ബ്രിട്ടനിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നടന്ന ഏറ്റവും വലിയ കാബിനറ്റ് പുന:സംഘടനക്കാണ് കഴിഞ്ഞ ചൊവ്വാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്. പുന:സംഘടനയിലെന്തു കാര്യം എന്നല്ലേ, ചെറുതല്ലാത്ത ഇമ്മിണി വലിയൊരു കാര്യം തന്നെയാണ് ബ്രിട്ടനിലെ ഈ കാബിനറ്റ് പുന:സംഘടന. യുവ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അഴിച്ചുപണിയാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നടത്തിയതെന്ന പ്രത്യേകത അതിനുണ്ടെങ്കിലും ചരിത്രപരമായ വലിയൊരു മുഖംമിനുക്കലായിരുന്നു അത്. മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിക്കൊണ്ട് വനിതകള്‍ക്ക് പ്രാതിനിധ്യം നല്കിയ വമ്പന്‍ അഴിച്ചുപണി. ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത്. സ്ത്രീവോട്ടര്‍മാരെ കൂട്ടുപിടിക്കാനുള്ള കാമറൂണിന്റെയും കൂട്ടാളികളുടെയും തന്ത്രപരമായ നീക്കമായിരുന്നു ഇത്. കാമറൂണ്‍ സര്‍ക്കാരിന്റെ ആദ്യ ഘട്ടത്തിലെ ഭരണം അവസാനിക്കാനിരിക്കെയാണ് സുപ്രധാന വഴിത്തിരിവുണ്ടായിരിക്കുന്നത്.
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അധികായനായ വില്യം ഹേഗിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയാണ് പുന:സംഘടന നടത്തിയതെന്ന പ്രത്യേകത പറയാതിരിക്കാനാവില്ല. സ്ത്രീകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് രാജ്യത്തിനും ഭരണകര്‍ത്താക്കള്‍ക്കും നേട്ടമാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതുവരെ വനിതകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിന് കാരണമുണ്ടെന്ന് ബ്രിട്ടനിലെ ഗവേഷകസംഘടനകളും പറയുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന വനിതകള്‍ അമ്മമാരാകാന്‍ വിസമ്മതിക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
നിക്കി മോര്‍ഗാന്‍, ലിസ് ട്രസ്, എസ്തര് മാക്വെ, ബാരോണ്‍ സ്റ്റോവെല്, ക്ലെയര്‍ പെറി, അന്ന സുബ്രൈന്, ഭാരത വംശജ പ്രീതി പട്ടേല്‍ എന്നിവരാണ് മന്ത്രിസഭയിലെ പുതിയ വനിതകള്‍. വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന മിഷേല്‍ ഗോവിനെ നീക്കിയാണ് നിക്കി മോര്‍ഗാന്‍ വിദ്യാഭ്യാസത്തിന്റെയും സ്ത്രീകളുടെ അധികചുമതലയും നല്‍കിയിരിക്കുന്നത്. മന്ത്രിസഭാ പുന:സംഘടനയില്‍ ആദ്യ അവസരം ലഭിച്ചതും നിക്കി മോര്ഗാനാണ്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലിസ് ട്രസിനെ പരിസ്ഥിതി സെക്രട്ടറിയായും നിയമിച്ചു. തൊഴില്‍ മന്ത്രിയായി എസ്തറിനെയും ക്ലെയര്പെറിയെ ഗതാഗത മന്ത്രിയായും ബാരോണ്‍ സ്റ്റോവെല്ലിനെ ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ നേതാവായും നിയമിച്ചു. അന്നസുബ്രൈന് പ്രതിരോധ മന്ത്രിയായി. വില്യം ഹേഗിന്റെ മുന്‍ അനുയായിയായ പ്രീതി പട്ടേലിനെ ട്രഷറി സെക്രട്ടറിയായും നിയമിച്ചു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെങ്കിലും മന്ത്രിസഭയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്കിയ കാമറൂണിന്റെ നടപടിയെ രാജ്യം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ സ്വീകാര്യത വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും കാമറൂണിനും അനുയായികള്‍ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: