ദീര്‍ഘ കാലത്തെ രാഷ്ട്രീയ ജീവിതം…എല്ലാവര്ക്കും അതിനെക്കുറിച്ച് വ്യക്തമായി അറിയാം. എന്നാല്‍ താങ്കളുടെ വ്യക്തിജീവിതത്തെക്കുറിച്ച് എല്ലാവര്ക്കും അറിയില്ല, കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് പറയാമോ?
തുറന്നു പറയട്ടെ, കുടുബത്തിന് ഒരിക്കലും രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നില്ല. എന്റെ രക്ഷിതാക്കള്‍ക്ക് രാഷ്ട്രീയ പശ്ചാത്തലമില്ല. മാഹാരാഷ്ട്രയിലെ കൊന്കന് പ്രദേശത്തെ ആര്‍എസ്എസ് സംഘചാലകായിരുന്നു അച്ഛന്. രാഷ്ട്ര സേവികാ സമിതിയിലെ സജീവ പ്രവര്‍ത്തകയായിരുന്നു അമ്മ. ആര്‍എസ്എസ് സംസ്കാരത്തില്‍ നിന്നാണ് ഞാന്‍ വളര്‍ന്നത്. മഹാജന് കുടുംബം ഇന്‍ഡോറിലായിരുന്ന സമയത്ത് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമായിരുന്നു. സമൂഹത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്യുകയെന്നത് പിന്നീട് എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമായി മാറി. എന്റെ വ്യക്തിജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമെന്നത് കുട്ടിക്കാലം മുതല്ക്കുള്ള വായനാശീലമായിരുന്നു. വായിച്ചു തീര്‍ക്കാതെ ഒരു തുണ്ടു കടലാസുപോലും കളയരുതെന്ന് ആഗ്രഹിച്ചിരുന്നു. ഇത് ജീവിതത്തിലെ എല്ലാ ഘടകങ്ങളെക്കുറിച്ചും പഠിക്കാന്‍ എനിക്ക് സഹായകമായി.
സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള പ്രചോദനമെന്തായിരുന്നു?
രണ്ട് വ്യക്തികളാണ് രാഷ്ട്രീയത്തിലേക്ക് വരാനുള്ള കാരണം. 1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ജനാധിപത്യ വിരുദ്ധമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതിഷേധം ആര്‍ത്തിരമ്പി. ഈ സംഭവമാണ് എന്നെ പൊതു സമൂഹത്തിലേക്ക് എത്തിച്ചത്. ജയിലറകളില്‍ അടക്കപ്പെട്ടവരുടെ കുടുംബങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്നതിനും അവര്‍ക്ക് പിന്തുണ നല്കുന്നതിനുവേണ്ടിയും ഞാന്‍ മുന്നിട്ടിറങ്ങി. ചില യോഗങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചു. ഇതായിരുന്നു എന്റെ ആദ്യത്തെ രാഷ്ട്രീയ രംഗപ്രവേശം. രാഷ്ട്രീയ നേതാവായിരുന്ന അന്തരിച്ച കുശഭാവു താക്കറെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എന്നെ നയിച്ചത്. രാജമാത വിജയരാജെ സിന്ധ്യയെന്ന നേതാവിനെ അദ്ദേഹം പരിചയപ്പെടുത്തി. പിന്നെ വ്യവസ്ഥാപിതമായി തന്നെ എന്റെ രാഷ്ട്രീയ ജീവിതം വളരാന്‍ തുടങ്ങി. താക്കറെജിയും സിന്ധ്യാജിയുമാണ് എന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് പറയാം.
പുതിയ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞാണ് കടന്നുവന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രത്യേക തയ്യാറെടുപ്പുകള്‍ ഇതിനുവേണ്ടി എടുത്തിട്ടുണ്ടോ?
സത്യസന്ധമായി പറയട്ടെ, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. എന്നാല്‍ എംപിയായിരുന്ന കാലത്ത് ദീര്‍ഘകാലം ഈ പ്രക്രിയകള്‍ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ലോക്സഭയിലെ നിയമങ്ങളേക്കുറിച്ച് എനിക്ക് നല്ല അവബോധമുണ്ട്. എന്നാല്‍ പാര്ലമെന്റ്അംഗങ്ങളുടെ മോശം പെരുമാറ്റവും സഭാ സ്തംഭനവുമൊക്കെ ചിലപ്പോഴെങ്കിലും വേദനിപ്പിക്കാറുണ്ട്. ഇക്കാര്യത്തില്‍ ചില മുതിര്‍ന്ന നേതാക്കളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. മുന്‍കാലത്തെ സ്പീക്കര്മാരേക്കുറിച്ചും പാര്‍ലമെന്റിലെ അവരുടെ പങ്കാളിത്തത്തെക്കുറിച്ചും ഞാന്‍ പഠിച്ചിട്ടുണ്ട്. വ്യക്തിപരമായി ചിന്തിക്കുമ്പോള്‍ ഇതൊരു അനുഭവമാണ്. അതിലുപരി അങ്ങേയറ്റം പ്രധാനപ്പെട്ട പദവിയുമാണ്.
എല്ലാ അംഗങ്ങളും താങ്കള്‍ക്ക് മുന്നില്‍ ഒരു പോലെയാണ്. എന്നാല്‍ വനിതാ എംപിമാര്‍ താങ്കളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. പലപ്പോഴും പുരുഷകേന്ദ്രീകൃത ഭരണസംവിധാനത്തില്‍ സ്ത്രീകളുടെ ശബ്ദം അവര്‍ക്കുമുന്നില്‍ കീഴ്പ്പെട്ടുപോവുകയാണ്. ഇതില്‍ മാറ്റമുണ്ടാകുമോ?
ഒരു പാര്ലമെന്റേറിയന് എന്ന നിലയില്‍ എന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍. അതുകൊണ്ടു തന്നെ അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി സംസാരിക്കും. സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്കുവേണ്ടി സംസാരിക്കാനും ശ്രമിക്കും. എനിക്ക് തോന്നുന്നത് സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നാണ്. നിയമനിര്‍മാണ സഭകളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. നിരുത്സാഹപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെ എല്ലാം പഠിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. പ്രത്യേക വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ അവര്‍ ശ്രമിക്കണം. ഫിനാന്‍സ് ബില്ലിനെക്കുറിച്ച് ഒരിക്കല്‍ ചോദിക്കേണ്ട അവസരം വന്നപ്പോള്‍ അതേക്കുറിച്ച് പഠിക്കാന്‍ ഞാന്‍ തയ്യാറായി. ടാക്സേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ഞാന്‍ കണ്ടെത്തി.
300-ലധികം അംഗങ്ങളാണ് ആദ്യമായി ലോക്സഭയില്‍ എത്തിയിരിക്കുന്നത്. എന്താണ് ഇവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്? ഇവരുടെ പരിശീലനത്തിനായി എന്തെങ്കിലും വ്യവസ്ഥകള്‍?
ചിലരൊക്കെ ആദ്യമായി ലോക്സഭയിലെത്തുന്നവരാണ്. സംസ്ഥാന നിയമസഭകളില്‍ അംഗങ്ങളായിരുന്നവരാണ് ഇതില്‍ കൂടുതല്‍ പേരെന്നും എനിക്കറിയാം. ചിലര്‍ക്ക് പ്രാദേശിക ഭരണകൂടങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള അനുഭവസമ്പത്തുണ്ട്. നിയമങ്ങളും നടപടിക്രമങ്ങളും വ്യത്യസ്തമാണ്. എന്നാല്‍ പ്രവര്‍ത്തനങ്ങളും പ്രതീക്ഷകളും രണ്ടിടത്തും ഒന്നാണ്. സ്പീക്കര്‍ പദവിയിലിരുന്നുകൊണ്ട് എല്ലാവരേയും അവരുടെ അനുഭവ സമ്പത്തുകൊണ്ട് മനസിലാക്കാന്‍ ശ്രമിക്കും. ലോക്സഭാ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള വ്യവസ്ഥയുണ്ട്. ഇതിലൂടെ അംഗങ്ങളുമായി കൂടുതല്‍ ഇടപെടാനും നൂതന പരിപാടികള്‍ നടപ്പാക്കാനും ശ്രമിക്കും. പാര്‍ലമെന്റ് ലൈബ്രറി മെച്ചപ്പെടുത്തുക എന്നതാണ് എന്റെ മറ്റൊരു അജണ്ട. ഏറ്റവും സമ്പന്നമായ ലൈബ്രറികളിലൊന്നാണ് പാര്‍ലമെന്റിലേത്. എല്ലാ അംഗങ്ങളും ഈ മൂല്യവത്തായ ഉറവിടത്തെ തിരിച്ചറിയാന്‍ ശ്രമിക്കണം.
ഇന്ത്യന്‍ പാര്‍ലമെന്റ് സമ്പ്രദായത്തിലെ ചിലതെല്ലാം ആലങ്കാരികമാണ്. വിദേശ പാരമ്പര്യത്തിന്റെ അന്ധമായ അനുകരണം മാത്രമാണ് പലതും. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിക്കുമോ?
ഈ പറയുന്ന അലങ്കാരങ്ങളില്‍ പലതും പ്രധാനപ്പെട്ടതാണ്. അത് സംരക്ഷിക്കപ്പെടേണ്ടതാണ്. മറ്റ് രാജ്യങ്ങളിലെ ഭരണഘടനകളുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മിച്ചിരിക്കുന്നത്. ഭരണഘടനയുടെ ചരിത്രത്തെക്കുറിച്ചും നമുക്കറിയാം. വലിയൊരു പാരമ്പര്യത്തില്‍ നിന്നാണ് ഭരണഘടന ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ വേദങ്ങളും ശ്ലോകങ്ങളും പാര്‍ലമെന്റിനുള്ളില്‍ ആലേഖനം ചെയ്തിരിക്കുന്നത്. നമ്മള് മതമില്ലാത്തവരുമല്ല, മതവിരുദ്ധരുമല്ല, ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പല പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഇതേക്കുറിച്ച് അവബോധമില്ല. നമ്മുടെ വേദങ്ങളെ സംരക്ഷിക്കണമെന്ന് പാര്‍ലമെന്റില്‍ ആദ്യമായി ആവശ്യപ്പെട്ടത് ഞാനാണ്. എന്നാല്‍ ഈ പ്രകൃയ സാവാധാനം മാത്രമേ നടക്കൂ. ആവശ്യം വരുമ്പോള്‍ അനിവാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. എന്നാല്‍ പാരമ്പര്യങ്ങളുടെ കര്‍ക്കശമായ മാറ്റങ്ങള്‍ ആര്‍ക്കും ആവശ്യമില്ല.
ലോക്സഭാ സ്പീക്കര്‍ എന്ന നിലയില്‍ താങ്കള്‍ക്കു മുന്നിലെ പ്രഥമ പരിഗണന, വെല്ലുവിളി എന്തെല്ലാമാണ്?
ഭരണപക്ഷം കേവല ഭൂരിപക്ഷത്തിലും പ്രതിപക്ഷം പലതട്ടിലുമാണ്. എല്ലാവര്ക്കും തുല്യ പരിഗണന നല്‍കുക എന്നതാണ് ഏറ്റവും പ്രധാന വെല്ലുവിളി. നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം സംരക്ഷിക്കുക എന്നത് മറ്റൊരു വെല്ലുവിളി.
മാധ്യമങ്ങള്‍ക്ക് ഇതില്‍ വലിയൊരു പങ്കുവഹിക്കാനുണ്ട്. പാര്‍ലമെന്റ് സംവാദങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യാനുള്ള അനുമതിയില്‍ ഇപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. പാര്‍ലമെന്റിനകത്ത് നടക്കുന്ന വാദപ്രതിവാദങ്ങള്‍, അംഗങ്ങള്‍ തമ്മിലുള്ള വാദങ്ങള്‍ എന്നിവ നല്‍കാനാണ് മാധ്യമങ്ങള്‍ കൂടുതല്‍ സമയം കണ്ടെത്തുന്നത്.
ഗുണപരമായി ചിന്തിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് അവസനാത്തെ വെല്ലുവിളി. എല്ലാവരുടേയും പങ്കാളിത്തത്തോടെ പരമാവധി ജോലികള്‍ പൂര്‍ത്തിയാക്കുക, പാര്‍ലമെന്റിന്റെ ഗുണപരമായ പ്രവര്ത്തനങ്ങക്കുവേണ്ടി നിലകൊള്ളുക എന്നിവക്കാണ് പ്രഥമ പരിഗണന. എല്ലാ വെല്ലുവിളികള്ക്കൊപ്പവും ഇതെല്ലാം കൈകോര്‍ത്ത് മുന്നോട്ടുപോകും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: