പഴയകാല സഹപ്രവര്‍ത്തകരെ കാണുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നത് എപ്പോഴും സന്തോഷവും ആഹ്ലാദവും തരുന്ന കാര്യമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ സംഘചാലക് സുധാകരന്റെ പ്രിയമാതാവ് അന്തരിച്ച അവസരത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അങ്ങനെ ഒരവസരമുണ്ടായി. സുധാകരന്റെ അച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. രണ്ടുപേരും സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചവരായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ബാല്യം മുതല്‍ ആ വീടും അവിടത്തെ സമപ്രായക്കാരുമായി നല്ല സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തറവാടിന് പഴവീട് എന്നാണ് പേരെങ്കില്‍ സുധാകരന് താമസിക്കുന്നത് അതേ വളപ്പിലുള്ള പുതിയേടത്താണ്. അദ്ദേഹത്തിന്റെ അമ്മയുടെ ദേഹവിയോഗം 94-ാം വയസ്സിലായിരുന്നു. ആ വീട്ടില്‍ ചെന്നപ്പോള്‍ ചെറുപ്പ കാലത്തെ ഒട്ടേറെ പരിചയക്കാരെ കാണാന്‍ കഴിഞ്ഞു. അക്കൂട്ടത്തില്‍ പി.കെ.ശിവശങ്കരദാസ് അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവാണ്. കൊച്ചി തുറമുഖ ട്രസ്റ്റില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കാല്‍നൂറ്റാണ്ട് മുമ്പ് വിരമിച്ച ശേഷം എറണാകുളത്ത് അദ്ദേഹവും മകന് ജയകുമാറും ചേര്‍ന്ന് നല്ലൊരു ബിസിനസ് നടത്തുന്നു. 1955 അവസാനം തൊടുപുഴയില്‍ സംഘശാഖ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ, എറണാകുളത്ത് പ്രചാരകനായിരുന്ന ഭാസ്കര്‍ റാവുജി (പിന്നീട് പ്രാന്തപ്രചാരകനും വനവാസി കല്യാണ്‍ ആശ്രമത്തിന്റെ സംഘടനാകാര്യദര്‍ശിയും)യും ഉപദേശ നിര്‍ദ്ദേശവും തേടി കത്തയച്ചിരുന്നു. അദ്ദേഹം സന്തോഷപൂര്‍വം അനുമതി നല്‍കിക്കൊണ്ട് മറുപടി അയയ്ക്കുകയും തുടര്‍ന്നൊരു ദിവസം ശിവശങ്കര്‍ ദാസ് വശം, ശ്രീ ഗുരുജിയുടെ അന്പത്തൊന്നാം ജന്മദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരുന്ന രാഷ്ട്ര ജാഗരണ യജ്ഞത്തിന്റെ ലഘുലേഖകള്‍ കൊടുത്തയക്കുകയും ചെയ്തു. അവയുമായി, ആദ്യം എന്റെ വീട്ടിലും പിന്നീട് ഞങ്ങളൊരുമിച്ച് ശാഖയിലും പങ്കെടുത്തു. ഭാസ്കര്‍റാവുജിയെ മുമ്പ് തിരുവനന്തപുരത്തുവെച്ച് പരിചയപ്പെട്ടിരുന്നെങ്കിലും ദാസ് പരാമര്‍ശിച്ച എറണാകുളം സ്വയംസേവകരെ ആരെയും അന്നറിയുമായിരുന്നില്ല.
ശിവശങ്കര്‍ദാസിന്റെ അച്ഛന് കൃഷ്ണപിള്ള സാര്‍ എന്റെ അച്ഛന്റെ അടുത്ത സുഹൃത്തും ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിച്ച ഗുരുനാഥനും ഒന്നാന്തരം ചിത്രകാരനുമായിരുന്നു. ദാസിന്റെ വിവാഹത്തിന് ഭാസ്കര്‍ റാവു തലേന്ന് വന്നു. ദാസിന്റെ വീട്ടിലേക്കുള്ള മൂന്നുകിലോമീറ്റര്‍ ദൂരം ഞങ്ങള്‍ സൈക്കിളിലാണ് പോയത്. പോര്ട്ട്ട്രസ്റ്റില്ത്തന്നെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും സ്വയംസേവകനുമായിരുന്ന അയ്യനേത്ത് ദാമോദര മേനോന് എന്ന ഐ.ഡി.മേനോനും തൊടുപുഴയില്‍ വന്നു. സഹപ്രവര്‍ത്തകരുടെ വക ഉപഹാരവുമായാണ് അദ്ദേഹമെത്തിയത്.
ഇവര്‍ രണ്ടുപേരും എറണാകുളത്ത് സംഘപ്രവര്‍ത്തനത്തില്‍ സുപ്രധാനമായ പങ്കുവഹിച്ചവരാണ്.
ഞാന്‍ പ്രഥമവര്‍ഷ ശിക്ഷണത്തിന് ചെന്നൈയിലേക്ക് പോയപ്പോള്‍ എറണാകുളം 70 അടി റോഡില്‍ (എംജി റോഡ്) പത്മാ തിയേറ്ററിനെതിര്വശത്തായിരുന്നു മാധവനിവാസ് എന്ന കാര്യാലയം. അവിടെ എത്തിയപ്പോള്‍, എനിക്ക് ആവശ്യമായ ഗണവേഷ ഭാഗങ്ങള്‍ ബൂട്ടും മറ്റും ഐ.ഡി.മേനോനും ദാസുമാണ് തന്നത്. രണ്ടുമണിക്കൂര്‍ കൊണ്ട് ഒരു കാക്കി ട്രൗസറും തുന്നിക്കിട്ടി. എറണാകുളത്തുകാര്‍ തലേന്നുപോയിക്കഴിഞ്ഞതുമൂലം ഒറ്റയ്ക്ക് പോകേണ്ടിവന്ന എന്നെ നോര്‍ത്ത് സ്റ്റേഷനില്‍ കൊണ്ടുവിടുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്താണ് ഇരുവരുടെയും സഹകരണം ഏറ്റവും ഉപകാരപ്രദമായത്. ദാസ് തമ്മനത്തും മേനോന് പള്ളിമുക്കിലുമാണ് താമസിച്ചത്. തമ്മനത്തെ വീട് പല പ്രമുഖര്‍ക്കും സുരക്ഷിതതാവളമായിരുന്നു. തമ്മനത്തുള്ള ഒരു വീട്ടില്‍ രാമന്‍പിള്ള, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ഞാന്‍ തുടങ്ങിയവര്‍ ഇടയ്ക്കിടെ താമസിക്കാറുണ്ടായിരുന്നു. ദാസിന്റെ വീട്ടില്‍ പോകരുതെന്നായിരുന്നു എനിക്ക് നിര്‍ദ്ദേശം. ഒരു രാത്രിയില്‍ രഹസ്യത്താവളം എങ്ങനെയോ പോലീസിന് മനസ്സിലായി. അവിടെയുണ്ടായിരുന്നവരെ അകത്താക്കി. ആ വീടിന്റെ ഉടമസ്ഥന് വേണുഗോപാല ഷേണായിയെയും മിസ തടവുകാരനാക്കി. അടുത്ത ദിവസം അവിടെയെത്തിയപ്പോള്‍ അടുത്ത വീട്ടിലെ സ്വയംസേവകന്റെ അമ്മയില്‍നിന്ന് വിവരം അറിഞ്ഞയുടന്‍ പോലീസ് പാര്‍ട്ടി കൈവയ്ക്കാന്‍ വിട്ടുപോയ എന്റെ സാധനങ്ങള്‍ എടുത്തു രക്ഷപ്പെട്ടു ദാസിന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. അതിവേഗം അവിടെനിന്ന് പുറത്തുകടന്നു. എംജി റോഡിലെത്തിയപ്പോള്‍ ഓരോ ജംഗ്ഷനിലും പോലീസ്. അവിടമാകെ പോലീസ് വാഹനങ്ങള്‍ പായുകയായിരുന്നു.
തമ്മനത്തെ താവളത്തില്‍നിന്ന് ആരൊക്കെ അകത്തായി എന്നറിയാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം രാമന്പിള്ളയുമൊത്ത് അവിടെ ചില കാര്യങ്ങള്‍ തീരുമാനിക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹം ഏലൂരിലുണ്ടെന്നറിയാമായിരുന്നു. അവിടെ ചെന്നപ്പോള്‍ ദൈവഗത്യാ വേഗംതന്നെ കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഞങ്ങളുടെ പോക്കുവരവും താമസവും സംബന്ധിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. അങ്ങനെ ഇടയ്ക്കിടെ പള്ളിമുക്കിലുള്ള ഐ.ഡി.മേനോന്റെ താമസസ്ഥലവും അതില്‍ പെട്ടു.
1957 കാലത്ത് പ്രചാരകനായി പോയശേഷം ഉത്തരകേരളത്തിലായിരുന്നതിനാല് അവരിരുവരുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വല്ലപ്പോഴും എറണാകുളത്തെത്തിയപ്പോള്‍ അതിന് ശ്രമിച്ചിരുന്നു. ഒരിക്കല്‍ ഐലന്റിലെ പോര്‍ട്ട്ട്രസ്റ്റ് ക്വാര്‍ട്ടേഴ്സില്‍ ചെന്നു കണ്ടു. അപ്പോഴും അവിവാഹിതനായിരുന്ന ഐ.ഡി.മേനോന് കാര്യാലയത്തില്‍ താമസിച്ചു.
വളരെ വര്‍ഷങ്ങള്‍ക്കുശേഷം തൃശ്ശിവപേരൂരില്‍ നടന്ന പ്രാന്തിയ ശിബിരത്തില്‍ പങ്കെടുക്കാന്‍ പോയി. സര്‍സംഘചാലകനായ ശേഷം ബാളാസാഹിബ് ദേവറസ്ജി ആദ്യമായി പങ്കെടുത്ത പ്രാന്തീയ ശിബിരമായിരുന്നു അത്. താമസിക്കാന്‍ പാലസ് ഗ്രൗണ്ടില്‍ പന്തലിട്ട്, അതില്‍ സ്ഥാനവലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരും വെറും നിലത്തുതന്നെ താമസിക്കേണ്ടിയിരുന്നു. ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയം എറണാകുളത്തായിരുന്നതിനാല്‍ അവര്‍ക്കായുള്ള നിര്‍ദ്ദിഷ്ട സ്ഥലത്താണ് വിരിവെക്കേണ്ടിയിരുന്നത്. ആ കൂട്ടത്തില്‍ പെട്ടവരെ പരിചയപ്പെടുന്നതിനിടെ കണ്ടുമുട്ടിയ ജയകുമാര്‍, ശിവശങ്കര്‍ ദാസിന്റെ മകനാണെന്നറിഞ്ഞു. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം മകനിലൂടെ പരിചയം പുതുക്കുകയായിരുന്നു .ആ ശിബിരത്തിന്റെ മറ്റൊരു സവിശേഷത അതിനിടെ തൊടുപുഴയിലെ സംഘചാലകനായി നിയമിതനായ എന്റെ അച്ഛനും ശിബിരത്തില്‍ പങ്കെടുത്തതായിരുന്നു. ശ്രീ ഗുരുജിയാണദ്ദേഹത്തെ സംഘചാലകനായി നിശ്ചയിച്ചത്. ആ വിവരം ഞാനറിഞ്ഞതും അദ്ദേഹത്തില്‍നിന്നുതന്നെ യാദൃശ്ചികമായിട്ടായിരുന്നു. 1968 ലാണെന്ന് തോന്നുന്നു ശ്രീ ഗുരുജിയുടെ കേരള സന്ദര്‍ശനവേളയില്‍ കോഴിക്കോട്ട് താമസിച്ച വീട്ടില്‍ അദ്ദേഹത്തിന്റെ സൗകര്യങ്ങള്‍ ശ്രദ്ധിക്കേണ്ട ചുമതല സംഘാധികാരിമാര്‍ എനിക്കാണ് തന്നത്. കോഴിക്കോട്ടെ അളകാപുരി ഹോട്ടല്‍ ഉടമ രാധാകൃഷ്ണന്റെ വസതിയായിരുന്നു. അവിടെ ശ്രീ ഗുരുജിയുടെയും മറ്റും വസ്ത്രങ്ങള്‍ അലക്കാന്‍ പ്രബന്ധകന്മാരെ ഏല്‍പ്പിച്ചപ്പോള്‍ കുര്‍ത്തയുടെ കീശയില്‍ നിന്നുകിട്ടിയ തുണ്ടുകടലാസില്‍ അച്ഛന്റെ പേരു കണ്ടു. അതേപ്പറ്റി അന്വേഷിച്ചപ്പോള്‍ അദ്ദേഹം തന്നെയാണ് വിവരം പറഞ്ഞത്: ”മകന് പ്രചാരകനും അച്ഛന് സംഘചാലകനുമാകുക എന്ന അസുലഭമായ സിദ്ധിയാണ് തനിക്ക്” എന്ന് മാധവജി കൂട്ടിച്ചേര്‍ക്കുകയുമുണ്ടായി. അപ്പോഴത്തെ ചാരിതാര്‍ത്ഥ്യം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു.
തൃശ്ശിവപേരൂരിലെ ആ ശിബിരത്തിനുശേഷമാണ് ശിവശങ്കര്‍ ദാസുമായുള്ള സമ്പര്‍ക്കം പുനരാരംഭിച്ചതെന്ന് അന്നത്തെ ജയകുമാറിനേയും അമ്മൂമ്മയുടെ വീട്ടില്‍ കണ്ടു. അയാള്‍ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ അച്ഛനാണിപ്പോള്‍.
എറണാകുളത്തുനിന്ന് ജന്മഭൂമി ആരംഭിച്ചപ്പോള്‍ തമ്മനത്തെ അവരുടെ വീട്ടില്‍ ഇടയ്ക്കുപോകുമായിരുന്നു. ജന്മഭൂമിയുടെ തുടക്കത്തിലെ ദിവസങ്ങള്‍ അങ്ങേയറ്റത്തെ വൈഷമ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ദിവസങ്ങളോളം ഉറങ്ങാതെ കഴിഞ്ഞ അവസരങ്ങളില്‍ ആ വീട്ടില്‍ ചെന്ന് ഒരജ്ഞാത വാസം കഴിച്ചു മടങ്ങുന്ന പതിവുണ്ടായിരുന്നു. അവര്‍ കുറേക്കഴിഞ്ഞ് താമസം തൃപ്പൂണിത്തുറയിലാക്കിയശേഷം സമ്പര്‍ക്കം ഇല്ലാതായി എന്നുപറയാം.
തൊടുപുഴയില്‍ പുതിയ കാര്യാലയം പണിയുന്നതിന് ഉത്സാഹിച്ച സ്വയംസേവകരുടെ കൂടെ തൃപ്പൂണിത്തുറയിലും എറണാകുളത്തും പോയപ്പോള്‍ അവിടെ താമസിച്ചിരുന്ന ശിവശങ്കര്‍ ദാസിനെ കാണാന്‍ സാധിച്ചു. അതിനുശേഷം അദ്ദേഹവുമായി സമാഗമം വന്നത് കഴിഞ്ഞ ആഴ്ചയിലായിരുന്നു.
സംഘചാലക് സുധാകരന്റെ സഹോദരന്മാരെല്ലാം സജീവമായി എന്നെങ്കിലും സംഘബന്ധം പുലര്‍ത്തിയവരാണ്. സഹോദരീഭര്‍ത്താവ് ഗോപിനാഥന് പ്രശസ്തനായൊരു മൃഗഡോക്ടറും അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തില്‍ സജീവമായി സഹകരിക്കുന്ന ആളുമായിരുന്നു. ഒട്ടേറെ സ്മരണകളുയര്‍ത്തിയ ഒരു അവസരമായിരുന്നു, ആ ദിവസം ലഭിച്ചത്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: