ബാഗ്ദാദ്: ഇറാഖില്‍ സുന്നി ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇറാഖ്-സിറിയ അതിര്‍ത്തിയിലെ ചെക്പോസ്റ്റും രണ്ട് നഗരങ്ങളും ഭീകരര്‍ പിടിച്ചെടുത്തു. അതേസമയം, അതിര്‍ത്തിയിലേക്ക് കടന്ന ഭീകരര്‍ക്ക് നേരെ സിറിയ വ്യോമാക്രമണം നടത്തി. സിറിയന്‍ അതിര്‍ത്തിയിലെ യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള ചെക്പോസ്റ്റും രണ്ട് പട്ടണങ്ങളും ഐസ്ഐഎസ് ഭീകരര്‍ പിടിച്ചെടുത്തു.
അതിര്‍ത്തിയിലെ അല്ഖ്വയം ചെക്പോസ്റ്റ് പിടിച്ചെടുത്തത് ആയുധക്കടത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാക്കി. കാവലുണ്ടായിരുന്ന 30 സൈനികരെ കൊലപ്പെടുത്തിയാണ് ചെക്പോസ്റ്റ് ഭീകരര്‍ നിയന്ത്രണത്തിലാക്കിയത്. റാവ, അനേഹ് എന്നീ പട്ടണങ്ങളും ഭീകരരുടെ നിയന്ത്രണത്തിലായി. ദിയാല ഉള്‍പ്പെടെയുള്ള നാലു പ്രധാന പ്രവിശ്യകളിലും സൈന്യം ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
ദിയാലയില്‍ ഭീകരരെ സൈന്യവുമായി നേരിട്ട 30 ഷിയാ വംശജര്‍ കൊല്ലപ്പെട്ടു. അതിനിടെ സൈനിക വേഷം ധരിച്ച ആയിരക്കണക്കിന് ഷിയാ യോദ്ധാക്കള്‍ ബാഗ്ദാദ്, ബശ്ര, നജഫ് എന്നിവിടങ്ങളില്‍ പരേഡ് നടത്തി. ആയുധങ്ങളും പതാകയുമേന്തിയായിരുന്നു പരേഡ്.
അതേസമയം, സിറിയന്‍ അതിര്‍ത്തിയിലേക്ക് കടന്ന ഭീകരര്‍ ഗ്രാമീണ മേഖലകള്‍ കൈയ്യടക്കി. ഇവിടങ്ങളില്‍ സിറിയ നടത്തിയ വ്യോമാക്രമണങ്ങളില്‍ 20ഓളം പേര് കൊല്ലപ്പെട്ടതായാണ് വിവരം. റഷ്യന്‍ പ്രസിഡന്റ് വല്‍ഡമിര്‍ പുടിന് ഇറാഖ് സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇറാഖ് പ്രധാനമന്ത്രി നൂറി അല്മാലിക്കുമായി ഫോണില്‍ സംസാരിച്ച പുടിന് സമാധാന ശ്രമങ്ങള്‍ക്ക് സഹകരണം വാഗ്ദാനം ചെയ്തു.
ഇറാഖില്‍ അമേരിക്കയുടെ സൈനിക നീക്കം ഉടനുണ്ടാകില്ലെങ്കിലും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അടുത്ത ദിവസങ്ങളില്‍ ഇറാഖിലെത്തും. അതേസമയം, ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ദേഹോപദ്രവം ഏറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കൂടുതല്‍ പേര് തിരിച്ചുവരാന്‍ താല്പര്യം പ്രകടിപ്പിച്ചതായും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: