കളര്‍ ഫോട്ടോഗ്രാഫിയുടെ വളര്‍ച്ചയുടെ ഘട്ടം വരെയും ഛായാചിത്രങ്ങള്‍ക്കായി ആശ്രയിക്കാന്‍ കഴിയുമായിരുന്നത് ചിത്രകാരന്മാരൊയിരുന്നു. ഫോട്ടോഷോപ്പിന്റെ വികാസത്തോടെ ഫോട്ടോഗ്രാഫര്മാര്പോലും പ്രതിസന്ധിയിലാകുന്ന ഈ കാലത്തും താന്‍ വരച്ച പ്രമുഖവ്യക്തികളുടെ ചിത്രങ്ങളിലൂടെ ചരിത്രത്തിലിടം നേടുകയാണ് ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണപിള്ള. അദ്ദേഹം വരച്ച പതിനായിരാമത്തെ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്.
റിയലിസത്തില്‍ നിന്നും സര്‍റിയലിസത്തിലേക്കും എക്സ്പ്രഷനിസത്തിലേക്കും ഒക്കെ ആധുനിക ചിത്രകല വളരുമ്പോഴും പരമ്പരാഗതമായ രചനാസങ്കേതങ്ങളില്‍ അഭിരമിക്കുന്ന രാധാകൃഷ്ണപിള്ള, തന്റെ സങ്കല്‍പ്പങ്ങള്‍ കാന്‍വാസില്‍ പകര്‍ത്താനായി ചായം ചാലിക്കാറില്ല. തന്റെ ചുറ്റും പ്രകൃതി അണിയിച്ചൊരുക്കുന്ന ദൃശ്യങ്ങളെ താന്‍ കണ്ടുമുട്ടുന്ന വ്യക്തികളുടെ രൂപങ്ങളെ വര്ണ്ണകൂട്ടുകളില് പുനഃസൃഷ്ടിക്കുന്നതിലാണ് അദ്ദേഹം ചാരിതാര്‍ത്ഥ്യം കണ്ടെത്തുന്നത്.
1947ല്‍ ജനിച്ച ഇദ്ദേഹം അവിവാഹിതനാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ ലോഡ്ജ് മുറികളില്‍ താമസിച്ച് ചുറ്റുപാടുകളെ പകര്‍ത്തുകയായിരുന്നു. ഇരുപതുവര്‍ഷം എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച രാധാകൃഷ്ണപിള്ള ഇന്ദിരാഗാന്ധി, പികെവി, ഇഎംഎസ്, ഇ.കെ.നയനാര്‍, സി.എച്ച്.മുഹമ്മദ്കോയ, കെ.കരുണാകരന്, രാജീവ്ഗാന്ധി, ഡോ.എ.പി.ജെ.അബ്ദുള്‍കലാം തുടങ്ങി നിരവധി രാഷ്ട്രീയക്കാരുടേയും എംടി, ഒഎന്‍വി, മാധവിക്കുട്ടി തുടങ്ങി നിരവധി എഴുത്തുകാരുടേയും സത്യന്, നസീര്‍, അടൂര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി സിനിമാ താരങ്ങളുടെയും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
മേടയില്‍ ഉണ്ണിത്താന്റെ ശിക്ഷണത്തില്‍ ചിത്രകലയും വി.എം.ബാലന്റെ കൂടെ സിനിമാ ഡിസൈനിംഗും പഠിച്ച ഇദ്ദേഹം കുണ്ടറയില്‍ സര്‍ക്കാര്‍ നല്കിയ സ്ഥലത്ത് ജനപ്രതിനിധികളുടെ സഹായത്തോടെ നിര്‍മ്മിച്ച കലാക്ഷേത്രത്തിലും കുണ്ടറ പ്രസ്ക്ലബിലും കുട്ടികളെ ചിത്രകല പഠിപ്പിക്കുന്നു.
കൊല്ലം ശാസ്താംകോട്ടയില്‍ അരിലില്കുന്നില് നാരായണന്റേയും നാരായണിയുടേയും ഇളയപുത്രനായി ജനിച്ച രാധാകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പതിനായിരാമത്തെ ചിത്രമായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോര്‍ട്രെയിറ്റ് അദ്ദേഹത്തിന് നേരിട്ട് സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ്.
എ.ജി. പ്രേംചന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: