കാക്കനാട്: ഫെലിക്സിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിഞ്ഞു. ഏറെ നാളായി മനസ്സില്‍ കൊണ്ടുനടന്ന വലിയൊരാഗ്രഹം സഫലമായതിന്റെ ത്രില്ലിലാണിപ്പോള്‍. തിരക്കുപിടിച്ച നഗരത്തില്‍ മഴയും വെയിലും കാറ്റും കൊള്ളാതെ ആര്‍ക്കും ഇനി ബൈക്കോടിക്കാം. ഹെല്‍മറ്റും വേണ്ട! ഒരു ബഹിരാകാശ പേടകത്തെ ഓര്‍മിപ്പിക്കുംവിധമുള്ള ഇതിന് ഫെലിക്സ് ഇട്ട പേരാണ് ടൂവീലര്‍ റൈഡേഴ്സ് ഗാര്‍ഡ്. ബൈക്കില്‍ ഈ സുരക്ഷാ കവചം എവിടെ ഉറപ്പിക്കുമെന്ന ചിന്തയില്‍ രണ്ടുമൂന്നു തവണ ഫെലിക്സ് ഈ പദ്ധതി ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് ബൈക്കിന്റെ ക്രാഷ് ഗാര്‍ഡിലും പിറകിലെ കാരിയറിലുമായി ഇതുറപ്പിക്കാമെന്ന് കണ്ടത്.
പോളി കാര്‍ബണേറ്റ് ഗ്ലാസ് കൊണ്ടാണ് ഇതിന്റെ കവചം നിര്‍മിച്ചിരിക്കുന്നത്. ഇത് പെട്ടെന്ന് പൊട്ടുകയുമില്ല. കയറുന്ന വശത്ത് സ്ലൈഡിംഗ് ഡോറും പിടപ്പിച്ചിട്ടുണ്ട്. മുകളില്‍ 24 പിവിസി പൈപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വേഗതയില്‍ പോകുമ്പോള്‍ എയര്ഗ്രിപ്പ് കിട്ടാനും വെയിലടിക്കുമ്പോള്‍ കവചത്തിനുള്വശത്തെ വായു ചൂടാകാതിരിക്കാനുമാണ് ഇത് വെച്ചിരിക്കുന്നത്.
ഹെല്‍മറ്റിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വെയിലത്തും മഴയത്തും ബൈക്ക് യാത്രികര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മനസ്സിലാക്കിയിട്ടാണ് ഫെലിക്സ് പുതിയ ഉപകരണത്തിന് രൂപകല്‍പ്പന ചെയ്തത്. മനസ്സിലിട്ടു താലോലിച്ച ഇത് പൂര്‍ത്തിയാക്കാന്‍ രണ്ടരവര്‍ഷമെടുത്തു.
സ്വന്തം കാവസാക്കി ബൈക്കിലാണിത് ഫിറ്റ് ചെയ്തത്. കൊച്ചി നഗരം മുഴുവന്‍ ഫെലിക്സ് കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയിരുന്നു. ബൈക്കിന്റെ ഹാന്‍ഡില്‍ തിരിക്കുമ്പോള്‍ എങ്ങനെയിത് ഉറപ്പിക്കും എന്ന ചിന്ത ഇതിന്റെ പണി തുടങ്ങും മുന്‍പേ ഫെലിക്സിനെ അലട്ടിയിരുന്നു. കൂടാതെ ഹെല്‍മറ്റിലെ എല്ലാ ഘടകങ്ങളും സ്പോഞ്ച്, തെര്‍മോക്കോള്‍, കുഷ്യന് എന്നിവയെല്ലാം ഇതിലുണ്ട്. ഈയൊരു പ്രോട്ടോടൈപ്പ് നിര്‍മിക്കാന്‍ ഫെലിക്സിന് 55,000 രൂപ ചെലവ് വന്നു.
വ്യാപാരടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമ്പോള്‍ 14 കിലോഭാരമുള്ള ഇതിന്റെ ഭാരവും കുറയും, വില 8000 രൂപയായികുറയുകയും ചെയ്യുമെന്ന് ഫെലിക്സ് പറഞ്ഞു.
കട്ടപ്പന സ്വദേശിയായ ഫെലിക്സ് കാക്കനാട്ടാണിപ്പോള് താമസിക്കുന്നത്. ഇദ്ദേഹം നേരത്തെ കുരുമുളക് മെതിക്കുന്ന യന്ത്രം കണ്ടുപിടിച്ച് വാര്ത്താമാധ്യമങ്ങളിലിടം നേടിയിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ മുഴുവന്‍ ടെലിഫോണ്‍ നമ്പരുകളും, സ്ഥാപനങ്ങളിലെത്തേണ്ട മാര്‍ഗം സഹിതമുള്ള ടെലിഫോണ്‍ ഡയറക്ടറി ഗ്രീന്‍ ചാനല്‍ എന്നപേരില്‍ പുറത്തിറക്കിയിട്ടുണ്ട്.
സൗഭാഗ്യം പത്മകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: