തിര്വന്തോരത്തെ കോട്ടണ്‍ഹില്‍ സ്കൂള്‍ എന്ത് പ്രത്യേകത അര്‍ഹിച്ചാലും അവിടെ പ്രിന്‍സിപ്പലായി ഇരിക്കാന്‍ ഊര്‍മിളാദേവിക്ക് അധികാരമില്ല. ഇക്കാര്യം മാലോകരെ താമസംവിനാ അറിയിച്ച അബ്ദുറബ്ബ് എന്ന മന്ത്രിക്ക് ഒരു നല്ല സലാം കൊടുക്കാം. കാലം എത്ര മാറിയാലും കൈവഴികളിലൂടെ വെള്ളം എത്രയൊക്കെ ഒഴുകിപ്പോയാലും ചില വിഷത്തിന്റെ ശക്തി കുറയില്ല; മറിച്ച് പല രൂപം പ്രാപിച്ച് ഭയാനകമാവുകയേ ഉള്ളു.
ഏതാണ്ട് 44 വര്‍ഷം മുമ്പ് നാലാം ക്ലാസില്‍ പഠിക്കുന്ന കാലം. വീടിനടുത്തുള്ള ഒരു വരേണ്യഭവനം, അവിടെയൊരു കുളം. കുളത്തില്‍ നിറയെ ബ്രഹ്മി. ഒരു കഷായത്തിന് മേപ്പടി സാധനം പറിച്ചെടുക്കാന്‍ ഒരു നിസ്സഹായന് ആവുന്നത്ര ശ്രമിക്കുന്നു. അയാളെ സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അയല്‍വാസിയായ അദ്ധ്യാപകന് തടസ്സം പിടിക്കുന്നു: ഹേയ് താന്‍ പറിച്ചെടുക്കണ്ട. എത്രയാലോചിച്ചിട്ടും അതെന്തുകൊണ്ടെന്ന് അന്ന് മനസ്സിലായില്ല. ആ മനസ്സിലാകായ്മ ഊര്‍മ്മിളാദേവി എന്ന അദ്ധ്യാപികയെ കോട്ടണ്‍ ഹില്‍ സ്കൂളില്‍ നിന്ന് പുകച്ചു പുറത്തുചാടിച്ചതിന്റെ ചുറ്റുവട്ടത്തു നിന്ന് ഇപ്പോഴും കാരകളിക്കുന്നു. എഐസിസി ആപ്പീസിന്റെ മുമ്പില്‍ മോദിക്കൊരു തട്ടുകടയിട്ടുകൊടുക്കാമെന്നു പറഞ്ഞ സീനിയര്‍ കോണ്‍ഗ്രസ് നേതാവിന്റെ വാക്കിന്റെ അപ്പുറത്തും ആ മനസ്സിലാകായ്മയുണ്ട്.
കാര്യമെന്തൊക്കെയായാലും ഫ്യൂഡല്‍ മാടമ്പി മസില് ഭാഷയുടെ വഴിയിലൂടെ പോവുന്ന മന്ത്രി, ഊര്‍മിളാ ദേവി എന്ന പല കാരണങ്ങളാല്‍ സഹാനുഭൂതിക്കര്ഹയായ അധ്യാപകയോടു കാണിച്ചത് നെറികേടല്ല, കാടത്തമാണ്. വര്‍ണക്കടലാസില്‍ പൊതിഞ്ഞ കാടത്തം. അതിന്റെ പിന്നാമ്പുറത്തേക്ക് പോകാന്‍ വായനക്കാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ വായിച്ചാലും ഈ ലക്കം (ജൂലൈ 06) കലാകൗമുദി വാരിക. ഗേറ്റില്‍ മന്ത്രിയുണ്ട് സൂക്ഷിക്കുക! എന്ന തലക്കെട്ടും മന്ത്രി റബ്ബിന്റെയും അദ്ധ്യാപികയുടെയും ചിത്രങ്ങളും വെച്ചുകൊണ്ടുള്ള കവറില്‍ തുടങ്ങുന്നു കാവ്യാത്മകമായ അവരുടെ വിശകലനം. എസ്. ജഗജീഷ്ബാബുവിന്റെ രചനയാണ് ഗേറ്റില്‍ മന്ത്രിയുണ്ട് സൂക്ഷിക്കുക! ഡി. ബാബുപോള്‍ എഴുതുന്നത് പാണക്കാട് തങ്ങള്‍ സമക്ഷം എന്ന്. കെ. എന്‍. കെ. നമ്പൂതിരിയുടെ ലേഖനം ഇങ്ങനെ: അധികാരത്തിന്റെ ഗര്‍വ്വ്. കുറ്റപ്പെടുത്തി പുറത്തുചാടിച്ചത് ആര്‍ക്കുവേണ്ടി എന്നാണ് പി.ബി സുമി ചോദിക്കുന്നത്.
എസ്.എല്‍. ശ്യാം എഴുതുന്നത്, രാജാവും ഹെഡ്മിസ്ട്രസും എന്നാണ്. ഉഷാ എസ് നായരുടെ രചനയുടെ തലക്കെട്ട് ഹെന്റെ റബ്ബേ എന്നും. ഇവകളിലൂടെ ചുമ്മാ കണ്ണോടിച്ചാല്‍ പോലും റബ്ബ് മന്ത്രിക്ക് ഒന്ന് നടുനിവര്‍ത്താന്‍ ഒരു കോപ്പും കിട്ടില്ല. എന്നു മാത്രമല്ല വിദ്യാഭ്യാസത്തെ എത്ര ആഭാസമായാണ് ടിയാന് കൈകാര്യം ചെയ്യുന്നതെന്നും ! ജഗദീഷ് ബാബുവിന്റെ ചോദ്യം ഇതാണ്: മന്ത്രിമാര്‍ ജനപ്രതിനിധികളും ജനങ്ങള്‍ അവരുടെ യജമാനന്മാരുമാണെന്ന സത്യം വിദ്യാഭ്യാസ മന്ത്രി മറന്നതിന്റെ തെളിവാണ് 5000 കുട്ടികള്‍ പഠിക്കുന്ന കോട്ടണ്‍ ഹില്‍ ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപിക കെ. കെ. ഊര്‍മിളാ ദേവിയെ ശിക്ഷണ നടപടിയായി സ്ഥലം മാറ്റിയ സംഭവം. എന്തായിരുന്നു മുപ്പത് വര്‍ഷത്തിലേറെ കുട്ടികളെ പഠിപ്പിച്ച ഈ അദ്ധ്യാപിക മന്ത്രിയോട് ചെയ്ത തെറ്റ്? റാങ്കുജേതാക്കളായ ഒരു കൂട്ടം ഐഎഎസ്സുകാര്‍ തലകുത്തി മറിഞ്ഞാലും കേരള മനസ്സാക്ഷിയുടെ മുമ്പില്‍ യുക്തിഭദ്രമായ ഒരു ഉത്തരം കൊടുക്കാന്‍ സാധിക്കുമോ? നടേ സൂചിപ്പിച്ച ആ മനസ്സിലാകായ്മയുടെ ലാഞ്ജന അവിടവിടെയായി തെളിയുന്നില്ലേ?
നമ്മുടെ ബഹുമാനപ്പെട്ട ഡി. ബാബു പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള കമ്മീഷണര്‍ സെക്രട്ടറിയായിരുന്ന കാലത്തെ ഒരു അനുഭവമാണ് അയവിറക്കുന്നത്. കോട്ടണ്‍ സ്കൂള്‍ സംഭവവുമായി സാമ്യമുണ്ടതിന്. നായനാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരന് ഒരു ഡപ്യൂട്ടി ഡയറക്ടറെ സസ്പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് കുറിപ്പയച്ചു. മന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍ നിന്ന് മേപ്പടി ഡി ഡി മന്ത്രിക്ക് മുമ്പെ ഇറങ്ങിപ്പോയതായിരുന്നു കുറ്റം. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍, മന്ത്രി വളരെ വൈകിയാണ് എത്തിയതെന്നും എട്ടര മണി (രാത്രി) ആയപ്പോള്‍ മന്ത്രിയുടെ അനുവാദം വാങ്ങിയാണ് ഡി ഡി ഇറങ്ങിയതെന്നും മനസ്സിലായി. വിവരം ധരിപ്പിക്കാന്‍ മന്ത്രിയെ ഹോട്ട്ലൈനില്‍ വിളിച്ച് ബാബുപോള്‍ നേരെ പോയി. ഇനി അദ്ദേഹം തന്നെ പറയട്ടെ: മന്ത്രിയുടെ കുറ്റം കൊണ്ട് വൈകിയ ഒരു ചടങ്ങില്‍ നിന്ന് രാത്രി എട്ടര മണിക്ക്, വിധവയായ ഒരു ദളിതസ്ത്രീ, മന്ത്രിയുടെ അനുവാദം തേടിയ ശേഷം പോയതിന് സസ്പെന്‍ഡ് ചെയ്യുന്നതിലെ അവിവേകവും അതുണ്ടാക്കാവുന്ന പ്രതികരണങ്ങളും ചന്ദ്രശേഖരന് മനസ്സിലായി. അതുകൊണ്ട് എനിക്ക് എതിര്‍പ്പ് ഫയലാക്കേണ്ടിവന്നില്ല.” കുഡ് യു പ്ലീസ് റിട്ടേണ്‍ ദാറ്റ് പേപ്പര്‍? ” ഞാന്‍ അത് മടക്കിക്കൊടുത്തു. അദ്ദേഹം അത് കുനുകുനെ കീറി ചവറ്റുകുട്ടയിലിട്ടു.
തൊമ്മിമാരുടെ പ്രതിനിധിയായി പോയതായിരുന്നില്ല ബാബുപോള്‍. ഇന്നിപ്പോള്‍ തൊമ്മിമാരെ മുട്ടാതെ ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല. ശിവനേ.
അധികാരഗര്‍വ്വിന്റെ ക്രൂരമായ മുഖത്തെക്കുറിച്ച് കെ.എന്‍.കെ. നമ്പൂതിരിയും പുകച്ചുപുറത്തുചാടിച്ചതിന്റെ പിന്നിലെ പച്ച രാഷ്ട്രീയത്തെക്കുറിച്ച് പി.ബി സുമിയും രാജഭരണത്തിന്റെ ഫോസിലുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന മന്ത്രിപുംഗവ ധാര്‍ഷ്ട്യത്തെക്കുറിച്ച് എസ്.എല്‍. ശ്യാമും വിവരക്കേടിന്റെ ദൃശ്യാത്മക വശത്തെക്കുറിച്ച് ഉഷാ എസ് നായരും എഴുതുന്നുണ്ട്. ഇതൊക്കെ വായിച്ചു മുഷിഞ്ഞവര്‍ക്ക് മുമ്പിലേക്ക് ഒരു മുഷിച്ചില് വര്‍ത്തമാനം കൂടി. നേരത്തെ പറഞ്ഞുവെച്ച ആ മനസ്സിലാകായ്മയെന്ന മുരത്ത് നുളയ്ക്കുന്ന വൈറസുകള്‍ക്കെതിരെ ഏത് ആന്റിബയോട്ടിക്ക് നല്‍കും? കെ.എന്‍.കെ. നമ്പൂതിരി ഉന്നയിക്കുന്ന പ്രസക്തമായ മറ്റൊരു ചോദ്യത്തോടെ ഈ വിവാദ എപ്പിസോഡ് അവസാനിപ്പിക്കുന്നു, സഹിച്ചിരുന്നവര്‍ക്ക് പ്രത്യേകം നന്ദി. അധികാരധാര്‍ഷ്ട്യത്തിന്റെ വികാരത്തിനു മേല്‍ ജനപക്ഷ ഭരണ സംസ്കാരത്തെ കുടിയിരുത്താന്‍ ഇനിയെന്നാണ് നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയുക? ഊര്‍മ്മിള ടീച്ചര്‍ അതിന് നിമിത്തമാവുകയാണ്.
കേന്ദ്ര മന്ത്രിയുടെ ഭാര്യ എങ്ങനെ മരിച്ചാലും നാട്ടുകാരേ നിങ്ങള്‍ക്കെന്ത് എന്നായിരുന്നു യുപിഎ യുടെ ചോദ്യം. മരിച്ചത് മനുഷ്യനായതിനാലും പ്രത്യേകിച്ച് ഭാരതീയനാകയാലും അന്വേഷണം വേണമെന്ന് എന്‍ഡിഎയെ പിന്തുണയ്ക്കുന്നവര്‍. എന്നാല്‍ വെറുതെ കോലാഹലമുണ്ടാക്കുകയാണെന്ന് ചാനല്‍ ചര്‍ച്ചിതര്‍. സുനന്ദ പുഷ്കര്‍ മരിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവാദം വിമാനം കയറിയിരിക്കുകയാണ്. എന്‍ഡിഎ അല്ലായിരുന്നെങ്കില്‍ എല്ലാം നനഞ്ഞ പടക്കമായേനെ. എന്തായാലും ശശി തരൂരിയാന്റെ ഇടയ്ക്കുള്ള മോദിത്താല്പ്പര്യം എന്തിനെ സൂചിപ്പിക്കുന്നതാണെന്ന് വരകളിലൂടെ ചൂണ്ടിക്കാണിക്കുന്നു മാതൃഭൂമി (ജൂലൈ 03)യിലെ ഗോപീകൃഷ്ണന്. ആ നില്‍പ്പും നോക്കും എത്ര ചേതോഹരം. എന്തിന് അധികം വാക്കുകള്‍.
ശ്രേഷ്ഠ മലയാളത്തിനായി തകര്‍പ്പന്‍ പോരാട്ടങ്ങളൊക്കെ നടത്തിയെങ്കിലും ഉള്ളിലേക്ക് ഒന്നും ഇറങ്ങിയിട്ടില്ലെന്ന് വ്യക്തം. ഇളം മനസ്സുകള്‍ അത് കണിശമായി അറിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം(ജൂലൈ 01) മാതൃഭൂമിയിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കോളത്തില്‍ കരിവെള്ളൂര്‍ എവി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കും മറ്റുമായി ഒരു കത്തെഴുതിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗം ഇങ്ങനെ വായിക്കാം : കഴിഞ്ഞ ആറു വര്‍ഷത്തെ ചലച്ചിത്രങ്ങളുടെ പേരുകള്‍ നോക്കിയാല്‍ 80 ശതമാനവും ഇംഗ്ലീഷ് പേരുകളാണ്. അത് സഹിക്കാം. എന്നാല്‍, അടുത്ത കാലത്തായി ഇംഗ്ലീഷ് പേരുകള്‍ ഇംഗ്ലീഷില്‍ത്തന്നെ അച്ചടിച്ചുവരുന്നതായും കാണുന്നു. കലാകാരന്മാരുടെതടക്കം പേരുകള്‍ ഇംഗ്ലീഷില്‍ അച്ചടിച്ചുവരുന്നതു കാണുമ്പോള്‍ പ്രതികരിക്കാന്‍ ഇവിടെ മലയാളം പഠിക്കുന്ന ഞങ്ങള്‍ക്കെങ്കിലും ഉത്തരവാദിത്തമുണ്ട്………..ഈ വായനാവാര വേളയിലെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചില ഇടപെടലുകള്‍ അനിവാര്യമാണ്. ഇതിന് തമിഴ്നാടിനെ നാം മാതൃകയാക്കണം. ഇംഗ്ലീഷ് പേരുള്ള തമിഴ് സിനിമകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നികുതി ചുമത്തുന്നു. സബ്സിഡികള്‍ എടുത്തുകളയുന്നു. അതുകൊണ്ട് റോബോട്ട്, യന്തിരനായി മാറ്റേണ്ടിവന്നു. ചലച്ചിത്രലോകത്ത് തമിഴന് സ്വന്തമായി അസ്തിത്വമുണ്ട്. ഈ സാധനം ഇല്ലാത്ത നമ്മള് ന്യൂജന്‍ അപഹാസ്യത ആഘോഷിക്കുന്നു. നിശ്ചയമായും ശിഷ്യരുടെ കണ്ണ് തുറപ്പിക്കുന്ന ഗുരുനാഥന്മാര് കരിവെള്ളൂര്‍ സ്കൂളിലുണ്ട്. അവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാലികവട്ടത്തിന്റെ പൂച്ചെണ്ടുകള്‍!!
തൊട്ടുകൂട്ടാന്‍
ഒടുവില്‍
ഏമ്പക്കത്തിന്റെ നിലവിളി: ഇനിവേണ്ട
പക്ഷേ,
സുഹൃത്തേ എനിക്കിനിയും വിശക്കും!
എം. സന്ധ്യ
കവിത: രോഗം
മാതൃഭൂമി ആഴ്ചപ്പതിപ്പ് (ജൂലൈ 06-12)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: