തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതലകളില്‍ നിന്ന് ബീനാ പോള്‍ ഒഴിഞ്ഞു. അക്കാദമിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ബീനാ പോള്‍ ചുമതലകള്‍ ഒഴിഞ്ഞത്. ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ചുമതലയും ഒഴിഞ്ഞിട്ടുണ്ട്. ബീനാ പോളിന്റെ രാജി സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ 12 വര്‍ഷമായി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ബീന പോള്‍. വരുന്ന ഒക്ടോബറില്‍ ഡപ്യൂട്ടേഷന് കാലാവധി അവസാനിക്കാനിരിക്കെയാണ് സ്ഥാനമൊഴിഞ്ഞത്.
രണ്ടാഴ്ച മുമ്പ് സ്ഥാനം ഒഴിയുകയാണെന്നറിയിച്ചു കൊണ്ട് ബീനാപോള്‍ അക്കാദമിക്ക് കത്ത് നല്‍കിയിരുന്നു. അക്കാദമിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് താന്‍ സ്ഥാനമൊഴിയുന്നതെന്നും തനിക്ക് യാതൊരു പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ലെന്നും ബീനാപോള്‍ കത്തില്‍ പറയുന്നു. തന്റെ മാതൃസ്ഥാനമായ സിഡിറ്റിലേക്ക് തിരിച്ചു പോകുകയാണെന്നും ബീനാ പോള്‍ പറഞ്ഞു.
സിനിമയുമായി ബന്ധമില്ലാത്തവരാണ് അക്കാദമിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങളാണ് മേളകള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്കു കാരണമെന്നും ബീനാ പോള്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളില്‍ വിശദീകരണം നല്കാന് ചലചിച്ചിത്ര അക്കാദമി ഇതുവരെ തയ്യാറായിട്ടില്ല. ബീനാപോള്‍ കാഴ്ചവച്ചത് മികച്ച പ്രവര്‍ത്തനങ്ങളായിരുന്നുവെന്നും ഇനിയും സ്ഥാനത്തു തുടരാമെന്നുമായിരുന്നു അക്കാദമിയുടെ പ്രതികരണം. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് ബീനാ പോള്‍ രാജിവച്ചതെന്നും അക്കാദമി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: