ബാഗ്ദാദ്: സുന്നി ഭീകരര്‍ ഖലീഫയായി പ്രഖ്യാപിച്ച അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അതേസമയം ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ഇറാഖ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ആദ്യമായാണ് അല്‍ ബാഗ്ദാദിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. സുന്നി ഭീകരര്‍ ഇറാഖ് സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത നഗരമായ മൊസൂളിലെ ആരാധാനാലയത്തില്‍ പ്രസംഗം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് വീഡിയോ ഭീകരര്‍ പുറത്ത് വിട്ടത്. ഇറാഖ് സര്‍ക്കാറിനെതിരായ പോരാട്ടം തുടരുമെന്നും ബാഗ്ദാദി അറിയിച്ചു. മൊസൂളിലെ പ്രാര്‍ത്ഥനാലയത്തിലെ നൂറുകണക്കിന് വിശ്വാസികളുടെ മുന്നിലായിരുന്നു ബാഗ്ദാദിയുടെ പ്രസംഗം. ഇവിടെ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും നടന്നു.
മുസ്ലിം നിയമങ്ങള്‍ ലോകത്തിലാകമാനം നിര്‍ബന്ധമായും കൊണ്ടുവരണമെന്നും അതിന്റെ സാഹചര്യം ന്യായീകരിച്ചും ഖിലാഫത്ത് ഭരണം നടപ്പാക്കേണ്ടത് മുസ്ലിങ്ങളുടെ കടമയാണെന്നും ബാഗ്ദാദി പറഞ്ഞു. ഭീകരരുടെ പതാകയുടെ നിറമായ കറുത്ത വസ്ത്രവും കറുത്ത തലപ്പാവും അണിഞ്ഞാണ് വീഡിയോ ദൃശ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൊത്തുപണികള്‍ നിറഞ്ഞ മുസ്ലിം പള്ളിയുടെ മേടയില്‍ നിന്നുകൊണ്ട് ഉച്ചഭാഷിണിയിലൂടെയാണ് പ്രസംഗം. വെള്ളിയാഴ്ച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് തൊട്ട് പിന്നാലെ ഇറാഖ് സൈന്യം ഖ്വയിം പ്രദേത്ത് തെരച്ചില്‍ നടത്തി.
അതിര്‍ത്തികള്‍ ഇല്ലാതാക്കി ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്നാണ് ശബ്ദ സന്ദേശത്തിലൂടെ ബഗ്ദാദി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ഇറാഖിലും സിറിയയിലും ഖിലാഫത്ത് ഭരണം സ്ഥാപിതമായതായി പ്രഖ്യാപിച്ച ബാഗ്ദാദിയെ സുന്നി ഭീകരര്‍ പുതിയ ഖലീഫയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: