രാമായണത്തിലൂടെ പുതിയ രാമായണം
മണീയം രാമായണം’ എന്നത് പി.ഐ.ശങ്കരനാരായണന്റെ ഏറ്റവും പുതിയ പുസ്തകമാണ്. 90 ലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. മുക്കാല്‍ പങ്കും ബാലസാഹിത്യമാണ്. പത്തില്‍ ഒരു ഭാഗം രാമായണവുമാണ്. രാമായണ ഹൃദയം, രാമായണ കഥകള്‍, രാമകഥാമൃതം, രാമായണത്തിലെ സ്ത്രീകള്‍ എന്നിങ്ങനെ ഒമ്പതു പുസ്തകങ്ങളും ഒരു സിഡിയും അദ്ദേഹം പുറത്തിറക്കി കഴിഞ്ഞു.
രാമായണത്തെ കുറിച്ച് ഇനിയും എത്രയോ പറയാനുണ്ട്, എഴുതാനുണ്ട് ശങ്കരനാരായണന്. പണ്ടുള്ളവര്‍ പറഞ്ഞതിനെ ആവര്‍ത്തിക്കലല്ല, വല്ലതുമൊക്കെ വാരിക്കുത്തി നിറയ്ക്കലുമല്ല. പലരും ശ്രദ്ധിച്ചിട്ടില്ലാത്ത രാമായണത്തിലെ കാര്യങ്ങള്‍, പുതിയ കാലത്തിനും യുക്തിക്കും മനുഷ്യജീവിതത്തിനും ഉതകുന്നവിധത്തില്‍ എടുത്തുകാട്ടുകയും വ്യാഖ്യാനിക്കുകയുമാണ് ശങ്കരനാരായണന് ചെയ്യുന്നത്.
“രമണീയം രാമായണം” എന്ന പുസ്തകത്തില്‍ പതിന്നാലു ലേഖനങ്ങളാണുള്ളത്. പുസ്തകപ്പേര് തന്നെ മണികിലുക്കം പോലെ ശ്രവണസുന്ദരം. അതേപേരിലുള്ള ഒരു ലേഖനവുമുണ്ട് ഇതില്‍. ഭിലായ് മലയാളം ഗ്രന്ഥശാലയുടെ സുവര്‍ണജൂബിലി സമ്മാനം നേടിയ ആ ലേഖനം ജീവിതത്തെ പ്രതീക്ഷാ നിര്‍ഭരമാക്കുന്നതാണ്.
സംഘര്‍ഷപൂര്‍ണമായ ഇക്കാലത്ത് ആത്മഹത്യ പെരുകിവരുന്നുവല്ലോ. രാമായണകാലത്തും അങ്ങനെ ഉണ്ടായിരുന്നു. പക്ഷേ സാന്ത്വന വാക്കുകളാലും സ്പര്‍ശത്താലും ഉപദേശങ്ങളാലും നയപരമായ പെരുമാറ്റത്താലും അവ ഒഴിവാക്കപ്പെടുന്നതിന്റെ കഥാസന്ദര്‍ഭങ്ങളാണ് ശങ്കരനാരായണന് എടുത്തുകാട്ടുന്നത്. വളരെ സമര്‍ത്ഥമായും കാലത്തിന് യോജിച്ചതുമായ ഈ കണ്ടെത്തല്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്. മറ്റു ലേഖനങ്ങളിലും ഇതാണ് രീതി.
“സത്യം ശ്രീരാമതത്ത്വം” എന്നതാണ് ആദ്യലേഖനം. രാമായണത്തിലെ പ്രധാന കഥാ സന്ദര്‍ഭങ്ങളിലെല്ലാം സത്യത്തിന് നല്കിയ ഊന്നല്‍ ഓരോന്നായി ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. “പായസക്കുട്ടികളുടെ ജന്മരഹസ്യം” 13-ാമത്തെ ലേഖനമായിട്ടാണ് വന്നത്. ആദ്യമേ വരേണ്ടതായിരുന്നു. പുത്രകാമേഷ്ടിയില്‍ ലഭിക്കുന്ന പായസം ദശരഥന് വീതം വെച്ച രീതി, എഴുത്തച്ഛന് പറഞ്ഞതും വാല്മീകി പറഞ്ഞതും രണ്ടുതരത്തിലാണ്. വാല്മീകി പറഞ്ഞതിനാണ് കൂടുതല്‍ ഔചിത്യവും ശാസ്ത്രീയതയും എന്നു അത്യന്തം രസകരമായി ശങ്കരനാരായണന് അവതരിപ്പിക്കുന്നു.
“ഭേദവിഭ്രമം മാറ്റുന്ന രാമായണം” “ശിവന് ജപിക്കുന്ന രാമനാമം”, “സീതയും മണ്ഡോദരിയും” “നമുക്ക് വേണം രാമായണ ദിനങ്ങള്‍” എന്നിങ്ങനെയുള്ള ലേഖനങ്ങളിലെല്ലാം പുതിയ ഉള്‍ക്കാഴ്ചകളുണ്ട്. “ജാംബവാന് ഗുഹയിലെ രാമായണ ചിത്രങ്ങള്‍” എന്ന ലേഖനം കുഞ്ചന്‍ നമ്പ്യാരുടെ അസാമാന്യ ഭാവനയെ നൃത്തം ചെയ്യിക്കുകയാണ് നമ്മുടെ മനസ്സില്‍.
അവസാനഭാഗത്തുള്ള “എവിടെപ്പോയി ആ പാഠപുസ്തകങ്ങള്‍” എന്ന ലേഖനം കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെ കടുത്ത വിമര്‍ശനത്തിന് പാത്രീഭൂതമാക്കുന്നു. നല്ല കവിതയും നല്ല കഥയും നല്ല ശീലങ്ങളും പഠിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ഇപ്പോള്‍ അവസരം കുറഞ്ഞുവരികയാണല്ലോ. പത്ര-ദൃശ്യമാധ്യമങ്ങളും മറ്റും രാമായണത്തിനെ മുന്‍നിര്‍ത്തി അനേകം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവരുന്നുണ്ട്. അവയ്ക്കെതതിരെയുള്ള ശങ്കരനാരായണന്റെ രോഷം “അബദ്ധ പരമ്പരകള്‍” “രാമായണ വിശുദ്ധിക്കു കളങ്കം ചാര്‍ത്തുന്നവര്‍” “ഒരു രാമായണ പീഡനം” എന്നീ ലേഖനങ്ങളില്‍ കാണാം.
രാമായണം ഭാരതീയ സംസ്കാരത്തിന്റെ ആദിവെളിച്ചമാണ്. ഒരു വഴിപാടുപോലെ വായിച്ചു പോകേണ്ട കൃതിയല്ല; പലവട്ടം വായിച്ചുവെന്ന് അഭിമാനിക്കുന്നതിലും അര്‍ത്ഥമല്ല. മനസ്സും ബുദ്ധിയും ജാഗ്രത്താക്കി വായിച്ചാല്‍ ഇന്നും പുതിയ വെളിച്ചത്തിന്റെ തിരികള്‍ അതില്‍നിന് കൊളുത്തിയെടുക്കാന്‍ കഴിയും. എവിടെയുമുള്ള മനുഷ്യജീവിതത്തിന് ആവശ്യമായ ശാശ്വതസത്യങ്ങളുടെ വെളിച്ചമാണത്. ശങ്കരനാരായണന്റെ ‘രമണീയം രാമായണം’ അത്തരത്തിലുള്ള കുറെ തിരിവെളിച്ചങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഈ പുസ്തകം വായിച്ച ഒരാള്‍ വീണ്ടും രാമായണം വായിക്കുമ്പോള്‍, അയാള്‍ വായിക്കുന്നത് പുതിയ രാമായണമാവും എന്നു തീര്‍ച്ച.
സിദ്ധാര്ത്ഥന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: