വേദാന്തവും നാടകവും തമ്മിലെന്താണ് ബന്ധം. അതു തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് ഹിമശങ്കര്‍ എന്ന നാടകനടിയുടെയും നാടക സംവിധായികയുടെയും വിജയം. സംസ്കൃതം പഠിച്ച്, പ്രണയത്തെയും മരണത്തെയും ആരാധിച്ച് സ്റ്റേജില്‍ ഭാവനയുടെ മാന്ത്രികത തീര്‍ക്കുകയാണ് ഈ പെണ്‍കുട്ടി.
അതികായര്‍ വാഴുന്ന നാടകപ്രസ്ഥാനത്തെ വളരെ ചുരുങ്ങിയ കാലത്തിനിടയില്‍ വരുതിയിലാക്കാന്‍ ഹിമയ്ക്കു കഴിഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ കൊടകര ഗ്രാമത്തില്‍ നിന്ന് സംസ്കൃതം പഠിക്കാന്‍ കാലടി സംസ്കൃത സര്‍വ്വകലാശാലയിലെത്തുമ്പോള്‍ ഹിമയ്ക്കറിയില്ലായിരുന്നു സ്റ്റേജിന്റെ സാധ്യതകളും സംസ്കൃത പഠനം അതിന് സഹായകരമാകുമെന്നതും. ആ തിരിച്ചറിവുണ്ടായതും അതിലൂടെ മുന്നോട്ടു പോയതുമാണ് ഹിമയുടെ വിജയം.
നാടകനടിയായും സംവിധായികയായും തിളങ്ങുമ്പോള്‍ പ്രതീക്ഷകളേറെയാണ് ഈ പെണ്‍കുട്ടി വച്ചു പുലര്‍ത്തുന്നത്. നാടകത്തെ കുറിച്ച് അക്കാദമിക തലത്തില്‍ പഠിച്ച ശേഷമാണ് ഹിമ ഈ മേഖലയിലേക്ക് എത്തുന്നത്. ഇതിനകം നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും ചിലതെല്ലാം സംവിധാനം ചെയ്യുകയും ചെയ്തു. ഓരോന്നും പ്രതിഭയുടെ അടയാളപ്പെടുത്തലുകളായിരുന്നു. സഖാറാം ബൈന്‍ഡറും താഴ്വരയിലെ പാട്ടും യമദൂദും സോപ്പ്, ചീപ്പ്,കണ്ണാടിയും പ്രവാചകയും ആണുങ്ങളില്ലാത്ത പെണ്ണുങ്ങളും….അങ്ങനെ നിരവധി നാടകങ്ങള്‍. ചെറുതും വലുതുമായി കുറച്ചു കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലും. നാടകത്തെയും ജീവിതത്തെയും കുറിച്ച് നിറയെ സ്വപ്നങ്ങളുമായാണ് ഹിമയുടെ യാത്ര.
വീടും നാടും
കൊടകരയിലെ സാധാരണ കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. കലാപ്രവര്‍ത്തനങ്ങളോട് യാതൊരു ബന്ധവുമില്ലാത്ത കുടുംബം. പത്താംക്ലാസ് വരെ കൊടകരയില്‍ പഠിച്ചു. പ്ലസ്ടുവിന് സയന്‍സായിരുന്നു വിഷയം. പക്ഷേ സയന്‍സിനോട് വലിയ താല്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സ്കൂളില്‍ സംസ്കൃതത്തിന് മുഴുവന്‍ മാര്‍ക്കും കിട്ടിയിരുന്നു. അങ്ങനെയാണ് കാലടി സംസ്കൃത സര്‍വ്വകലാശാലയിലെത്തുന്നത്. വേദാന്തം തീയറ്റര്‍ കോഴ്സായിരുന്നു മുഖ്യ വിഷയം. സംസ്കൃതം മെയിന്‍ എടുത്ത് നാടകം സബ് ആയി പഠിച്ച ആദ്യ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. പഠിക്കുന്ന കാലത്തു തന്നെ നാടകം സ്വയം എഴുതി സംവിധാനം ചെയ്ത് സ്റ്റേജില്‍ അവതരിപ്പിക്കുമായിരുന്നു. ഞാനെഴുതി സംവിധാനം ചെയ്ത പല നാടകങ്ങളും നല്ല പേരുകേള്‍പ്പിച്ചപ്പോള്‍ ആത്മവിശ്വാസം ഏറി.
എന്നിലെ പെണ്‍കുട്ടിയെ രൂപപ്പെടുത്തുന്നതില്‍ കാലടി സര്‍വ്വകലാശാലാ ക്യാമ്പസിന് മുഖ്യ സ്ഥാനമാണുള്ളത്. കലാപ്രവര്‍ത്തനങ്ങളില്‍ കുറച്ചെങ്കിലും മുഖ്യധാരയിലെത്തുന്ന പെണ്‍കുട്ടികളെ മറ്റു രീതിയില്‍ നോക്കുന്ന ഒരു സമൂഹമാണ് നമുക്കിടയിലുള്ളത്. അവര്‍ക്കു മുന്നില്‍ ഉറച്ചു നില്ക്കാന് ആ ക്യാമ്പസ് ജീവിതം വളരെയധികം സഹായിച്ചു.
സ്കൂള്‍ ഓഫ് ഡ്രാമ
സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാന്‍ പ്രചോദനമായതും സംസ്കൃത പഠനമാണ്. വേദാന്തവും തീയറ്ററുമായി ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞത് സംസ്കൃത സര്‍വ്വകലാശാലയിലെ ഒരു അധ്യാപികയാണ്. എന്നാല്‍ സംസ്കൃതം പഠിക്കുന്ന കാലത്ത് അതത്രയ്ക്ക് ഗൗരവത്തോടെ കണ്ടില്ല. സ്കൂള്‍ ഓഫ് ഡ്രാമയിലെത്തിക്കഴിഞ്ഞപ്പോള് പഴയ പുസ്തകങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പഠിച്ചു തുടങ്ങി. നാടകത്തിന്റെ ഭാരതീയമായ കാഴ്ചപ്പാടിനെ തിരിച്ചറിഞ്ഞതങ്ങനെയാണ്. നാടകത്തിനു വേണ്ടതെല്ലാം വേദത്തിലുണ്ട്.
സ്കൂള്‍ ഓഫ് ഡ്രാമ കൈയ്പ്പും മധുരവും ഇടകലര്‍ന്ന അനുഭവങ്ങളാണ് സമ്മാനിച്ചത്. ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമായിരുന്നു ക്ലാസ്സില്‍. ആണ് ആധിപത്യത്തിനു മുന്നില്‍ പിടിച്ചു നില്ക്കാന് അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ എന്റേതായ നിലപാടുകള്‍ സ്ഥാപിച്ചെടുക്കുന്നതിന് കൂടുതല്‍ ബോള്‍ഡായ സമീപനമാണ് പലകാര്യത്തിലും കൈക്കൊണ്ടത്. അഹങ്കാരിയെന്ന് മുദ്രകുത്തപ്പെടുകയായിരുന്നു അതിലൂടെ. അവിടെ ഒറ്റപ്പെടലായിരുന്നു ഫലം. ഞാന്‍ മൂന്നോട്ടു വയ്ക്കുന്ന ആശയങ്ങളില്‍ നിന്നും നാടകങ്ങളില്‍ നിന്നും പലരും ഒഴിഞ്ഞുമാറി. സ്കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ വര്‍ഷ കുട്ടികളെ വച്ച് ഞാന്‍ നാടകം ചെയ്തു. വലിയ വിജയമായിരുന്നു. ഞാനെന്ന കലാകാരിയെ സ്ഥാപിച്ചെടുക്കലായിരുന്നു അതിലൂടെ. എന്നെ കാണുമ്പോള്‍ പിന്തിരിഞ്ഞു നടന്നവര്‍ ചിരിച്ചമുഖത്തോടെ വരവേറ്റത് സ്കൂള്‍ ഓഫ് ഡ്രാമയിലെ എന്റെ നാടകം കണ്ടതിനു ശേഷമാണ്. എന്നെ ശത്രുവായി കണ്ടവരും ഇല്ലാതാക്കാന്‍ ആഗ്രഹിച്ചവരും എന്റെ നാടകം കണ്ടു തീര്‍ന്നപ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
നല്ല നാടക പ്രവര്ത്തകന് നമ്മളെ കുറിച്ചും നമ്മുടെ സമൂഹത്തെക്കുറിച്ചും സമൂഹത്തില്‍ സംഭവിക്കുന്നതിനെ കുറിച്ചുമെല്ലാം അറിയണം. ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് നേടുന്നതിനും വേദാന്ത പഠനം എന്നെ കാര്യമായി സഹായിച്ചു. അതാണ് നാടകത്തിന് കൂടുതല്‍ സഹായകരമായത്. കലയുടെ ഭാരതീയ കാഴ്ചപ്പാടാണ് ഞാന്‍ പ്രത്യേകമായി പഠിച്ചത്. അതിനെ കുറിച്ചുള്ള അന്വേഷണവുമാണ് നടത്തുന്നത്. കഠോപനിഷത് കൂടുതല്‍ പഠിക്കുകയും അതുമായി ബന്ധപ്പെട്ട് ഒരു നാടകം ചെയ്യാനുമുള്ള ശ്രമവുമാണ് ഇപ്പോള്‍. മരണത്തെ കുറിച്ചുകൂടിയുള്ള പഠനമാണത്. ആഴത്തിലുള്ള പഠനം കൂടുതല്‍ ചോദ്യങ്ങളിലേക്കും ഉത്തരങ്ങള്‍ക്കായുള്ള അന്വേഷണത്തിലേക്കുമാണ് എത്തിച്ചത്. കഠോപനഷിത്തിന്റെ ആഴത്തിലുള്ള വായന ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. നമ്മള് ജനിക്കുകയോ മരിക്കുകയോ അല്ല, നമ്മള് ഇവിടെ തന്നെയുണ്ടായിരുന്നു. എല്ലാം ഇവിടെയുണ്ടായിരുന്നു എന്ന തിരിച്ചറിവാണ് അത് സമ്മാനിച്ചത്.
നാടകത്തിന്റെ ഭാരതീയമായ കാഴ്ചപ്പാടും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും കേന്ദ്രീകരിക്കുക എന്നതാണ് ലക്ഷ്യം. അതൊരു ധ്യാനമാണ്. അതിനായാണ് ഒരു പുതിയ നാടക ഗ്രൂപ്പ് ഞാന്‍ തുടങ്ങിയിരിക്കുന്നത്. ഭാരതത്തിന്റെ കാഴ്ചപ്പാടിലൂടെ നാടകത്തെ നോക്കികാണുക എന്നതാണ് പ്രധാനം. താന്ത്രികവും മാന്ത്രികവുമായ സങ്കേതങ്ങള്‍ അതിനു ഉപയോഗിക്കേണ്ടതുണ്ട്.
നമ്മുടെ നാടക പ്രസ്ഥാനം
സാമൂഹ്യമായി ഇടപെടാനുള്ള ഉറച്ച മാധ്യമമാണ് നാടകം. സിനിമ വളരെയധികം സമൂഹത്തെ സ്വാധീനിക്കുമ്പോഴും നാടകത്തിനുള്ള സ്വാധീനം കുറയുന്നില്ല. കേരളത്തിലെ നാടകചരിത്രം അതു നമ്മെ പഠിപ്പിക്കുന്നുണ്ട്. നാടകം കാണാന്‍ ആളുകളെത്തുന്ന സാഹചര്യം ഉണ്ടായാല്‍ മുന്നോട്ടുവയ്ക്കുന്ന ആശയം അവരെ സ്വാധീനിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. സിനിമാ തീയറ്ററില്‍ ആളുകളെത്തുന്നപോലെ തീയറ്ററില്‍ നാടകം കാണാന്‍ ആളെത്തുന്ന സാഹചര്യമാണുണ്ടാകേണ്ടത്. സിനിമ കാണിക്കുന്നതുപോലെ നാടകം കാണിക്കാനുള്ള തീയറ്ററുകള്‍ നമുക്കുണ്ടാകണം. ഓരോ നഗരത്തിലും ഇത്തരത്തിലുള്ള നാടക ശാലകള്‍ വരണം. എല്ലാ തരത്തിലുമുള്ള നാടകങ്ങള്‍ തുടര്‍ച്ചയായി ഇവിടെ കാണിക്കണം. കാലാമൂല്യമുള്ള നാടകങ്ങള്‍ ഉണ്ടാകുമ്പോള്‍ കാണാന്‍ ആളും ഉണ്ടാകും. ജനങ്ങള്‍ സിനിമയെ എങ്ങനെ സ്നേഹിക്കുന്നുവോ അതുപോലെ നാടകത്തെയും സ്വീകരിക്കുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. സര്‍ക്കാരിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനുള്ളത്.
സ്ത്രീകളും നാടകവും
നാടകരംഗത്ത് സ്ത്രീകള്‍ കുറവാണെന്നത് വസ്തുതയാണ്. നാടകത്തിനു പോകുന്ന സ്ത്രീയെ അവഹേളനത്തോടെ കാണുന്ന രീതിയില്‍ നിന്ന് ഇന്നും സമൂഹം മാറിയിട്ടില്ല. ഓ, അവളൊരു നാടകക്കാരിയെന്നാണ് പലരും പറയുന്നത്. നാടകാഭിനയവവും ശരീരവുമായി വളരെ ബന്ധമുണ്ട്. ഒരു നല്ല അഭിനേതാവ് തന്റെ ശരീരത്തെ അതിനനുസരിച്ച് പാകപ്പെടുത്തി വയ്ക്കണം. സ്ത്രീക്ക് പലപ്പോഴും അതിന് കഴിയുന്നില്ല. ശരീരത്തെ അത്തരത്തില്‍ രൂപപ്പെടുത്തുന്ന സ്ത്രീ പുരുഷന്റെ കണ്ണിലെ കാഴ്ചവസ്തു മാത്രമാകുന്നു. ഞാനത് വളരെ കൂടുതല്‍ അനുഭവിക്കുന്നയാളാണ്. നാടകത്തിലേക്ക് കൂടുതല്‍ സത്രീകള്‍ കടന്നു വരണമെങ്കില്‍ സമൂഹത്തിനാകെ സ്ത്രീകളോടുള്ള കാഴ്ചപ്പാട് മാറണം.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായമാണെനിക്കുള്ളത്. ഏതു കാര്യത്തെയും നിര്‍ഭയമായി നേരിടാന്‍ സ്ത്രീക്കാകണം. അക്രമത്തിനും പീഡനത്തിനുമൊക്കെ ഇരയാകുന്നത് പാവപ്പെട്ട പെണ്‍കുട്ടികളാണ്. മോഡേണായ പെണ്‍കുട്ടികള്‍ ആരുടെയും അക്രമത്തിനിരയാകുന്നില്ല.
രാത്രി വളരെ വൈകിയും തിരുവനന്തപുരം നഗരത്തില്‍ ചിലപ്പോള്‍ ഹിമയെ കണ്ടേക്കാം. കയ്യിലെപ്പോഴും കരുതുന്ന പെപ്പര്‍ സ്പ്രേയുടെ പിന്‍ബലത്തിലല്ല ഹിമ തന്റെ സ്കൂട്ടറില്‍ അങ്ങനെ യാത്ര ചെയ്യുന്നത്. രാത്രി ഒരു മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് ഹിമ പോകുന്നത് എപ്പോഴും ഒറ്റയ്ക്കാണ്. തിരുവനന്തപുരം നഗരത്തില്‍ തനിക്ക് ഭയമുണ്ടായിട്ടേയില്ലന്ന് അവര്‍ പറയുന്നു. ഒരിക്കല്‍ പോലീസ് പിടിച്ചു. രാത്രിയില്‍ ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടി ഇറങ്ങി നടക്കാമോ എന്ന ചോദ്യത്തിന് ”എന്റെ നാട്ടില്‍ പുറത്തിറങ്ങി നടക്കാന്‍ ഞാന്‍ എന്തിനു പേടിക്കണ”മെന്ന മറുചോദ്യമാണ് നല്‍കിയത്. അന്ന് പോലീസ് അകമ്പടിയോടെയാണ് വീട്ടില്‍ പോകാനായത്.
നാടക സംവിധായിക
അഭിനയമാണ് കൂടുതല്‍ ചെയ്യുന്നതെങ്കിലും നാടക സംവിധായികയാകാനാണ് എനിക്കിഷ്ടം. അഭിനയിക്കാന്‍ മറ്റ് നടിമാരെ കിട്ടാതെ വരുമ്പോഴാണ് നടിയാകേണ്ടി വരുന്നത്. മനസ്സിലെ ആശയങ്ങള്‍ കൂടുതല്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുക സംവിധാനം ചെയ്യുമ്പോഴാണ്. കുറെ പേരിലൂടെ നമുക്കതിനു സാധിക്കുന്നു. അഭിനയിക്കുമ്പോള്‍ നമ്മളിലേക്ക് മാത്രമായി ചുരുങ്ങും. ചില സിനിമകളില്‍ ഞാനഭിനയിച്ചു. എന്നാല്‍ സിനിമ ഒരിക്കലും എന്നെ ഭ്രാന്തമായി പിടികൂടിയിട്ടില്ല. സിനിമ ഇഷ്ടമാണ്. സിനിമയില്‍ അഭിനയിക്കുന്നതും ഇഷ്ടമാണ്. ഇന്നത്തെ കാലത്ത് കൂടുതല്‍ സ്വാധീനമുള്ള ജനകീയ മാധ്യമമെന്ന നിലയില്‍ സിനിമ കൂടുതല്‍ പ്രശസ്തിയും നേട്ടങ്ങളും നല്‍കുമെന്നത് സത്യമാണ്. അത് എനിക്കും താല്പര്യമുള്ള കാര്യമാണ്. എന്നാല്‍ നാടകത്തെപ്പോലെ സിനിമയെ ഞാന്‍ പ്രണയിക്കുന്നില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ സിനിമയ്ക്കൊപ്പവും കൂടും. അപ്പോഴും നാടക പ്രവര്ത്തകയായിരിക്കാനും അറിയപ്പെടാനുമാണ് എനിക്കാഗ്രഹം.
സിനിമയിലെ വേഷങ്ങള്‍
യുഗപുരുഷന് എന്ന സിനിമയില്‍ നാട്ടുപ്രമാണി എന്റെ വസ്ത്രം വലിച്ചുരിയുന്ന രംഗമുണ്ട്. വിവസ്ത്രയായി ഞാന്‍ തിരിഞ്ഞോടുന്ന രംഗം. അത് കണ്ട് പലരും എന്നോടു ചോദിച്ചു, ഇത്തരം വേഷങ്ങള്‍ എന്തിനാണ് ചെയ്യുന്നതെന്ന്. കഥാപാത്രത്തിനായാണ് അത് ചെയ്തത്. സിനിമയ്ക്ക് മുന്നേ പല നാടകത്തിലും അത്തരം വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കഥാപാത്രമാകുമ്പോള്‍ ശരീരം, വസ്ത്രം എന്നീ ചിന്തകളെ മാറ്റി വയ്ക്കുന്നു. എന്റെ സിനിമയിലെയോ നാടകത്തിലെയോ വേഷം കണ്ടിട്ട് എന്നെ മറ്റു തരത്തില്‍ നോക്കി കാണുന്നവര്‍ മനോരോഗികളാണ്. ഗ്ലാമര്‍ എന്ന വാക്കിനെ ശാരീരീകമായി മാത്രം കാണേണ്ടതല്ല. പ്രൊഫഷണലായ സമീപനമാണ് വേണ്ടത്. ഞാന്‍ തുറന്നു സംസാരിക്കുകയും ഇത്തരം വേഷങ്ങള്‍ ചെയ്യുകയും ഉണ്ടാകുമ്പോള്‍ അതുമുന്നില് കണ്ട് ആരെങ്കിലും സമീപിച്ചാല്‍ അവര്‍ക്ക് തെറ്റു പറ്റും. സോറി, ഞാനത്തരക്കാരിയല്ലെന്ന് തുറന്നു പറയേണ്ടിവരും.
ജീവിതം, പ്രണയം
ഞാന്‍ ജീവിക്കുന്നത് എനിക്കു വേണ്ടിയാണ്. കലയും നാടകവുമൊക്കെ ആ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തെ സത്യസന്ധമായി സമീപിക്കുക എന്നതാണ് എന്റെ നയം. നാളെ എന്താകും എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഇന്നത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. ഇന്ന് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ഞാന്‍ പ്രാധാന്യത്തോടെ കാണുന്നത്.
നാടകം, സിനിമ, പാചകം ഇതുമൂന്നുമാണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍. നാടകത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. സിനിമ അതിന്റെ ഭാഗമായി വന്നു ചേരുന്നതാണ്. ഇടയ്ക്ക് നഗരത്തിലെവിടെയെങ്കിലും തട്ടുകട തുടങ്ങിയാലോ എന്നാലോചിച്ചിരുന്നു. പാചകത്തോടുള്ള കമ്പം കൊണ്ടാണങ്ങനെ തോന്നിയത്.
എല്ലാവരെയും പോലെ ഒരുപാട് ആഗ്രഹങ്ങളുള്ള വ്യക്തിയാണ് ഞാനും. പ്രണയം നമുക്കുള്ളില്‍ ഉണ്ടാകുന്ന ഒരനുഭവമാണ്. അത് നമുക്കുവേണ്ടി മാത്രമുള്ളതാണ്. നമ്മള് മറ്റൊരാളെ പ്രണയിക്കുമ്പോഴും ആത്യന്തികമായി നമ്മെ തന്നെയാണ് പ്രണയിക്കുന്നത്. പ്രണയിക്കപ്പെടാനും പ്രണയിക്കാനും അതിയായി ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എല്ലാവര്ക്കും ഉള്ളതുപോലെ വിവാഹ സ്വപ്നങ്ങള്‍ എനിക്കുമുണ്ട്. അതൊരിക്കല്‍ സംഭവിക്കുമായിരിക്കും. ഇപ്പോള്‍ പറയാനാകില്ല.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: