ബീജിംഗ്: ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 113 പേര്‍ക്ക് ചൈനീസ് കോടതി 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ വിധിച്ചു. പടിഞ്ഞാറന്‍ സിന്‍ജിയാംഗിലെ കോടതികളാണ് വീഗര്‍ വംശജരായ ഇസ്ലാമിക ഭീകരവാദികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ചത്. വിഘടനവാദത്തിനും ഭീകരവാദത്തിനും എതിരെ ചൈന സ്വീകരിക്കുന്ന ശക്തമായ നടപടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ കോടതിവിധി. സിന്‍ജിയാംഗ് പ്രാദേശിക ഭരണകൂടമാണ് ശിക്ഷ വിധിച്ച കാര്യം പ്രസ്താവിച്ചത്.
സിന്‍ജിയാംഗിലും സമീപപ്രദേശങ്ങളിലും അക്രമങ്ങള്‍ നടത്തുന്ന മതഭീകരരെയും വിഘടനവാദികളെയും അടിച്ചമര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാെണന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭീകരര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഇസ്ലാമിക മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിച്ചമര്‍ത്തലാണ് അക്രമത്തിന് കാരണമെന്ന് വിദേശത്തുള്ള വീഗര്‍ ഭീകരസംഘങ്ങള്‍ ആരോപിക്കുന്നു. അതേസമയം ചൈനീസ് ഭരണകൂടം ഇക്കാര്യം നിഷേധിക്കുകയാണ്.
മധ്യേഷ്യയുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വിഭവസമൃദ്ധവും തന്ത്രപ്രധാനവുമായ പ്രദേശമാണ് സിന്‍ജിയാംഗ്. വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യത്തിന് ചൈന കണ്ടുവച്ചിരിക്കുന്ന സ്ഥലവുമാണിത്. ഇവിടത്തുകാരായ ഹാന്‍ വംശജരായ ചൈനക്കാര്ക്കെതിരെയാണ് വീഗര്‍ ഇസ്ലാമിക ഭീകരര്‍ പോരാടുന്നത്.
പതിനൊന്ന് കോടതികളിലായി കഴിഞ്ഞ ബുധനാഴ്ചയാണ് 113 വീഗര്‍ ഭീകരര്‍ക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്. ഞായറാഴ്ചയാണ് സിന്‍ജിയാംഗിന്റെ ഔദ്യോഗിക വെബ്സൈറ്റ് വാര്‍ത്ത പുറത്തുവിട്ടത്. ശിക്ഷ ലഭിച്ചത് ഏത് മതക്കാര്ക്കാണെന്ന് വെബ്സൈറ്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും എല്ലാവരുടെയും പേരുകള്‍ വീഗര്‍ വംശജരായ മുസ്ലീങ്ങളുടേതാണ്.
ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കി, വംശീയ വിദ്വേഷം കുത്തിപ്പൊക്കി, ബഹുഭാര്യാത്വം പ്രോത്സാഹിപ്പിക്കുകയും മയക്കുമരുന്ന് കടത്തുകയും ചെയ്തു തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടത്. സിന്‍ജിയാംഗിന്റെ തലസ്ഥാനമായ ഉറുംഖിയില്‍ കഴിഞ്ഞ മാസം വീഗര്‍ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ 39 പേര് കൊല്ലപ്പെട്ടിരുന്നു. ഈവര്‍ഷം മാര്‍ച്ചില്‍ കുന്മിംഗിലെ റെയില്‍വേസ്റ്റേഷനില്‍വെച്ച് 29 പേരെ വീഗര്‍ മുസ്ലിം ഭീകരര്‍ അടിച്ചുകൊല്ലുകയുണ്ടായി. അക്രമം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 380 പേരെ അറസ്റ്റുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: