തിരുവനന്തപുരം:ഒരേ ദിവസം അധ്യാപക സേവനത്തിനുള്ള വേതനവും പഞ്ചായത്തിലെ സിറ്റിംഗ് ഫീസും യാത്രാ ബത്തയും കൈപ്പറ്റിയ പാലക്കാട് അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. നഫീസയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന് നായര്‍ അയോഗ്യയാക്കി. പാലക്കാട് പനമണ്ണയിലെ നാരായണവിലാസം എയ്ഡഡ് യു.പി സ്കൂള്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന കെ. നഫീസ സ്കൂള്‍ സേവന സമയത്തു തന്നെ പഞ്ചായത്തിന്റെ ഔദ്യോഗിക യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കുകയും ആ ദിവസങ്ങളില്‍ രണ്ടിടത്തുനിന്നും സാമ്പത്തികാനുകൂല്യങ്ങള്‍ കൈപ്പറ്റിയതായും കമ്മീഷന് കണ്ടെത്തി.
ഇക്കാരണത്താല്‍ പഞ്ചായത്തിന് സാമ്പത്തിക നഷ്ടം വരുത്തിയതിനാണ് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ ബന്ധപ്പെട്ട സെക്ഷന്‍ പ്രകാരം അയോഗ്യയാക്കിയിട്ടുള്ളത്. മുഴുവന്‍ സമയ ചുമതലയുള്ള പദവിയെന്ന നിലയില്‍ പഞ്ചായത്ത് ഭരിക്കുമ്പോള്‍ എയ്ഡഡ് സ്കൂള്‍ വിദ്യാഭ്യാസ സര്‍വീസിലുള്ളവര്‍ അവധിയെടുത്തിരിക്കണമെന്നും അവധിശമ്പളവും ഹോണറേറിയവും മാത്രമേ ഇക്കാലത്ത് കൈപ്പറ്റാവൂവെന്നും നിഷ്കര്‍ഷിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ള കാര്യവും കമ്മീഷന് വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എയ്ഡഡ് സ്കൂള്‍ അധ്യാപകരായിരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.മുരളീധരനും അംഗമായ സെയ്ദലവിയും പഞ്ചായത്തില്‍ നിന്നും യാത്രാ ബത്തയും, സിറ്റിംഗ് ഫീസും വാങ്ങിയതായുള്ള ഹര്‍ജിക്കാരന്റെ മറ്റ് പരാതികളില്‍ നിയമവിരുദ്ധമായൊന്നും ഇല്ലാത്തതിനാല്‍ കമ്മീഷന് തള്ളി. പനമണ്ണ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരായ ഇവര്‍ ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും പ്രകാരം സ്കൂളില്‍ നിന്നും അവധിയെടുത്താണ് പഞ്ചായത്തിലെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുള്ളതെന്നും അയതിനാല്‍ പഞ്ചായത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്ന നിലയില്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: