കാസര്‍കോട്: ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് കഴിവുള്ള അധ്യാപകരുടെ അഭാവമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. കാസര്‍കോട് പെരിയയില്‍ കേരള കേന്ദ്രസര്‍വ്വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കേണ്ടത് അധ്യാപകരാണ്. എന്നാല്‍ നമ്മുടെ സര്‍വ്വകലാശാലകളില്‍ മികവുറ്റ അധ്യാപകരുടെ കുറവുണ്ട്. അറിവ് നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്ന അധ്യാപകരെയാണ് നമുക്ക് ആവശ്യം.
കഴിവുറ്റ പ്രതിഭകളെ അധ്യാപക മേഖലയിലേക്ക് ആകര്‍ഷിക്കുകയും നിലവിലുള്ള ശൂന്യത നികത്തുകയുമാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി. അധ്യാപകരുടെ മേന്മ വര്‍ദ്ധിപ്പിക്കുന്നതിന് സെമിനാറുകള്‍, ഗവേഷണ പദ്ധതികള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയിലൂടെ അവര്‍ക്ക് ആത്മവിശ്വാസം പകരണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉയര്‍ച്ചയ്ക്ക് അധ്യാപന നിലവാരം ഉയരേണ്ടത് അനിവാര്യമാണ്. പൊതുരംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് താനും അധ്യാപകനായിരുന്നുവെന്നും മാതാ പിതാ ഗുരു ദൈവം എന്ന മന്ത്രം അധ്യാപകര്‍ക്ക് രാജ്യം നല്കുന്ന സ്ഥാനം എന്തെന്ന് വ്യക്തമാക്കുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.
ലോകത്തെ മികച്ച നൂറ് സര്‍വ്വകലാശാലകളില്‍ ഒന്നുപോലും ഇന്ത്യയില്‍ നിന്നില്ലെന്ന് പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി. നമുക്ക് ഐഐടിയും ഐഐഎമ്മും സര്‍വ്വകലാശാലകളുമുണ്ട്. ഏഷ്യന്‍, ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്‍പന്തിയിലാണ്. ചെറിയ നേട്ടങ്ങള്‍ വലിയ വിജയമാക്കി മാറ്റാന്‍ സാധിക്കണം. ആധുനിക സാങ്കേതിക വിദ്യകള്‍ അധ്യാപന രീതികളില്‍ കടന്നുവരണം. സ്മാര്‍ട്ട് ക്ലാസ് റൂം, ഐസിടി നെറ്റ്വര്ക്സ് തുടങ്ങിയവ ഉപയോഗപ്പെടുത്തണം.
മാറ്റത്തിന്റെ ചാലകശക്തികളാകാന്‍ വിദ്യാര്‍ത്ഥികളോടും രാഷ്ട്രപതി ആഹ്വാനം ചെയ്തു. വിദ്യാഭ്യാസം നല്കുന്ന വിശേഷാധികാരം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ധാര്‍മ്മിക ഉത്തരവാദിത്വങ്ങളും നല്‍കുന്നുണ്ട്. ദുരിതമനുഭവിക്കുന്നവരുടെ വേദന കുറയ്ക്കുന്നതിനുള്ള ശക്തിയാകാന്‍ കഴിയുന്നിടത്താണ് വിദ്യാര്‍ത്ഥികളുടെ വിജയം. വ്യക്തിപരമായ ആഗ്രഹങ്ങളും ലക്ഷ്യവും തെറ്റല്ല. എന്നാല്‍ അതില്‍ മാത്രമായി ഒതുങ്ങരുത്. വ്യക്തി താത്പര്യങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെടണം. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, ചാന്‍സലര്‍ ഡോ.വി.എല്‍. ചോപ്ര, വൈസ് ചാന്‍സലര്‍ ജേക്കബ് ചാക്കോ, രജിസ്ട്രാര്‍ പി.ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു. 2009 മുതല്‍ 2014 ജൂണ്‍ വരെ 14 പഠന വിഭാഗങ്ങളില്‍ നിന്നും വിജയിച്ച 567 വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ബിരുദം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: