കൊച്ചി: തൈറോയിഡ് കാന്‍സര്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എന്‍ഡൊക്രൈനോളജി ആന്റ് പൊഡിയാട്രിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹവും പ്രമേഹാനുബന്ധരോഗങ്ങളുടെ നൂതന ചികിത്സാരീതികളെക്കുറിച്ച് നടത്തിയ ദ്വിദിന അന്തരാഷ്ട്ര സമ്മേളനത്തില്‍ നടന്ന സെമിനാറില്‍ വിദഗ്ദ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
തൈറോയിഡ് കാന്‍സര്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നു. തൈറോയിഡ് കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിച്ചു ചികിത്സിക്കുന്നതില്‍ നൂതന ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടതു അത്യാവശ്യമാണെന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. തൈറോയിഡ് കാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിച്ചു ചികിത്സിക്കുന്നതില്‍ നൂതന ചികിത്സാ സംവിധാനങ്ങളായ അള്‍ട്രാ സൗണ്ട് ടെസ്റ്റും, തൈറോയിഡ് ടെസ്റ്റും അനിവാര്യമാണെന്നു പറഞ്ഞു.
ഡെക്സാ സ്കാന്‍ ഉപയോഗിച്ച് എല്ലു ദ്രവിക്കുന്ന രോഗമായ ഒസ്റ്റിയോപൊറൊസിസ് ചികിത്സിക്കുന്നതിനെക്കുറിച്ചും രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചു ഭേദമാക്കുന്നതിനെക്കുറിച്ചും എന്‍ഡൊക്രൈനോളജി വിഭാഗത്തിലെ ഡോ: അരുണ്‍ മേനോന് സമ്മേളനത്തില്‍ സംസാരിച്ചു. ഡോ:സരിത ശേര്, ഡോ:അരുണ്‍ ബാല്‍, ഡോ. മംഗളാനന്ദന്‍, ഡോ. പി.കെ.ജബ്ബാര്‍ എന്നിവരും സമ്മേളനത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രമേഹരോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് പാദങ്ങളില്‍ ഉണ്ടാകുന്ന അള്‍സറാണ്. 15% പ്രമേഹ രോഗികളിലും പാദത്തിനു അള്‍സര്‍ വരുന്നു. അതില്‍ 1 % പേര്‍ക്ക് പാദച്ഛേദം ചെയ്യേണ്ടി വരുന്നു. ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്റെ കണക്കനുസരിച്ച് ചൈന കഴിഞ്ഞാല്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത്. പ്രമേഹരോഗികളില്‍ പാദത്തിലേക്കുള്ള കുറഞ്ഞ രക്തപ്രവാഹവും, ഞരമ്പുവീക്കവും നിമിത്തം പാദത്തിനും വിരലുകള്‍ക്കും അപാകതയും, വൈകല്യവും സംഭവിക്കുന്നു. ഇതുമൂലം പാദത്തിന്റെ അടിയില്‍ ഉയര്‍ന്ന മര്‍ദ്ദം രൂപപ്പെടുകയും ക്രമേണ ഇതു വ്രണമായി രൂപപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വ്രണങ്ങള്‍ രോഗാണുക്കള്‍ക്ക് പ്രവേശനമാര്‍ഗ്ഗമായി മാറുകയും രോഗിയുടെ പാദഛേദത്തിനും, ക്രമേണ രോഗിയുടെ മരണത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു.
പാദപരിചരണ വിദഗ്ദ്ധ ചികിത്സ പ്രമേഹരോഗികള്‍ അനിവാര്യമായി നടത്തണമെന്ന് ഡോ:അജിത്കുമാര്‍ വര്‍മ്മ അഭിപ്രായപ്പെട്ടു. സമ്മേളനങ്ങളില്‍ അമേരിക്കയിലെ പൊഡിയാട്രിക് വിദഗ്ദ്ധയായ ഡോ:സ്റ്റെഫാനിവൂ, എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ:ഹരിഷ്കുമാര്, ഡോ:അരുണ്‍ എസ് മേനോന്, ഡോ:വസന്തനായര്‍, ഡോ:ഗോപി ചെല്ലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: