നമ്മുടെ കാടുകള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല, മനുഷ്യര്‍ അവ നശിപ്പിക്കാതിരുന്നാല്‍ മതി. കാട്ടാളനോടാണ് പണ്ട് ആദി കവി പറഞ്ഞത് അരുത് കാട്ടാളാ എന്ന്. ഇന്നു നാട്ടാളരോട് ജീവജാലങ്ങള്‍ക്കു പറയേണ്ടിവരുന്നു, അരുത് നാട്ടാളാ, ഈ കാടിനെ കൊല്ലരുത്. 200 വര്‍ഷം പഴക്കമുള്ള വീടിനോട് ചേര്‍ന്നുള്ള വനം സംരക്ഷിക്കുന്ന ഒരു വീട്ടമ്മയെക്കുറിച്ച് വിനീത വേണാട്ട് എഴുതുന്നു…
മനുഷ്യന്റെ മണ്ണിനോടുള്ള സ്വത്താര്‍ത്തി തീര്‍ക്കാന്‍ ഭൂമിയില്‍ ഇടംപോരാതെ വരുമ്പോള്‍ ജീവജാലങ്ങളുടെ പാര്‍പ്പിടമായ കാവും വനവും വെട്ടിത്തെളിച്ചാണ് മനുഷ്യന്റെ കടന്നുകയറ്റം. ഒടുവില്‍ നമ്മുടെ കാവും വനവും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകാം. ശ്വസിക്കാന്‍ ശുദ്ധവായുവില്ലാതെ, കുടിക്കാന്‍ ശുദ്ധജലമില്ലാതെ മനുഷ്യവംശവും ഒടുങ്ങിയേക്കാം, ഇങ്ങനെ പോയാല്‍. എന്നാല്‍ ഇത്തരമൊരു അവസ്ഥയിലേക്ക് നമ്മുടെ തലമുറയെ തള്ളിവിടാന്‍ ഒരുക്കമല്ലാത്തവരും നാട്ടിലുണ്ട്. ഒരുപക്ഷേ പ്രകൃതിയുടെ നിലനില്‍പ്പുതന്നെ അവരിലൂടെയാണെന്നും പറയാം.
കാവ് സംരക്ഷിച്ച്, അതിലെ ജീവജാലങ്ങളുടെ സൈ്വരവിഹാരത്തിന് ഹാനിവരുത്താതെ അവര്‍ കാവുകളെ കാക്കുന്നു. ആ പ്രവൃത്തിയിലൂടെ ആത്മ സംതൃപ്തി നേടുന്നവരാണവര്‍. അവര്‍ ആരുടേയും അനുമതിക്കും അംഗീകാരത്തിനും കാത്തുനില്ക്കുന്നില്ല. അവര്‍ ചെയ്യുന്നത് അന്യര്‍ അറിയണമെന്ന് ആഗ്രഹിക്കുന്നുമില്ല.
തനിക്ക് പൂര്‍വിക സ്വത്തായി കൈവന്ന കാവും കുളവും എല്ലാം ഉള്‍പ്പെടുന്ന ചെറുവനം പരിപാലിച്ചുപോരുന്ന പറവൂര്‍ ശാന്തിവനത്തിലെ മീന മേനോന് അക്കൂട്ടത്തില്‍ പെടുന്നു. ഈ ചെറുവനത്തിന് ഏകദേശം 200 വര്‍ഷത്തിലേറെ കാലപ്പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പരാമര്‍ശിക്കുന്ന കുഞ്ചുക്കുട്ടിപ്പിള്ള സര്‍വാധികാരിയുടെ പിന്മുറക്കാരുടേതാണ് ഈ കാവെന്നും പറയപ്പെടുന്നു.
സാധാരണ ഒരു കേരളീയ ഭവനത്തിലേക്ക് ചെല്ലുമ്പോള്‍ വീടിനുചുറ്റമുള്ള പരിസരങ്ങളെല്ലാം കാടും പടലും വെട്ടിത്തെളിച്ചു വെടിപ്പാക്കിയ നിലയിലാവും കാണപ്പെടുക. എന്നാല്‍ ശാന്തിവനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അതിഥിയെ സ്വീകരിക്കുക വന്മരങ്ങളും അതില്‍ ആരുടേയും അനുമതിയില്ലാതെ പടര്‍ന്നുകയറിയ വള്ളിച്ചെടികളുമായിരിക്കും. ആര്‍ത്തുതഴച്ച് വളര്‍ന്ന മുളകളുടെ കൂട്ടവും കാണാം. ഇലച്ചാര്‍ത്തുകള്‍ക്ക് ഇടയിലൂടെവേണം സൂര്യകിരണങ്ങള്‍ക്ക് ഭൂമിയിലെത്തുവാന്‍. മുറ്റത്തുതന്നെയുണ്ട് ഏഴിലംപാലയും കാഞ്ഞിരവും മാവും ആഞ്ഞിലിയുമെല്ലാം. കലശ്, വെള്ളപൈന്‍, മഞ്ചാടി തുടങ്ങി അപൂര്‍വ വൃക്ഷങ്ങള്‍ക്കൊപ്പം നീറ്റംവള്ളി, സീതത്താലി തുടങ്ങിയ വള്ളിപ്പടര്‍പ്പുകള്‍, മരോട്ടി, പാല, കറുവാപ്പട്ട, ഇടന. വേങ്ങ എന്നിവയുള്‍പ്പെടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വൃക്ഷങ്ങളാണ് ഈ ശാന്തിവനം നിറയെ. ഇവിടെ വീടും പരിസരവും വൃത്തിയാക്കിയിടുന്നതൊഴിച്ചാല്‍ മറ്റ് ഭാഗങ്ങളിലേക്ക് തൂമ്പയും അരിവാളും വാക്കത്തിയുമൊന്നും ഇതുവരെ കടന്നു ചെന്നിട്ടേ ഇല്ല. ഉപയോഗമില്ലാത്തതെന്നു തോന്നുന്ന ഏതൊരുമരവും വീടിന്റെ തൊടികളില്‍ നിന്നും വെട്ടിമാറ്റാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കിടയില്‍ മീന വ്യത്യസ്തയാകുന്നതും ഇതുകൊണ്ടുതന്നെ.
അതുകൊണ്ടെന്താണു ഗുണമെന്നോ. മീനയുടെ വീട് പൂമ്പാറ്റകളുടേതുകൂടിയാണ്. സാധാരണ തൊടികളില്‍ കാണുന്ന ചിത്രശലഭങ്ങള്‍ക്ക് പുറമെ വിവിധ ഇനം ചിത്രശലഭങ്ങളും ഈ വനത്തിലും വീട്ടു പരിസരത്തും വട്ടം ചുറ്റിപ്പറക്കുന്നതുകാണാം. ദേശാടനകാലമായ ഡിസംബറിലാണ് രസം. സൈബീരിയന്‍ കൊക്ക്, നാഗമോഹന്‍പക്ഷി (സ്വര്‍ഗവാതില്‍ പക്ഷിയെന്നും അറിയപ്പെടും), ഹിമാലയമേഖലയില്‍ നിന്നെത്തുന്ന മുത്തുപ്പിള്ള എന്ന കുഞ്ഞുകിളി തുടങ്ങി അന്യദേശക്കാരൊക്കെ അപ്പോള്‍ ശാന്തിവനത്തിലെ സുഖകരമായ അന്തരീക്ഷത്തിലേക്ക് കുറച്ചുനാള്‍ വിരുന്നുകാരായി എത്താറുണ്ട്. പണ്ട് പറമ്പുകളില്‍ സര്‍വസാധാരണയായി കണ്ടിരുന്ന കൃഷ്ണകിരീടം ഇന്ന് അത്ര സാധാരണമല്ല. ഓണത്തിന് തുമ്പക്കുടം വേണമെങ്കില്‍ നട്ടുവളര്‍ത്തേണ്ട അവസ്ഥയാണിന്നുള്ളത്. പലരും ഒരു മുക്കുറ്റിപോലും മുറ്റത്ത് വളരാന്‍ അനുവദിക്കാതെ വേരോടെ പിഴുതെറിയുമ്പോള്‍ മുക്കുറ്റിയും കീഴാര്‍നെല്ലിയും നിലപ്പനയും എന്നുവേണ്ട പലവിധ ഔഷധസസ്യങ്ങള്‍ ഈ ചെറുവനത്തെ സമ്പന്നമാക്കുന്നു.
മീനയുടെ ചെറുവനത്തില്‍ ഇല്ലാത്ത ചെടികള്‍ പരിസ്ഥിതി പ്രവര്‍ത്തരായ സുഹൃത്തുക്കള്‍ അവരുടെ യാത്രകള്‍ക്കിടയില്‍ എവിടെ നിന്നെങ്കിലും എത്തിച്ചു കൊടുക്കാറുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ വനമൊരു ജൈവ ആവാസ വ്യവസ്ഥയുടെ ഉത്തമമാതൃകയാണ്. ഓരോ ജീവിയും അവയുടെ വിശപ്പടക്കുന്നതിനുള്ള ഇരയെ ഈ വനത്തില്‍ നിന്നുതന്നെ കണ്ടെത്തുന്നു. ആവാസ വ്യവസ്ഥയെ സന്തുലിതമാക്കുകയെന്ന ധര്‍മവും ജീവജാലങ്ങളില്‍ നിക്ഷിപ്തം.
മൂന്ന് സര്‍പ്പക്കാവുകളാണ് ഈ ചെറുവനത്തിലുള്ളത്. നാഗരാജാവും നാഗയക്ഷിയും ചിത്രകൂടവും കുടിയിരിക്കുന്ന കാവ്, കിഴക്കായി ബ്രാഹ്മണ സര്‍പ്പം, കൂടാതെ തെക്കുപടിഞ്ഞാറെ കോണിലായി കാലഭൈരവന് കാവ്, ഭരദൈവമായ ഘണ്ടാകര്ണന് പ്രതിഷ്ഠ എന്നിവയും ഇതിനുള്ളില്‍ ഉണ്ട്. വര്‍ഷത്തിലൊരിക്കല്‍, വിഷുവിനോടനുബന്ധിച്ച് നാഗങ്ങള്‍ക്ക് നൂറും പാലും നിവേദിക്കാറുണ്ട്. കാവുകളുടെ പരിപാവനത നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ചുറ്റുമുള്ള വനം ഇവിടെ പരിപാലിക്കുന്നത്.
സാധാരണ മനുഷ്യര്‍ വീട്ടില്‍ നട്ടുവളര്‍ത്തുന്ന പൂച്ചെടികളും പച്ചക്കറികളും മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളും ഒഴികെ ശേഷിക്കുന്ന ചെറുപുല്‍നാമ്പ് വരെ വേരോടെ പിഴുതെറിയും. കാരണം പറയുന്നതോ പാമ്പുശല്യം. പക്ഷേ മീനയുടെ ചെറുവനത്തിലൂടെ ഒന്നു ചുറ്റിയടിച്ചുവന്നപ്പോള്‍ കണ്ട കാഴ്ചകള്‍ കൗതുകകരമായിരുന്നു. ദാ കിടക്കുന്നു ഒരു മരത്തിന്റെ ചുവട്ടില്‍ കുറേ മുട്ടകള്‍. പാമ്പിന്റേതുതന്നെ. പക്ഷേ ഏതിനം പാമ്പിന്റേതാണെന്നുമാത്രം മനസ്സിലായില്ല. എല്ലാം വിരിഞ്ഞ് ഇഴഞ്ഞ് പോയ്ക്കഴിഞ്ഞിരുന്നു. ഇന്ന്! മനുഷ്യന്റെ സ്വഭാവ വ്യതിയാനത്തിന്റെ ഫലമായി പ്രകൃതിയുടെ താളം തന്നെ തെറ്റിയിരിക്കുന്നു. കാടില്ലാതായതിന്റെ ഫലമായി കടുവയും പുലിയും വരെ നാട്ടിലിറങ്ങി ഇരതേടുന്നു. എന്നാല്‍ മൃഗങ്ങള്‍ക്ക് മനുഷ്യരെ ഉപദ്രവിക്കണമെന്നില്ലെന്നും അവയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയിലാകുമ്പോള് മാത്രമേ അവ മനുഷ്യനുനേരെ തിരിയൂവെന്നും നമ്മള് തിരിച്ചറിയേണ്ടിയിരിക്കുന്നു.
വനത്തിനുള്ളിലെ കുളങ്ങള്‍ വൃത്തിയാക്കാന്‍ ആളെ കിട്ടാത്തതാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് മീന. കുളം തേകി വൃത്തിയാക്കുന്നതിന് 4000 രൂപ വരെ കൊടുക്കണം. കുളത്തില്‍ ചെളി നിറഞ്ഞാല്‍ അതിലെ ജീവജാലങ്ങള്ക്കാണ് നാശം സംഭവിക്കുക. കാവും കുളവും സംരക്ഷിക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കുളങ്ങള്‍ വൃത്തിയാക്കുന്നതിന് എന്തെങ്കിലും സഹായം നല്‍കേണ്ടതാണ് എന്നാണ് മീനയുടെ അഭിപ്രായം.
വളര്‍ന്നുവരുന്ന തലമുറയ്ക്കെങ്കിലും പ്രകൃതിയെ സ്നേഹിക്കുവാനുള്ള മനസ്സുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ശാന്തിവനത്തില്‍ എല്ലാ ഞായറാഴ്കളിലും കുട്ടികള്‍ക്കായി ക്ലാസുകള്‍ നടത്തുന്നുണ്ട് മീന. വിഞ്ജാനത്തിനൊപ്പം പ്രകൃതിയെക്കൂടി അറിയുന്നതിനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നത്. കേവലം പുസ്തകപ്പുഴുക്കളായി മാറുന്ന ഇന്നത്തെ കുട്ടികള്‍ക്കുണ്ടോ പുഴുക്കളേയും പൂമ്പാറ്റകളേയും പുല്‍ച്ചാടിയേയും നേരില്‍ കണ്ട് പരിചയം. ആ അവസ്ഥയ്ക്കൊരു മാറ്റമാണ് തന്റെ പള്ളിക്കൂടത്തിലൂടെ മീന ആഗ്രഹിക്കുന്നത്. നാടന്‍ വിത്തുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനായി ഒരു വിത്ത് കൂട്ടായ്മയും ഇവിടെ നടക്കുന്നുണ്ട്. കീടനാശിനി തളിക്കാതെ മുളപ്പിച്ചെടുത്ത നാടന്‍ പച്ചക്കറി വിത്തുകളാണ് കൈമാറി നല്‍കുന്നത്. ഒരു വിത്ത് കൊടുത്ത് പകരം മറ്റൊരു വിത്ത് സ്വന്തമാക്കുന്ന രീതി.
പൂജാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗണപതി നാരങ്ങ, കാട്ടാല്‍. ഇലഞ്ഞി, ആറ്റുപേഴ്, കാഞ്ഞിരം, അത്തി, കൊന്ന, മരോട്ടി, ആനപ്പന, കച്ചോലം, മരുത്, ഗരുഡക്കൊടി, ചെമ്മരം, അരണമരം, കുരുടിപ്പാല, പൂച്ചപ്പഴം, പഞ്ചാരപ്പഴം, ചേര്, അശോകം, ചിറ്റമൃത്, പാല്മുതക്, മേന്തോന്നി, നീല അമരി, ദശപുഷ്പങ്ങള്‍ തുടങ്ങി മരങ്ങളാലും ചെടികളാലും ശാന്തിവനം ഹരിതാഭമാണ്. എന്നാല്‍ പ്രകൃതിയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന കാവുകളെ ശ്വാസംമുട്ടിച്ച് ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങളും ബോധപൂര്‍വമോ അല്ലാതെയോ നടക്കുന്നുണ്ട്. ഇത്തരത്തിലൊരു ദുരവസ്ഥയേയും മീനയ്ക്ക് അടുത്തിടെ അഭിമുഖീകരിക്കേണ്ടതായി വന്നു. മരങ്ങളുടെ കടയ്ക്കല്‍ മഴു വയ്ക്കാനുള്ള നീക്കത്തിനെതിരെ ചെറുത്തുനില്‍പ്പിന്റെ പോര്‍വഴിയിലാണ് മീന. പറവൂര്‍ വഴിക്കുളങ്ങരയില്‍ സ്ഥിതിചെയ്യുന്ന പതിറ്റാണ്ടുകളുടെ കഥപറയുന്ന ഈ കാവിന് മുകളിലൂടെ കെഎസ്ഇബിയുടെ മന്നംചെറായി 110 കെവി ലൈന്‍ വലിയ്ക്കാനാണ് നീക്കം നടക്കുന്നത്. ശാന്തിവനം ജൈവ കാമ്പസിന് ഉള്ളില്‍ സര്‍പ്പക്കാവ് സ്ഥിതി ചെയ്യുന്നതിനടുത്തുതന്നെ ടവര്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനെതിരെ ജില്ലാകളക്ടര്‍ക്ക് പരാതി നല്കി. വൈദ്യുതി ലൈനിനെതിരെയുള്ള പൊതുജനപ്രതിഷേധത്തിന്റെ ഭാഗമായി ഒരു കമ്മീഷനെ വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയായിട്ടില്ല. ലൈന്‍ വലിക്കണമെങ്കില്‍ ഇരുവശവും 20 മീറ്റര്‍ വീതമെങ്കിലും വനം വെട്ടിത്തെളിക്കണം. കാവ് ഉള്‍പ്പെടുന്ന ഈ വനത്തിന്റെ നല്ലൊരു ഭാഗം ഇതിനായി വെട്ടിനീക്കേണ്ടി വരും. ഏതായാലും ഈ നീക്കം അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയെല്ലാം സഹായം താന്‍ തേടുമെന്നും മീന പറയുന്നു. വനത്തിനുള്ളിലെ മരങ്ങളെക്കുറിച്ചെല്ലാം കെഎഫ്ആര്‍ഐ സര്‍വെ നടത്തിയതിന്റെ റിപ്പോര്‍ട്ടും മീനയുടെ പക്കലുണ്ട്.
കാവുകള്‍ക്ക് ചുറ്റുമുള്ള ഭാഗത്തെക്കൂടി വനവല്‍ക്കരിച്ച് ശാന്തിവനത്തെ ഇത്തരത്തില്‍ ഒരു ചെറു വനമായി രൂപപ്പെടുത്തുക എന്ന ആശയം മീനയുടെ അച്ഛന് രവിയുടേതായിരുന്നു. 1983 ല്‍ പരിസ്ഥിതി സ്നേഹികള്‍ നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. സാവിത്രിയാണ് മീനയുടെ അമ്മ.
പ്രകൃതിയെ മറന്ന് ജീവിക്കുന്നവരോട് ഒന്നേ മീനയ്ക്ക് പറയാനുള്ളു,
പ്രകൃതിക്ക് നിങ്ങളെ യാതൊരാവശ്യവുമില്ല;
പക്ഷെ, … നിങ്ങള്‍ക്ക് പ്രകൃതിയെ ആവശ്യമുണ്ട് ..
അതില്ലെങ്കില്‍ മനുഷ്യകുലത്തിനു തന്നെ നിലനില്‍പ്പില്ലെന്നോര്‍ക്കുക.
പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല; എന്നാല്‍ മനുഷ്യനില്ലെങ്കിലും പ്രകൃതി നിലനല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: