ആലപ്പുഴ: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ എ. ഷാനവാസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അന്വേഷണം നടത്തും. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സജി ചെറിയാന്, ആര്. നാസര്‍ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. നഗരസഭാ കൗണ്‍സിലറായ മറ്റൊരു നേതാവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും അന്വേഷിക്കും. ജില്ലാ കമ്മറ്റിയംഗത്തിനെതിരെ ഡിവൈഎഫ്ഐ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിട്ടുള്ള പരാതിയും കമ്മീഷന് അന്വേഷിക്കും.
ആലപ്പുഴ ഏരിയ കമ്മറ്റിയില്‍ ഏറെനാളുകളായി ഔദ്യോഗികപക്ഷം രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. ഇതിന്റെ തുടര്‍ച്ചയായി നേതാക്കളുമായി ബന്ധപ്പെട്ട് ലൈംഗീക അപവാദ കഥകളും മാഫിയ ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ആലപ്പുഴ ചാത്തനാട് വാര്‍ഡ് കൗണ്‍സിലറായ ഷാനവാസിനെതിരെ വാര്‍ഡിലെ തന്നെ താമസക്കാരിയായ വീട്ടമ്മയാണ് എസ്പിക്ക് പരാതി നല്‍കിയത്. ഭര്‍ത്താവുമായി ചെറിയ അകല്‍ച്ചയിലായിരുന്ന വീട്ടമ്മയുടെ വീട്ടില്‍ പ്രശ്നം പരിഹരിക്കാന്‍ നേതാവ് ഇടയ്ക്കിടെ എത്തുമായിരുന്നു. ഭര്‍ത്താവുമായി രമ്യതയിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. ഇതിനിടെയാണ് ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് താന്‍ വിളിക്കുന്നിടത്ത് വീട്ടമ്മ എത്തണമെന്ന് ആവശ്യപ്പെട്ട് നേതാവ് വീട്ടമ്മയെയും മകളെയും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതിനിടെ വീട്ടമ്മ ഡിവൈഎഫ്ഐ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാതി പിന്‍വലിച്ചതായും പ്രചരണമുണ്ടായിരുന്നു. വീട്ടമ്മയുടെ അമ്മയുടെ പേരില്‍ പിണറായി വിജയന് കത്തയച്ചതായും പത്രം ഓഫീസുകളില്‍ ഒരുവിഭാഗം പത്രക്കുറിപ്പുകള്‍ എത്തിച്ചിരുന്നു. ഇത് പാര്‍ട്ടി നേതൃത്വവും വീട്ടമ്മയുടെ അമ്മയും നിഷേധിച്ചിരുന്നു.
എന്നാല്‍ നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ സിപിഎം കടുത്ത നടപടിയെടുക്കാത്തതിന് പിന്നില്‍ നഗരസഭയുടെ ഭരണം നഷ്ടപ്പെടുമെന്ന ഭയപ്പാട് മൂലമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 52 അംഗ കൗണ്‍സിലില്‍ 27 കൗണ്‍സിലര്‍മാര്‍ മാത്രമാണ് എല്‍ഡിഎഫിനുള്ളത്. നേരത്തെ സിപിഎം ആശ്രമം ലോക്കല്‍ കമ്മറ്റിയും ആലപ്പുഴ ഏരിയ കമ്മറ്റിയും ഷാനവാസിനെ പുറത്താക്കണമെന്ന് ജില്ലാ കമ്മറ്റിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിക്കാതെയാണ് കൂടുതല്‍ അന്വേഷണത്തിന് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: