ദശാശ്വമേധ ഘട്ടില്‍ ആരതിയുടെ ലാളനകളേറ്റ് സ്വച്ഛമായി ഒഴുകുന്ന ഗംഗാജി, കടുത്ത ചൂടിലും കുളിര്മയാര്ന്ന ഗലികള്‍ (ഇടനാഴികള്‍), നഗര ഗതാഗതത്തില്‍ സൈക്കിള്‍ റിക്ഷാ മണിനാദങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊപ്പി ധരിച്ച സൈക്കിള്‍ റിക്ഷക്കാര്‍, ലസ്സിയുടെ മാധുര്യത്തിലും ബനാറസി പാനിന്റെ ലഹരിയിലും വാരാണസികള്‍ നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ താരപദവിയിലെത്തിയ ലോക്സഭാ മണ്ഡലത്തില്‍ ഭാരതത്തിന്റെ നാനാദിക്കുകളില്‍ നിന്നും ഈ ചരിത്ര സംഭവത്തില്‍ അണിചേരാന്‍ ഒഴുകിയെത്തിചേരുകയായിരുന്നു, അവരില്‍ ഒരാളായി ഞാനും..
നരേന്ദ്രമോദിയുടെ പേഴ്സണല്‍ കാമ്പയിന് മാനേജ്മെന്റ് ടീമിന്റെ ക്ഷണത്തിന്റെ ഭാഗമായി ഏപ്രില്‍ 15 ന് വാരാണസി റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ 5 മണിക്ക് വണ്ടിയിറങ്ങി. സമയം അഞ്ചുമണിയെങ്കിലും കേരളത്തിലെ 6.30 മണിയുടെ പ്രകാശമുണ്ട്. വടക്കു കിഴക്കന്‍ മേഖലയായതുകൊണ്ട് ഇവിടെ അഞ്ചുമണിക്കെ നേരം പുലരും. റെയില്‍വെ സ്റ്റേഷന് സമീപമുള്ള ശ്രീകൃഷ്ണധര്മശാലയില് 49-ാം നമ്പര്‍ മുറിയില്‍ ബന്ധപ്പെടുവാനാണ് ക്ഷണപത്രത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതു പ്രകാരം അങ്ങോട്ടു നീങ്ങി. വിഷുദിനം കൂടിയായ അന്ന് ധര്‍മശാലയിലെ ക്ഷേത്രത്തില്‍ രാധാകൃഷ്ണ വിഗ്രഹം കണികണ്ടുകൊണ്ടാണ് പ്രവേശിച്ചത്. ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു താമസിക്കാനുള്ള മുറിയും പരിചയപ്പെടുത്തി. ആകസ്മികമായ സംഭവം. മുറിയില്‍ കൂട്ടിന് ലക്നൗ സ്വദേശിയായ അഭിജിത് ആണ്. ഞാന്‍ കേരളത്തില്‍ നിന്നും വന്നതാണെന്നറിയിച്ചപ്പോള് ആശ്ചര്യമായി. അഭിജിത്തും ജോലി ചെയ്യുന്നത് കേരളത്തിലാണ്. എന്റെ വീട്ടില്‍നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇടപ്പള്ളി ചങ്ങമ്പുഴയില്‍. ഞാനും ആച്ഛര്യഭരിതനായി. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു.
സമയം പത്തുമണി ശ്രീകൃഷ്ണ ധര്‍മശാലയിലെ പുല്‍ത്തകിടിയില്‍ ഒത്തുചേരാന്‍ നിര്‍ദ്ദേശം വന്നു. ഒപ്പം പ്രഭാത ഭക്ഷണ പൊതിയും. അതു കഴിച്ചു പുല്‍ത്തകിടിയില്‍ എത്തി. ഏകദേശം മുപ്പതുപേരടങ്ങുന്ന സംഘമാണ്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും യുവാക്കള്‍ നവഭാരത-നമോഭാരത ശക്തിക്കായി എത്തിച്ചേര്‍ന്നിരിക്കുന്നു. ഞങ്ങള്‍ പരസ്പ്പരം പരിചയപ്പെട്ടു. വാരാണസി സ്വദേശിയായ പിയൂഷ് ജലാന്‍ ആണ് ഞങ്ങളുടെ ടീം ലീഡര്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനും കാശി പ്രാന്തത്തിന്റെ ബിജെപിയുടെ സംഘടനാ കാര്യദര്‍ശിയുമായ ചന്ദ്രശേഖര്ജിയ്ക്കായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. ദിവസവും ഞങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഗുജറാത്തിലെ വാര്‍റൂമിലേക്ക് എത്തിക്കണം, പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ആദ്യ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയ അവലോകനമായിരുന്നു. അതിനുശേഷം വാരാണസി ലോക്സഭാ മണ്ഡലത്തിലെ നിയമസഭ മണ്ഡലമായ രോഹണിയില് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സര്‍വെക്ക് നിയോഗിച്ചു. രോഹണി വാരാണസി പട്ടണത്തില്‍ നിന്നും 10-20 കി.മീ. അകലെയാണ്. ഗ്രാമപ്രദേശം. പശുക്കളെ പരിപാലിച്ചും കൃഷിയിലേര്‍പ്പെട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവര്‍. കൈയിലുള്ള ചോദ്യാവലിയുമായി ചെറു സംഘങ്ങളായി ചില വീടുകള്‍ സന്ദര്‍ശിച്ചു. ഒരു വീട്ടിലെ ഗൃഹനാഥന് ഞങ്ങളെ സ്വീകരിച്ചു. ആദ്യം വെള്ളവും മധുരവും നല്കാന് ഭാര്യയോട് നിര്‍ദ്ദേശിച്ചു.
ബനാറസിയുടെ ഈ ആതിഥേയ മര്യാദ മുഴുവന്‍ ഉത്തര്‍പ്രദേശിലേയും കീഴ്വഴക്കമാണ്. കടുത്ത ചൂടില്‍ വീട്ടിലെത്തുന്നവര്‍ക്ക് ആദ്യം ജലം നല്‍കും. ശരീരത്തില്‍ വെള്ളത്തിന്റെ അഭാവത്തില്‍ സൂര്യാഘാതമേല്‍ക്കുന്നത് ഇവിടെ പതിവാണ്. ചൂടില്‍നിന്നും രക്ഷ നേടുവാന്‍ തലയും മുഖവും ഷാള്‍ കൊണ്ടു മൂടി നടക്കുന്നത് ഇവിടെ പതിവാണ്. ഇടയ്ക്കിടെ ഉണ്ടാവുന്ന പൊടിക്കാറ്റില്‍നിന്നും ഇത് സംരക്ഷിക്കുന്നു. ആദ്യത്തെ ഒരാഴ്ച ഞങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ക്കനുസരിച്ച് പ്രചാരണ സാമഗ്രികളും എത്തി. ‘നമോ തൊപ്പി’ ആയിരിന്നു മുഖ്യ ആകര്‍ഷണം …
പത്രിക സമര്‍പ്പണത്തിനായി നരേന്ദ്രമോദി ഏപ്രില്‍ 24 ന് എത്തുമെന്ന് സൂചന ലഭിച്ചു. ഏവരും ആവേശഭരിതരായി. 24 ന് രാവിലെ 6 മണിക്ക് ടീഷര്‍ട്ടും ഐഡി കാര്‍ഡും ധരിച്ച് സര്‍ദാര്‍ വല്ലഭ ഭായ് പ്രതിമയുടെ അടുത്ത് എത്തിച്ചേരാന്‍ നിര്‍ദ്ദേശം കിട്ടി. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ മാധ്യമസംഘത്തിന് പ്രത്യേകമായി രണ്ട് ഉയര്‍ന്ന പ്ലാറ്റ്ഫോമുകള് സജ്ജീകരിച്ചിരുന്നു. ചന്ദ്രശേഖര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുള്ള സുരക്ഷാവലയം തീര്‍ക്കാന്‍ ഞങ്ങളെ നിയോഗിച്ചു. പ്രതിമക്ക് ചുറ്റും ഗുജറാത്ത് പോലീസ് കമാന്റോകള്‍, എന്‍എസ്ജി, ഞങ്ങളുടെ സംഘം യുപി പോലീസ് സുരക്ഷാ വലയം എന്നിവ തയ്യാര്‍. നാലുദിക്കിലും നമോ വിളികളുമായി വിവിധ ഭാഗത്തുനിന്നും ദേശസ്നേഹികളും കാര്യകര്‍ത്താക്കളും എത്തി. അമിത്ഷാ എത്തി സജ്ജീകരണങ്ങളെല്ലാം പരിശോധിച്ചു. ഒപ്പം രവിശങ്കര്‍ പ്രസാദും മുക്താര്‍ അബ്ബാസ് നഖ്വിയും….. സമയം 11.30 നരേന്ദ്രമോദി ഹെലികോപ്റ്ററില്‍ സ്ഥലത്തെത്തി. ആവേശലഹരിയില്‍ വാരാണസികള്‍… ജാമര്‍ വാഹനത്തിന്റെയും മുതിര്‍ന്ന നേതാക്കളുടേയും അകമ്പടിയോടെ പട്ടേല്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി തിങ്ങിനിറഞ്ഞ ജനത്തിനുനേരെ കൈകള്‍ വീശി അഭിവാദ്യമര്‍പ്പിച്ചു. അവിടെ നിന്നും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലേക്ക്. മാളവ്യയുടെ പ്രതിമയിലും ഹാരാര്‍പ്പണം നടത്തി, മുഖ്യ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ക്ക് പത്രിക സമര്‍പ്പിച്ചു. ചുറ്റുംനിന്ന പോലീസുകാരും ഉദ്യോഗസ്ഥരും ഭാവി പ്രധാനമന്ത്രിയുടെ കൂടെ ചിത്രമെടുക്കുന്നതിന് മത്സരിക്കുകയായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തോടെ കൂടുതല്‍ പ്രചോദനത്തോടെ കാര്യകര്‍ത്താക്കള്‍ പ്രവര്‍ത്തനത്തിനു തയ്യാറായി. അതിനപ്പുറമായിരുന്നു വോട്ടര്‍മാരുടെ പ്രതികരണവും പ്രതീക്ഷയും… ഞങ്ങളുടെ സംഘത്തില്‍നിന്നും മണ്ഡല അദ്ധ്യക്ഷന്മാരെ സഹായിക്കുന്നതിനായി ‘മണ്ഡല സഹായിക്ക്’മാരെ നിയോഗിച്ചു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാനുമായിരുന്നു ചുമതല. വാരാണസിയയിലെ വീടുകള്‍ തോറും കടകമ്പോളങ്ങളിലും നരേന്ദ്രമോദിക്കും വികസിത ഇന്ത്യയ്ക്കും വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു. കണ്ടവരെല്ലാം നരേന്ദ്രമോദി മൂന്നു മുതല്‍ നാലുലക്ഷം വരെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസം പങ്കുവച്ചു. ജനസംഘകാലം മുതലേ പലരും ബിജെപിയുടെ വിചാരധാരയിലാണെന്നും വാരാണസി ഒരിക്കലും അതില്‍നിന്നും പിന്നോട്ടു പോകില്ലെന്നും ഉറപ്പു നല്കി ചിലര്‍.
ജനസംഘത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ജ്വലിക്കുന്ന ദീപമായിരുന്നു എന്ന് ഒരു മുതിര്‍ന്ന സമ്മതിദായകന് ഞങ്ങളെ ഓര്‍മപ്പെടുത്തി. ആം ആദ്മി പ്രവര്‍ത്തകര്‍ ഗ്രാമ പ്രദേശങ്ങളിലും മറ്റും നരേന്ദ്ര മോദി തങ്ങളുടെ സ്ഥാനാര്‍ഥി ആണെന്നും അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ‘ചൂല്’ അടയാളത്തില്‍ വോട്ട് രേഖപെടുത്തണമെന്നും ഉള്ള നുണ പ്രചാരണത്തെ നേരിടാന്‍ ‘താമര’ ചിഹ്നം കേന്ദ്രീകരിച്ചുള്ള പ്രചാരണം ഗുണപ്രദമായിരിക്കും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി അജയ് റായുടെ തെരഞ്ഞെടുപ്പ് പ്രചാരണവും പ്രവര്‍ത്തനവും തീരെ മന്ദഗതിയില്‍ ആയിരിന്നു. ജനത്തിന്റെ ആവേശം മനസിലാക്കിയവര്‍ തെരഞ്ഞെടുപ്പിന് മുന്നേ തോല്‍വി സമ്മതിച്ചിരിന്നു. രാഹുല്‍ഗാന്ധി നടത്തിയ റോഡ്ഷോ മാത്രമായി കോണ്‍ഗ്രസ് പ്രവര്‍ത്തനം ഒതുങ്ങി. സമാജ്വാദി പാര്‍ട്ടി വ്യത്യസ്തവും യുവാക്കളെ ആകര്‍ഷിക്കന്നതിനായി ആധുനിക രീതിയിലുള്ള ഡിജെ(ഡിസ്ക് ജോക്കി) സംവിധാനത്തിലുള്ള വാഹനം തയ്യാറാക്കി. അതില്‍ വലിയ സ്ക്രീനും മറ്റും സജ്ജീകരിച്ചുള്ള പ്രവര്‍ത്തനമായിരുന്നു. നരേന്ദ്രമോദിയുടെ 3ഡി റാലികള്‍ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമായിരുന്നു. നരേന്ദ്രമോദി തങ്ങളുടെ തൊട്ട് അടുത്തുനിന്നും സംസാരിക്കുന്ന അത്ഭുതം സാങ്കേതിക വിദ്യയുടെ സഹായത്തോടെ അണികളിലേക്കെത്തിച്ചു.
യാഥാസ്ഥിതികതയോടെയുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങളുടെ അവതരണം കൂടുതല്‍ പ്രചോദനപ്രദമായി. വടക്കേഭാരതത്തിന്റെ പലഭാഗങ്ങളിലും ജനമനസ്സുകള്‍ കീഴടക്കുവാന്‍ ഇതുവഴി സാധിച്ചു. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണ പരിപാടികള്‍ അതിന്റെ പാരമ്യത്തിലെത്തിയതോടെ കേരളത്തില്‍ നിന്നുള്ള നേതാക്കളും ബിജെപിയെ പിന്തുണക്കുന്ന സിനിമാതാരങ്ങളും വാരാണസിയിലെത്തി. ‘വിവേക് ഒബ്റോയ്’ പങ്കെടുക്കുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരുടെ റോഡ്ഷോയിലൂടെ കേരളത്തില്‍നിന്നും എത്തിയ യുവമോര്‍ച്ച കാര്യകര്‍ത്താവ് എന്ന നിലയില്‍ വാരാണസി ജില്ലാ പ്രസിഡന്റ് പ്രത്യേകം ക്ഷണിച്ചു.
‘ഗോദലിയ ചൗരാഹില്’നിന്നും ആരംഭിച്ച റാലി വന്‍ യുവജനാവലിയോടെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ എത്തി. ലങ്കാ കവാടത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ അദേഹത്തെ സ്വീകരിച്ചു. തുടര്‍ന്നുള്ള ദിനങ്ങളില്‍ യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് അനുരാഗ്-ടാക്കൂര്‍, വിജയ് ഗോയല്‍, ഹര്ഷവര്ധന്, രവി ശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ വാരാണസി സന്ദര്‍ശിച്ചു പ്രചാരണം നടത്തി. വാരാണസി മലയാളി സമാജം നരേന്ദ്രമോദിയുടെ വിജയത്തിനായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. ഗിന്നസ് റെക്കാര്‍ഡ് ഉടമ ഡോ.ജഗദീഷ് പിള്ളയായിരുന്നു പരിപാടിയുടെ അദ്ധ്യക്ഷന്‍. ഡോ.അല്‍ഫോന്‍സ് കണ്ണന്താനം ഐഎഎസ് മുഖ്യാതിഥിയായിരുന്നു. ഡോ.ജയചന്ദ്രന്, സി.ജി.രാജഗോപാല്‍, ടി.എം.വി.രാജേഷ്, സന്തോഷ്, സിജു, രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ മലയാളി സമാജത്തിന്റെ പൂര്‍ണ പിന്തുണ യോഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. പരസ്യപ്രചാരണം അതിന്റെ അവസാന ദിനത്തിലെത്തി. നരേന്ദ്രമോദി രോഹണിയയിലും ബനിയയിലും പ്രചാരണം നടത്താന്‍ നിശ്ചയിച്ചിരുന്നു. ബനിയയിലെ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ മജിസ്ട്രേറ്റിന്റെ നിയന്ത്രണം. അമിത് ഷായും അരുണ്‍ ജെയ്റ്റ്ലിയും ബിജെപി പ്രവര്‍ത്തകരും ധര്‍ണയിരുന്നതിന് വന്‍ ജനപിന്തുണ ലഭിച്ചു. രോഹണിയയിലെ റാലിക്കു ശേഷം നരേന്ദ്രമോദിജി ബിഎച്ച്യുവില്നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയമായ രഥയാത്രയില്‍ സ്ഥിതിചെയ്യുന്ന സ്വസ്തിക് സേവാശ്രമത്തില്‍ എത്തിച്ചേര്‍ന്നു. ഗോദലിയയില് യുവമോര്‍ച്ച പ്രവര്‍ത്തകരും മഹിളാമോര്‍ച്ച പ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ വാരാണസിയിലെ മുഴുവന്‍ വഴികളും നിറഞ്ഞുകവിയുകയായിരുന്നു.
പരസ്യപ്രചാരണത്തോടെ മണ്ഡലത്തിന് പുറത്തുനിന്നും എത്തിയ മുഴുവന്‍ നേതാക്കളും കാര്യകര്‍ത്താക്കളും വാരാണസി വിടണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് ദിനത്തില്‍ പ്രവര്‍ത്തിക്കേണ്ട വാര് റൂമിന്റെ ചുമതലയിലുള്ളവര്‍ ഒഴികെ മുഴുവന്‍ ആളുകളും വാരാണസി വിട്ടു.
പോളിംഗ് ശതമാനം വര്‍ധിപ്പിക്കുക, ബൂത്ത് പിടുത്തം കണ്ടെത്തുക, സെക്ടര്‍ പ്രമുഖന്മാരുടെയും ബൂത്ത് ഏജന്റുമാരുടേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് കൃത്യമായ ഇടവേളകളില്‍ റിപ്പോര്‍ട്ട് ചെയ്യുക, അവലോകനം നടത്തുക ഇതായിരുന്നു മുഖ്യമായും വാര് റൂമില്‍ നിയോഗിച്ചവരുടെ ചുമതല.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരസ്പ്പരം വിജയാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംഘടന സെക്രട്ടറി ചന്ദ്രശേഖര്‍ജിയുടെ കൂടിക്കാഴ്ച. ചരിത്രപരമായ ഒരു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉള്‍ക്കൊണ്ടുകൊണ്ട് ഏവരും തങ്ങളുടെ സ്വദേശത്തേക്ക് വിജയദിനം ആഘോഷിക്കാനായി തിരിച്ചു.
ആര്. ജീവന്‍ലാല്‍ (വാരാണസി കേന്ദ്രീയ തെരഞ്ഞെടുപ്പ് കാര്യാലയത്തിലെ ദക്ഷിണേന്ത്യന്‍ മീഡിയ കോര്‍ഡിനേറ്ററായിരുന്ന ലേഖകന്‍ യുവമോര്‍ച്ച എറണാകുളം ജില്ല ഉപാധ്യക്ഷനാണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: