ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറിക്ക് മൂന്ന് ടേം മാത്രമേ തുടരനാവൂ എന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. അതനുസരിച്ച് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രകാശ് കാരാട്ട് മാറുമെന്നും യെച്ചൂരി പറഞ്ഞു. നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഈ വ്യവസ്ഥക്ക് അംഗീകാരം നല്‍കിയിരുന്നു. മാറ്റം വേണമെങ്കില്‍ പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനിക്കണം.
കാരാട്ട് ഒഴിയുന്നതോടെ പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമാണ്. ദേശീയ തലത്തിലുള്ള നേതാക്കളില്‍ സീതാറാം യച്ചൂരിക്കാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ ഏറെയുളള കേരള ഘടകത്തിന് യെച്ചൂരിയോട് താല്പര്യമില്ല. സംസ്ഥാനത്തെ സംഘടനാ വിഷയങ്ങളില്‍ വിഎസ് അച്യുതാനന്ദനെ സംരക്ഷിക്കുന്ന നിലപാടാണ് യച്ചൂരിയുടേതെന്ന ആരോപണമാണ് പിണറായി പക്ഷത്തിന് ഉളളത്. മറ്റൊരു മുതിര്‍ന്ന പിബി അംഗമായ എസ്. രാമചന്ദ്രന് പിള്ളക്കും ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് വലിയ സാധ്യത കല്‍പ്പിക്കുന്നില്ല.
പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് അടക്കം സിപിഎമ്മിന്റെ സംഘടനാ കാര്യങ്ങളും നയപരിപാടികളും പരിഗണിക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയും സമയവും ദല്‍ഹിയില്‍ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: