തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് തുടരാനാഗ്രഹമില്ലെന്നും സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി അനുവാദം നല്‍കണമെന്നും സ്പീക്കര്‍ ജി.കാര്ത്തികേയന്. നിയമസഭാ ഹാളിലെ മീഡിയ റൂമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഇനി താല്പര്യമില്ലെന്ന് കാര്ത്തികേയന് വ്യക്തമാക്കിയത്.
നിയമസഭാ സ്പീക്കര്‍ സ്ഥാനമൊഴിയണമെന്ന് താനാഗ്രഹിക്കുന്നു. മൂന്നുവര്‍ഷത്തിനുശേഷം പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയില്‍ നിന്ന് ഒഴിയാനുള്ള അനുവാദം നല്‍കണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എ.കെ.ആന്റണിയെയും ഉമ്മന്‍ചാണ്ടിയെയും വി.എം.സുധീരനെയും കണ്ട് ഇക്കാര്യം ധരിപ്പിക്കുകയും സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന തന്റെ ആഗ്രഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. 14 വയസ്സുമുതല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാലം മുഴുവന്‍ പൂര്ണസമയപ്രവര്ത്തകനായിരുന്നു. ഒരു പൊളിറ്റിക്കല്‍ ആനിമലിനെപ്പോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായ സമയങ്ങളില്‍ പ്രവര്‍ത്തകനെന്ന നിലയില്‍ നിലപാടുകള്‍ എടുത്തിട്ടുണ്ട്. ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് എല്ലാപദവിയും നല്‍കിയത് പാര്‍ട്ടിയാണ്.
പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പത്തെ സാഹചര്യത്തില്‍ സ്പീക്കര്‍ ആവണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. അത് അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തു. സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന ആഗ്രഹം മൂലമാണ് സ്ഥാനമൊഴിയണമെന്നത് തുറന്ന് പ്രകടിപ്പിക്കുന്നത്. പാര്‍ട്ടിക്ക് വിധേയനായി മാത്രമേ നിലപാട് കൈക്കൊള്ളൂ. ഒരു പദവിക്കും വേണ്ടിയല്ല സ്പീക്കര്‍ പദവി ഒഴിയുന്നത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനുമല്ല, സ്പീക്കറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദങ്ങള്‍ വരുന്നത് ശരിയല്ലെന്നതുകൊണ്ടാണ് താന്‍ മാധ്യമങ്ങളിലൂടെ നേരിട്ട് നിലപാട് അറിയിക്കുന്നതെന്നും കാര്ത്തികേയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: