തിരുവനന്തപുരം: നിയമസഭാ സമ്മേളനശേഷം മന്ത്രിസഭാ പുനഃസംഘടന എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം വിജയിക്കുന്നു. സ്പീക്കര്‍ സ്ഥാനത്തുനിന്നും ജി.കാര്‍ത്തികേയന്റെ രാജി യാഥാര്‍ത്ഥ്യമാകുന്നതോടെ മന്ത്രിസഭാ പുനസംഘടന അനിവാര്യമാകുമെന്നുറപ്പായി. ലോക്സഭാഫലം വന്നപ്പോള്‍ തന്നെ സജീവരാഷ്ട്രീയത്തിലിറങ്ങുകയാണ് തന്റെ മോഹമെന്ന് കാര്ത്തികേയന് ബന്ധപ്പെട്ടവരെയെല്ലാം അറിയിച്ചതാണ്. മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നു അത്. എന്നാല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും കാര്‍ത്തികേയന്റെ രാജിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
മന്ത്രിസഭാ പുനഃസംഘടനയും സ്പീക്കറുടെ രാജിയും തന്നോട് ആരും പറഞ്ഞില്ലെന്നാണ് സുധീരന് പ്രസ്താവിച്ചിരുന്നത്. സുധീരന് ഇപ്പോള്‍ അമേരിക്കയിലാണ്. കാര്‍ത്തികേയന്റെ രാജി സന്നദ്ധതയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. വി.എം. സുധീരനൊപ്പം നില്ക്കുന്ന ചില എംഎല്‍എമാര്‍ കാര്ത്തികേയന് സ്പീക്കര്‍ സ്ഥാനം ഒഴിയരുതെന്നാവശ്യപ്പെടുന്നുണ്ട്.
ജി.കാര്‍ത്തികേയന്റെ രാജി അസ്വസ്ഥമാക്കുന്നത് കോണ്‍ഗ്രസ് ഐ വിഭാഗത്തെയാണ്. ചെന്നിത്തലയുടെ അടുത്തയാളായ ജോസഫ് വാഴക്കന് കാര്ത്തികേയന് രാജി തീരുമാനത്തില്‍ ഉറച്ചുനില്ക്കില്ലെന്ന വിശ്വാസത്തിലാണ്. വാര്‍ത്താസമ്മേളനം നടത്തി രാജിക്കാര്യം വെളിപ്പെടുത്തിയത് തന്നെ ഇനി പിന്നോട്ടില്ലെന്നതിന്റെ കാര്‍ത്തികേയന്റെ പ്രഖ്യാപനമാണ്.
കാര്ത്തികേയന് പകരം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് ആ പദവി ലഭിച്ചേക്കും. അല്ലെങ്കില്‍ കെ.സി.ജോസഫിനെയായിരിക്കും ഐ വിഭാഗം നിര്‍ദേശിക്കുന്നത്. എന്നാല്‍ ജോസഫിനെമാറ്റി സ്പീക്കറാക്കുന്നതിനോട് യോജിപ്പില്ല. മാത്രമല്ല മന്ത്രിസഭയിലെ മത സന്തുലിതാവസ്ഥ മാറുകയും ചെയ്യും. ഐ വിഭാഗത്തില്‍ നിന്നും ഒരു മന്ത്രിയെ മാറ്റി പകരം കാര്‍ത്തികേയനെ മന്ത്രിയാക്കാനാണ് ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നത്. സി.എന്‍.ബാലകൃഷ്ണന്, വി.എസ്.ശിവകുമാര്‍ എന്നിവരിലാരെങ്കിലും മാറട്ടെ എന്നാണ് മനസ്സിലിരിപ്പ്. എന്നാല്‍ മന്ത്രിക്കുപ്പായമിട്ടിരിക്കുന്ന മുരളീധരന്, ശിവദാസന്‍ നായര്‍, എന്നിവരെ എങ്ങനെ മയപ്പെടുത്തുമെന്നതാണ് പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: