പത്തനംതിട്ട: ചിറ്റാര്‍ വയ്യാറ്റുപുഴ പ്രദേശത്ത് നാളുകളായി ജനങ്ങളെ ഭീതിയാഴ്ത്തിയ പുലി വനപാലകരൊരുക്കിയ കെണിയില്‍ വീണു. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയാണ് റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചില്‍പെട്ട കുളങ്ങരവാലിയില്‍ പുലിയെ കുട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
റബര്‍ ടാപ്പിംഗിനെത്തിയവരാണ് പുലിയെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ ഹരികൃഷ്ണന്, ചിറ്റാര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പ്രസന്നകുമാര്‍, തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്ബാബു എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. പുലിയെ കാണാന്‍ നാട്ടുകാര്‍ തടിച്ച് കൂടിയതോടെ ശൗര്യം കാട്ടിയ പുലി കൂടിന്റെ കമ്പികള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വനപാലകര്‍ മരച്ചില്ലകള്‍കൊണ്ട് കൂട് മറച്ചു. ഉച്ചയോടെ റാന്നി ഡിഎഫ്ഒ എസ്.ജഗന്നാഥന്, കോന്നി എലിഫെന്റ് സ്ക്വാഡിലെ ഡോ.ഗോപകുമാര്‍ എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് പുലിയെ കക്കിവനത്തില് തുറന്ന് വിടാന്‍ തീരുമാനിച്ചു. തേക്കടിയില്‍ നിന്നും എത്തിയ ഡോ.ശശീന്ദ്രദേവിന്റെ നേതൃത്വത്തില്‍ പുലിയെ മരുന്ന് കുത്തിവെച്ച് മയക്കിയ ശേഷം പ്രത്യേക ചിപ്പ് ഘടിപ്പിച്ചു. പിന്നീട് കൂട് പിക്കപ്പ് വാനില്‍ കയറ്റി കക്കി വനമേഖലയില്‍ എത്തിച്ച് പുലിയെ സുരക്ഷിതമായി തുറന്ന് വിട്ടു. ആണ്വര്ഗ്ഗത്തില്പെട്ട പുലിക്ക് ആറുവയസ്സ് വരുമെന്ന് വനപാലകര്‍ പറഞ്ഞു.
മെയ്മാസം 20 നാണ് പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം കണ്ടത്. തുടര്‍ന്നാണ് വാഴേമേപ്പുറത്ത് രാജുവിന്റെ പറമ്പില്‍ വനപാലകര്‍ കൂട് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: