കീവ്: മലേഷ്യന്‍ യാത്രാവിമാനമായ എംഎച്ച്17നെ മിസൈല്‍ തൊടുത്ത് വീഴ്ത്തിയത് യുക്രൈനിലെ റഷ്യന്‍ അനുകൂല വിമതരാണെന്ന സംശയം ബലപ്പെടുന്നു. വിമാനത്തിന് എന്തു സംഭവിച്ചെന്നതിനെപ്പറ്റി വ്യക്തമായ ചിത്രം തരുന്ന തരത്തില്‍ വിമതര്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ യുക്രൈന് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. അതിനിടെ, വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് തങ്ങള്‍ക്കു കിട്ടിയെന്ന് യുക്രൈന് വിമതര്‍ അവകാശപ്പെട്ടു. ബ്ലാക്ക് ബോക്സ് അവര്‍ റഷ്യയ്ക്കു കൈമാറിയെന്നാണ് സൂചന.
വിമതരുടേതെന്നു പറഞ്ഞ് യുക്രൈന് ഏജന്‍സികള്‍ ചോര്‍ത്തിയ ശബ്ദരേഖകള്‍ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ആദ്യത്തേതില്‍ മേജര്‍, ഗ്രെക്ക് എന്നീ വിളിപ്പേരുകളിലെ വിമതര്‍ അപകടസ്ഥലം സന്ദര്‍ശിച്ചശേഷം പരസ്പ്പരം വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. വെടിവെച്ചുവീഴ്ത്തിയത് യാത്രാവിമാനമാണെന്നും ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഇരുവരും ഉറപ്പിക്കുന്നു. ടവ്വലുകള്‍, ടോയ്ലറ്റ് പേപ്പറുകള്‍ തുടങ്ങിയ വസ്തുക്കള്‍ വിമാനം തകര്‍ന്നുവീണിടത്ത് ചിതറിക്കിടക്കുന്ന കാര്യവും അവര്‍ പറയുന്നുണ്ട്.
വിമതനീക്കത്തിനു പിന്നിലെ കൊസാക്ക് നേതാക്കളിലൊരാളായ മൈക്കോള കൊസിറ്റ്സ്യനോട് അനുയായികളിലൊരുവന്‍ സംസാരിക്കുന്നതാണ് ശബ്ദരേഖയുടെ രണ്ടാം ഭാഗം.’ടോറെസ് സ്നൊഷോണിനു സമീപമാണ് വിമാനം വീണത്. യാത്രവിമാനമാവാനാണ് സാധ്യത. അവിടെയെല്ലാം കുട്ടികളുടെയും സ്ത്രീകളുടെയും ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്നു”’ അങ്ങനെ പോകുന്ന വിമതന്റെ സംഭാഷണം. യുക്രൈന് എഎന്‍-26 വിമാനമെന്നു ടിവിയില്‍ കാണിക്കുന്നു. എന്നാല്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് എന്നാണ് എഴുതിയിരിക്കുന്നതെന്നു മറ്റൊരു വിമതന് കൊസിറ്റ്സ്യനോട് വെളിപ്പെടുത്തുന്നതും ശബ്ദരേഖയിലുണ്ട്.
അതേസമയം, അപകടസ്ഥലത്ത് ദുരന്തനിവാരണ സേനാംഗങ്ങളും പോലീസും സന്നദ്ധപ്രവര്‍ത്തകരും ഇന്നലെയും തെരച്ചില്‍ നടത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കിലോമീറ്ററുകളോളം ചിതറിക്കിടക്കുകയാണ്. കോക്പിറ്റും ചക്രങ്ങളും കണ്ടെത്തിയ ഇടങ്ങള്‍ തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അവിടന്ന് പത്തു കിലോമീറ്റുകള്ക്കപ്പുറമാണ് വിമാനത്തിന്റ വാല് കിടന്നത്. നിലംപതിക്കുംമുന്പ് വിമാനം പൊട്ടിച്ചിതറിയെന്ന് ഇതു വ്യക്തമാക്കുന്നു.
ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ജീവനക്കാരടക്കം 298പേരെയുംകൊണ്ട് ക്വാലാലംപൂരിലേക്ക് തിരിച്ച മലേഷ്യന്‍ വിമാനം യുക്രൈനില്വച്ച് വ്യാഴാഴ്ച രാത്രി 9.30ഓടെയായിരുന്നു തകര്‍ന്നു വീണത്. കൊല്ലപ്പെട്ടവരില്‍ 173 പേര് ഹോളണ്ടുകാരാണ്. മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്ന് പിന്നീട് മനസിലായി. റഷ്യന്‍ പിന്തുണയുള്ള വിമതരാണ് വിമാനത്തെ വീഴ്ത്തിയതെന്നു സംഭവത്തിനു പിന്നാലെ യുക്രൈന് ആരോപിച്ചു. റഷ്യ നേരിട്ടു നിര്‍വഹിച്ച കര്‍മ്മമായും സംഭവത്തെ യുക്രൈന് വിശേഷിപ്പിച്ചു. മറുഭാഗത്ത് യുക്രൈനുമേല്‍ പഴിചാരി റഷ്യയും നിലയുറപ്പിക്കുന്നു.
ശീതയുദ്ധകാലത്ത് റഷ്യ നിര്‍മ്മിച്ച അതിമാരകമായ ബക് മിസൈല്‍ സംവിധാനത്തിലൂടെയാണ് വിമാനംവീഴ്ത്തിയതെന്ന് അമേരിക്ക വെളിപ്പെടുത്തിയിരുന്നു. റഷ്യന്‍ പിന്തുണയുള്ള വിമതരാണ് വിമാനം തകര്‍ത്തതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ആരോപിച്ചു. റഷ്യ ഇവര്‍ക്ക് ആയുധവും പരിശീലനവും നല്‍കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമാനത്തെ അപകടപ്പെടുത്തിയത് റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്വച്ചും. ബുധനാഴ്ച രണ്ട് യുക്രൈന് യുദ്ധവിമാനങ്ങളെ വിമതര്‍ വെടിവെച്ചിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംശയം വിമതര്‍ക്കുനേരെ നീളുന്നത്. അതേസമയം, സംഭവത്തിന്റെ നിഗൂഢത നീക്കാന്‍ അന്താരാഷ്ട്ര തലത്തിലെ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടനും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. സമഗ്രവും സുതാര്യുവമായ അന്താരാഷ്ട്ര അന്വേഷണത്തിന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്ര സഭാ യുഎന്‍ അന്വേഷണം എന്ന നിര്‍ദേശവും ഉയര്‍ന്നുകഴിഞ്ഞു. റഷ്യയും യുക്രൈന് വിമതരും ഏതുതരത്തിലെ അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുണ്ട്. ഉക്രൈനും വിമതരും വെടിനിര്‍ത്തലിനു തയ്യാറാകണമെന്നും റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന് ആവശ്യപ്പെട്ടു.
സൈനിക വിമാനമെന്ന് കരുതി തകര്‍ത്തെന്ന് ട്വീറ്റ്
മോസ്ക്കോ: റഷ്യന്‍ അനുകൂലികളായ യുക്രൈന് വിമതര്‍ യുക്രൈന് സൈനിക വിമാനമെന്ന് കരുതിയാണ് മലേഷ്യന്‍ വിമാനം മിസൈലയച്ച് തകര്‍ത്തെന്ന് കരുതുന്നു. ഇതുസംബന്ധിച്ച ട്വിറ്റര്‍, ബ്ളോഗ് സന്ദേശങ്ങളാണ് ഈ സൂചന നല്‍കുന്നത്. പോസ്റ്റുകളില്‍ പലതും ഇതിനകം നീക്കിക്കഴിഞ്ഞിട്ടുമുണ്ട്.
യുക്രൈന് വിമതരുടെ പോസ്റ്റുകളാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്.മിസൈലയച്ച് വിമാനം വീഴ്ത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് തെറ്റുപറ്റിയ വിവരം വിമതര്‍ അറിയുന്നത്.
ഞങ്ങള്‍ എഎന്‍ 26 വീഴ്ത്തിയെന്നാണ് ആദ്യം വിമതര്‍ അവകാശപ്പെട്ടത്. വിമതരുടെ സര്‍ക്കാരിലെ പ്രതിരോധമന്ത്രിയെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഇഗോര്‍ സ്ട്രെല്ക്കോവാണ് ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്.തീങ്ങള് സൈനിക വിമാനം വീഴ്ത്തിയെന്നായിരുന്നു പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: