”പിതാ രക്ഷതി കൗമാരേ…..”
ഒന്‍പതാം ക്ലാസിലെ മലയാള പാഠ പുസ്തകത്തില്‍നിന്നും മനുസ്മൃതി അലകള്‍ ഉയര്‍ന്നു.
അവള് ചിരിച്ചു.
ഉറക്കെ.
മൗനക്കടലില്‍ ഒരു വെള്ളിപ്പാദസരം കിലുങ്ങിയപോലെ.
ഇമ വെട്ടാതെ നാല്‍പ്പത്തിയേഴു ജോഡി കണ്ണുകള്‍ ചിരിയുടെ കാരണമാരാഞ്ഞു.
നുര്അഞ്ഞുപൊന്തിയ രോഷം ഒളിപ്പിച്ചു നിര്‍ത്തിയ മറ്റൊരു ചിരി…. ടീച്ചറുടേത്…..
ദിവാ സ്വപ്നമോ….നേരമ്പോക്കോ…..
ചിരിയുടെ കാരണമറിയാതെ ഒരു ഘടികാര സൂചിപോലും ചലിക്കില്ലിനി.
പേടി തോന്നിയില്ല അവള്‍ക്ക്.
ഉള്ളിലെ പ്രളയം അണകെട്ടി നിര്‍ത്തിയിരിക്കുന്ന ഭയത്തിന്റെ മണല്‍ത്തിട്ടകള്‍ പൊട്ടിച്ച് ഒരു ചിരിയെങ്കിലും ചോര്‍ന്നല്ലോ എന്നാശ്വസിച്ചു.
അവള് എണീറ്റു.
വരുതിയില്‍ വരാത്ത വാക്കുകളെ
ഒളിച്ചിരിക്കുന്ന കാട്ടുപൊന്തയെ
അമ്മയുടെ നിസ്സംഗതയെ
കീഴ്പ്പെട്ടു പോകുന്ന നിസ്സഹായതയെ
ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ചോദിച്ചു.
”അപ്പോള്‍ പിതാവില്നിന്നാര് രക്ഷിക്കും”
അവള് പുറത്തുനിന്നു.
മഴ നനഞ്ഞ്, ശാന്തയായി, സംതൃപ്തയായി.
പക്ഷേ,
മരിച്ചിട്ടും അവളെ താന്‍ എന്തിന് മഴയത്ത്
നിര്‍ത്തിയെന്ന് ടീച്ചര്‍ക്കറിയില്ലായിരുന്നു…
സീതാലക്ഷ്മി കെ.എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: