ഡിസംബര്‍ 26 ലെ കറുത്ത ഞായര്‍ സമയം ഉച്ചകഴിഞ്ഞുകാണും. രാഷ്ട്രീയ രാജ്യ കര്‍മ്മചാരി മഹാ സംഘിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി. രാജേന്ദ്രന് കായംകുളം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി കൈവല്യാനന്ദയുമായി, ആശ്രമം വക അനാഥമന്ദിരം തുളസീതീര്ത്ഥത്തിലെ വിദ്യാര്‍ത്ഥികളെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
സുനാമി വാര്‍ത്ത കാട്ടുതീപോലെയെത്തി, ആലപ്പാട്, വലിയഴീക്കല്‍, പെരുമ്പളളി, തറയില്‍ കടവ്, ആറാട്ടുപുഴ തുടങ്ങിയ കടലോര പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ സുരക്ഷിത താവളം തേടി ഭീതിയോടെ പായുന്നു. ഒന്നു രണ്ട് ആംബുലന്‍സുകള്‍ മൃതശരീരവുമായി കായംകുളം ഗവണ്മെന്റ്ആശുപത്രിയിലേക്ക് കുതിച്ചു. എന്താണ് സംഭവിക്കുന്നതെന്നോ എന്തു ചെയ്യണമെന്നോ ആര്‍ക്കും അറിഞ്ഞുകൂടാ. നിലവിളികളും കൂട്ടക്കരച്ചിലും കൊണ്ട് അന്തരീക്ഷമാകെ വിറങ്ങലിച്ചു. ഉറ്റവരെ നഷ്ടപ്പെട്ടവര്‍, കൂട്ടം തെറ്റിയപ്പോള്‍, കൈയില്‍ കിട്ടിയതും കൊണ്ട് വീട് വിട്ടോടിയവര്, കൈക്കുഞ്ഞുങ്ങളുമായി ചിലര്‍, വൃദ്ധരായവര്‍ ……… കായംകുളം ഗവണ്മെന്റ് സ്കൂളിലേയ്ക്ക് അഭയാര്‍ത്ഥികളായി ഓടി എത്തി. ഭരണകൂടം എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നു. സ്വാമി കൈവല്യാനന്ദയും ആശ്രമത്തിലെ അന്തേവാസികളും അവരെ നയിച്ചു. ആലപ്പുഴ ഇഎസ്ഐ ആശുപത്രിയിലെ ഹെഡ് ക്ലാര്‍ക്ക് വി. രാജേന്ദ്രനും കര്‍മ്മനിരതരായി തെരുവിലേയ്ക്കിറങ്ങി. ആശ്രമത്തിലെ അന്തേവാസികളുടെയും ബാലഭവനിലെ കുട്ടികളുടെയും പായും തലയിണയും പുതപ്പുമെടുത്തു കൊണ്ട് അവര്‍ തൊട്ടടുത്ത പുനരധിവാസ കേന്ദ്രമായ സ്കൂളിലെത്തി. രാജേന്ദ്രന് സുഹത്തുക്കളായ ചില കടയുടമകളുമായി ബന്ധപ്പെട്ട് കടകള്‍ തുറപ്പിക്കുകയും അടിയന്തിരാവശ്യങ്ങള്‍ക്കുവേണ്ടി വസ്ത്രങ്ങളും പാത്രങ്ങളും ഭക്ഷണ സാധനങ്ങളും ശേഖരിക്കുകയും ചെയ്തു. ഈ സമയം സേവാഭാരതിയുടെ യൂണിറ്റും എന്‍ജിഒ സംഘിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ബി. ബിന്ദുവിന്റെ നേതൃത്വത്തില്‍ സജീവമായി.
രാജേന്ദ്രന് മുംബൈയിലെ റോട്ടറി ക്ലബ്ബിന്റെ ഡോ. സി. ജാനകിറാമുമായി ബന്ധപ്പെട്ട് സുനാമി ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ വസ്ത്രങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. അടുത്ത ദിവസം തന്നെ മൂന്നു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. പാര്‍ലെ കമ്പനി ആയിരം കിലോ ബിസ്കറ്റും മുംബൈയിലെ രാജേന്ദ്രാമെറ്റല്സ് ടിന്‍ഫുഡും വിതരണത്തിനായി നല്കി. ഇതെല്ലാം രാജേന്ദ്രന്റെ ശ്രമം ഒന്നും കൊണ്ടു മാത്രമായിരുന്നു. സ്വാമി കൈവല്യാനന്ദ പറഞ്ഞുനിര്‍ത്തി.
എന്നാല്‍ രാജേന്ദ്രന് പകരം കിട്ടിയതോ?
ഡിസംബര്‍ 26 മുതല്‍ ജനുവരി 15 വരെ ഔദ്യോഗിക ജോലിയില്‍ പ്രവേശിക്കാതെ പൂര്‍ണ്ണമായും സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിന് ആക്കാലയളവിലെ ശമ്പളം തിരിച്ചു പിടിക്കാന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഉത്തരവിട്ടു. കേരള സര്‍ക്കാരിന്റെ സര്‍വീസ് ചട്ടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഡ്യൂട്ടിയായി പരിഗണിക്കാനുളള നിയമം ഇല്ല പോലും: 21 ദിവസത്തെ ശമ്പളത്തിന്റെ പ്രശ്നമായിരുന്നില്ല രാജേന്ദ്രന്റേത്. രാപകല്‍ ദേദമില്ലാതെ കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിന് കിട്ടിയ ഈ അംഗീകാരം ചിലരുടെ വ്യക്തിപരമായ അജണ്ടയുടെ ഭാഗമായിരുന്നു. എന്നാല്‍ കേരള ഗവര്‍ണ്ണര്‍ തന്നെ രാജേന്ദ്രന്റെത് ഒരു സ്പെഷ്യല്‍ കേസ്സായി പരിഗണിച്ച് 13/5/2009ലെ ഉത്തരവിന് പ്രകാരം മെഡിക്കല്‍ ഡയറക്ടറുടെ നിര്‍ദ്ദേശം റദ്ദാക്കി.
1984 മാര്‍ച്ച് 8
ശബരിമല സന്നിധാനത്ത് നമ്പിനോര്‍ കൊടുവതില്ലൈ’എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ആര്. ശങ്കറായിരുന്നു സംവിധായകന്. സുധാ ചന്ദ്രന്, മനോരമ, അനു, വടിവുക്കരശ്ശി, ജയശ്രീ തുടങ്ങിയ നടികള്‍ അഭിനേതാക്കള്‍. ഇത് ക്ഷേത്രാചാരങ്ങളുടെ ലംഘനമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കാണിച്ച് രാജേന്ദ്രന് റാന്നി ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റു കോടതിയില്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. എതിര് കക്ഷികള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.ഭാസ്കരന്‍നായര്‍, സിനിമാ സംവിധായകന്, നടികള്‍…
ദേവസ്വം കമ്മീഷണറും സിനിമാക്കാരും വക്കീലന്മാരെ വേറെ വേറെ വെച്ച് കേസ് വാദിച്ചു. എന്നാല്‍ ശബരിമല അയ്യപ്പന് രാജേന്ദ്രന്റെ പക്ഷത്തായിരുന്നു. ദേവസ്വം പ്രസിഡന്റിനെയും സിനിമാക്കാരേയും കോടതി ശിക്ഷിച്ചു. പരാതിക്കാരന് ആയിരം രൂപ കോടതി ചെലവ് . (ഇത് ക്രമിനല്‍ കേസ്സില്‍ അപൂര്‍വ്വമാണ്) നല്‍കാനും ഉത്തരവായി. ഇതേ തുടര്‍ന്ന് ഡിവിഷന് ബെഞ്ച് 10 നും 50 നും മദ്ധ്യേ പ്രായമുളള സ്ത്രീകള്‍ ശബരിമല സന്നിധാനത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ”ഇതില്‍ ഞാനൊരു നിമിത്തം മാത്രം. എല്ലാം അയ്യപ്പന്റെ ഹിതം,” അതെക്കുറിച്ച് പറയുമ്പോള്‍ രാജേന്ദ്രന് വിനയാന്വിതനാകും.
ശബരിമലയില്‍ അനേക വര്‍ഷമായി വിതരണം ചെയ്തിരുന്ന അയ്യപ്പ ചക്രത്തിലെ മന്ത്ര ഗായത്രികള്‍ തെറ്റിച്ചാണ് തകിടില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ തെറ്റുകള്‍ രാജേന്ദ്രന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തിരുത്തി സമര്‍പ്പിക്കുകയും ചെയ്തു. ഒരു കാവ്യനീതി പോലെ പിന്നീട് ദേവസ്വം ബോര്‍ഡില്‍ നിന്ന് കരാര്‍ സമ്പാദിക്കുകയും കായംകുളം ശ്രീരാമാശ്രമത്തില് നിന്ന് പഠിച്ചിറങ്ങിയ അനാഥ കുട്ടികളെക്കൊണ്ട,് അവര്‍ക്ക് വേതനം നല്കി അയ്യപ്പചക്രം ഉണ്ടാക്കുവാനും ദേവസ്വം ബോര്‍ഡിന് കൊടുക്കുവാനും സാധിച്ചു.
രാജേന്ദ്രന് നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ അവസാനിക്കുന്നില്ല. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമകളും കൊടിമരങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിക്ക് കത്തയച്ചു. കോടതി കത്ത് ഫയലില്‍ സ്വീകരിക്കുകയും അവ നീക്കം ചെയ്യാനായി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
രാജേന്ദ്രന് സാക്ഷരതാ സമിതിയുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ദിവസം യാദൃശ്ചികമായി വീട്ടിലെത്തിയ വെളുത്ത കുഞ്ഞിന്റെ മകന് വിജയന്റെ ഉടപ്പു നനഞ്ഞിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. കിണറ്റില്‍ വീണ ഒരു കുട്ടിയെ രക്ഷപെടുത്താന്‍ ചാടിയതാണെന്ന ഒഴുക്കന്മട്ടിലുളള വിജയന്റെ മറുപടി. ആരും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന സംഭവം മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവരികയും തുടര്‍ന്ന് രാജേന്ദ്രന് നടത്തിയ ഇടപെടലുകള്‍ കൊണ്ട് രാഷ്ട്രപതിയുടെ ജീവന് രക്ഷാപതക്കം വിജയന് ലഭിക്കുകയും ചെയ്തു.
ഇഎസ്ഐ ആശുപത്രികളിലും ഡിസ്പന്സറികളിലും ഉപയോഗിക്കുന്നതിനായി ചെന്നൈയിലെ ഒരു കമ്പനിയില്‍ നിന്ന് വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ ഡിസ്പോസിബിള്‍ സിറിഞ്ച് മാലിന്യം കലര്‍ന്നവയായിരുന്നു. രാജേന്ദ്രന് ഇത് മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവരികയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി. അങ്ങനെ എത്ര എത്ര ഇടപെടലുകള്‍. ജീവിതത്തിന്റെ ഇടവഴിയില്‍ കൂടി ആരും തിരിച്ചറിയാതെ ഒന്നിനോടും കലഹിക്കാതെ ഒതുങ്ങിക്കൂടി പോകുന്ന ചിലരെപ്പോലെയല്ല രാജേന്ദ്രന്. ചുറ്റുപാടും കാണുന്ന തിന്മകളോട് സന്ധിയില്ലാതെ സമരത്തില്‍ ഏര്‍പ്പെടുകയും ഒപ്പം അശരണര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം ചെയ്യുകയുമാണ് ഈ മനുഷ്യസ്നേഹി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: