ആടി ഉലയുന്ന നര്ത്തനകലകള്, സാന്ദ്ര സംഗീതം പൊഴിയുന്ന നിലകള്‍. മുദ്രയുടെ പൂര്‍ണിമയില്‍ നൃത്യത്തിന്റെ വര്ണശില്പ്പങ്ങള് വാര്‍ന്നുവീഴുകയാണ്. തിളങ്ങിത്തുളുമ്പും കിരീടത്തിലെ മയില്‍പ്പീലിക്കണ്ണുകളില്‍ അനന്ത സ്വപ്നങ്ങള്‍ വിരിഞ്ഞാടുകയാണ്. ചേങ്ങിലയും ചെണ്ടയും ചേര്‍ന്ന് ധ്വനിഗീതകങ്ങള് പശ്ചാത്തലത്തില്‍ മുഴങ്ങുന്നുണ്ട്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ അരങ്ങില്‍ ഒരു രംഗപാഠം എഴുതുകയാണ്. പകര്‍ന്നാട്ടത്തിന്റെ ലയസമൃദ്ധിയില് സര്‍വം കൃഷ്ണമയമാകുന്നു. ലാസ്യലഹരിയില്‍ സഹൃദയഹൃദയം ആ മന്ത്രണം പൊഴിക്കുന്നു. ‘കൃഷ്ണോഹം’ ഞാന്‍ കൃഷ്ണനാകുന്നു. വേദിയും സദസ്സും കൃഷ്ണാവബോധത്തില്‍ അദ്വൈതം പ്രാപിക്കുന്നു.
പകര്‍ന്നാട്ടത്തില്‍ പാത്രത്തിന്റെ ആന്തരികതയെ അരങ്ങിന്റെ സംവേദനത്വത്തിലേക്ക് സംക്രമിപ്പിക്കുന്ന വിസ്മയവിദ്യയാണ് ഗുരുവിന് അഭിനയകല. നമ്മുടെ ഉള്ളില്‍ ഉറങ്ങുന്ന പരംപൊരുളിനെ-മഹാവിഷ്ണുവിനെ-ഉണര്‍ത്തുന്ന നര്‍ത്തന വിദ്യയാണത്-കൃതിപാഠത്തിനും രംഗപാഠത്തിനുമിടയില് ചേമഞ്ചേരി സ്വയം ആട്ടപ്രകാരമായി മാറുന്ന സംവേദനാത്മകമായ സേതുബന്ധനം. ആംഗിക സാത്വിക ആഹാര്യാഭിനയ പൂരണങ്ങളിലൂടെ ധ്വന്യാത്മകമായ വാചികസങ്കേതങ്ങളും ഇവിടെ അഭിനയ മുഹൂര്‍ത്തങ്ങളുടെ ശക്തിലാവണ്യം കൊരുക്കുകയാണ്. ചേമഞ്ചേരി രംഗത്തെത്തി ആവിഷ്കാര കൗതുകത്തിന്റെ സമയസഞ്ചാരത്തിനൊടുക്കം ഒരല അദ്ദേഹത്തെ ചൂഴ്ന്ന് നില്ക്കുന്നതായി അനുഭവപ്പെടും. സ്വന്തം നാട്യവിശുദ്ധിയില് സമരരുചിരമായൊരു നാട്യഗൃഹം ശില്പ്പസമൃദ്ധിയോടെ പൂര്‍ത്തീകരിക്കുകയാണ് ചേമഞ്ചേരി. ഓരോ ശിലയിലും ബിംബകല്‍പ്പനയുടെ ചാരുതകള്‍ പണിയുന്നു. ഭാവഭംഗിയുടെ അഭിനയസങ്കേതങ്ങള്‍ അവിടെ പിറവി കൊള്ളുകയായി. കളിവിളക്കിന് തിരിയും ചേമഞ്ചേരിയോടൊപ്പം നടനപ്പെരുക്കങ്ങളിലാണ്. കളിചെണ്ടയുടെ ആരോഹണാവരോഹണ ക്രമത്തില്‍ തിരിവെട്ടം മങ്ങിയും പൊങ്ങിയും ആടിയുലഞ്ഞു. ഉണര്ന്നെഴുന്ന ആത്മതാളത്തില്‍ ലാവണ്യകല മുരളിയൂതി. ഭാവുകന്റെ കണ്ണിലും കാതിലും കരളിലും ചേമഞ്ചേരി വിസ്മയകേളിയായി. തിരനോട്ടത്തിലെ വിശ്വദര്‍ശന സമാനമായ സന്ദേശത്തിന്റെ അദൃശ്യഭംഗി ആ ഭാവാത്മകമായ അഭിനയസിദ്ധിയില്‍ ലയം നേടുന്നു.
സ്വശരീരത്തെ കലയുടെ ശരീരലാവണ്യമാക്കുന്ന അഭിനയ തപസ്യയില്‍ ഗുരുലക്ഷ്യം നേടുന്നു. ആ മെയ്വഴക്കവും ആത്മവഴികളും ലയനമാണ് ഭാവാവേശത്തിന്റെ അഭിനയസിദ്ധികളില് വിളക്ക് വെയ്ക്കുകയാണ്. നാട്യശാസ്ത്രത്തിന്റെ സിദ്ധാന്ത കൗതുകങ്ങള്‍ക്ക് മനോധര്‍മത്തിന്റെ വ്യാഖ്യാനമെഴുതുന്ന സ്വതന്ത്ര കലയാണ് കുഞ്ഞിരാമന് നായര്‍ക്ക് അഭിനയം. കലയുടെ ഉള്ളില്ത്തരിക്കുന്ന നിത്യതയടെ ആ മന്ത്രണത്തെയാണ് ചതുര്വിധാഭിനയമാര്ഗ്ഗങ്ങളില് ഗുരു ഉപാസിക്കുന്നത്. നാട്യധര്‍മിയുടെ സഹജപാതയിലൂടെ ലോകധര്‍മിയുടെ സഹസഞ്ചാര വൈഭവവും ഗുരുവിന്റെ അഭിനയകലയുടെ അപൂര്‍വരുചിരമായ മുദ്രയാണ്.
സത്വാരിക്തമായ അഭിനയമാണ് ഉത്തമമെന്ന് ആചാര്യന്മാര് വിധിയെഴുതിയിട്ടുണ്ട്. മനസ്സിന്റെ ഏകാഗ്രതയില്‍ നിന്ന് രൂപപ്പെട്ട് നടന്റെ അംഗം പ്രത്യംഗങ്ങളിലൂടെ ദേഹം മുഴുവന്‍ വ്യാപിച്ചുണ്ടാകുന്ന അമൂര്‍ത്തവും അവ്യാഖ്യേയവുമായ ഊര്‍ജ്ജമാണ് സത്വം. സ്ത്രൈണ ഭാവഹാവാദികള്ക്കപ്പുറമായി പുരുഷന്മാരുടെ ശോഭവിലാസാദി ഗുണങ്ങളെല്ലാം സത്വത്തിന്റെ ആംശികഘടകങ്ങളായി ഉള്‍ച്ചേരും. സാത്വികമായ അഭിനയ ശ്രേണിയിലാണ് ചേമഞ്ചേരിയുടെ സഞ്ചാരം. സ്തംഭം, സ്വേദം, രോമാഞ്ചം, സ്വരഭംഗം, വേപഥു, വൈവര്‍ണ്യം, അശ്രു, പ്രളയം എന്നീ എട്ട് സാത്വികഭാവങ്ങളും അഭ്യാസപാടവത്തിനപ്പുറം ഹൃദയത്തിന്റെ അതിസൂക്ഷ്മ വൈകാരിക സ്ഫോടനമായി നടനില്‍ പൊട്ടിപ്പുറപ്പെടണം. ഇത് അഭിനയ തപസ്സിന്റെ ഏകാന്തവും ഏകാഗ്രവുമായ ഫലസിദ്ധിയാണ്. ചേമഞ്ചേരിയിലെ നടന് ഈ ലക്ഷ്യത്തെ പൂര്‍ണമായി അരങ്ങില്‍ സാക്ഷാത്കരിക്കുന്നു. സ്ഥായിയെ മുന്‍നിര്‍ത്തിയുള്ള വ്യഭിചാരി സാത്വികഭാവങ്ങളുടെയും അനുഭാവങ്ങളുടേയും അഭിനയമാണ് സഹൃദയന്റെ രസാനുഭവ പ്രത്യക്ഷത്തിന് കാരണമായിത്തീരുന്നത്. സൂക്ഷ്മവും വിശദീഭൂതവുമായ രസസന്നിവേശം പ്രാപ്തിയിലാണ് ഈ മഹാനടന് വിജയിക്കുന്നത്. ദൂതിന്റെ നാടകീയ സംഘര്‍ഷങ്ങളില്‍ ചടുലചുവടുകളില് കൃഷ്ണന് പീഠമേറി ശംഖുചക്രാദികളോടെ വിശ്വരൂപത്തിന്റെ വിസ്മയപ്പൊലിമയിലെത്തുന്നു. മുഹൂര്‍ത്തത്തിന്റെ ഓളപ്പരപ്പില്‍ സര്‍വം മറന്ന് സഹൃദയര്‍ അരങ്ങിലോടിക്കേറി വിശ്വരൂപിയെ സാഷ്ടാംഗം പ്രണമിക്കുന്നു. തന്മയീഭാവലഹരിയില് അതുപോലും ചേമഞ്ചേരിയിലെ നടനറിയുന്നില്ല.
കഥാപാത്രമേതിന്റെയും ആത്മാവിലലിയുന്ന അത്ഭുതവിദ്യ ചേമഞ്ചേരിയുടെ മൗലികസിദ്ധിയാണ്. കൃഷ്ണനും കുചേലനും നളനും ദുര്യോധനനും ദുശ്ശാസനനും ഭീമനും കീചകനും പാഞ്ചാലിയും പരശുരാമനും വേഷപ്പകര്‍ച്ചയില്‍ വൈവിധ്യസമൃദ്ധിയുടെ നിരയായി ആ അഭിനയചരിതത്തിലുണ്ടെങ്കിലും ആവിഷ്ക്കാരത്തിന്റെ ആത്മസംലയനത്തിലും ആത്മസംതൃപ്തിയിലും കൃഷ്ണവേഷത്തിന്റെ നീലിമയിലാണ് നാട്യസാക്ഷാത്ക്കാരമെന്ന് ഗുരു സ്വയം മൂല്യനിര്‍ണയം നടത്തിയിട്ടുണ്ട്. ”പാണ്ഡവന്മാര്‍ക്കായി കൗരവസമീപം കൃഷ്ണന് ദൂതു പറയുന്നു. നിര്‍ണായക മുഹൂര്‍ത്തത്തില്‍ ഭഗവാന് വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നു. കൃഷ്ണന്റെ വിശ്വരൂപമാണ് അരങ്ങില്‍ എനിക്ക് ഏറെ സംതൃപ്തി നല്‍കിയത്. തൊണ്ണൂറ്റിയെട്ട് വയസ്സില്‍ എത്തിനില്‍ക്കുന്ന എന്റെ ജീവിതം സാര്‍ത്ഥകമായി എന്ന് നിരന്തരം തോന്നാറുള്ളതും ഈ അസുലഭ നിമിഷത്തിന്റെ ഓര്‍മയിലാണ്.” കേവലം ഭക്തിയുടെയും വിശ്വാസത്തിന്റെയും സന്തര്‍പ്പണ തലത്തിലല്ല ആശാന്റെ ഈ നിരീക്ഷണം. ആത്മപരിശോധനയില്‍ യഥാര്‍ത്ഥ കലാകാരന് അയാളുടെ ‘രാജശില്‍പ്പ’മേതെന്ന് തിരിച്ചറിയുന്നു. അംഗചലനങ്ങളുടെ ലാവണ്യപൂര്ണതയിലൂം മുദ്രകൈയുടെ പ്രതീതിഭംഗിയിലും ഭാവാത്മകമായ ചലനങ്ങളുടെ സൂക്ഷ്മസന്നിവേശത്തിലും ആട്ടത്തിന്റെ ആകാശങ്ങളിലൂടെയാണ് ചേമഞ്ചേരിയുടെ അഭിനയയാത്ര. ഔചിത്യഭാസുരമായ ആവിഷ്കാര ശൈലി നവരസരുചിരമായ അപൂര്വനിമിഷങ്ങളെ അതീതത്വമാക്കുന്നു.
ചിറയ്ക്കല്‍ വട്ടളത്ത് ഇല്ലത്ത് അന്ന് ‘കുചേലവൃത്ത’മാണ് കളി. ഗുരുവായ പാല കരുണാകരമേനോന്‍ കുചേലന്. ശിഷ്യനായ ചേമഞ്ചേരി കൃഷ്ണന്. കാണികള്‍ക്കിടയിലൂടെ അതാ കുചേലന് വരവായി. പ്രീതനായ കൃഷ്ണന് മഞ്ചം വിട്ടെഴുന്നേറ്റ് ഓടിയണഞ്ഞ് സതീര്ത്ഥ്യനെ നമസ്ക്കരിച്ച് ആലിംഗനം ചെയ്യുന്നു. രോമാഞ്ചജനകമായ രംഗം ആസ്വാദകരുടെ കണ്ണില്‍ ആനന്ദബാഷ്പമായി. മഞ്ചമണഞ്ഞുള്ള പാദപൂജാനന്തരമുള്ള കൃഷ്ണാട്ടവും പൂര്‍ണമായി. കൃഷ്ണന്റെ ‘കലയാമി’ക്ക് പ്രതികരണമശേഷമുണ്ടായില്ല. തുടര്‍ന്ന് വന്ന് ‘അജിതാഹരേ’ പദത്തിന് കുചേലന് മുദ്രയേകാതെ തരിച്ചിരിപ്പാണ്. തൊഴുതുപിടിച്ച ഇരിപ്പിലും കണ്ണു കളിലും കൃഷ്ണപാദങ്ങളിലലിഞ്ഞു ചേര്‍ന്ന ഭാവരസം മാത്രം… ചലനങ്ങളെല്ലാം അസ്തമിച്ച് കൃഷ്ണാവബോധത്തിന്റെ പരമസീമയില്‍ ഭക്തിയുടെ മൗനപ്രാര്‍ത്ഥനയില്‍ കുചേലന് മുക്തിപദത്തിലേക്ക് ഉയരുകയായിരുന്നു. ദിവസങ്ങള്‍ക്കകം കൃഷ്ണപാദങ്ങളില്‍ ആത്മസമര്പ്പണമായിത്തീരുകയായിരുന്നു ആ കലാജീവിതം. യോഗേശ്വരനായ കൃഷ്ണന്റെ ഭാവാത്മക ലഹരിയേകി സ്വന്തം മടിത്തടം ഗുരുവിന് വിഷ്ണുലോകപ്രാപ്തിയുടെ മോക്ഷാര്‍ത്ഥ ഭൂമിയാക്കിയ കലാലോകത്തിലെ ഏകശിഷ്യന്‍ ചേമഞ്ചേരിയാണ്. അഭിനയത്തെ അനുഭവരസമാക്കി മാറ്റുകയാണ് നടന്റെ നിയോഗം. കഥകളിലെ നാട്യധര്‍മിയും ശൈലീകൃതമായ അഭിനയപദ്ധതിയും കളിയുടെ ചിട്ടവട്ടങ്ങളും ചേര്‍ന്നുള്ള അസ്വതന്ത്രതയില്‍ തനതുഭാഷയിലാണ് നടന് ആവിഷ്കാരം നടത്തേണ്ടത്.
”സ്മിത വദന മധുരരാഗ ധൃഷ്ടതനുഃ
കിഞ്ചിദാകുലിത വാക്യ
സുകുമാരോ വിദ്ധഗതിസ്തരുണ
മദസ്തുത്തമഃ പ്രകൃതി”
എന്ന് നാട്യശാസ്ത്രമുണര്ത്തുന്ന ഉത്തമ നടന്റെ സ്വഭാവ ചിത്രം ചേമഞ്ചേരിയില്‍ പ്രതിഷ്ഠ നേടുകയാണ്.
ശാസ്ത്രീയ വിശുദ്ധിയിലെ നിഷ്ഠയും അഭ്യാസനിപുണതകളുടെ ശക്തിചൈതന്യവുമാണ് ആശാന്റെ കലയുടെ മൗലികമുദ്ര. ഉത്തരകേരളത്തിന്റെ തനതുകലയായ തെയ്യവും തിറയും കാവുകലകളും ഗുരുവിന്റെ കലാരസനയെയും കലാസംസ്കൃതിയെയും സദാസേചനം ചെയ്യുന്നുണ്ട്. ആ അഭിനയ സിദ്ധിയുടെ അന്തരാളങ്ങളില്‍ ലാവണ്യതയുടെ നിലാവും നിറങ്ങളുമായാണ് ഈ ഘടകം നിറവേറുന്നത്. നടന്റെ അടിസ്ഥാനപരമായ ശാരീരികസ്വത്വത്തെ മായ്ച്ചുകളയാനും ഇത് സഹായകമാവുന്നു. കലയുടെ കമലദളങ്ങളില്‍ അഭിനയനൈപുണിയുടെ ആത്മചോദനകളെ പരിഭാഷപ്പെടുത്തുകയായിരുന്നു ആശാന്. ശതായുസ്സിന്റെ കളിവിളക്കില്‍ തെളിയാന്‍ ഈ നാട്യാചാര്യന് ഇനിയും രണ്ടുവര്ഷത്തിന്റെ പാദമുദ്രകള്‍ മാത്രം!
ഡോ. കൂമുള്ളി ശിവരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: