ന്യൂദല്‍ഹി: വിഖ്യാത സംഗീതജ്ഞന് ഉസ്താദ് അംജദ് അലിഖാന്റെ കാണാതായ സരോദ് തിരിച്ചുകിട്ടി. ബ്രിട്ടീഷ് എയര്‍വേയ്സ് അധികൃതരാണ് സംഗീതോപകരണം കണ്ടെത്തി നല്‍കിയത്. ലണ്ടനിലെ വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലില്‍ ബാഗേജുകളുമായി ബന്ധപ്പെട്ട സംവിധാനം തകരാറിലായതാണ് സരോദ് കാണാതാകാന്‍ കാരണമായതെന്ന് ബ്രിട്ടീഷ് എയര്‍വേയസ് അറിയിച്ചു.
45 വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന സരോദാണ് ബ്രിട്ടീഷ് എയര്‍വേയിസിന്റെ വിമാനത്തിലെ യാത്രയ്ക്കിടെ കാണാതായത്. കഴിഞ്ഞ ശനിയാഴ്ച ലണ്ടനില്‍നിന്ന് ദല്‍ഹിയിലേയ്ക്ക് വരുമ്പോഴായിരുന്നു ഈ വന്‍ നഷ്ടം സംഭവിച്ചത്. 68 കാരനായ പത്മവിഭൂണ്‍ അലി ഖാന് ഇന്നലെ ടിറ്റ്വറിലൂടെ സരോദ് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ചു.
ജൂണ്‍ 21 ന് ലണ്ടനിലെ ഡാര്ടിംങ്ടണ് കോളേജില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ഭാര്യ സുബ്ബലക്ഷ്മിയുമായി തിരിച്ചുവരുമ്പോഴായിരുന്നു സരോദ് നഷ്ടപ്പെട്ടത്. ആറ് കോടി വിലമതിക്കുന്നതാണ് സരോദ്.
ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ഓന്നാം ക്ലാസിലായിരുന്നു ലണ്ടനില്‍നിന്നുള്ള യാത്ര. ജൂണ്‍ 28ന് ദല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോഴാണ് സരോദ് കാണാതായവിവരം ഖാന് അറിഞ്ഞത്. പിന്നീട് അഞ്ച് മണിക്കൂറോളം വിമാനത്താവളത്തില്‍ കാത്തിരുന്നു. വിമാനത്താവള അധികൃതര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സരോദിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കായി 48 മണിക്കൂറായി കാത്തിരുന്നെന്നും അംജദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: