പറവൂര്‍: പാലം നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ കായലില്‍ ഇറങ്ങിനിന്ന് ഉപവസിച്ചു. രാവിലെ 8.30 ന് ആരംഭിച്ച ഉപവാസം വൈകിട്ട് 5 മണിവരെ തുടര്‍ന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ മുപ്പത് വര്‍ഷമായിട്ടുള്ള ആവശ്യമാണ് കോണ്‍വെന്റ് ബീച്ച് പാലം. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും രാഷ്‌ട്രീയക്കാര്‍ വന്ന് തങ്ങളെ വിജയിപ്പിച്ചാല്‍ പാലം പണിതു തരാം എന്ന് പറഞ്ഞ് പോകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവരാരും ഈ വഴി വരാറില്ല എന്ന് വീട്ടമ്മമാര്‍ പറയുന്നു.
ഈ പാലത്തിന് വേണ്ടി ഇവിടുത്തുകാര്‍ ചെയ്യാത്ത സമരങ്ങളില്ല. മുട്ടാത്ത വാതിലുകളുമില്ല. എന്നിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇവരുടെ രോദനം. പഞ്ചായത്ത് ഓഫസിന് മുന്നില്‍ സമരം ചെയ്തു. ചെറായി ബീച്ച് ജംഗ്ഷന്‍ ഉപരോധിച്ചു. സംസ്ഥാന പാത ഉപരോധിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച് വെള്ളത്തില്‍ ഇറങ്ങിനിന്ന് പ്രതിഷേധിച്ചു. ആറാം തീയതി എംപി പ്രത്യേക യോഗം വിളിക്കാം എന്ന് പറഞ്ഞിരുന്നു. യാതൊരു നടപടിയും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മുപ്പതോളം വരുന്ന വീടമ്മമാര്‍ രാവിലെ മുതല്‍ വൈകുന്നരം വരെ കായലില്‍ ഇറങ്ങി നിന്ന് ഉപവസിച്ചത്. സമരക്കാര്‍ക്ക് പിന്തുണയുമായി നൂറ് കണക്കിന് പേര്‍ കരയിലും അണിനിരന്നു. ഇത്തരം പ്രതിഷേധം നടന്നിട്ട് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കാത്തതില്‍ കടുത്ത പ്രതിഷേധം ആണ് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: