കും ആക്ഷേപമുള്ളതായി കാണുന്നു. സിന്ധ് ഇന്ന് പാക്കിസ്ഥാനിലാണെന്നാണതിന്റെ ന്യായം. പക്ഷേ പഞ്ചാബോ? പഞ്ചാബിന്റെ 60 ശതമാനവും പാക്കിസ്ഥാനിലല്ലേ? ബംഗാളിന്റെ 70 ശതമാനവും പാക്കിസ്ഥാനിലല്ലേ. ആസാമും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പരാമര്‍ശിക്കപ്പെടുന്നില്ലെന്ന് ചിലര്‍ക്ക് പരാതിയുണ്ട്. ആ ഗീതം എഴുതുന്നകാലത്ത് ആ പ്രദേശങ്ങള്‍ എല്ലാം ബംഗാള്‍ പ്രസിഡന്‍സിയിലായിരുന്നു. ആന്ധ്ര, കര്‍ണാടകം, തമിഴ്നാട്, കേരളം എന്നിവയെല്ലാം ചേര്‍ത്തു ദ്രാവിഡമാക്കി.
പഞ്ചാബ് സിന്ധ് എന്നതുമാറ്റി ജമ്മു എന്നാക്കി ഗാനം പരിഷ്ക്കരിക്കണമെന്ന് ഡോ.രവീന്ദ്രന് നിര്‍ദ്ദേശിക്കുന്നു. കാശ്മീര്‍ വേണ്ട എന്നാണോ അതിന്റെ ധ്വനി. ജനഗണമനയുടെ തുടര്‍ന്നുവരുന്ന ചരണങ്ങളില്‍ ഹിന്ദു, ബൗദ്ധ, ശിവ, ജൈന, പാരസീക , മുസല്മാന ക്രിസ്ത്യാനി എന്ന് വിശദമായി പരാമര്‍ശിക്കുന്നുണ്ട്. മഹാകവിയുടെ കവിത അദ്ദേഹത്തിന്റെ മരണത്തിന് 73 വര്‍ഷങ്ങള്‍ക്കുശേഷം തിരുത്താന്‍ ആര്‍ക്കാണധികാരം. അക്കിത്തത്തിന്റെ ഒരു ബാല കവിതയിലെ ”അമ്പാടിക്കണ്ണന്റെ നിറമാണേ” എന്ന വരി സെക്കുലറിസം തലയ്ക്ക് പിടിച്ച ഒരു വിദ്യാഭ്യാസ മന്ത്രി തിരുത്തിച്ചതിനെതിരെ ഉയര്‍ന്ന രോഷം ഓര്‍ക്കാവുന്നതാണ്.
ഭാരതത്തിന്റെ വിഭജനം എന്നെങ്കിലും അവസാനിച്ച് വീണ്ടും ഒന്നാകുമെന്ന പ്രതീക്ഷയുടെ പ്രതീകമായി അതിനെ സജീവമാക്കി നിര്‍ത്താന്‍ ആ വരി അങ്ങനെതന്നെ നിലനിര്‍ത്തണം. ഭാരതം പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളില്‍ പാക്കിസ്ഥാനം ജനഗണമന ആലപിക്കുന്നുണ്ട്. ഭാരതീയ ജനസംഘം ആഗസ്റ്റ് 15 അഖണ്ഡ ഭാരത ദിനമായി ആചരിച്ചിരുന്നു. വിഭജനക്കാലത്ത് സിന്ധില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നവരുടെ പിന്മുറക്കാര് ഇന്ന് 50 ലക്ഷത്തിലേറെയുണ്ട്. അവരുടെ ആകാംക്ഷകള്‍ക്ക് നാം വില കല്‍പ്പിക്കേണ്ടതുണ്ടോ? മതത്തിന്റെ അടിസ്ഥാനത്തില്‍ 1947 ല്‍ രൂപംകൊണ്ട പാക്കിസ്ഥാനല്ല ഇന്നുള്ളത്. ബംഗ്ലാദേശ് പിറന്നതോടെ പാക്കിസ്ഥാന് ആശയത്തിന്റെ അടിത്തറ തന്നെ ഇല്ലാതായി. ഭാരതവിരോധം, അഥവാ ഹിന്ദു വിരോധം മാത്രമാണ് പാക്കിസ്ഥാനെ നയിക്കുന്നത്.
എന്നാല്‍ രാഷ്ട്രീയമായിട്ടല്ലെങ്കിലും ഭാരതവും പാക്കിസ്ഥാനും തമ്മില്‍ സഹകരിക്കണമെന്ന ആശയം ഒരവസരത്തില്‍ ഉയര്‍ന്നിരുന്നു. വ്യത്യസ്ത രാജ്യങ്ങളായിത്തന്നെ തുടര്‍ന്നുകൊണ്ട് ഭാരത പാക് കോണ്‍ഫെഡറേഷന്‍ എന്ന ആശയം ദീനദയാല്‍ജിയും സോഷ്യലിസ്റ്റ് നേതാവ് ഡോ.രാം മനോഹര്‍ ലോഹ്യയും ഒരു സംയുക്ത പ്രസ്താവനയില്‍ ഉന്നയിച്ചു. ”ഭാരതവും പാക്കിസ്ഥാനും രണ്ട് വ്യത്യസ്ത സത്തകളായി നിലനില്‍ക്കുന്നത് അസ്വാഭാവികമാണെ”ന്നും ”ഇരു സര്‍ക്കാരുകള്‍ക്കിടയ്ക്കുള്ള അസ്വാരസ്യം തലതിരിഞ്ഞ മനോഭാവവും അപൂര്‍ണ ചര്‍ച്ചകളും മൂലമാണെ”ന്നും ”തുറന്ന സംഭാഷണങ്ങളും സന്മനോഭാവ സൃഷ്ടിയും ഒരുതരം ഭാരത-പാക് കോണ്‍ഫെഡറേഷനിലേക്ക് വഴിതെളിക്കു”മെന്ന് 1964 ഏപ്രില്‍ 12 ന് നടത്തിയ പ്രസ്താവനയില്‍ അവര്‍ പ്രത്യാശിച്ചു.
ഭാവിയില്‍ അഖണ്ഡ ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ജനഗണമനയിലെ പദങ്ങള്‍ അങ്ങനെ നിലനിര്‍ത്തുകയാണ് ഉചിതം. ഭരണഘടന 1950 ലേ നിലവില്‍ വന്നുള്ളൂ. ഭാരതം അനാദിയും ചിരന്തനവുമാണ്.
പി നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: