പൗരാണികമായ തെന്തിനേയും വിസ്മൃതിയിലേക്ക് തള്ളിവിടുകയെന്നത് ഇന്ന് അത്ര പുതുമയല്ലാതായി മാറിയിരിക്കുന്നു. പുരാണങ്ങള്‍ കേവലം കെട്ടുകഥകളാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ശ്രീരാംഅനും ലക്ഷ്മണനും സീതയും രാവണനുമെല്ലാം ഇന്നത്തെ കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ മാത്രമാകുന്നു.
പുരാണങ്ങളേപ്പറ്റിയും ഇതിഹാസങ്ങളെപ്പറ്റിയും പുതു തലമുറക്കു പറഞ്ഞുകൊടുക്കാന്‍ ഇന്നത്തെ തലമുറക്ക് അത്രവല്യ പിടിയുമില്ല.
പണ്ടുള്ളവര്‍ പാടിയും പറഞ്ഞും കേട്ട കഥകളില്‍ പുരാണേതിഹാസങ്ങള്‍ നിറഞ്ഞു നിന്നു. അവര്‍ക്ക് അത് കേവലം കഥകളായിരുന്നില്ല. വിശ്വാസവും കൂടി ഇഴുക്കിച്ചേര്‍ത്ത്, ജീവിതവുമായി കോര്‍ത്തു ചേര്‍ത്തായിരുന്നു അവര്‍ ആ കഥകള്‍ ഹൃദയങ്ങളില്‍ ചേര്‍ത്തത്.
രാമായണകഥയുടെയും സന്ദര്‍ഭങ്ങളുടെയും സാന്നിദ്ധ്യം കേരളക്കരയിലെമ്പാടുമുണ്ട്. അതു കേരളത്തില്‍ മാത്രമല്ല ഭാരതത്തിന്റെ ഒട്ടെല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. ഭാരത ദേശീയതയുടെ സവിശേഷതയാണത്. രാമായണ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സാര്‍വകാലികതയും സര്‍വ വ്യാപിത്വവുമാണത്. ഈ മഹാകാവ്യം പുണരാത്ത ഒരു നുള്ള് മണലും പുല്‍പ്പരപ്പും പുളിനങ്ങളും ഈ ഭാരതഭൂമിയില്‍ ഉണ്ടാകില്ല. ശ്രീരാമചന്ദ്രന്റെ സീതാന്വേഷണ മാര്ഗ്ഗത്തിനിടയിലും വനവാസക്കാലത്തും കടന്നുപോയ ജനപദങ്ങളും വനസ്ഥലികളും നദീതടങ്ങളും ഇന്നും നമുക്ക് ത്രേതായുഗത്തിലെ സ്മരണകള്‍ നിലനിര്‍ത്തിത്തരുന്ന പൈതൃക സമ്പത്തുകളാണ്. ശബരീപീഠവും ജടായുപ്പാറയും രാമക്കല്‍മേടും ധനുഷ്കോടിയും അങ്ങനെ എത്രയോ സ്ഥലങ്ങള്‍ കേരളത്തില്‍ തന്നെ ദിക്കുകള്‍ക്ക് അതീതമായി രാമപാദസ്പര്ശത്തില് പവിത്രമായി തീര്‍ന്നിരിക്കുന്നു. ഇവ ഒരു പ്രഭാതത്തില്‍ ഉരുവം കൊണ്ട സ്ഥലനാമങ്ങളല്ല. മറിച്ച് ഒരു യുഗപുരുഷന്റെ ജീവിതകാലത്തിന് സാക്ഷ്യം വഹിച്ച ആ സ്മൃതിപഥങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പൗരാണിക ദേശങ്ങളാണ്.
ഈ ദേശങ്ങളുടെ പൗരാണിക പ്രസക്തിക്ക് വേണ്ടത്ര പ്രാധാന്യം നല്കി ആ പ്രദേശങ്ങളെ ലോകത്തിന് മുന്നില്‍ പൈതൃക സമ്പത്തായി അവതരിപ്പിക്കുന്നതിന് ആരുടേയും ശ്രദ്ധ പതിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍ രാമായണത്തില്‍ പ്രതിപാദിക്കുന്ന, പക്ഷിശ്രേഷ്ഠന് ജടായു ചിറകറ്റുവീണ ജടായുപ്പാറയുടെ പൗരാണികത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇതിന്റെ സാധ്യതകള്‍ കണ്ടെത്തുകയാണ് കേരള ടൂറിസം വകുപ്പ്. ജടായുപ്പാറ ഇക്കോ ടൂറിസം എന്ന ബൃഹദ് പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണിപ്പോള്‍. ബിഒടി അടിസ്ഥാനത്തില്‍ 65 ഏക്കര്‍ സ്ഥലം സസ്റ്റൈനബിള്‍ ടൂറിസം എന്ന പേരില്‍ പ്രമുഖ ശില്പിയും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലിന്റെ മേല്‍നോട്ടത്തിലുള്ള ഗുരു ചന്ദ്രിക എന്ന കമ്പനിയ്ക്ക് കൈമാറിയിരിക്കുകയാണ്. ഏകദേശം 100 കോടി രൂപയാണ് നിര്‍മാണ ചെലവ്.
രാമപാദസ്പര്‍ശമേറ്റ ജടായുപ്പാറ
സീതാദേവിയെ അപഹരിച്ചുകൊണ്ട് രാവണന് പുഷ്പക വിമാനത്തില്‍ ലങ്ക ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോള്‍ പക്ഷി ശ്രേഷ്ഠനായ ജടായു തടസ്സം സൃഷ്ടിക്കുന്നു. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ രാവണന്റെ ചന്ദ്രഹാസ പ്രയോഗമേറ്റ് ചിറകറ്റ്് ജടായു നിലത്തുവീഴുന്നു. രക്തം വാര്‍ന്ന് മരണാസന്നനായി കിടക്കുന്ന ജടായുവാണ് ലങ്കാധിപനായ രാവണനാണെന്ന് സീതാദേവിയെ അപഹരിച്ചതെന്ന് ആദ്യമായി രാമലക്ഷ്മണന്മാരെ ധരിപ്പിക്കുന്നത്. സീതാദേവിക്കുവേണ്ടി ആദ്യമായി സ്വജീവന്‍ അര്‍പ്പിക്കാന്‍ തയ്യാറായതും ജടായുവാണ്. രക്തം വാര്‍ന്ന് കിടക്കുന്ന ജടായുവിനെ രാമലക്ഷ്മണന്മാര് കാണുകയും, അദ്ദേഹത്തില്‍ നിന്നും സീതയെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കി ആ പക്ഷി ശ്രേഷ്ഠന് മോക്ഷം നല്‍കുകയും ചെയ്യുന്നു.
ജടായു ചിറകറ്റ് വീണത് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍പ്പെട്ട ചടയമംഗലത്ത്, ഇപ്പോള്‍ ജടായുപ്പാറ എന്നറിയപ്പെടുന്ന പാറയുടെ മുകളിലാണെന്നാണ് വിശ്വാസം. ജടായുവിന്റെ കൊക്കുരഞ്ഞ് അടര്‍ന്ന ഭാഗം ഒരു കുളമായും രൂപാന്തരപ്പെട്ടിട്ടുണ്ട്.
ജടായു-രാവണന് പോരുനടന്ന സ്ഥലം പോരേടം എന്നപേരില്‍ പിന്നീട് അറിയപ്പെട്ടു. ശ്രീരാമന് ജടായുവിന് മോക്ഷം നല്കിയ ശേഷം വിഷ്ണുപൂജ നടത്തിയത് ഇളമാട് എന്ന സ്ഥലത്ത് ചേറ്റുപാറയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂജാവശ്യത്തിനായുള്ള തീര്‍ത്ഥ ജലത്തിനായി വിശ്വകര്‍മാവിനാല്‍ നിര്‍മിക്കപ്പെട്ട 12 അടി താഴ്ചയുള്ള വറ്റാത്ത കുളം ഈ പാറയില്‍ ഇപ്പോഴുമുണ്ട്. ശ്രീരാമഭഗവാന്റേത് എന്ന് കരുതപ്പെടുന്ന പാദത്തിന്റെ ആകൃതിയും ഒരു അത്ഭുതക്കാഴ്ചയാണ്.
കാഴ്ചയുടെ വിസ്മയം ചിറക് വിടര്‍ത്തുന്ന ജടായുപ്പാറ
പാറയ്ക്ക് മുകളിലുള്ള പുരാതന ശ്രീരാമ ക്ഷേത്രത്തിന് സമീപമായി നിര്‍മിക്കുന്ന 60 അടി ഉയരവും 150 അടി വീതിയും 200 അടി നീളവുമുള്ള ജടായുവിന്റെ ശില്പമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. ഉള്ളില്‍ മൂന്ന് നിലകളുള്ള രീതിയിലാണ് ഇതിന്റെ നിര്‍മാണം. ഓരോ നിലകളിലായി 6 ഡി തിയേറ്റര്‍, രാമചരിത്രം ഉള്‍പ്പെടുന്ന ഫാന്റസി മ്യൂസിയം, രാമകഥകള്‍ കോര്‍ത്തിണക്കിയ ചുമര്‍ച്ചിത്രങ്ങള്‍, ഫാമിലികോട്ടേജുകള്, ലഘുഭക്ഷണശാലകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിരിക്കുന്നു. തലയുയര്‍ത്തിപ്പിടിച്ച് ചിറകുകള് വിടര്‍ത്തി ചരിഞ്ഞുകിടക്കുന്ന രീതിയില്‍ പണികഴിപ്പിക്കുന്ന പക്ഷിശില്പത്തിന്റെ കണ്ണുകളില്‍ക്കൂടി സന്ദര്‍ശകര്‍ക്ക് പുറംകാഴ്ചകള്‍ ഒരു ദൂരദര്‍ശിനിയിലെന്നപോലെ കാണുവാന്‍ സാധിക്കുമെന്ന് രാജീവ് അഞ്ചല്‍ പറയുന്നു.
താഴെ നിന്നും ജടായു ശില്പത്തിലേക്ക് എത്തുവാന്‍ ആധുനിക സാങ്കേതിക വിദ്യയോട് കൂടിയ കേബിള്‍ കാര്‍ സൗകര്യം ഒരുക്കുന്നുണ്ട്. സ്വാഭാവിക ഗുഹയ്ക്കുള്ളിലെ ആയുര്‍വേദ റിസോര്‍ട്ട്(അശോകവനം) ഈ വര്‍ഷം ഡിസംബറില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഔഷധ സസ്യത്തോട്ടവും പദ്ധതിപ്രദേശത്ത് പെയ്യുന്ന മഴവെള്ളവും സ്വാഭാവിക നീര്‍ച്ചാലുകളില്‍ നിന്നും ലഭിക്കുന്ന വെള്ളവും സംഭരിക്കുവാന്‍ വേണ്ടിയുള്ള വലിയ മഴവെള്ള സംഭരണികളും ഹെലിടാക്സിയും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് പൂര്‍ത്തിയാക്കപ്പെടുന്നത്. അഡ്വഞ്ചര്‍ പാര്‍ക്കിന്റെ നിര്‍മാണം സെപ്റ്റംബര്‍ മാസം പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ജടായുപ്പാറ ചുറ്റിയുള്ള ട്രക്കിംഗ് ഇപ്പോള്‍തന്നെ ആരംഭിച്ചിട്ടുണ്ട്. പാറയ്ക്ക് മുകളില്‍ സജ്ജീകരിച്ചിരിക്കുന്ന പുഷ്പക വിമാനം പദ്ധതിക്ക് ബാംഗ്ലൂരിലെ ഏവിയേഷന്‍ കമ്പനിയാണ് ചുമതല വഹിക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പാരിസ്ഥിതികാനുമതികൂടി ലഭിച്ചതോടെ 2015 ല്‍ പദ്ധതി പൂര്‍ണമായും പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാനാകുമെന്നാണ് രാജീവ് അഞ്ചലിന്റെ പ്രതീക്ഷ. നടന് സുരേഷ് ഗോപിയാണ് ഈ ടൂറിസം പദ്ധതിയുടെ ബ്രാന്റ് അംബാസഡര്‍.
ജടായു എന്ന പക്ഷി ശ്രേഷ്ഠന്റെ സ്മരണകള്‍ ആവോളം ഉയരുന്ന ഈ ജടായുപ്പാറ ഇനി ലോക ടൂറിസം ഭൂപടത്തിലേക്കും താമസം കൂടാതെ ഇടം പിടിക്കും. ഈ ഇക്കോ ടൂറിസം പദ്ധതി കേവലം വിനോദത്തിനുപരിയായി രാമായണത്തെ അടുത്തറിയുന്നതിനും അനുഭവവേദ്യമാക്കുന്നതിനും കൂടി സഹായകവാകുമെന്ന് പ്രതീക്ഷിക്കാം.
കലഞ്ഞൂര്‍ ജയകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: