ജൂലായ് മാസം രണ്ടാം തീയതിയാണിതെഴുതുന്നത്. ജീവിതത്തില്‍ ഓര്ക്കാനാഗ്രഹിക്കാത്തതും എന്നാല്‍ മറക്കാന്‍ കഴിയാത്തതുമായ ദിവസം.
നാലുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതേ ദിവസത്തിലാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെത്തുടര്‍ന്ന് കേരളത്തില്‍ പോലീസ് നായാട്ട് ആരംഭിച്ചത്. അതിനും ഒരാഴ്ചമുമ്പ് ജൂണ്‍ 26 അര്‍ദ്ധരാത്രിയിലാണ് സ്വതന്ത്രഭാരതത്തില്‍ പൗരസ്വാതന്ത്ര്യത്തിന്റെ മരണമണിമുഴക്കിക്കൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ലോകനായക് ജയപ്രകാശ് നാരായണന്, മൊറാര്‍ജി ദേശായി, അടല്‍ബിഹാരി വാജ്പേയി, ലാല്‍ കൃഷ്ണ അദ്വാനി, എസ്.ചന്ദ്രശേഖര്‍, മധുലിമയേ, മധുദണ്ഡവതെ തുടങ്ങിയ വിവിധ രാഷ്ട്രീയ കക്ഷികളിലെ ദേശീയ നേതാക്കളെ അവരന്നുണ്ടായിരുന്ന സ്ഥലങ്ങളില്‍ ചെന്ന പോലീസ് അറസ്റ്റ് ചെയ്തു തടങ്കലില്‍ വെച്ചതും. അടല്‍ജിയെയും അദ്വാനിയെയും ദണ്ഡവതേയും മറ്റും ബംഗളൂരില്‍ പാര്‍ലമെന്റിന്റെ ഒരു സമിതിയോഗത്തിനെത്തിയ അവസരത്തിലായിരുന്നു പിടികൂടിയത്. അതായത് പ്രധാനമന്ത്രി പാര്‍ലമെന്റിനെ തന്നെ തടങ്കലിലാക്കുന്നതിന് സമമായിരുന്നു അത്. പാര്‍ലമെന്റ് തന്നെ തടങ്കലിലായ അവസ്ഥയുമുണ്ടായി. പ്രതിപക്ഷ നേതാക്കളെ തടങ്കലില്‍ വെച്ചുകൊണ്ട് ഭരണഘടനയുടെ ആമുഖം തന്നെ ഭേദഗതി ചെയ്യുന്ന ധിക്കാരവും ഇന്ദിരാഗാന്ധി കാണിച്ചു. ഭരണഘടനാ ശില്‍പ്പികള്‍ തയ്യാറാക്കി അംഗീകരിച്ച് പ്രാബല്യത്തില്‍ വരുത്തിയ ആമുഖത്തില്‍ ഭാരതത്തെ പരമാധികാര ജനായത്ത ഗണരാജ്യ (സോവറിന്‍ ഡമോക്രാറ്റിക് റിപ്പബ്ലിക്ാമായാണ് പ്രഖ്യാപിച്ചത് എന്നാല്‍ അടിയന്തരാവസ്ഥയില്‍ അതിനെ സെക്കുലര്‍ സോഷ്യലിസ്റ്റ് എന്നുകൂടി ചേര്‍ത്തു പരിഷ്ക്കരിച്ചു. എന്താണ് സെക്കുലര്‍ എന്നും എന്താണ് സോഷ്യലിസ്റ്റ് എന്നും ഇന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല. സോഷ്യലിസം കൊടികുത്തിവാണ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ അതിനെ കൈവിട്ട് കാല്‍നൂറ്റാണ്ട് തികയാറായി. സെക്കുലറിസത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെക്കൊണ്ട് ജനം മടുത്തു.
ജൂലായ് രണ്ടിനാണ് കേരളത്തില്‍ വ്യാപകമായ അറസ്റ്റ് ആരംഭിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലൊ. അന്നു തുടങ്ങി 19 മാസക്കാലം 1977 ജനുവരിയില്‍ അടിയന്തരാവസ്ഥയില്‍ അയവുവരുത്തി നടത്തിയ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെയും അവര്‍ സൃഷ്ടിച്ച ഏകാധിപത്യ മര്‍ദ്ദന യന്ത്രത്തേയും ജനങ്ങള്‍ തൂത്തെറിയുന്നതുവരെ രാജ്യം അക്രമത്തിന്റെ തേര്വാഴ്ചയിലായിരുന്നു. കേരളത്തില്‍ തന്നെ നാലായിരത്തില്‍പ്പരം പേര്; അവരില്‍ ബഹുഭൂരിപക്ഷവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജയില്‍വാസമനുഭവിച്ചു. തുടക്കത്തില്‍ ഇന്ദിരാഗാന്ധിയുടെ നടപടിയെ എതിര്‍ക്കുകയും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത പല നേതാക്കളും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും അടിപ്പെട്ട് ഇന്ദിരാഭക്തരായി മാറി. എം.പി. മന്മഥനോടും ഒ.രാജഗോപാലനോടുമൊപ്പം അറസ്റ്റ് വരിച്ച ആര്.ബാലകൃഷ്ണപിള്ള മാപ്പെഴുതി പുറത്തുവന്ന് അച്യുതമേനോന്റെ മന്ത്രിസഭയില്‍ ജയില്‍ മന്ത്രിയായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തപ്പെട്ട പൈശാചിക മര്‍ദ്ദനങ്ങള്‍ തടയാന്‍ ഒന്നും ചെയ്യാതിരുന്നു. ശങ്കരനാരായണനാകട്ടെ സത്യഗ്രഹത്തില്‍ സഹകരിക്കാമെന്ന് സമ്മതിച്ചശേഷം രഹസ്യമായി കെ.കരുണാകരനുമായി സന്ധി ചെയ്തു. ഇന്ന് മഹാരാഷ്ട്ര ഗവര്‍ണറായി രാജകീയപദവിയില്‍ കഴിയുന്നു. മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം വന്നിട്ടും ഉളുപ്പുമില്ലാതെ അള്ളിപ്പിടിച്ചിരിപ്പാണ്.
അടിയന്തരാവസ്ഥയില്‍ അനേകായിരങ്ങള്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റു. അതില്‍ പലരും പിന്നീട് ജീവശ്ശവങ്ങളായിട്ടാണ് കഴിഞ്ഞുകൂടിയത്. ഇന്നും അവരില്‍ ചിലര്‍ അതിന്റെ കെടുതികളുമായി കഴിയുന്നു. അന്നത്തെ ചില പ്രത്യേകാനുഭവങ്ങള്‍ കുറിക്കാനാണീയവസരം ഉപയോഗിക്കുന്നത്.
1975 നവംബര്‍ 14 ന് ജനസംഘര്‍ഷ സമിതിയുടെ പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായ സത്യഗ്രഹം ആരംഭിച്ചു. വളരെ സൂക്ഷ്മവും ചിട്ടയിലുള്ളതുമായ ആസൂത്രണത്തിന്റെ ഫലമായി ആ സമരം ഭാരതം കണ്ട ഏറ്റവും ശക്തവും ബൃഹത്തുമായ ജനകീയ സമരമായിത്തീര്‍ന്നു. ഉത്തരകേരളത്തിലെ കാസര്‍കോട് താലൂക്കായിരുന്നു, അഖിലഭാരതീയ തലത്തില്‍ ഏറ്റവുമധികം സത്യഗ്രഹികളെ, ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ സമരത്തിനയച്ചത്. 26 സംഘങ്ങളായി 18 സ്ഥലങ്ങളില്‍ 390 പേര് സത്യഗ്രഹം നടത്തി. 15,000ത്തിലേറെപ്പേര്‍ സത്യഗ്രഹികളെ അനുമോദിക്കാനെത്തി. നെഹ്റുവിന്റെ ജന്മദിന(നവംബര്‍ 14)ത്തില്‍ തുടങ്ങിയ സമരം ഇന്ദിരാഗാന്ധിയുടെ ജന്മദിന(നവംബര്‍ 19)ത്തിന് അവസാനിപ്പിക്കുമെന്ന് വീമ്പിളക്കിയ പോലീസ് മേധാവിക്ക് കലികയറി.
വര്‍ഷാവസാനം തിരുവനന്തപുരത്തു ചേര്‍ന്ന പോലീസ് മേധാവികളുടെ യോഗത്തില്‍ മുഖ്യമന്ത്രി അച്യുതമേനോനും ആഭ്യന്തരമന്ത്രി കരുണാകരനും കാസര്‍കോട് എഎസ്പി അച്ചുതരാമനെ കണക്കിന് ശാസിച്ചു. കലികയറിയ അച്ചുതരാമന്, പൈവളിക, കാനത്തൂര്‍ ഗ്രാമങ്ങളെ തന്റെ മൂപ്പിറക്കല്‍ നടപടിക്ക് വിധേയമാക്കി. വീടുകളും കച്ചവടസ്ഥാപനങ്ങളും കവര്‍ന്നും തീവെച്ചും ഫലവൃക്ഷങ്ങളും കാര്‍ഷിക വിളകളും നശിപ്പിച്ചും സംഹാരതാണ്ഡവം നടത്തി. വീടുകളില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ടിന് കണക്കിന്, അരിയിലും മറ്റു ധാന്യങ്ങളിലും ഒഴിച്ചു, ആധാരക്കെട്ടുകള്‍ ചുട്ടു നശിപ്പിച്ചു. ഒരു നെയ്ത്തുകാരന്റെ നെയ്തുവെച്ചിരുന്ന സാരികളും നൂലും നാലുതറികളും തീവെച്ചു നശിപ്പിച്ചു. മൂന്നുനാലുദിവസം ആ ഗ്രാമങ്ങളിലെ സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരുടെ വീടുകളും പറമ്പുകളും അച്ചുതരാമന്റെ പോലീസ് സംഘം നിലംപരിശാക്കി. അവിടെ കയറി കവര്‍ച്ച നടത്താന്‍ സംഘേതരരായ ആളുകളെ ക്ഷണിച്ചു. വിവരം അറിഞ്ഞ് ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.കുഞ്ഞിക്കണ്ണനുമൊരുമിച്ച് ആ സ്ഥലങ്ങളില്‍ ചെന്ന് അവരെ ആശ്വസിപ്പിക്കാന്‍ പോയിരുന്നു. ശത്രുസൈന്യത്തിന്റെ പടയോട്ടം കഴിഞ്ഞതുപോലത്തെ അന്തരീക്ഷമായിരുന്നു അവിടെ. അടിയന്തരാവസ്ഥയുടെ മുപ്പതാം വാര്‍ഷികത്തിന്, കാസര്‍കോട്ടെ പൗരാവലി, അന്ന് പീഡനം അനുഭവിച്ചവരെ ആദരിക്കാന്‍ ടൗണ്‍ഹാളില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു.
അച്ചുതരാമന് വേഗം സ്ഥാനക്കയറ്റം കിട്ടി. ഉത്തമേഖലാ ഡിഐജിയായിരിക്കെ, അടിയന്തരാവസ്ഥക്കാലത്ത് നടന്ന അതിക്രമങ്ങളെപ്പറ്റി, ജനതാസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേരള സര്‍ക്കാര്‍ നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനായി. തെളിവുകൊടുക്കാനുള്ള കത്ത് എനിക്കും കിട്ടി. അപ്പോള്‍ ആ മനുഷ്യന്റെ കാപട്യം കാണേണ്ടതായിരുന്നു. ഞാന്‍ നല്കിയ തെളിവുകളില്‍ പൈവളിക, കാനത്തൂര്‍ ഗ്രാമങ്ങളെയും പരാമര്‍ശിച്ചിരുന്നു.
ജോലിയില്‍നിന്ന് വിരിമിച്ച ശേഷം അച്ചുതരാമന് സംഘപ്രസ്ഥാനങ്ങള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുത്തതായി അറിയാന്‍ കഴിഞ്ഞു.
ജൂലൈ രണ്ടാംതീയതി അര്‍ദ്ധരാത്രിയില്‍ കോഴിക്കോട്ട് ജില്ലാ ജനസംഘാധ്യക്ഷനായിരുന്ന യു.ദത്താത്രയറാവുവിന്റെ വീടാക്രമിച്ചു കയറിയ പോലീസ് സംഘം അദ്ദേഹത്തെ അനുഭവിപ്പിച്ച യാതനകള്‍ക്ക് കണക്കില്ല. ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു പൈശാചികമായി മര്‍ദ്ദിച്ചു. തലേന്ന് കോഴിക്കോട്ട് ചേര്‍ന്ന ജനസംഘം സംസ്ഥാനസമിതി യോഗത്തിനെത്തിയ പരമേശ്വര്‍ജിയും രാജേട്ടനും എവിടെയെന്നായിരുന്നു ഡിഎസ്പി ലക്ഷ്മണയ്ക്ക് അറിയേണ്ടിയിരുന്നത്.
നാലുദിവസത്തെ പൈശാചികമായ മര്‍ദ്ദനങ്ങള്‍ക്കുശേഷം ജീപ്പ്പ്പിലേക്ക് വലിച്ചെറിഞ്ഞ് കീറിയ ഷര്‍ട്ടും പിഞ്ചിയ മുണ്ടും ധരിപ്പിച്ച്, തിരുവനന്തപുരത്ത് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ബന്ധുവായ ഒരു സിപിഐ നേതാവ്, ജനസംഘം ഉപേക്ഷിച്ചാല്‍, വിടുവിക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും റാവുജി തന്റെ നിശ്ചയദാര്‍ഢ്യം വിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 90-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തെ തല്ലിച്ചതച്ച പോലീസ് മേധാവി ലക്ഷ്മണ, വെള്ളത്തൂവല്‍ സ്റ്റീഫന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയാണ്.
ഇപ്രകാരം ഇന്ദിരാഗാന്ധിയുടെ ഭീകരവാഴ്ചക്കെതിരെ പോരാടി മരണത്തെത്തന്നെ വെല്ലുവിളിച്ച നൂറുകണക്കിന് യുവാക്കളുണ്ടായിരുന്നു. ആലപ്പുഴയില്‍ പ്രചാരകന്മാരായിരുന്ന വൈക്കം ഗോപകുമാറും ശിവദാസനും അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ വിവരിക്കാനാവില്ല. അവര്‍ ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്ന് അറിയാതെ ഒളിവില്‍ പ്രവര്‍ത്തിച്ച സംഘനേതൃത്വം വളരെ ഉഴറിയിട്ടുണ്ട്. മര്‍ദ്ദനത്തിനിരയായ ഗോപകുമാറിനെ സ്ട്രെക്ടചറിലാണത്രെ പോലീസുകാര്‍ ചോദ്യം ചെയ്യാന്‍ അധികൃതരുടെ മുമ്പാകെ എത്തിച്ചത്.
ഏലൂരില്‍ സത്യഗ്രഹം നടത്തിയ മഹിളമാരെയും മര്‍ദ്ദിക്കാനും തെറികൊണ്ടഭിഷേകം നടത്താനും മുഹമ്മദ് കുഞ്ഞിയെന്ന ഇന്‍സ്പെക്ടര്‍ക്ക് ഉളുപ്പുണ്ടായില്ല.
ഏറ്റവും ക്രൂര മര്‍ദ്ദനം നടത്തിയ ഒരാള്‍ പുലിക്കോടന് നാരായണന് എന്ന ഉദ്യോഗസ്ഥനായിരുന്നു. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് മുന്നില്‍ സത്യഗ്രഹമനുഷ്ഠിച്ച ഉദുമയിലെ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തെ പുലിക്കോടന് തന്റെ സകലക്രൂരതകളും പുറത്തെടുത്തു പിച്ചിച്ചീന്തി. പരസ്യമായി അത്രയും കടുത്ത പൈശാചികത അപൂര്‍വമായേ നടന്നിട്ടുള്ളൂ.
ഇവിടെ അവയുടെ മുഴുവന്‍ വിവരങ്ങ്ങള് പോയിട്ട് ഒരു ശതാംശംപോലും നല്കാന് സാധ്യമല്ല. തെറിയിലും അശ്ലീലഭാഷയിലും ഒരു എന്‍സൈക്ലോപീഡിയ തന്നെ തയ്യാറാക്കാന്‍ പോന്ന അത്ര സാഹിത്യം ആ പോലീസ് ഉദ്യോഗസ്ഥര്‍ വിളമ്പിയിരുന്നു. അവയെ പകര്‍ത്തുകയും അച്ചടിക്കുകയും ചെയ്താല്‍ ആ കടലാസ് പോലും ഗര്‍ഭം ധരിക്കുമെന്നാണ് ഒരു സ്വയംസേവകന് അഭിപ്രായപ്പെട്ടത്.
അടിയന്തരാവസ്ഥക്കുശേഷം ജനങ്ങള്‍ അതും അക്ഷരാഭ്യാസമില്ലാത്ത വെറും കണ്ട്രികളെന്നും ഗോസായികളെന്നും കേരളത്തിലെ ”പ്രബുദ്ധ ജനത” ആക്ഷേപിക്കുന്ന പാവപ്പെട്ടവര്‍ ഇന്ദിരയെ മൂലയ്ക്കിരുത്തി ജനതാപാര്‍ട്ടിയെ അധികാരമേല്പ്പിച്ചു. അത് ദീപാളിയാക്കിയ നേതാക്കള്‍ രാജ്യം വീണ്ടും ഇന്ദിരക്ക് പിടിക്കാന്‍ വഴിയൊരുക്കി. മുപ്പത്തഞ്ചുകൊല്ലങ്ങള്ക്കുശേഷം സമാനമായ അവസ്ഥയില്‍ യഥാര്‍ത്ഥ ജനായത്ത രീതിയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റിരിക്കയാണ്. യഥാര്‍ത്ഥ ജനാധിപത്യവും ഐശ്വര്യവും രാജ്യത്ത് കളിയാടുമെന്ന് ആശിക്കാം.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: