”ദീര്‍ഘചതുരാകൃതിയില്‍ ബന്ധിപ്പിക്കപ്പെട്ട മാരക്കാനയിലെ ആ മൂന്നു മരക്കാലുകള്‍ അയാള്‍ക്ക് സ്വര്‍ഗത്തിലേയ്ക്കുള്ള കവാടമായിരുന്നു. ഒരു ലോംഗ് വിസിലിനപ്പുറത്ത് തങ്ങളിലേയ്ക്ക് ഇരമ്പി എത്തുന്ന രണ്ടുലക്ഷം പേരുടെ ആനന്ദനിര്‍വൃതിയില്‍ ബാര്‍ബോസ സ്വര്‍ഗം കണ്ടു. പൊടുന്നനെ, ഒരു അഭിശപ്ത നിമിഷത്തില്‍ ആ ഗോള്‍ പോസ്റ്റുകള്‍ അയാള്‍ക്ക് തീക്കുണ്ഡമായി. ലോംഗ് വിസില്‍ മുഴങ്ങുമ്പോള്‍ ഗോള്‍വലയില്‍ മുഖം അമര്‍ത്തി കരഞ്ഞിരുന്ന അയാളെ ആരും കണ്ടില്ല. പിന്നീട് അവസരം കിട്ടിയപ്പോള്‍ ആ പോസ്റ്റുകള്‍ വെട്ടിനുറുക്കി തീയിലേയ്ക്ക് എറിഞ്ഞ് ബാര്‍ബോസ പൊള്ളുന്ന ഓര്‍മയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നിട്ടോ ? മരണംവരെ ബ്രസീല്‍ അയാളുടെ മുഖത്ത് കാറിത്തുപ്പിക്കൊണ്ടിരുന്നു”
ഗോള്‍ നേടുമ്പോള്‍ സ്റ്റേഡിയങ്ങള്‍ പൊട്ടിയിരമ്പും, ഗോള്‍ നേടുന്നവരെ കളിക്കാരും കാണികളും വാരിപ്പുണരും. അത് ലോകകപ്പ് പോലുള്ള വമ്പന്‍ വേദികളിലാണെങ്കില്‍ അവര്‍ ദേശീയ ഹീറോകളാകും. ഫുട്ബോള്‍ പാണന്മാരുടെ വാഴ്ത്തുപാട്ടുകളില്‍ ഇടംപിടിക്കും. എന്നാല്‍ ഗോള്‍ വഴങ്ങുന്ന ഗോളിയുടെ വികാരം എന്തെന്നും അവന്റെ ശിഷ്ടകാല ജീവിതം എന്തെന്നും ആരും ചിന്തിക്കാറില്ല. ഒരു രാജ്യത്തിന്റെ സ്വപ്നങ്ങളെ കൈവിട്ട ആ ഗോളിയുടെ മുഖത്ത് രാജ്യം കാറിത്തുപ്പും. അവജ്ഞയും അവഹേളനവുംകൊണ്ട് മരണംവരെ വീര്‍പ്പുമുട്ടിക്കും. ബ്രസീല്‍ ഓര്‍മ്മയിലെന്നും വേദനയായിക്കൊണ്ടുനടക്കുന്ന മാരക്കാന ദുരന്തത്തിന്റെ കാരണക്കാരനെന്ന് ഫുട്ബോള്‍ ലോകം വിലയിരുത്തിയ അന്നത്തെ ഗോള്‍ കീപ്പര്‍ മോസര്‍ ബാര്‍ബോസ നാസിമെന്റോയുടെ ജീവിതം ഒരു നിമിഷംകൊണ്ട് ഒരു രാജ്യത്തിന്റെ കണ്ണിലെ കരടായ ഒരാളുടെ ദുരന്തത്തിന്റെ ഓര്‍മ്മകളിലൂടെയാണ് അവസാനിക്കുന്നത്. ”ബ്രസീലില്‍ ഏറ്റവും വലിയ ശിക്ഷ 30 വര്‍ഷത്തെ തടവാണ്. മാരക്കാന ദുരന്തത്തിന് ശേഷമുള്ള 50 വര്‍ഷങ്ങള്‍ ആ ശിക്ഷ ഞാന്‍ ഏറ്റുവാങ്ങിക്കൊണ്ടേയിരുന്നു”. ബാര്‍ബോസയുടെ വാക്കുകളായി ചരിത്രത്തില്‍ എഴുതപ്പെട്ട ഈ അക്ഷരങ്ങള്‍ ഒരു ഗോള്‍കീപ്പറുടെ ഒറ്റപ്പെടലിന്റെയും ബ്രസീല്‍ എക്കാലവും കൊണ്ടുനടന്ന പകയുടെയും സാക്ഷ്യപ്പെടുത്തലാണ്.
1950 ജൂലൈ 16, സമയം വൈകിട്ട് 4.33, വേദി മാരക്കാന, ഫുട്ബോള്‍ ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ജനാവലി സാക്ഷി. ബ്രസീലിന്റെ ഗോള്‍വലകാത്ത ബാര്‍ബോസ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടത് ഈ മുഹൂര്‍ത്തത്തിലാണ്. 40കള്‍ക്കും 50കള്ക്കുമിടയില് ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായാണ് ഫുട്ബോള്‍ ലോകം ബാര്‍ബോസയെ വാഴ്ത്തിയിരുന്നത്. ബ്രസീലിന്റെ ദേശീയ കുപ്പായത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ആദ്യ കറുത്തവര്‍ഗക്കാരനായ ഗോള്‍കീപ്പറായിരുന്നു ബാര്‍ബോസ. റിയോഡി ജെയിനെറോയിലെ വാസ്കോഡിഗാമ ക്ലബിന്റെ ശേഖരത്തിലേയ്ക്ക് ഒരുപിടി കപ്പുകളെത്തിച്ച പ്രതിഭാശാലി. പന്തിന്റെ വികാരങ്ങള്‍ തൊട്ടറിയണമെന്ന ന്യായീകരണത്തോടെ ഗോള്‍കീപ്പറുടെ ഗ്ലൗസ് ഉപേക്ഷിച്ചവന്. ശരീരത്തോട് ചേര്‍ന്ന് നില്ക്കുന്ന കുപ്പായവുമണിഞ്ഞ് ഗോള്‍വലയ്ക്ക് കീഴില്‍ നില്ക്കുന്ന അഞ്ചടി ഒന്‍പത് ഇഞ്ചുകാരന്. പരാഗ്വെയെ 7-0ന് തകര്‍ത്ത് കോപ്പ അമേരിക്കയില്‍ മുത്തമിട്ട ബ്രസീല്‍ ടീമിന്റെ കാവല്ക്കാരന്. കൂട്ടിന് പെലെയുടെ ബാല്യകാലത്തിലെ ഹീറോയായിരുന്ന സിസീഞ്ഞോയും ഒളിപ്പോരാളിയെന്ന് വിളിപ്പേരുള്ള അഡമീറും. ആറ് പതിറ്റാണ്ടുകള്‍ക്ക് അപ്പുറത്ത് ബ്രസീലില്‍ ലോകകപ്പിന് പന്തുരുളുന്നതിന് മുന്‍പു തന്നെ ലോകം അവരെ ജേതാക്കളെന്ന് വിളിച്ചത് വെറുതെയായിരുന്നില്ല. മെക്സിക്കോയെ 4-0നും സ്വീഡനെ 7-1നും സ്പെയിനെ 6-1നും തോല്പിച്ച ബ്രസീലിന് റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ അവസാന മത്സരത്തില്‍ ഉറുഗ്വെയ്ക്കെതിരെ ഇറങ്ങുമ്പോള്‍ ഒരു സമനില മാത്രം മതിയായിരുന്നു.
ഉറുഗ്വെയ്ക്കെതിരായ മത്സര ദിനത്തിന് മുന്‍പ് ബ്രസീലില്‍ ഇറങ്ങിയ ദിനപ്പത്രങ്ങളുടെ തലവാചകങ്ങള്‍ ഇങ്ങനെയായിരുന്നു. നാളെ ഞങ്ങള്‍ ഉറുഗ്വെയെ തോല്പിക്കും(ഗസറ്റ എസ്പോര്ട്ടീവ, സാവോപോളോ), ഇവരാണ് ലോക ചാമ്പ്യന്മാര്(ഓ മുണ്ടോ, റിയോ ഡി ജെയിനെറോ) കളിക്ക് തൊട്ടുമുന്പുതന്നെ ബ്രസീല്‍ ടീമംഗങ്ങള്‍ക്ക് സ്വര്‍ണ നിറത്തിലുള്ള വാച്ച് സമ്മാനമായി ലഭിച്ചു. റിയോ ഡി ജെയിനെറോയില്‍ ലോക ജേതാക്കള്‍ക്ക് ചുറ്റാനുള്ള ഉത്സവ വാഹനവും തയ്യാറായി. അന്നത്തെ ഫിഫ പ്രസിഡന്റായിരുന്ന യൂള്‍റിമെ ബ്രസീല്‍ ലോക ജേതാക്കളാകുമ്പോള്‍ പറയാനുള്ള പ്രസംഗവും തയ്യാറാക്കിവെച്ചു. റിയോ ഡി ജെയിനെറോ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരത്തിന് മുന്‍പുതന്നെ വിജയികളെ അഭിവാദ്യം ചെയ്തുകൊണ്ട് രംഗത്തുവന്നു. ഗാര പീപ്പിള്‍ എന്ന് അറിയപ്പെടുന്ന ഉറുഗ്വെയെ മത്സരത്തിന് മുന്‍പ് എഴുതിത്തള്ളിയതില്‍ കോപാകുലനായ ക്യാപ്റ്റന്‍ ഒഡുലിയ വരേല ഓമുണ്ടോ പത്രം ബാത്ത്റൂമില്‍ കൊണ്ടുപോയി നിരത്തിവെച്ച് അതിന്മേല് മൂത്രമൊഴിച്ച് ദേഷ്യം തീര്‍ത്തു. ബ്രസീല്‍ താരങ്ങള്‍ ഒരു സ്വര്‍ഗ ലോകത്തിലായിരുന്നു. ഗോള്‍കീപ്പര്‍ ബാര്‍ബോസ ഉള്‍പ്പെടെ. കളികാണാന്‍ ഇരമ്പിയെത്തിയത് ഔദ്യോഗിക കണക്കില്‍ 1,73,850 പേര്. അനൗദ്യോഗിക കണക്കില്‍ രണ്ടുലക്ഷം പേര്. മാരക്കാന അങ്ങനെ ആര്‍ത്തിരമ്പി നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രിക്ക ബ്രസീലിനായി ഗോള്‍ നേടി. ഫ്രിക്കയുടെ കരിയറിലെ ആകെയുള്ള ഒരു അന്താരാഷ്ട്ര ഗോള്‍. അങ്ങനെ മാരക്കാനയില്‍ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുകയെന്ന ബ്രസീലുകാരന്റെ സ്വപ്നത്തിന് ഫ്രിക്കയെന്ന പേര് വീണു. വലതു വിംഗില്‍നിന്നും ജിജിയ നല്കിയ ക്രോസില്‍നിന്നും സ്കിയഫിനോ ഉറുഗ്വെയുടെ സമനില ഗോള്‍ നേടി. അപ്പോഴും ബ്രസീലും മാരക്കാനയും കരഞ്ഞില്ല. ഒരു സമനില മാത്രം മതിയല്ലോ ലോക വിജയത്തിനെന്ന ആശ്വാസത്തില്‍ ഇരുന്നു. തൊട്ടുപിന്നാലെ ഇടതുവിംഗില്നിന്നും വീണ്ടും ജിജിയയുടെ മുന്നേറ്റം. പന്ത് ക്രോസ് ചെയ്യപ്പെടും എന്ന മുന്‍ധാരണയോടെ ബാര്‍ബോസ ഒന്ന് മുന്നോട്ടുകയറി. കൃത്യം ഗ്യാപ്പ് നോക്കി ജിജിയ ഗോള്‍ തൊടുത്തു. ബാര്‍ബോസ മുട്ടില്‍ ഇരുന്ന് വിങ്ങി. ബ്രസീലും. ആ നിമിഷത്തിനെ ജിജിയ വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. ”മൂന്നേ മൂന്നുപേരാണ് മാരക്കാനയെ നിശബ്ദമാക്കിയിട്ടുള്ളത്. പോപ് ഗായകന് സിനാത്രയും ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയും പിന്നെ ഞാനും”.
മനസിലേറ്റ ആ മുറിവില്‍ നിശബ്ദമായിരുന്ന ബ്രസീല്‍ ജനത ആ തോല്‍വിയെ ഞങ്ങളുടെ ഹിരോഷിമ എന്നും ബ്രസീല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്നുമെല്ലാം വിശേഷിപ്പിച്ചു. യൂള്‍റിമെ മത്സരശേഷം ജേതാക്കള്‍ക്ക് ട്രോഫി കൈമാറുന്നതിന് മുന്‍പ് എഴുതിയ പ്രസംഗവും കീറിക്കളഞ്ഞ് ട്രോഫി ഒബ്ദുളിയോയെ ഏല്പിച്ച് പതുക്കെ പിന്നിലേയ്ക്ക് മറഞ്ഞു. അന്നുമുതല്‍ ബ്രസീലുകാര്‍ ബാര്‍ബോസയുടെ പേരിനുനേരെ ഒരു കുറ്റപത്രം ചാര്‍ത്തി. ”ബ്രസീലിനെ കരയിച്ചവന്” എന്ന്. ദിവസങ്ങള്‍ കടന്നുപോയിട്ടും അയാള്‍ക്കു മാപ്പുനല്കാന് മാത്രം ബ്രസീലുകാര്‍ തുനിഞ്ഞില്ല. പിന്നീട് ഒരിക്കലും അയാള്‍ക്ക് ബ്രസീല്‍ ടീമില്‍ ഇടം കിട്ടിയതുമില്ല. പുറത്തുകാണുമ്പോഴെല്ലാം ബാര്‍ബോസയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പി ബ്രസീലുകാര്‍ അരിശം തീര്‍ത്തു. വളഞ്ഞുനിന്ന് ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു. ചതിയനെന്ന് വിളിച്ചു. ബന്ധുക്കള്‍പോലും ഒറ്റപ്പെടുത്തി. അപ്പോഴും അയാളുടെ വേദന ആരും കണ്ടില്ല. ആരും ചോദിച്ച് അറിഞ്ഞതുമില്ല.
ബ്രസീല്‍ ജനത തന്നെ കഴുവേറ്റുന്നതിന് വഴിവച്ച മാരക്കാനയില്‍ ഗ്രൗണ്ട് സ്റ്റാഫായി പാവം ബാര്‍ബോസ ശിഷ്ടകാലം കഴിച്ചു. ഓരോ ദിവസവും മാരക്കാനയിലെ ഗോള്‍ പോസ്റ്റിനടുത്തുനിന്ന് അതിനെ ശപിച്ചു. തന്റെ ജീവിതത്തെയും. കോച്ചാകാന്‍ ജോലിതേടിയപ്പോള് അയാള്‍ക്ക് മുന്നില്‍ ഓരോ ക്ലബുകളുടെയും വാതിലുകള്‍ അടഞ്ഞുകൊണ്ടേയിരുന്നു. ഒരിക്കല്‍ ഹീറോയായി വാഴ്ത്തിയ വാസ്കോഡഗാമയുടെ വാതില്‍ ഉള്‍പ്പെടെ. 1963-ല്‍ മാരക്കാനയിലെ പഴയ മരക്കാല് പോസ്റ്റുകള്‍ മാറ്റി ഇരുമ്പ് പോസ്റ്റുകളാക്കിയപ്പോള് ബാര്‍ബോസ ആ പഴയ പോസ്റ്റുകള്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയി. കൂട്ടുകാരെ വിളിച്ച് ഗോള്‍പോസ്റ്റുകള്‍ വെട്ടിനുറുക്കി കത്തിച്ച് അവര്‍ക്ക് ബാര്‍ബിക്യു ഉണ്ടാക്കി വിളമ്പി. ഞാന്‍ ജീവിതത്തില്‍ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണമെന്നാണ് പ്രതികാരദാഹത്തോടെ ഉണ്ടാക്കിയ ആ വിഭവത്തെ ബാര്‍ബോസ വിശേഷിപ്പിച്ചത്.
ലോകകപ്പിന് ഒരുങ്ങുന്ന ബ്രസീല്‍ ടീമിനെ കാണാന്‍പോയപ്പോള്‍ അപശകുനമെന്ന് മുദ്രകുത്തി അന്നത്തെ കോച്ച് മരിയോ സഗാലോ ആട്ടിയിറക്കി. 1993-ല്‍ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന റിക്കാര്‍ഡോ ടെക്സിറ ബ്രസീലിന്റെ അന്താരാഷ്ട്ര മത്സരത്തെ വിലയിരുത്താന്‍ ചെന്ന ബാര്‍ബോസയെ ഇറക്കിവിട്ടു. അന്ന് ബാര്‍ബോസയ്ക്ക് പ്രായം 72. 1994ലെ ലോകകപ്പ് പ്രശസ്ത ടെലിവിഷന്‍ കമ്പനിയായ ബിബിസി വമ്പന്‍ തുകയും വാഗ്ദാനം ചെയ്ത് ബാര്ബോസയുമായി ഒരു കരാര്‍ ഒപ്പിട്ടു. അന്നത്തെ ലോകകപ്പ് ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്ന ടഫറേലുമായി ട്രെയിനിംഗ് ക്യാമ്പില്‍ നടത്തുന്ന കുമ്പസാരമായിരുന്നു ബിബിസിയുടെ ലക്ഷ്യം. പാവം വൃദ്ധനെ അത്തരത്തിലും ഉപയോഗിക്കാനായിരുന്നു ശ്രമം. പക്ഷേ, ബാര്‍ബോസ ഇതു തിരിച്ചറിഞ്ഞ് പരിപാടി വേണ്ടെന്നുവച്ചു. 1997-ല്‍ ഭാര്യ മരണപ്പെട്ടപ്പോള്‍ സുഹൃത്തിന്റെ തോളില്‍ വീണ് വിങ്ങിപ്പൊട്ടിയ ബാര്‍ബോസയുടെ തൊണ്ടയില്‍നിന്നും വന്ന വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”ഞാന്‍ ഒറ്റക്കായിരുന്നില്ല. ഞങ്ങള്‍ 11 പേരുണ്ടായിരുന്നു. എന്നിട്ടും”… മാരക്കാന ബാര്‍ബോസയുടെ മനസില്‍ എത്ര വലിയ മുറിപ്പാടാണ് ഉണ്ടാക്കിയതെന്ന് ഇതില്‍നിന്നും വ്യക്തം. കാലംകടന്നുപോയിട്ടും ബാര്‍ബോസയോട് പൊറുക്കാന്‍ ബ്രസീല്‍ തയ്യാറായില്ല എന്നതാണ് ദു:ഖകരമായ വസ്തുത. ഭാര്യയുടെ മരണറ്റ്ഹ്തിന് ശേഷം വാസ്കോഡഗാമ ക്ലബ് നല്കിയ തുച്ഛമായ പ്രതിമാസ തുകയുമായാണ് ബാര്‍ബോസ ജീവിച്ചത്.
79-ാം വയസില്‍ ബ്രസീലിലെ ഒരു കൂട്ടം ടെലിവിഷന്‍ ജേര്‍ണലിസ്റ്റുകള്‍ നടത്തിയ പരിഹാസ്യമായ ഒരു പരിപാടികൂടി പരാമര്‍ശിച്ചാല്‍ ബാര്‍ബോസയുടെ ദുരന്തത്തിന്റെ യഥാര്ത്ഥചിത്രംവെളിവാകും. 2000 ഏപ്രിലില്‍ ബാര്‍ബോസ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുന്നതിന് തൊട്ടുമുന്‍പാണ് ഈ ടെലിവിഷന്‍ പരിപാടി അരങ്ങേറിയത്. വിറയ്ക്കുന്ന, ക്ഷീണിതനായ ബാര്‍ബോസയെ ഒരു കോട്ടും ധരിപ്പിച്ച് ഒരു സംഘം ജേര്‍ണലിസ്റ്റുകളുടെ മധ്യത്തിലിരുത്തി ഒരു ക്രിമിനലിനെപ്പോലെ അവര്‍ കുറ്റവിചാരണ നടത്തി. ബ്രസീലിനെ കരയിച്ചവനെന്ന് വീണ്ടും വീണ്ടും പറഞ്ഞു. ഒടുവില്‍ ഒരവസരം കിട്ടിയപ്പോള്‍ ബാര്‍ബോസ പറഞ്ഞു. ”ടെക്നിക്കലായി നോക്കുമ്പോള്‍ ജിജിയ ചെയ്തത് തെറ്റാണ്. പക്ഷേ, വിധി അത് ശരിയാക്കി. ഞാന്‍ കാര്യമായ തെറ്റൊന്നും ചെയ്തുമില്ല. ക്രോസ് മുന്നില്‍ കാണുമ്പോള്‍ ഒരു ഗോള്‍കീപ്പര്‍ ചെയ്യുന്നതേ ചെയ്തുള്ളൂ. എന്നിട്ടും എനിക്ക് പിഴച്ചു. ഒരു വട്ടം. ആരും എന്റെ വിശദീകരണം കേള്‍ക്കാന്‍ തുനിഞ്ഞില്ല. ഇതുവരെ”…
ഒ. എ. സുല്‍ഫിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: