ഒന്നും പറയാനില്ലാതെ വന്നാല്‍ എന്തുചെയ്യും. പരദൂഷണത്തിന്റെ പരിമിതി മറികടന്ന് സംശയം ജനിപ്പിക്കും. ചെറിയൊരു പൊട്ട് സംശയം ഇട്ടുകൊടുക്കുന്നതോടെ ഉദ്ദേശ്യം സക്സസ്. നരേന്ദ്രമോദി സര്‍ക്കാറിനെതിരെ നട്ടാല്‍ പൊടിക്കാത്തതൊക്കെ പയറ്റി അവശരായവര് പുതിയ വിത്തുകളുമായി വിളയിറക്കാന്‍ തയാറെടുക്കുന്നു. അവര്‍ക്ക് വീണുകിട്ടിയ അവസരമാണ് ഒരു പത്രപ്രവര്‍ത്തകന്റെ ഭീകര നേതാവുമായുള്ള അഭിമുഖം. കാള, കയറ് എന്നറിയുമ്പോഴേക്ക് ശേഷം സങ്കല്‍പ്പിച്ചുകൂട്ടി എഴുതാന്‍ ജേര്‍ണലിസ്റ്റുകളെ ആരെങ്കിലും പഠിപ്പിക്കണമോ ? ആ കഥയും അനുബന്ധ കഥകളും രസച്ചരടുപൊട്ടാതെ പറന്നു നടക്കുകയാണ്. മുഖപുസ്തകത്തി(തന്നെ, ഫേസ്ബുക്ക്)ല്‍ സത്യങ്ങളും വസ്തുതകളും ഏറെയുണ്ടെങ്കിലും ജനങ്ങളില്‍ സംശയമുണര്‍ത്താന്‍ തല്‍പ്പരകക്ഷികള്‍ക്കായി എന്നിടത്താണ് പത്രപ്രവര്‍ത്തനത്തിന്റെ വിജയം. വേദ്പ്രകാശ് വൈദിക് എന്ന പത്രപ്രവര്ത്തകന് പാകിസ്ഥാനിലെ ഹഫിസ് സയിദ് എന്ന ഭീകരനെ കണ്ടതും അഭിമുഖമെടുത്തതും ഒരു സംഘടനയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സംശയം ജനിപ്പിച്ചുവിട്ടാല് പിന്നെ ആ സംശയം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന കീഴ്വഴക്കമാണിവിടെയും. നിജസ്ഥിതി അന്വേഷിച്ചും അത് ബോദ്ധ്യപ്പെടുത്തിയും മുന്നോട്ടുപോകലാണ് ജേര്‍ണലിസം എന്നത് കാലഹരണപ്പെട്ട ആപ്തവാക്യമായി മാറുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്നാണെങ്കില്‍ നേരിട്ട് മറുപടി തരാന്‍ ബുദ്ധിമുട്ടാണ്. ചില കുളുകളിലൂടെ ആര്‍ക്കും അത് മനസ്സിലാക്കാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജുന്‍സിങ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലം. മാസത്തില്‍ മൂന്നോ നാലോ വാര്‍ത്താ സമ്മേളനങ്ങള്‍ ഉറപ്പ്. അവിടത്തെ വേണ്ടപ്പെട്ട പത്രക്കാരെയും കൊണ്ട് ദല്‍ഹിക്ക് പറന്ന് അവിടെ വെച്ചായിരുന്നു മേപ്പടി സമ്മേളനം. എല്ലാ സൗകര്യ-സൗജന്യങ്ങളുടെയും അകമ്പടിയോടെ മുഖ്യമന്ത്രിയുടെ വിരേതിഹാസങ്ങള്‍ പത്രങ്ങള്‍ വഴി പറന്നു നടന്നു. കാലം നീങ്ങി. ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍. സിംഗിന്റെ വാര്‍ത്താസമ്മേളന കെട്ടുകാഴ്ച വഴി ഖജനാവ് ചോരുന്നത് മനസ്സിലാക്കിയവര്‍ അതിന് അന്ത്യം കുറിച്ചു. ഫലമോ? നട്ടാല്‍ പൊടിക്കാത്ത കള്ളക്കഥകള്‍ വര്ണമേലാപ്പിട്ട് പൊതുജനമധ്യത്തിലേക്ക്. എന്നാല്‍ അധികം താമസിയാതെ ജനങ്ങള്‍ കാര്യം മനസ്സിലാക്കി. കിം ഫലം ? ബിജെപി സര്‍ക്കാര്‍ ഇപ്പോഴും സംസ്ഥാനത്ത് സുഭദ്രം. ഇതിന്റെയൊരു ചെറുരൂപമായി ഇപ്പോഴത്തെ വൈദിക് വിവാദവും കണക്കിലെടുക്കുക. എട്ടു നിലയില്‍ തെരഞ്ഞെടുപ്പില്‍ പൊട്ടിയ പാര്‍ട്ടിയുടെ ഇളമുറത്തമ്പുരാന് വൈദിക്കിനെ ആര്എസ്എസ്സുകാരനായും ബിജെപിയുടെ ബന്ധക്കാരനായും സര്‍ക്കാരിന്റെ ദൂതനായും മാറ്റുന്നു. മാധ്യമങ്ങള്‍ അതേറ്റുപിടിക്കുന്നു. സീതാറാം യെച്ചൂരി, കെജ്രിവാള് എന്നിവര്‍ക്കൊപ്പം വിവിധ സമരമുഖങ്ങളിലും പരിപാടികളിലും നേതൃരംഗത്ത് നിലയുറപ്പിച്ച വൈദിക്കിനെ വെറുതെവിടുന്നു. കാരണം തേടി ഗവേഷണം നടത്തണ്ട.
മേപ്പടി കാര്യത്തിനൊപ്പം ചേര്‍ക്കാന്‍ ഇത്രകൂടി. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വേളയില്‍ ദല്‍ഹിയിലെ പത്രപ്രവര്‍ത്തക തമ്പുരാക്കന്മാരെ കൊണ്ടുപോകാറുണ്ട്. വിദേശ രാജ്യങ്ങളിലെത്തിയാലുള്ള വിശേഷങ്ങള്‍ വായനക്കാര്‍ക്ക് നല്കുന്നതിലേക്കാളുപരി മറ്റുചിലതിലാണ് അവര്‍ക്ക് താല്‍പ്പര്യം. പോരാഞ്ഞ് നിഷേധാത്മക വിവരങ്ങള്‍ എമ്പാടും വാരിവിതറും. ഇതുകൊണ്ട് ഗുണമുണ്ടാവില്ല എന്നു മാത്രമല്ല അപകടകരമായ സ്ഥിതിവിശേഷവും സംജാതമാവും. ഇതൊക്കെ അറിയാവുന്ന പ്രധാനമന്ത്രിമാര്‍ പക്ഷേ, ഒന്നും മിണ്ടില്ല. അതൊരു കീഴ്വഴക്കമായിത്തീര്‍ന്നു. കീഴ് വഴക്കങ്ങള്‍ക്ക് കുട പിടിക്കലല്ലല്ലോ നരേന്ദ്രമോദിയുടെ രീതി. ജനാഭിലാഷം നിറവേറ്റാനുള്ള ശ്രമത്തിനിടെ ധൂര്‍ത്തും ആര്‍ഭാടവും അനാവശ്യങ്ങളും ഒഴിവാക്കുക എന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവം. അതിനാല്‍ തന്നെ വിദേശയാത്രയ്ക്ക് വര്‍ണക്കുപ്പായവും തുന്നിവെച്ചിരുന്ന സകല മാദ്ധ്യമ തമ്പുരാക്കന്മാര്ക്കും അക്കിടി പറ്റി. നമ്മളോടാണോ കളിയെന്ന് ധാര്‍ഷ്ട്യം ഉടനെ തന്നെ ഫണംവിടര്‍ത്തി ചീറ്റിയാടി. ചാനല്‍ വഴി, സോഷ്യല്‍മീഡിയ വഴി, പത്രം വഴി. സത്യാവസ്ഥയറിയുന്നവര് അപഹാസ്യമായ ഇത്തരം വഴികളിലൂടെ യാത്ര ചെയ്യില്ല. ചെയ്യുന്നവരുടെ കാര്യം പറയാനുമില്ല. ഇവരെ മനസ്സിലാക്കുന്നതിന് തൃക്കണ്ണിന്റെ നിരീക്ഷണപാടവമുള്ള നരേന്ദ്രമോദി സര്‍ക്കാരിനോട് കൊമ്പുകോര്‍ക്കാന്‍ അടുത്ത ആയുധത്തിന് മൂര്‍ച്ച കൂട്ടന്നവരോട് ഒരു വാക്ക്. ആത്മാര്‍ത്ഥമായി പണിയെടുക്കിന്‍ സഹജരേ.
പഠിച്ചുകൊണ്ടുള്ള സമരമാണോ, സമരിച്ചുകൊണ്ടുള്ള പഠിപ്പാണോ ആവശ്യം എന്നതിനെക്കുറിച്ച് തലപൊളിച്ചുകൊണ്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇന്നത്തെ ഭൂരിപക്ഷം നേതാക്കളും (ഇടതു ഭാഗമാണ് കൂടുതല്‍) സമരം ചെയ്ത് പഠിച്ചവരാണ്. അതുവഴി ഗ്രേസ്മാര്‍ക്ക് കിട്ടി ഉന്നത നിലയിലെത്തിയവരാണ്. അത്തരത്തിലുള്ള മാന്യനേതാവാണ് തല്ക്കാലം പഠിപ്പില്‍ ശ്രദ്ധവെക്ക്, സമരിക്കല്‍ പിന്നെ മതിയെന്ന് പറഞ്ഞത്. ഏറെ പുലിവാല് പിടിപ്പിച്ച പ്രസ്താവനയില്‍ നിന്ന് ടിയാന് പിന്‍വാങ്ങാന്‍ തയാറല്ലെന്ന് മാത്രമല്ല തന്റെ വാദഗതികള്‍ ശര്‍ക്കരപ്പാവ് ചേര്‍ത്ത് ബലപ്പെടുത്താനും തയാറായിട്ടുണ്ട്. മലയാള മനോരമ (ജൂലൈ 18)യിലെ കാഴ്ചപ്പാട് പേജില്‍ നോട്ടം പംക്തിയില്‍ അദ്യം ഇങ്ങനെ കാച്ചുന്നു: മൂല്യബോധമുള്ള ബുദ്ധിശാലികളായ ഒരു വിദ്യാര്‍ത്ഥി സമൂഹം ഇവിടെ വളര്‍ന്നു വരണമെന്നാണ് ഇടതുപക്ഷ പ്രസ്ഥാനം ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥി സമരങ്ങള്‍ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതാകണം. സമര രീതികളില്‍ തന്നെ മാറ്റം വരണം. ഓരോ കാലഘട്ടത്തിലും ഉരുത്തിരിയുന്ന പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുസൃതമായിട്ടാകണം സമരങ്ങളും മുദ്രാവാക്യങ്ങളും. ഇ.പി. ജയരാജന് എന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ സഖാവിന്റേതാണീ നിരീക്ഷണങ്ങള്‍. ഒന്നുകൂടി പറഞ്ഞുവെക്കുന്നു: വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വാലായി മാറിയുള്ള പ്രവര്‍ത്തനരീതി തന്നെ മാറ്റണം. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം എന്ന ആചാര്യ ഉവാച ഏത് ആല്‍മരത്തിന്റെ ചുവട്ടില്‍ വെച്ച് ഉരിയാടുമ്പോഴാണാവോ ജയരാജനില്‍ ബോധോദയമുണ്ടായത്! ടിയാന്റെ കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെ: പഠിപ്പുമുടക്കുക എന്നത് ഒരു സംഘടനയുടെയും ലക്ഷ്യമാകരുത്, കാണാതിരിക്കരുത്, മാറ്റം. കത്തിയും ബോംബും മഴുത്തായയും കൊടുത്ത് കുട്ടിക്കുരങ്ങന്മാരെ പറഞ്ഞയച്ച് സമൂഹത്തില്‍ കാലുഷ്യം പടര്‍ത്തിയതില്‍ സഖാവ് നിശ്ചയമായും പശ്ചാത്തപിക്കുന്നുണ്ട്. അതിനേക്കാള്‍ വലിയ പ്രായശ്ചിത്തമില്ലെന്നാണല്ലോ വേദപുസ്തകത്തിലുള്ളത്.
എന്നാല്‍ മേപ്പടി നേതാവിന്റെ അഭിപ്രായമല്ല എസ്എഫ്ഐ ദേശീയഅദ്ധ്യക്ഷനായ ഡോ. വി. ശിവദാസനുള്ളത്. പഠിക്കാനാണ് സമരം, പഠിച്ചുകൊണ്ടാണ് സമരം. പഠനം; സമരവും എന്ന് മാതൃഭൂമി (ജൂലൈ 18) യില്‍ അദ്ദേഹം കുറിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിയെ നിര്‍ണയിക്കുന്ന വിദ്യാഭ്യാസ നയത്തിലെ അപാകങ്ങള്‍ വിദ്യാര്‍ത്ഥിസമൂഹത്തിന് കണ്ടില്ലെന്ന് നടിക്കാനാകുമോ എന്ന് ചോദിക്കുന്ന ശിവദാസ് കാമ്പസുകളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ഗുണഭോക്താക്കള്‍ ആരാണെന്നും ആരായുന്നു. ഇനി മൂപ്പരുടെ നിരീക്ഷണത്തിലേക്ക്: വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരങ്ങള്‍ കൂടുതല്‍ പഠനാവസരങ്ങള്‍ക്ക് വേണ്ടിയാണ്. അത് എല്ലാവര്ക്കും വിദ്യാലയ പ്രവേശത്തിനാണ്, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ്, കൂടുതല്‍ അധ്യയന ദിനങ്ങള്‍ സാധ്യമാക്കാനാണ്. വിദ്യാര്‍ത്ഥി സമരങ്ങളെ സാധാരണ മനുഷ്യന്റെ വികാര വിചാര തലങ്ങളുമായി ചേര്‍ത്തു നിര്‍ത്തി സാമൂഹിക പിന്തുണ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. കമ്പിയും കട്ടപ്പാരയും ബോംബും കൈമഴുവും ഇല്ലാതെ ഇതൊക്കെ നേടാമെന്ന് ആരും സ്വപ്നം കാണണ്ട. പറഞ്ഞുവരുമ്പോള്‍ നാമിപ്പോള്‍ ആര്‍ഭാടമാക്കുന്ന നമ്മുടെ സ്വാതന്ത്ര്യം പോലും മേപ്പടി കലാപരിപാടികള്‍ വഴി കിട്ടിയതല്ലേ എന്നാണ് ശിവദാസ് പറയാതെ പറയുന്നത്. എല്ലാ സമരസഖാക്കള്‍ക്കും കാലികവട്ടം വക ഒരു സലാം.
ദേശീയ വാരികയുടെ കഴിഞ്ഞലക്കം (ജൂലൈ 11) കസറി. കാഴ്ചപ്പാടിന്റെ കരുതിവെപ്പിന് കരുത്തുപകരുന്ന നിരവധി വിഭവങ്ങള്‍ അടുക്കടുക്കായി നിരത്തിവെച്ചിരിക്കുന്നു. അതില്‍ അസാധാരണ സൂക്ഷ്മതകൊണ്ടും വ്യതിരിക്തമായ നിലപാടുകൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ സുകുമാരന്‍ പെരിയച്ചൂരിന്റെ ഗാന്ധിജിയുടെ ഉപ്പും മോദിയുടെ ചായയും. ഉദാത്തമായ ഒരു ഉള്‍ക്കാഴ്ച അറിയാതെ പകര്‍ന്നു തരുന്നു ആ ലേഖനം. എന്തായിരിക്കണം ഓരോ വിഷയത്തിന്റെ പിന്നിലുമുള്ള ഗതികോര്‍ജം എന്ന് കാണിച്ചുകൊടുക്കുകയാണ് സുകുമാരന്‍. നോക്കുക: നരേന്ദ്രമോദി എന്തിലും പുതുമയും നന്മയും ശുഭാപ്തി വിശ്വാസവും കാണുന്നു. ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ ചിത്രമാണ് ഏവരുടെയും മനസ്സില്‍ പതിഞ്ഞിരിക്കുന്ന ചിത്രം. നിശ്ചയദാര്‍ഢ്യത്തോടെ ബ്രിട്ടനെ മുട്ടുകുത്തിക്കാനുള്ള ദണ്ഡിയാത്രയുടെ പുറപ്പാട്. ആരും മറക്കാത്ത ചിത്രം. നരേന്ദ്രമോദിയുടെ മറക്കാത്ത ചിത്രം- പാര്‍ലമെന്റില്‍ ആദ്യമായി എത്തിയപ്പോള്‍ പ്രധാന പ്രവേശന കവാടത്തില്‍ നമസ്കരിച്ചുകൊണ്ട് എല്ലാം രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന ആ ചിത്രം നരേന്ദ്രമോദിക്കുമാത്രമാണ്. ആ ചിത്രം ഓരോ ഭാരതീയനിലും ഉണര്‍ത്തുന്നത് പൈതൃക സമ്പന്നമായ ഒരു സംസ്കാരത്തിന്റെ ഒളിമങ്ങാത്ത രൂപമാണ്്. സുകുമാരന്‍ പെരിയച്ചൂര്‍ കാര്യങ്ങള്‍ വ്യത്യസ്തമായി കണ്ട് അതിന്റെ സ്വത്വം വായനക്കാരിലേക്ക് വ്യത്യസ്തമായി എത്തിച്ചുകൊടുക്കുകയാണ്. ഇനിയും അദ്ദേഹത്തിന് അത് സാദ്ധ്യമാകട്ടെ. (ലേഖനം കേസരി വാരിക)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: