ഹരിപ്പാട്: ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ട ആഡംബരക്കാറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 500 ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടികൂടി. ദേശീയ പാതയില്‍ ഹരിപ്പാട് ആര്.കെ. ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. കാറിന്റെ ഡിക്കിയിലും കാറിനുള്ളിലെ സീറ്റിനടിയിലുമായി 35 ലിറ്ററിന്റെ 15 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. അപകടം നടന്നയുടന്‍ പൊലീസിന്റെ നൈറ്റ് പട്രോള്‍ സംഘം സ്ഥലത്തെത്തി. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചശേഷം കാര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അപകടമുണ്ടായ ഉടന്‍ കാറിലുണ്ടായിരുന്നവര്‍ വാഹനം ഉപേക്ഷിച്ച് കടന്നിരുന്നു. കര്‍ണാടക രജിസ്ട്രേഷനിലുള്ള കെ.എ. 51 എന്‍. 4203 രജിസ്ട്രേഷന് നമ്പര്‍ പതിച്ച കാറില്‍ നിന്ന് ആര്.സി ബുക്കിന്റെ കോപ്പിയും മൊബൈല്‍ഫോണും കണ്ടെടുത്തിട്ടുണ്ട്. കാറും സ്പിരിറ്റും ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ബൈക്കില്‍ യാത്ര ചെയ്തിരുന്ന മാവേലിക്കര സ്വദേശി വിജിത്ത് കുമാറും പോലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ പുലര്‍ച്ചെ അഞ്ചിന് ഹരിപ്പാട് എന്തിനെത്തിയെന്നതും സംശയകരമാണ്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ കായംകുളം ഡിവൈഎസ്പി ബി. കൃഷ്ണകുമാര്‍ സംഭവസ്ഥലത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: