ന്യൂദല്‍ഹി: വിഖ്യാത സംഗീതജ്ഞന് ഉസ്താദ് അംജദ് അലി ഖാന്റെ സരോദ് കാണാതായി. കഴിഞ്ഞ 45 വര്‍ഷമായി അദ്ദേഹം ഉപയോഗിക്കുന്ന സരോദാണ് കാണാതായത്. ലണ്ടനില്‍ നിന്നും ദല്‍ഹിയിലേക്ക് മടങ്ങിവരുമ്പോള്‍ ബ്രിട്ടീഷ് എയര്വേയ്സില് വെച്ചാണ് സരോദ് കാണാതായത്.
രവീന്ദ്രനാഥ ടാഗോറിന്റെ പേരില്‍ ലണ്ടനിലെ ഒരു കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അംജദും, ഭാര്യ സുബ്ബലക്ഷ്മിയും. ജൂണ്‍ 21 അവിടെയെത്തിയ ഇരുവരും 28-ന് ഇന്ത്യയില്‍ മടങ്ങിയെത്തി. ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സരോദ് നഷ്ടപ്പെട്ടത് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ആറ് കോടി വിലമതിക്കുന്നതാണ് നഷ്ടപ്പെട്ട സരോദ്. സരോദ് നഷ്ടപ്പെട്ട വിവരം വിമാനത്താവളഅധികൃതരെ അറിയിച്ചതിനെതുടര്‍ന്ന് മണിക്കൂറുകളോളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ 48 മണിക്കുറായി സരോദ് സംബന്ധിച്ച വാര്‍ത്തകള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും, ഇത്രയും വലിയൊരു വിമാനക്കമ്പനിക്ക് എങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറാന്‍ കഴിയുമോയെന്നും അംജദ് ചോദിച്ചു. എങ്ങനെയെങ്കിലും തന്റെ സരോദ് കണ്ടെത്തി തന്നാല്‍ മതി, നഷ്ടപരിഹാര തുക വേണ്ട. പ്രാണനെപ്പോലെ സൂക്ഷിച്ചുവരുന്നതാണ് ആ സരോദ്, ഇനി താന്‍ എന്തു ചെയ്യുമെന്നും അംജദ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: