ശ്ലോകം.99 തത്ത്വാതീതസ്തത്തമൂര്തിഃ തത്ത്വചിന്താപ്രചോദകഃ
ദക്ഷോ ദാതാ ദയാമൂര്‍തിഃ ദാശാര്‍ഹോ ദീര്‍ഘലോചനഃ
457. തത്ത്വാതീത ഃ – തത്ത്വങ്ങള്‍ക്ക് അതീതനായവന്. തത്ത്വം എന്ന പദം ഇവിടെ സാങ്കേതികപദമായാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്ധ്യാത്മികചര്ച്ചയില് ഈ പദം ആവര്‍ത്തിച്ചുവരും. “പ്രപഞ്ചത്തിന്റെ ഉത്പത്തി, സ്ഥിതി, നാശം എന്നിവയ്ക്ക് ആധാരമായി കരുതപ്പെടുന്ന സത്യം” എന്നു തത്ത്വത്തെ നിര്‍വചിക്കാം. ഈ സത്യം കണ്ടെത്താന്‍ ആചാര്യന്മാര് നടത്തിയ അന്വേഷണങ്ങളുടെ ഫലമായി പല ദര്‍ശനങ്ങളുണ്ടായി. അവയില്‍ മനസ്സിലാക്കാന്‍ എളുപ്പമുള്ള ഒരു ദര്‍ശനമാണ് സാംഖ്യം. മനുഷ്യന്റെ ശരീരത്തെയും അതിന്റെ അനുഭവങ്ങളില്‍നിന്നു വികാരവും വിജ്ഞാനവും തേടുന്ന മനസ്സിനെയും ബുദ്ധിയെയും ഉപാധികളാക്കിക്കൊണ്ട് പ്രപഞ്ചത്തെയും അതിനു കാരണമായ ചൈതന്യത്തെയും അളന്നറിയാന്‍ ശ്രമിക്കുന്ന ദര്‍ശനമാണ് സാംഖ്യം. ജഗത്തിനു കാരണമായ മുലതത്ത്വത്തെ തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന ഉപാധികളെ തത്ത്വം എന്ന പദംകൊണ്ട് സാംഖ്യദര്‍ശനം നിര്‍ദ്ദേശിക്കുന്നു. നേന്ദ്രിയങ്ങള്, കര്മ്മേന്ദ്രിയങ്ങള്, മനസ്സ് എന്നിവ ചേര്‍ന്ന് ഏകാദശതത്ത്വങ്ങള് ഇവയോട് പഞ്ചവായുക്കളും ഷഡാധാരങ്ങളും ചേര്‍ന്ന് മുപ്പത്തിയാറുതത്ത്വങ്ങള്. ഇങ്ങനെ ക്രമമായി വികസിച്ച് തൊണ്ണൂറ്റാറു തത്ത്വങ്ങള്വരെ സാംഖ്യദര്‍ശനം എണ്ണിപ്പറയുന്നു. തത്ത്വസംഖ്യ ഇനിയും കൂട്ടാം.
ഈ എണ്ണിപ്പറയല്‍ ഗുരുവായൂരപ്പനെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഭഗവാന് ഈ തത്ത്വങ്ങള്‍ക്ക് അതീതനാണ്. ഭഗവാന്റെ അനന്തവിഭൂതികളില് ചിലതൊക്കെ തിരിച്ചറിയാന്‍ സാംഖ്യദര്‍ശനം സഹായമായേയ്ക്കാമെന്നേ പറയാനാകൂ.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: