തോറ്റവരുടെ സങ്കടം കാണാന്‍ ആയിരം കണ്ണുകള്‍ വേണ്ടെങ്കിലും ഉള്ള കണ്ണുകൊണ്ട് തെളിമയോടെ കാണണം. വിജയിക്കു പിമ്പേ കുതിക്കുന്നവര്‍ പരാജിതരും മനുഷ്യരാണെന്ന് തിരിച്ചറിയണം. ~ഒരാളെ മാത്രം കേന്ദ്രീകരിച്ചുകളിച്ചാല് എന്തു സംഭവിക്കുമെന്ന് ബ്രസീലിന്റെ മിനെയ്റോ ദുരന്തം നമുക്കു കാണിച്ചുതരുന്നു.
നെയ്മര്‍ വീണതോടെ കളി പിഴച്ചവരുടെ ദാരുണാന്ത്യത്തിന് ചുക്കാന്‍പിടിച്ചത് ദൈവം തന്നെയോ എന്നു തോന്നിപ്പോകുന്നു. ബ്രസീല്‍ മാത്രമല്ല, ലോകം മുഴുവന്‍ അവര്‍ക്കു വേണ്ടി കണ്ണീര് വാര്ത്തുവെന്നാണ് മാധ്യമപ്പടയുടെ വിലയിരുത്തല്‍. കളിയില്‍ ജയവും തോല്‍വിയും സാധാരണമെങ്കിലും കളിക്കുമുമ്പെ കപ്പ് കൈവശപ്പെടുത്തിയ ടീമാണ് ബ്രസീല്‍ എന്ന തരത്തിലായിരുന്നല്ലോ ആരാധകപ്പടയുടെ വാദഗതികള്‍. നാടിന്റെ മുക്കിലും മൂലയിലും ഫ്ളക്സായും പോസ്റ്ററായും കൊടികളായും അങ്ങനെ പരിലസിച്ചു. ഒടുവില്‍ ദുരന്ത തീരത്ത് ബ്രസീല്‍ ഒറ്റപ്പെട്ടപ്പോള്‍ ആശ്വസിപ്പിക്കാന്‍ ആരുമില്ലെന്ന് മാത്രമല്ല ഫ്ളക്സ് വെച്ചതിനെക്കാള്‍ ആവേശത്തില്‍ അത് പറിച്ചെറിയാന്‍ ആവേശം കാട്ടുന്നു. കളിയെ കളിയായി കാണുന്ന കളിപ്പെരുമാറ്റത്തിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവുന്നു.
ലോകകപ്പിനുവേണ്ടി ലോകത്തെമ്പാടും എത്ര ഫ്ളക്സ് ഉപയോഗിച്ചു എന്ന കാര്യം അവിടെ നില്ക്കട്ടെ, കേരളത്തിലെ സ്ഥിതി മാത്രം നോക്കുക. മാതൃഭൂമി ആഴ്ചപ്പതിപ്പി(ജൂലായ് 13)ല്‍ തിരുവനന്തപുരത്തെ മാതൃകയെക്കുറിച്ച് പി.കെ. ശ്രീകുമാര്‍ പറയുന്നുണ്ട്. അവരുടെ ട്രൂകോപ്പിയില്‍ നിന്ന് മൂന്ന് നാലു വരി കണ്ടാലും: തിരുവനന്തപുരം നഗരത്തില്‍ മാത്രം ഏകദേശം പത്ത് പിവിസി ഫ്ളക്സ് പ്രിന്റിംഗ് കേന്ദ്രങ്ങളുണ്ട്. ഓരോന്നും ലാഭകരമാകണമെങ്കില്‍ 3000 ചതുരശ്ര അടിയെങ്കിലും പ്രതിദിനം പ്രിന്റ് ചെയ്യണം. തിരക്കുള്ള കേന്ദ്രങ്ങളില്‍ പ്രതിദിനം 10000 ചതുരശ്ര അടി പിവിസി ഷീറ്റുകള്‍ പ്രിന്റ് ചെയ്യുന്നുണ്ട് എന്നും അറിയുക. അതായത് ശരാശരി 5000 ചതുരശ്ര അടി വെച്ച് പത്തുകേന്ദ്രങ്ങളിലും കൂടി 5000 ചതുരശ്ര അടി പ്രിന്റിംഗ് നടന്നാല്‍ 195 ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ മൂടുന്നത്ര ഫ്ളക്സ് തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുന്നുണ്ട്! അങ്ങനെയെങ്കില്‍ ഏതാണ്ട് 200 ഫ്ളക്സ് പ്രിന്റിംഗ് കേന്ദ്രങ്ങള്‍ നിലവിലുള്ള ഈ കേരളത്തിന്റെ സ്ഥിതി ആലോചിച്ചുനോക്കുക. ആഹ്ളാദത്തിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന ഈ അപകടത്തെക്കുറിച്ച് എന്നാണ് നമുക്ക് ബോധം വരിക!
എന്താണ് ഫ്ളക്സിന്റെ അപകടം എന്നാണോ? ഇതും കൂടി അറിയുക: ഫ്ളക്സ് പരസ്യങ്ങള്‍ വര്‍ദ്ധിക്കുന്നത് പരിസ്ഥിതിക്ക് കടുത്ത ദോഷം ചെയ്യുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പ്ലാസ്റ്റിക്കും പോളിവിനൈല്‍ ക്ലോറൈഡും (പിവിസി) ചേര്‍ന്നതാണ് ഫ്ളക്സ് ഷീറ്റ്. മണ്ണില്‍ ദ്രവിച്ചു ചേരാത്തതാണ് അത്. കത്തിച്ചാല്‍ വിഷമയമായ ഡയോക്സിന്‍, ഫ്യൂറന് വാതകങ്ങളുണ്ടാകും. ആര് ഗോളടിച്ചാലും ആര് ജയിച്ചാലും നാടു മുഴുവന്‍ ഫ്ളക്സ് വെക്കാന്‍ തത്രപ്പടുന്ന സകല സ്നേഹിതന്മാര്ക്കും സ്നേഹിതകള്ക്കും വേണ്ടി സമര്‍പ്പിക്കുന്നു. അര്‍ജന്റീന ജയിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ന് രാത്രി 12 മണി വരെ ഫ്ളക്സ് വെക്കട്ടെ, പടക്കം പൊട്ടിക്കട്ടെ, നേര്‍ച്ച നേരട്ടെ. കപ്പും കൊണ്ട് ജര്‍മന്‍ പട പോവുമ്പോള്‍ കണ്ണീര്വാര്ക്കുക, ഇതുപോലെ. ദൈവത്തിനും ഇടയ്ക്കൊന്ന് കളിക്കണമെന്ന് തോന്നിയാല്‍ എന്താ ചെയ്യുക. എല്ലാ കളിക്കമ്പക്കാര്‍ക്കും ഒരിക്കല്‍ കൂടി ലോകകപ്പ് ആശംസകള്‍ !
കളിയായാലും കലയായാലും ഇന്നത്തെ സാഹചര്യത്തില്‍ എല്ലാത്തിലുമുണ്ട് ഒരു രാഷ്ട്രീയം. അത് കണ്ടെത്തി വേണ്ട രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ സാമ്പത്തികമുണ്ടാവാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും നേട്ടമുണ്ടാവാം. എന്തുണ്ടായാവും ഇല്ലെങ്കിലും എന്തിലും രാഷ്ട്രീയം ചികയുകയെന്നത് ഒരു രീതിയായിരിക്കുന്നു. ആ രീതി ഈയാഴ്ചത്തെ (ജൂലൈ 13) മാതൃഭൂമി ആഴ്ചപ്പതിപ്പിലും കാണാം. പ്രഗല്ഭ രാഷ്ട്രീയക്കാരന്റെ പ്രശസ്തനായ മകന്റെ രാഷ്ട്രീയം തേടുന്നു അവര്‍. വിശുദ്ധിയുടെ രാഷട്രീയം നെഞ്ചിലേറ്റുന്ന ഓ. രാജഗോപാലിന്റെ മകന് ശ്യാമപ്രസാദിനെക്കുറിച്ചാണ് ആഴ്ചപ്പതിപ്പ് പരിചിന്തനം ചെയ്യുന്നത്. ബാല്യത്തിന്റെ വിഹ്വലതകളും പരിഭ്രമങ്ങളും മുതല്‍ യുവത്വത്തിന്റെ ചോരത്തിളപ്പും മധ്യവയസ്സിന്റെ പക്വതയും വരെ ഇതില്‍ ചര്‍ച്ചാവിഷയമാവുന്നു. പ്രിജിത്ത് രാജ് ആണ് ശ്യാമപ്രസാദിലൂടെ കാര്യങ്ങള്‍ ചികഞ്ഞെടുക്കുന്നത്. ദൃശ്യസമ്പന്നതയടക്കമുള്ള കാര്യങ്ങള്‍ 20 പേജിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു. എനിക്ക് വേണ്ട, ആ വരിക്കാശ്ശേരി മന എന്നാണ് തലക്കെട്ട്. മലയാളത്തിലെ താരരാജാക്കന്മാര് നിറഞ്ഞാടിയ ഒട്ടുവളരെ ഷൂട്ടിങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് വരിക്കാശ്ശേരി മനയെന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വരെ അറിയാം. അത്തരമൊരു കേന്ദ്രം തന്റെ സിനിമാ സങ്കല്‍പ്പങ്ങളുമായി ഒത്തുപോകില്ലെന്ന തിരിച്ചറിവാകാം അങ്ങനെ പറയാന്‍ ശ്യാമിനെ പ്രേരിപ്പിച്ചത്.
ഭിന്ന രുചികളും രീതിയും അതിന്റെ ഗോചരവും അഗോചരവുമായ ഒരുപാട് വഴിയിറമ്പുകളിലൂടെ പ്രേക്ഷകരെയും വായനക്കാരെയും കൊണ്ടുപോകുക എന്നതാണ് കലയുടെ ഒരു രീതി. അതിനാല്‍ തന്നെ തന്റെ ശരി മറ്റൊരാളുടെ ശരിയാവണമെന്നില്ല. അടച്ചാക്ഷേപിക്കുന്നതും അതുപോലെതന്നെ. സെമിറ്റിക് മതങ്ങളുടെ സ്വത്വാത്മക ശാഠ്യമല്ല ഭാരതീയ സംസ്കാരത്തിന്റെ(കലയുടെ) കാതല്‍. ആ കാതല്‍ അറിഞ്ഞവര്‍ക്ക് കലയില്‍ കാലുഷ്യത്തിന്റെ ചെറിയ ലാഞ്ഛന പോലും കടത്തി വിടാനും കഴിയില്ല. ശ്യാമപ്രസാദ് ഇത് തികച്ചും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാനിടയുള്ള പൊട്ടും പൊടിയും ഈ ദീര്‍ഘഭാഷണത്തില്‍ ചിലയിടത്ത് കാണാം. മുന്‍ വിധിയുടെ മുന കൂര്‍ത്ത ചോദ്യങ്ങള്ക്കുണ്ടാകാവുന്ന മറുപടിയുടെ പ്രശ്നമായും അങ്ങനെ വരാം. ഓ. രാജഗോപാല്‍ നെഞ്ചിലേറ്റുന്ന ആദര്‍ശത്തോട് നേരെ പുറം തിരിഞ്ഞു നില്ക്കുന്ന വ്യക്തിയാണ് ശ്യാമപ്രസാദ് എന്ന് വരുത്തിത്തീര്‍ക്കാന്‍ അഭിമുഖക്കാരന് നടത്തിയ ദയനീയ ശ്രമങ്ങള്‍ അപഹാസ്യതയുടെ പത്രപ്രവര്‍ത്തന മുഖം കാണിച്ചുതരാന്‍ പര്യാപ്തമാണ്.
നാട്ടുമ്പുറത്ത് ഒരു ചൊല്ലുണ്ട്. ഏത് പൊലീസുകാരനും ഒരബദ്ധം പറ്റും എന്ന്. നാട്ടുമ്പുറത്തിന്റെ ഇത്തിരിച്ചിമിഴില്‍, എല്ലാം അറിയുന്ന വ്യക്തിയായാണ് പോലീസുകാരനെ കാണുന്നത്. അതാവാം അങ്ങനെയൊരു ശൈലി ക്ലച്ച് പിടിക്കാന്‍ കാരണം. ഇവിടെ ശ്യാമപ്രസാദിനും അങ്ങനെയൊരബദ്ധം പറ്റിയിട്ടുണ്ടെന്ന് ശ്യാമിനോളം കഴിവില്ലാത്ത ഏഴൈപാവങ്ങള്ക്ക് തോന്നാവുന്ന ഒരു പരാമര്‍ശം കാണാം. അതിതാണ്. എന്തുകൊണ്ടാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു പ്രവര്ത്തകന്, അല്ലെങ്കില്‍ വക്താവ് ആകാന്‍ സാധിക്കാത്തത് എന്ന് ചോദ്യം. അതിന് ശ്യാമിന്റെ മറുപടി ഇങ്ങനെ: എനിക്കതൊരിക്കലും പറ്റില്ല. കാരണം എനിക്കാ പട്ടാളചിട്ടയും രീതികളും അണിചേരലുകളും ജയ് വിളികളുമൊന്നും പറ്റില്ല…….ആര്‍എസ്എസ്സിനെ കഴിവുറ്റ ഒരു കലാകാരന് നോക്കിക്കാണുന്നതിലെ അപഹാസ്യതയെ എങ്ങനെ വിശേഷിപ്പിക്കും? ഇനി ഇതിനുള്ള മറുപടി ശ്യാം തരുന്നുണ്ട് എന്നതാണ് ആശ്വാസകരം. അത് പക്ഷെ, മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ്. അതിതാണ്: എന്ത് കാര്യമായാലും മനസ്സിലാക്കാന്‍ ഒരു സെന്‍സിബിലിറ്റി വേണമല്ലോ, വരണ്ട മനസ്സുകളില്‍ അതൊരിക്കലും ഉണ്ടാവില്ല. എങ്ങനെ നന്ദി പറയും ശ്യാമിനോട്, മാതൃഭൂമി ആഴ്ചപ്പതിപ്പിനോട്. സര്‍വോപരി തന്റെ താല്‍പ്പര്യം ശ്യാമില്‍ അടിച്ചേല്‍പ്പിക്കാന്‍ തീവ്ര പരിശ്രമം നടത്തുന്ന പ്രിജിത്ത് രാജിനോട്.
സുപ്രീം കോടതിയില്‍ ഗോപാല്‍ സുബ്രഹ്മണ്യം ജഡ്ജിയായി നിയമിതനാവണമെന്ന് മുപ്പത്തിമുക്കോടി ജനങ്ങള്‍ ആഗ്രഹിച്ചില്ലെങ്കിലും പത്ത് മുന്നൂറ് പേരെങ്കിലും തീവ്രമായി അഭിലഷിച്ചിരുന്നു. എന്നാല്‍ ഐബിയും മാധ്യമങ്ങളും കൂടി ആയത് തകര്‍ത്തു എന്നാണ് നമ്മുടെ മീഡിയാ സ്കാന്‍ വഴി (മാധ്യമം ആഴ്ചപ്പതിപ്പ്, ജൂലൈ 7) യാസീന്‍ അശ്റഫ് ചൂണ്ടിക്കാട്ടുന്നത്. എന്തുചെയ്യാം ഇക്കാ, നല്ലകാലം അത്രപെട്ടെന്ന് വരില്ല. പാകപ്പെട്ടതേ പഥ്യമാക്കാവൂ.
തൊട്ടുകൂട്ടാന്‍
എന്തൊരു പ്രാക്കാണെടീ
മിണ്ടാപ്രാണിയോടുള്ള
ദയയെങ്കിലും കാട്ടേണ്ടേ?
അവിടെയെവിടെയെങ്കിലും
കിടന്നോട്ടെ; ഈ മാസം കൂടി
ശമ്പളം കിട്ടീട്ടാവട്ടെ
ഭ്രാന്തൊന്നു വാങ്ങണം
അച്ഛന്റെ ചങ്ങലയ്ക്ക്.
—-അനില്‍ കുരുടത്ത്
കവിത : തുടല്
കലാകൗമുദി (ജൂലൈ 13)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: