ന്യൂദല്‍ഹി: ദല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് തയ്യാറെന്ന് ദല്‍ഹിയിലെ മുതിര്‍ന്ന ബിജെപി നേതാവ് രമേശ് ബിന്ദൂരി. 70 അംഗ നിയമസഭയില്‍ 60 സീറ്റുകളിലധികം നേടുന്ന ആദ്യ പാര്‍ട്ടിയാകും ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന പാര്‍ട്ടിയായിരിക്കും ബിജെപിയെന്ന് തെക്കന്‍ ദല്‍ഹിയിലെ എംപിയും ബിജെപി ദല്‍ഹി ഘടകം ജനറല്‍ സെക്രട്ടറിയുമായ ബിന്ദൂരി അഭിപ്രായപ്പെട്ടു. ബിജെപിക്ക് 33.07 ശതമാനം ഉറപ്പുണ്ടായിരുന്ന വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പോടുകൂടി 46.01 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനം 24.55ല്‍ നിന്നും 15.1 ശതമാനമായി കുറഞ്ഞു. ബിജെപി പുതിയ തെരഞ്ഞെടുപ്പാണ് താല്‍പ്പര്യപ്പെടുന്നത്, എന്നാല്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വമാണ് ഈ വിഷയത്തെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ബിന്ദൂരി പറഞ്ഞു. എഎപി വലിയ സ്വപ്നങ്ങളുമായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ചത്. പക്ഷേ ഭൂരിഭാഗം ജനങ്ങളും 49 ദിവസത്തെ ഭരണത്തില്‍ നിന്ന് അവരുടെ കഴിവില്ലായ്മ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 17നാണ് ദല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ലഫ്റ്റനന്റ് ജനറല്‍ നജീബ് ജങ്ങ് അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. ജങ്ങിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പുതിയ തെരഞ്ഞെടുപ്പ് വേണോ രാഷ്ട്രപതി ഭരണം തുടരണമോ എന്നതില്‍ തീരുമാനമാകുകയുള്ളൂ.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 38 സീറ്റുകളും എഎപിക്ക് 28 സീറ്റും കോണ്‍ഗ്രസിന് എട്ട് സീറ്റുകളും ലഭിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എഎപി തയ്യാറായെങ്കിലും കോണ്‍ഗ്രസ് പിന്തുണക്കില്ലെന്ന് അറിയിച്ചതിനാല്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. അതോടെ എഎപിയും പുതിയ തെരഞ്ഞെടുപ്പിന് തയ്യാറെന്ന് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: