‘ചെങ്കള ചര്‍ക്കാര്‍ വെടിപ്പായി നോക്കണം , ചെങ്കളെ ചര്‍ക്കാര്‍ അയവായി നോക്കണം അല്ലലോ എങ്കളെ ഒക്കയും കൊല്ലണം. അപ്പനേം അമ്മനേം കൊന്ന പകര എങ്കള് ചോദിക്കും’
കുട്ടികളും സ്ത്രീകളുമടങ്ങളുന്ന ആദിവാസിക്കൂട്ടം വയനാട് കളക്ടറേറ്റിലേക്ക് നീങ്ങുകയാണ്. മേലാളരില്‍ നിന്ന് കൂലിക്ക് കൈനീട്ടി ശീലിച്ചവര്‍ അവകാശങ്ങളുടെ ആകാശങ്ങളിലേക്ക് മുഷ്ടിചുരുട്ടിയെറിയുന്നു. ഇത് പുതിയ കാലത്തിന് പരിചിതമാണെങ്കിലും നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത് വയനാടിന് പരിചിതമായിരുന്നില്ല. വയനാട്ടിലെ ആദിവാസികള്‍ക്ക് പ്രത്യേകിച്ചും.
മണ്ണും പെണ്ണും കവര്‍ന്നെടുക്കപ്പെടുമ്പോള്‍ ഹതാശരായി നോക്കിനില്‍ക്കേണ്ടി വന്നവര്‍, ഒരു നുള്ളു പുകയിലയ്‌ക്ക് കൃഷിഭൂമി തീറെഴുതിക്കൊടുക്കേണ്ടി വന്നവര്‍ അവകാശ സമരത്തിന്റെ പുതിയ ഭൂമിയിലേക്ക് കാലെടുത്തുവെച്ചതിനു പിന്നില്‍ ഒരു പണിയന്‍ കുഞ്ഞിരാമന്റെ വിയര്‍പ്പിന്റെയും ത്യാഗത്തിന്റെയും പോരാട്ടവീര്യത്തിന്റെയും കഥയുണ്ട്.
ഇപ്പോള്‍ നവതിയില്‍ എത്തിനില്‍ക്കുന്ന സി.എ. കുഞ്ഞിരാമന്‍ നായരുടെ ജീവചരിത്രം ആദിവാസികളുടെ പേരില്‍ എഴുതപ്പെട്ട മുഖ്യധാരാ ചരിത്രങ്ങളില്‍ കാണില്ല. പക്ഷേ, ആദിവാസിയുടെ മുന്നേറ്റ ചരിത്രത്തെ നിഷ്പക്ഷമായി സമീപിക്കുന്നവര്‍ക്ക് സി.എ. കുഞ്ഞിരാമന്‍ നായരെന്ന പണിയന്‍ കുഞ്ഞിരാമനെയും ആദിവാസി സംഘത്തെയും തമസ്കരിക്കാനാവില്ല.
അടിത്തട്ടില്‍ കിടക്കുന്ന ആദിവാസി വിഭാഗത്തിന്റെ അവകാശ ബോധത്തെ തൊട്ടുണര്‍ത്തിയ കര്‍മ്മയോഗിയായിരുന്നു സി.എ കുഞ്ഞിരാമന്‍. വയനാടന്‍ മലമടക്കുകളില്‍ മേലാളന്മാരുടെ ചവിട്ടേറ്റ് ചൂഷണത്തിന് ഇരയായ ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി പോരാടിയ ഊര്‍ജ്ജ്വസ്വലനും കര്‍മ്മനിരതനുമായ കുഞ്ഞിരാമന്റെ ജീവിതചരിത്രം മുഖ്യധാര ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വം തമസ്ക്കരിച്ചു.
പുകയിലയും മദ്യവും കൊടുത്ത് പ്രലോഭിപ്പിച്ചും ഗോത്ര വിഭാഗങ്ങള്‍ അനുഭവിച്ചു വന്നിരുന്ന ഫലഭൂയിഷ്ടമായ ഭൂ സ്വത്തുക്കള്‍ അവര്‍പോലുമറിയാതെ കുടിയേറ്റ സമൂഹങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു. സഹവര്‍ത്തിത്വത്തിനു പകരം ഉന്മൂലനത്തിന്റെയും സഹകരണത്തിനു പകരം സംഘര്‍ത്തിന്റെയും മതസഹിഷ്ണുതയ്‌ക്കു പകരം മത പരിവര്‍ത്തനത്തിന്റെയും മേഖലകള്‍ കുടിയേറ്റക്കാര്‍ വെട്ടിത്തുറന്നു. സംഭവിച്ചത് എന്തെന്ന് അറിയാതെ വയനാടന്‍ ജനത പകച്ചു നിന്നു. ആ കാലഘട്ടമാണ് വയനാട് ആദിവാസി സംഘത്തിന്റെ പിറവിക്കു കാരണമായത്. സ്ഥാപക നേതാവ് സി.എ കുഞ്ഞിരാമന്‍ നായരും. ആദിവാസികള്‍ക്കിടയില്‍ വിപ്ലവകരമായ ഒരു മാറ്റം ഉണ്ടാക്കാന്‍ ഈ സംഘടനകൊണ്ട് സാധിച്ചു. ഒരു ദൈവദൂതനെപ്പോലെ കുഞ്ഞിരാമന്‍ നായര്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു.
വീര പഴശ്ശി തമ്പുരാന്റെ പടനായകന്‍, ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ കരാളഹസ്തങ്ങളില്‍ കിടന്നു നാടിന്നു വേണ്ടി പിടഞ്ഞു മരിച്ച എടച്ചന കുങ്കന്റെ പരമ്പരയില്‍പ്പെട്ട കുഞ്ഞിരാമന്‍ നായര്‍ പടിഞ്ഞാറത്തറ പിലാത്തോട്ടത്തില്‍ ഓര്‍ക്കേട്ടേരി നാരായണന്‍ നമ്പ്യാരുടെയും എടച്ചന അമ്മിണി നേത്യാരുടെയും രണ്ടാമത്തെ മകനായി 1924ലാണ് ജനിച്ചത്. എടച്ചന എന്ന പ്രൗഢവും സമ്പല്‍സമൃദവും ആയ തറവാട്ടില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം . അമ്മയും അച്ഛനും ദൈവവിശ്വാസികളും സേവന തല്‍പരരും ആയിരുന്നു. പക്ഷെ കുഞ്ഞിരാമന്ന് ഈ സൗഭാഗ്യങ്ങള്‍ അധികകാലം അനുഭവിക്കാന്‍ കഴിഞ്ഞില്ല.
ഏഴാമത്തെ വയസ്സില്‍ അച്ഛന്റെ മരണം കുഞ്ഞിരാമനെയും കുടുംബത്തെയും ആകെ തളര്‍ത്തി. അന്ന് നിലവിലുണ്ടായിരുന്ന മരുമക്കത്തായം അനുസരിച്ച് കുഞ്ഞിരാമനും കുടുംബത്തിനും ആ വീട്ടില്‍ നിന്നും ഇറങ്ങേണ്ടിവന്നു. ആ കാലഘട്ടം കൈപ്പേറിയതും ദുരിതപൂര്‍ണ്ണവും പട്ടിണിയുടെയും പരിവട്ടത്തിന്റെയും ആയിരുന്നു. എല്ലാ സൗഭാഗ്യങ്ങളും ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ട് പോയതിന്റെ തീഷ്ണമായ വേദന കുഞ്ഞിരാമനെ അലട്ടികൊണ്ടിരുന്നു. രണ്ടാം ക്ലാസില്‍ വച്ച് വിദ്യാഭ്യാസം നിര്‍ത്തേണ്ടി വന്നു. അതുവരെ പൂമുഖം വിട്ട് പുറത്ത് പോവാത്ത കുഞ്ഞിരാമന്റെ അമ്മ അമ്മിണി നേത്യാര്‍ അടുത്ത വീടുകളില്‍ ജോലിക്ക് പോകേണ്ട അവസ്ഥവരെ ഉണ്ടായി. പതിനൊന്നാം വയസ്സില്‍ അമ്മയും മരണപ്പെട്ടതോടുകൂടി കുഞ്ഞിരാമന്റെ ജീവിതം തീര്‍ത്തും ഇരുളടഞ്ഞു.
ചായക്കടയില്‍ ജോലിചെയ്തും ചായക്കച്ചവടം നടത്തിയും ജീവിതം മുന്നോട്ടു പോകുന്ന അവസരത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് അറിയുന്നത്. ഇരുളടഞ്ഞ ഈ ജീവിതത്തില്‍ നിന്നും അല്‍പം ആശ്വാസം ലഭിക്കുമെന്ന ചിന്തയോടെയാണ് ആ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായതും കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായതും. ആര്‍.ശങ്കര്‍, എകെജി എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള വിശ്വാസത്തെ പാടെ മാറ്റിമറിക്കുന്ന സംഭവമായിരുന്നു പിന്നീടുണ്ടായത്. 1948 ല്‍ തലശ്ശേരിയിലെ ഇരിങ്ങല്‍ അധികാരിയെ വധിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനെ ആ ഉദ്യമത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ വേണ്ടി അയാളുടെ അമ്മ നടത്തിയ ശ്രമത്തില്‍ ക്രോധാകുലനായി തീര്‍ന്ന് ആ അമ്മയെ നിഷ്ക്കരുണം വധിച്ച മകനെ അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വയനാട്ടിലേക്ക് കൊണ്ടു വരികയും കുഞ്ഞിരാമനോട് അയാള്‍ക്ക് അഭയം കൊടുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ക്രൂരകൃത്യം നടത്തിയ വ്യക്തിയെ സംരക്ഷിക്കാന്‍ തനിക്ക് കഴിയില്ല എന്ന് പറഞ്ഞ് ആ പ്രസ്ഥാനത്തോട് വിടപറയുകയായിരുന്നു കുഞ്ഞിരാമന്‍ ചെയ്തത്. പ്രജാസോഷ്യലിസ്റ്റു പ്രസ്ഥാനവും രാം മനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനും കുഞ്ഞിരാമന്റെ രാഷ്‌ട്രീയ മനസ്സിനെ സ്വാധീനിച്ചു. പ്രജാസോഷ്യലിസ്റ്റു പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്‌ക്ക് ശേഷം 1957ല്‍ നടന്ന വിമോചന സമരത്തില്‍ പങ്കെടുക്കുകയും പോലീസ് മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തു. ഒരുമാസക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയേണ്ടി വന്നു.
ആദിവാസിയുടെ ദൈന്യമുഖം കുഞ്ഞിരാമന്‍ നായരെ എന്നും അലട്ടിയിരുന്നു. അതിലൊരു സംഭവം അദ്ദേഹത്തിന്റെ മുന്‍ധാരണകളെ മാറ്റിമറിച്ചു. മലങ്കര ആദിവാസികോളനിയിലെ കുങ്കിരിയുടെ ഭാര്യ പാറു പ്രസവവേദനകൊണ്ട് കോരിച്ചോരിയുന്ന കര്‍ക്കിടക മഴയില്‍ പാതിപ്രസവിച്ച് നില്‍ക്കുന്ന അവസ്ഥ കോളനിയിലുള്ള ആളുകള്‍ കുഞ്ഞിരാമനെ അറിയിച്ചപ്പോള്‍ കോളനി വാസികളെയും കൊണ്ട് കുഞ്ഞിരാമന്‍ തൊട്ടടുത്തുള്ള ജന്മിയും നായര്‍ പ്രമാണിയും ആയ കുഞ്ഞാണ്ടി നായരോട് സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിനുണ്ടായിരുന്ന ജീപ്പ്പ് വിട്ടുകൊടുക്കാനോ സഹായം ചെയ്യാനോ തയ്യാറാവാതെ അവരെ ജന്മി ഇറക്കി വിടുകയാണ് ചെയ്തത്. കുഞ്ഞിരാമന്‍ കോളനിയിലേക്ക് ചെന്ന് ചാക്കുകള്‍ മഞ്ചല്‍ രൂപത്തിലാക്കി കിലോമീറ്ററുകളോളം വനത്തിലൂടെ സഞ്ചരിച്ച് രോഗിയെ പനമരത്ത് എത്തിച്ചെങ്കിലും അവിടെയുണ്ടായിരുന്ന ഏക ആശുപത്രിയില്‍ ഓപ്പറേഷന്‍ ചെയ്യാനുള്ള യാതൊരു സജ്ജീകരണങ്ങളും ഉണ്ടായിരുന്നില്ല. ഒരു വശത്ത് ഈ സ്ത്രീയുടെ ദീനരോദനം , മറുവശത്ത് കൈയ്യില്‍ പത്തുപൈസ പോലും ഇല്ലാത്ത അവസ്ഥ. എന്തുചെയ്യും എന്നറിയാതെ പകച്ച് നിന്നെങ്കിലും കുഞ്ഞിരാമന്‍ ജീവിതത്തില്‍ ആദ്യമായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാന്‍ തയ്യാറായി. പനമരം ടൗണിലെ വഴിപോക്കരോട് കൈനീട്ടി 42 രൂപ പിരിച്ചെടുത്ത് മാനന്തവാടി ആശുപത്രിയില്‍ എത്തിക്കുകയും ഓപ്പറേഷന്‍ നടത്തി കുട്ടിയെയും അമ്മയെയും രക്ഷപ്പെടുത്തുകയും ചെയ്തു. ഈ സംഭവം കുഞ്ഞിരാമനെ വനവാസി വിഭാഗങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ പ്രേരിപ്പിച്ചു.
വയനാട് വനവാസി സംഘം എന്ന പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്‍കി. പി.ഡി.വിജയന്‍, കക്കോട്ട്ര കേളു , അനേരി ചാപ്പന്‍, തുടങ്ങിയവരും സഹായികളായി ഉണ്ടായിരുന്നു. എന്നാല്‍ ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും വര്‍ദ്ധിച്ചപ്പോള്‍ ഈ പ്രസ്ഥാനം എങ്ങിനെ മുന്നോട്ടു കൊണ്ടു പോകുമെന്ന് കുഞ്ഞിരാമന് ആശങ്ക ഉണ്ടായി.. ഏതെങ്കിലും രാഷ്‌ട്രീയ പ്രസ്ഥാനം തങ്ങളെ സഹായിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.
അങ്ങിനെയിരിക്കെയാണ് ജനസംഘം എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കുറിച്ച് മാനന്തവാടിയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ബാലകൃഷ്ണന്‍ നമ്പ്യാരില്‍ നിന്നും കുഞ്ഞിരാമന്‍ അറിയുന്നത്. ഏതെങ്കിലും ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനോട് അല്ല ഈ പ്രസ്ഥാനത്തെ ചേര്‍ക്കേണ്ടത് എന്നും ഹിന്ദുത്വവുമായി കൂടുതല്‍ അടുപ്പമുള്ള പ്രസ്ഥാനത്തോടാണ് ചേര്‍ക്കേണ്ടത് എന്നും ബാലകൃഷ്ണന്‍ നമ്പ്യാര്‍ കുഞ്ഞിരാമനെ ഓര്‍മ്മപ്പെടുത്തി. ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.ജി. മാരാരെ കാണാന്‍ വേണ്ടി 25 രുപയും കുഞ്ഞിരാമനെ ഏല്‍പ്പിക്കുകയും ചെയ്തു.
കുഞ്ഞിരാമന്‍ നടത്തുന്ന ആദിവാസി ദൗത്യത്തെക്കുറിച്ച് മാരാര്‍ ചോദിച്ച് മനസ്സിലാക്കുകയും , ആദിവാസി സംഘത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. 1964 ല്‍ കല്‍പ്പറ്റയിലെ ജനസംഘത്തിന്റെ പ്രവര്‍ത്തകരായ അനന്തയ്യ ഗൗഢര്‍, കരുണ കുറുപ്പ് , ശങ്കര കുറുപ്പ് ,എ.പി.ഭാസ്ക്കരന്‍ തുടങ്ങിയവരുമായി കുഞ്ഞിരാമന്‍ ബന്ധപ്പെടുകയും ജനസംഘത്തിന്റെ പിന്തുണയോടുകൂടി 1300 ഓളം ആദിവാസികളെ സംഘടിപ്പിച്ച് വള്ളിയൂര്‍ക്കാവ് അമ്മയുടെ തിരുസന്നിധിയില്‍ വച്ച് സമര പ്രഖ്യാപനം നടത്തുകയും നഷ്ടപ്പെട്ടുപോയ ഭൂമി തിരിച്ചു പിടിക്കുമെന്ന് ആദിവാസികള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
തരുവണയിലെ മാനിക്കുഴി കുറിച്ച്യരുടെ ഏക്കര്‍ കണക്കിന് ഭൂമി പള്ളിക്കല്‍ ഹാജിയുടെ കൈയില്‍ നിന്ന് തിരിച്ചു പിടിച്ചു കൊണ്ട് ഐതിഹാസികമായ സമരങ്ങള്‍ക്ക് ആദിവാസിസംഘം തുടക്കം കുറിച്ചു. പടിഞ്ഞാറത്തറയിലെ കുറിച്യ സമുദായത്തിന്റെ അഞ്ച് ഏക്കര്‍ ഭൂമി ജന്മിയായ ചുപ്പന്‍ നായരില്‍ നിന്നും , വിളമ്പുകണ്ടം തണ്ണീര്‍ വയല്‍ രാമന്‍ പിട്ടന്റെ 3 ഏക്കര്‍ കാപ്പി തോട്ടം കള്ളരേഖയുണ്ടാക്കി തട്ടിയെടുത്ത കൊല്ലികുപ്പ ശങ്കരനില്‍ നിന്നും കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.
കാവുമന്ദത്ത് ഏക്കര്‍ കണക്കിന് ആദിവാസി ഭൂമി കൈവശം വച്ച കോയമുഹാജിക്കെതിരെ ആയിരത്തോളം ആദിവാസികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു കുഞ്ഞിരാമന്‍ പിന്നീട് പടനയിച്ചത്. ഈ സമരം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണ്ണായക സംഭവമായിരുന്നു. കോയാമ്മു ഹാജിയുടെ ഗുണ്ടകളില്‍ നിന്ന് കുഞ്ഞിരാമന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നെങ്കിലും രാഷ്‌ട്രീയ സ്വയം സേവക സംഘത്തില്‍ നിന്നും ,ജനസംഘത്തില്‍ നിന്നും ലഭിച്ച മനക്കരുത്തും , ആത്മവിശ്വാസവും ഈ സന്ദര്‍ഭത്തില്‍ കുഞ്ഞിരാമന് സഹായകരമായി തീര്‍ന്നു. കോയമ്മുഹാജി കൈവശം വെച്ച ഭൂമിമുഴുവന്‍ തിരിച്ച് പിടിച്ച് ആദിവാസികള്‍ വിതരണം ചെയ്യുകയും ചെയ്തു. മുട്ടിലിനടുത്ത് 28 കാട്ടു നായ്‌ക്കകുടുംബത്തെ ഇറക്കിവിട്ട ഹുസൈന്‍ ഹാജിക്കെതിരെ നടത്തിയ സമരവും , വനത്തോട് ചേര്‍ന്ന് താമസിച്ചിരുന്ന പണിയ കുറിച്ച്യ നായ്‌ക്ക , കുറുമ വിഭാഗത്തെ ഇറക്കിവിട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥക്കെതിരെയും നടത്തിയ സമര പോരാട്ടങ്ങളിലൂടെ അവരെ ആവാസഭൂമിയില്‍ തിരിച്ചെത്തിച്ചതും കുഞ്ഞിരാമന്റെ മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമായിരുന്നു.
ഏക്കര്‍ കണക്കിന് നെല്‍കൃഷി ചെയ്ത കുറുമ കുറിച്യ വിഭാഗങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിച്ച നിയമമായിരുന്നു ലെവി സമ്പ്രദായം. ആദിവാസി വിഭാഗത്തിന്റെ അംഗസംഖ്യ നോക്കാതെ അവര്‍ കൃഷി ചെയ്യുന്ന നെല്ലു മുഴുവനും സംഭരിച്ചു കൊണ്ട് പോകുന്ന സര്‍ക്കാര്‍ നടപടിയെ കുഞ്ഞിരാമന്‍ ശക്തമായി ചോദ്യം ചെയ്യുകയും ആയിരക്കണക്കിന് ആദിവാസികളെ സംഘടിപ്പിച്ചുകൊണ്ട്, സപ്ലൈ ഓഫീസ്, വില്ലേജ് ഓഫീസ് , കോഴിക്കോട് കളക്ട്രേറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് സമരം നടത്തുകയും ചെയ്തു. ലെവി സമ്പ്രദായത്തിന് സര്‍ക്കാര്‍ അയവു വരുത്തി. ഈ നിയമത്തിന് എതിരെ ഹൈക്കോടതി വിധിയും അനുകൂലമായി വന്നു. കെ.ജി. മാരാര്‍ , ഒ.രാജഗോപാല്‍, സി.കെ പത്മനാഭന്‍ തുടങ്ങിയവരുടെ പിന്തുണയും ഈ സമരത്തിന് ഉണ്ടായിരുന്നു. ആദിവാസി വിഭാഗം പരിമിതമായ ജീവിതാവസ്ഥയില്‍ എങ്കിലും എത്തിയതിന് പിന്നില്‍ വയനാട് ആദിവാസി സംഘവും അതിന്റെ ചാലക ശക്തിയായ കുഞ്ഞിരാമനും ആയിരുന്നു.
ഒരു വര്‍ഷം കഠിനമായി അധ്വാനിച്ചാല്‍ കിട്ടുന്ന രണ്ടുപറ നെല്ല് മാനന്തവാടിയിലെ ജന്മി, പാറുവെന്ന ആദിവാസി വിധവയ്‌ക്ക് കൊടുക്കാതെ തടഞ്ഞു വെച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് ജന്മിയുടെ വീട്ടുപടിക്കല്‍ കുഞ്ഞിരാമന്‍ നിരാഹാരം കിടന്നു. ജന്മിയുടെ ഗുണ്ടകളുടെ അക്രമങ്ങള്‍ അതിജീവിച്ച് കുഞ്ഞിരാമന്‍ സമര വിജയം നേടി. ചൂഷകരായ ജന്മിമാര്‍ക്കെതിരെ മറ്റൊരു പടനയിക്കലായിരുന്നു ഇത്.
മടിയൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന അനാചാരവും തൊട്ടുകൂടായ്മയും കുഞ്ഞിരാമന്റെ മനസ്സിനെ വേദനിപ്പിച്ച മറ്റൊരു സംഭവമായിരുന്നു. ആദിവാസികള്‍ അടക്കമുള്ള പിന്നാക്കജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. ക്ഷേത്രത്തില്‍ അന്നദാനം പോലും രണ്ടു വിധത്തില്‍ ആയിരുന്നു. ഉയര്‍ന്നജാതിക്കാര്‍ക്ക് ക്ഷേത്രത്തിനോട് ചേര്‍ന്ന് തന്നെ വിഭവസമൃദമായ സദ്യയും , താഴ്‌ന്ന വിഭാഗത്തിന് ക്ഷേത്രത്തിന് പുറത്ത് സര്‍വ്വാണി സദ്യയും ഒരുക്കുന്ന സമ്പ്രദായത്തെ അതിശക്തമായ ഭാഷയില്‍ കുഞ്ഞിരാമന്‍ എതിര്‍ത്തു. പണിയ വിഭാഗമടക്കമുള്ള ആദിവാസികള്‍ക്കൊപ്പം സര്‍വ്വാണി സദ്യയില്‍ കുഞ്ഞിരാമനും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട് ഈ കാടത്ത സമ്പ്രായത്തെ എതിര്‍ത്തു. ഇതിന്റെ ഫലമായി കുഞ്ഞിരാമന് കുടുംബാംഗങ്ങള്‍ ഭ്രഷ്ട് കല്‍പ്പിച്ചു.
കുഞ്ഞിരാമന്‍ നായര്‍ക്ക് കുടുംബാംഗങ്ങളുടെ വക പണിയന്‍ കുഞ്ഞിരാമന്‍ എന്ന പുതിയ പേര് ലഭിക്കുകയും ചെയ്തു. ഇതിന് സമാനമായ മറ്റൊരു സംഭവമായിരുന്നു ഏച്ചോം ശിവക്ഷേത്രത്തില്‍ ഉണ്ടായത്. ക്ഷേത്രത്തിനകത്ത് കടന്ന ഈഴവസ്ത്രീയെ പരിഹസിക്കുകയും, അപമാനിക്കുകയും ചെയ്ത നായര്‍ പ്രമാണിമാര്‍ക്കെതിരെ 100 കണക്കിന് ഈഴവ പിന്നാക്ക വിഭാഗങ്ങളെ സംഘടിപ്പിച്ച് ക്ഷേത്രത്തിലേക്ക് ആരാധനാ പ്രക്ഷോഭം നടത്തി. ആരാധനാ സ്വാതന്ത്ര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് കുഞ്ഞിരാമന്‍ ക്ഷേത്രപൂജാരിയെ അറിയിച്ചെങ്കിലും ക്ഷേത്രത്തിന്റെ ഗോപുരനട അടക്കുകയാണ് ഉണ്ടായത്. കുഞ്ഞിരാമനും അനുയായികളും ഗോപുരനട ബലമായി തുറന്ന് ഉള്ളില്‍ പ്രവേശിച്ച് ദീപാരാധന തൊഴുകയും എല്ലാ ഹിന്ദുക്കള്‍ക്കും ആരാധന നടത്താനുള്ള സ്ഥലമാണ് ക്ഷേത്രമെന്നും, ഈശ്വരന് ജാതിയും അയിത്തവും ഇല്ലെന്നും പ്രതിജ്ഞയെടുത്ത് പിരിയുകയും ചെയ്തു.
അടിയന്തരാവസ്ഥക്കുശേഷം 11 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനങ്ങളുമായി 150 ആദിവാസികളെയും സംഘടിപ്പിച്ച് മുഖ്യമന്ത്രിയെ കാണാന്‍ വേണ്ടി നടത്തിയ ആദിവാസി വിമോചന സമര പോരാട്ടം തങ്ക ലിപികളാല്‍ ആലേഖനം ചെയ്യേണ്ടതാണ്. കല്‍പ്പറ്റയില്‍ നിന്ന് കെ.ജി മാരാരുടെ അനുഗ്രഹാശിസുകളോടു കൂടി പുറപ്പെട്ട ഈ യാത്രക്ക് കോഴിക്കോട് യു. ദത്താത്രയ റാവു, തൃശ്ശൂരില്‍ പി. നാരായണന്‍, എറണാകുളത്ത് പി. പരമേശ്വരന്‍, തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 100 കണക്കിന് ജനസംഘ പ്രവര്‍ത്തകരുടെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
നിവേദനത്തിലെ ആവശ്യങ്ങളായ വയനാട് ട്രൈബല്‍ ജില്ലയായി പ്രഖ്യാപിക്കുക, ആദിവാസിയുടെ ഭൂമിയുടെ ജന്മ വില ഒഴിവാക്കുക, വിദ്യാഭ്യാസ സ്റ്റൈപ്പന്റ് അനുവദിക്കുക, ആദിവാസികള്‍ക്കായി നല്‍കിയ സഹായധനത്തിന്റെ ധവള പത്രം പുറത്തിറക്കുക, ലെവി ഒഴിവാക്കുക, ആദിവാസികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുക, സാമ്പത്തിക ട്രൈബല്‍ സഹകരണ സംഘം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു നിവേദനത്തില്‍ ഉണ്ടായിരുന്നത്. 25000 പേരുടെ ഒപ്പുമായി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും കാണാന്‍ കഴിയാതെ പട്ടികജാതി വകുപ്പു മന്ത്രി വെള്ള ഈച്ചരന് നിവേദനം കൈമാറുകയാണ് ഉണ്ടായത്. അതുവരെ പുറംലോകം കാണാത്ത 150 ഓളം ആദിവാസികളെയും കൊണ്ട് കന്യാകുമാരി, മധുര, രാമേശ്വരം, പഴനി തുടങ്ങി പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചാണ് യാത്രാസംഘം തിരിച്ചെത്തിയത്. വയനാട് ട്രൈബല്‍ ജില്ല ആക്കണം എന്ന ഒരു ആവശ്യം ഒഴികെ മിക്കതും ഈ നിവേദനത്തെ തുടര്‍ന്നാണ് ഭാഗികമായെങ്കിലും നടപ്പാക്കിയിട്ടുള്ളത്.
അയോധ്യാപ്രശ്ന സമയത്ത് പനമരം ടൗണില്‍ വച്ച് മുസ്ലിം ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനവും കുഞ്ഞിരാമന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ജനസംഘം മാനന്തവാടി മണ്ഡലം പ്രസിഡണ്ട്, ബിജെപി സംസ്ഥാന കമ്മറ്റി അംഗം, ബിജെപി വയനാട് ജില്ലാ സെക്രട്ടറി എന്‍എന്‍ഡിസി വയനാട് ജില്ലാ സെക്രട്ടറി, വാജ്പേയ് മന്ത്രി സഭാകാലഘട്ടത്തില്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്ട്മെന്റ് ഉപദേശക സമിതി അംഗം തുടങ്ങിയ മേഖലകളിലെല്ലാംകുഞ്ഞിരാമന്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ചു. 90-ാം വയസ്സിലും അവശതയോ ഒറ്റപ്പെട്ടുവെന്ന തോന്നലോ ഇല്ലാതെ കുഞ്ഞിരാമന്‍ കര്‍മ്മരംഗത്ത് ഇന്നും സജീവമാണ്.
മാനന്തവാടിക്കടുത്ത് ഏച്ചോം സര്‍വ്വോദയ ഹയര്‍ സെക്കണ്ടറി സ്ക്കുളിനടുത്തുള്ള 6 സെന്റ് സ്ഥലവും വീടും വനവാസികളുടെ ഇടയില്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മെഡിക്കല്‍ മിഷന് എഴുതി വച്ചിരിക്കുകയാണ്. ഗുരുജി, വാജ്പേയ്, അദ്വാനിജി , പി.പരമേശ്വര്‍ജി, കെ.രാമന്‍പിള്ള , കെ.ജി. മാരാര്‍, ഒ. രാജഗോപാല്‍, ഹുക്കുംചന്ദ് കച്ചുഭായ്, സി.കെ. പത്മനാഭന്‍ തുടങ്ങിയവരുമായി ബന്ധം പുലര്‍ത്താന്‍ ഈ ആദിവാസി നേതാവിന് കഴിഞ്ഞു.
കുഞ്ഞിരാമന്‍ പറയുന്നു ‘ ഋഷിതുല്യരായ നേതാക്കളുമായുള്ള ബന്ധവും ആര്‍എസ്‌എസ്, ജനസംഘം തുടങ്ങിയവയില്‍ നിന്നും എനിക്ക് കിട്ടിയ അറിവും പരിചയവുമാണ് എന്നെ ഞാനാക്കിയത്. വനവാസികള്‍ക്കിടയില്‍ എന്റെ പ്രവര്‍ത്തന ദൗത്യം ഒരു പരിധിവരെ വിജയം കാണാന്‍ സാധിച്ചത് ഈ നേതാക്കളുടെ പ്രചോദനവും സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ സഹകരണവും കൊണ്ടാണ്. ആദിവാസികള്‍ വെള്ള മുണ്ടുടുത്ത് പോകുന്നത് കാണുമ്പോഴും, അവര്‍ വിദ്യാലയങ്ങളില്‍ പോകുന്നത് കാണുമ്പോഴും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരായി മാറുന്നതും, അവരുടെ കൂരയില്‍ സുരക്ഷിതരായി കഴിയുന്നതും ചൂഷകവര്‍ഗ്ഗത്തോട് പ്രതികരിക്കുന്നതും എല്ലാം എന്റെ മനം കുളിര്‍പ്പിക്കുന്നു.’
അവാര്‍ഡുകളും അംഗീകാരങ്ങളും മാധ്യമശ്രദ്ധയും അല്ല യഥാര്‍ത്ഥ ജനകീയ നേതാക്കളെ സൃഷ്ടിക്കുന്നതെന്ന പാഠമാണ് പണിയന്‍ കുഞ്ഞിരാമന്‍ എന്ന കുഞ്ഞിരാമന്‍ നായര്‍ നല്‍കുന്ന ജീവിതപാഠം.
എ.സി. ബാലകൃഷ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക