കവികള്‍ കടന്നു കാണുന്നവരത്രെ. എങ്ങനെയാണ് കടന്നുകാണല് എന്നതിനെക്കുറിച്ച് പ്രത്യേക നിയമങ്ങളൊന്നുമില്ല. മനോധര്‍മ്മമനുസരിച്ച് അതങ്ങനെ പോവും. ഇന്നിപ്പോള്‍ കവിതയെന്ന പേരില്‍ കുത്തിക്കുറിക്കുന്ന പലരും ഇങ്ങനെ കടന്നുകാണുന്നവരാണോ എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. കണ്ടാലെന്ത്, ഇല്ലെങ്കിലെന്ത്. അടുത്ത കാലത്ത് അത്ര സജീവമല്ലെങ്കിലും കവിതയില്‍ തന്റെ സാന്നിധ്യമുറപ്പിക്കാന്‍ കഠിനശ്രമം നടത്തിവരുന്നയാളത്രെ നമ്മുടെ മുന്‍ മന്ത്രി ബിനോയ് വിശ്വം. കാട് കണ്ടതു മുതലാണ് ടിയാന് കവിതാഭ്രമം പിടിപെട്ടതെന്ന് നാദാപുരത്തുകാര്‍ മാത്രമല്ല പറയുന്നത്. ഏതായാലും പൂമുള്ളിത്തമ്പുരാന് പണ്ട് മറ്റൊരു കാര്യത്തില്‍ പറഞ്ഞതുപോലെ എത്ര……….. കവികളെ നമ്മള് പ്രോത്സാഹിപ്പിച്ചിരിക്കുന്നു എന്ന് സമാധാനിക്കുക.
ഏതായാലും ബിനോയിക്കവി കവിതയില്‍ മാത്രമല്ല, ലേഖനത്തിലും കടന്നു കണ്ടിരിക്കുന്നു. അത് പക്ഷേ, രാഷ്ട്രീയക്കണ്ണുകൊണ്ടാണെന്നു മാത്രം. പതിനാറാം ലോക്സഭയില്‍ വിത്തിന് വെക്കാന്‍ കൂടി കമ്മ്യൂണിസ്റ്റുകള്‍ ഇല്ലെന്ന് നാട്ടുകാര്‍ക്കൊക്കെ ബോധ്യമായതാണ്. അതിന്റെ രസതന്ത്രവും ഊര്‍ജതന്ത്രവും വിശകലനം ചെയ്ത് ബിജെപി നേതാവായ പ്രഗത്ഭ അഭിഭാഷകന് മാതൃഭൂമിയില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഇടതുപക്ഷ പിഴവും ഏറ്റുപറച്ചിലും (ജൂണ്‍ 18) എന്ന ലേഖനം കമ്മ്യൂണിസ്റ്റുകളുടെ നെഞ്ചില്‍ തന്നെയാണ് തറച്ചത്; അത്ര ശക്തവും വസ്തുനിഷ്ഠവുമായിരുന്നു. അത് പ്രസരിപ്പിച്ച ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍വ അടവും പയറ്റിയെങ്കിലും ഗുണമുണ്ടായില്ല. എങ്കില്‍ പിന്നെ പത്തൊമ്പതാം അടവാകാം എന്ന നിലയ്ക്കാണ് നമ്മുടെ കവി ബിനോയ് രംഗത്തിറങ്ങിയത്. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ ലേഖനത്തിലെ വസ്തുതകളോട് പ്രതികരിക്കാതെ വെറുതെ ഒച്ചയിട്ട് ആളെക്കൂട്ടുന്ന സമീപനത്തിലേക്ക് നമ്മുടെ മാന്യകഥാപാത്രം തരംതാണുപോയി.
അതിന്റെ നേര്‍ക്കാഴ്ച കാണണമെന്നുള്ളവര്‍ക്ക് ജൂണ്‍ 24ന്റെ മാതൃഭൂമി വായിക്കാം. ഏറ്റുപറച്ചിലുകള്‍ വീണ്ടെടുപ്പിന്റെ ഭാഗമാണ് എന്ന് നമ്മുടെ ബിനോയി കവി വാദിക്കുന്നു. തങ്ങളുടെ വിജയത്തില്‍ ഊറ്റംകൊള്ളാന്‍ ബിജെപി നേതാക്കള്ക്കവകാശമുണ്ട്. ഇടതുപക്ഷത്തിനേറ്റ പരാജയം ആഘോഷിക്കാന്‍ അവര്‍ക്ക് തോന്നാവുന്നതുമാണ്. എന്നാല്‍, ഒരു വിജയം കൊണ്ടോ, ഒരു പരാജയം കൊണ്ടോ ചരിത്രം അവസാനിച്ചുവെന്ന് അവര്‍ ധരിച്ചുവശാകരുത് എന്നത്രേ ഈ മിടുക്കന് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി സ്വത്വം അതിന്റെ പൈതൃകവിശുദ്ധിയോടെ പുലര്‍ത്തിവന്ന സമയത്ത് ഇടതുപക്ഷത്തിന് ലോക്സഭയില്‍ എത്ര ജനപ്രതിനിധികളുണ്ടായിരുന്നുവെന്നും കോണ്‍ഗ്രസിന്റെ അടുക്കളയിലേക്ക് വെപ്പും കുടിയും മാറ്റിയപ്പോള്‍ അതെത്രമാത്രം ശുഷ്കിച്ചുവെന്നും നേരത്തെ ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടിയതിനെക്കുറിച്ച് ഒരക്ഷരം കുറിക്കാതെ ഇരുട്ടത്ത് ഇല്ലാത്ത കരിമ്പൂച്ചയെ കണ്ണിച്ചൂരല്‍ കൊണ്ട് തലങ്ങും വിലങ്ങും ബിനോയിക്കവി പൂശുന്നു. ഇത് കാണുമ്പോള്‍ എവിടെയൊക്കെയോ സ്ഥിതിചെയ്യുന്ന ചില ആശുപത്രികളെക്കുറിച്ച് സാധാരണക്കാര്‍ ഓര്‍ത്തുപോകുന്നു. അത് തെറ്റായി വ്യാഖ്യാനിക്കാനാവുമോ?
ഇനി ചില അരിസ്റ്റോട്ടിലിയന്‍ പോയറ്റിക്സിലേക്ക് നമ്മുടെ ബിനോയി പോവുന്നത് നോക്കുക: കണ്ണില്‍ പൊടിയിട്ട് തടിതപ്പാന്‍ ശ്രമിക്കുന്ന പ്രസ്ഥാനങ്ങളോ നേതാക്കളോ കുറ്റം ഏറ്റുപറയുകയില്ലെന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാവുന്നതാണ്. അത്തരക്കാര്‍ തെക്കുനിന്നും വടക്കുനിന്നും ന്യായങ്ങള്‍ ചികഞ്ഞുകൊണ്ടുവന്ന് തെറ്റിനെ ശരിയാക്കി മാറ്റാനാകും ശ്രമിക്കുക. അങ്ങനെ ശ്രമിക്കാതിരിക്കുക എന്നത് ഒരു ഇടതുപക്ഷ ഗുണമാണ്. കഷ്ടം ഈ ഗുണം ബിജെപി നേതാവ് അറിയാതെ പോയി. എന്തിനധികം, ഒഞ്ചിയം മാത്രം ഓര്‍ത്താല്‍ മതിയായിരുന്നു. അല്ലെങ്കിലും ഫെയില്‍ എന്നാല്‍ ഫസ്റ്റ് അറ്റംപ്റ്റ് ഇന്‍ ലേണിങ് എന്നല്ലോ. ഏതായാലും നമുക്കീ ബിനോയ് കവിക്ക് ഒരുഗ്രന്‍ കൈകൊടുക്കാം. ഇത്രയും കടന്നുകാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ട് 2019 മെയ്-ജൂണ്‍ മാസങ്ങളില്‍ എന്തെന്തൊക്കെ സംഭവിച്ചുകൂടാ! അത്യാവശ്യം വിവരമുള്ള വായനക്കാര്‍ ഒരുപക്ഷേ, ഇങ്ങനെ ചൂണ്ടിക്കാട്ടുകയും ചെയ്യും: തേരാപാരാ നടക്കുന്നതിനിടെ അത്യാവശ്യം രാഷ്ട്രീയ ചരിത്രം പഠിക്കിഷ്ടാ………..
മൂന്നാറിലേക്ക് മൂന്ന് പൂച്ചകളുമായി പോയി കാര്യങ്ങള്‍ ഒരു വഴിക്കാക്കിയ മഹാനിപ്പോള് വേറൊരു ഇരയെ കിട്ടിയിരിക്കുന്നു. ഇതിന്റെ ഒരു ഗുണം എന്താണെന്നുവെച്ചാല്‍ ഒപ്പം പൂച്ചകള്‍ വേണ്ടെന്നതത്രേ. ചീഫ് സെക്രട്ടറി അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണത്തിന്റെ ഇടുങ്ങിയ വഴിയിലൂടെയാണ് ആശാന് പോവുന്നത്. തെരഞ്ഞെടുപ്പിന് ശേഷം കായകല്‍പ്പ ചികിത്സയുടെ ഗുണമാണല്ലോ കിട്ടിയിരിക്കുന്നത്. എന്താണോ ആഗ്രഹിച്ചത് അത് നടന്നു. ഇനി പണ്ടത്തെ അംഗീകാരം തിരിച്ചുപിടിക്കണം. അതിന് പറ്റിയ ആയുധമായാണ് ചീഫ് സെക്രട്ടറിക്കെതിരെയുള്ള ചില്ലിട്ട വെടി. ഏതു പദവിയും പ്രതാപവുമുള്ളയാളായാലും ഒരു പച്ച മനുഷ്യന് അവരുടെ ഉള്ളിലൊക്കെ എപ്പോഴും ചുരമാന്തിക്കൊണ്ടിരിക്കും. ചിലപ്പോള്‍ അതിനൊപ്പം നിന്നുകൊടുക്കേണ്ടിവരും. ചീഫ് സെക്രട്ടറിക്കും അങ്ങനെ വന്നതാവാനേ തരമുള്ളൂ. ആരോപണം ഉന്നയിക്കുന്ന ഏതു മഹാനും ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഇമ്മാതിരി ചുരമാന്തലിന്റെ സുഖം അനുഭവിച്ചത് ഓര്‍ത്തെടുക്കാനാവും. അതുകൊണ്ട് മൂന്നാര്‍ ഓപ്പറേഷന് പോലെ ആവാതെ നോക്കാന്‍ സഖാവിന് ബാധ്യതയുണ്ട്. പ്രത്യേകിച്ചും പച്ചവെള്ളംപോലും ചവച്ചരച്ച് കുടിക്കുന്ന ഉമ്മന്‍ പറയുന്നു ചീഫ് സെക്രട്ടറിക്ക് അനധികൃതമായ ഒരിടപാടും ഇല്ലെന്ന്! താനറിയാതെ അത്തരം ഇടപാടുണ്ടാവില്ലെന്ന് ഏറ്റവും നന്നായി അറിയുന്നയാള്‍ മുഖ്യമന്ത്രിതന്നെയായിരിക്കുമല്ലോ.
കടന്നു കാണുന്നതിനെക്കുറിച്ചാണല്ലോ നടേ സൂചിപ്പിച്ചത്. ഇവിടെ മഹാകവി സച്ചിദാനന്ദനും ചിലത് കടന്നുകാണുന്നു. ആ കാണലിന് മുമ്പടിയും അകമ്പടിയുമായി വഹകള്‍ വേറെയും. വെള്ളിമാടുകുന്ന് വാരികയുടെ ജൂണ്‍ 23ന്റെ ലക്കത്തില്‍ സച്ചിദാനന്ദന്റെ കടന്നുകാണലിന് പേര് മഹാഭാരതം. 68 വരികളുള്ള ഈ ശിഥില രചനയെ കവിതയെന്ന് പത്രാധിപര്‍ നാമകരണം ചെയ്തിരിക്കുന്നു. സ്വാസ്ഥ്യത്തിന്റെ മഹാകാശമുണ്ടായാലും കഴുകന് ശവഗന്ധമുള്ള അഴുക്കുപ്രദേശമത്രേ പഥ്യം. പിറവിയില്‍ കൂടെപ്പോന്ന വൈറസുകള്‍ക്കെതിരെ ലോകത്തിന്നു വരെ പ്രത്യൗഷധം കണ്ടുപിടിച്ചിട്ടില്ല. ഏതെങ്കിലും യുഗത്തില്‍ അങ്ങനെ സംഭവിക്കുന്നതിന് ഇന്നുള്ള ആര്‍ക്കും സാക്ഷികളാവാനും കഴിയില്ല. ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പോലും പ്രവര്‍ത്തനനിരതരാവാന്‍ കഴിയുന്ന വൈറസുകളെ തുരത്താന്‍ കഠിന പ്രവര്‍ത്തനങ്ങള്‍ തന്നെ വേണ്ടി വരും. ആത്യന്തികവിജയം കാംക്ഷിച്ച് ഇത്തരം വൈറസുകള്‍ ചെയ്യാത്ത പ്രവൃത്തികളൊന്നുമില്ല. എന്നാല്‍ ഒരിക്കലും അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ആരെങ്കിലും പറഞ്ഞുകൊടുത്തെങ്കില്‍! നമ്മുടെ ബിനോയ് കവിയുടെ ഇളകിയാട്ടവും മഹാകവി സച്ചിദാനന്ദന്റെ ചൊല്ലിയാട്ടവും ചേര്‍ത്തുവെച്ചാല്‍ വിശ്വപ്രസിദ്ധ നാടകകൃത്തിന്റെ പ്രവചനാത്മകഭാഷ്യം സ്മരണയില്‍ ഇരമ്പിയാര്‍ക്കും. വാട്ട് എ ഗുഡ്ലി ഔട്ട്സൈഡ് ഫാള്സ്ഹുഡ് ഹാസ്!
സച്ചിദാനന്ദന്റെ പിന്നില്‍ ആനയും അമ്പാരിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകനായ സിഡ്രിക് പ്രകാശുമുണ്ട്. ഇദ്ദേഹവുമായി ആര്.കെ. ബിജുരാജും കെ.പി. മന്‍സൂര്‍ അലിയും സംസാരിച്ചതിന്റെ ബാക്കിപത്രം എട്ടു പേജിലായി നീണ്ടു കിടക്കുന്നു. വാരികയുടെയും അഭിമുഖക്കാരുടെയും ലക്ഷ്യം ഒന്നുതന്നെ ആയതിനാല്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ ഭയപ്പെടുന്നു എന്ന് തലക്കെട്ട്. ഭയം സമൂഹത്തിലേക്ക് ഇഞ്ചക്ട് ചെയ്യാനുള്ള ശ്രമത്തിന് മറ്റൊരു പേരും മതിയാവില്ല എന്നു കരുതിയവര്‍ക്ക് സ്തുതി!
രണ്ടാഴ്ചമുമ്പ് ലോകകപ്പിന്റെ ശൈലീസൗന്ദര്യവും ശാസ്ത്രീയമുഖവും കലാമികവും എടുത്തുകാട്ടി മലയാളം വാരിക പ്രത്യേക പതിപ്പ് ഇറക്കിയപ്പോള്‍ നിസ്സഹായരായ മാതൃഭൂമി ആഴ്ചപ്പതിപ്പുകാര്‍ ഇത്തവണ(ജൂണ്‍ 29) ചിരട്ട ഉടച്ചിരിക്കുന്നു. എട്ട് കേമന്മാരെക്കൊണ്ടാണ് കളിയെഴുത്ത് നടത്തിച്ചിരിക്കുന്നത്. പലരും മലയാളം വാരികയില്‍ എഴുത്തു നടത്തിയതിനാല്‍ വലിയ പുതുമയൊന്നുമില്ല. മുമ്പേ ഗമിച്ചീടിന ഗോവുതന്റെ പിമ്പേ…… എന്നോ മറ്റോ അല്ലേ വിവരമുള്ളവര്‍ പറഞ്ഞുവെച്ചിരിക്കുന്നത്, നടക്കട്ടെ.
കെ.മോഹന്‍ദാസ്
തൊട്ടുകൂട്ടാന്‍
ഓരോ വിരുന്നുമുറിക്കും
ഓരോ തീന്മേശയ്ക്കും
ഓര്‍ക്കാനും പറയാനുമുള്ളത്
രുചിയുടെ കപ്പലോട്ടങ്ങള് മാത്രം
ബൃന്ദ
കവിത: തീന്മേശയ്ക്ക് അറിയാത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: