സാവോപോളോ: പകുതി ഫിറ്റ്നസ് മാത്രമുണ്ടെങ്കില്പ്പോലും സുവാരസ് എത്രമാത്രം അപകടകാരിയാണെന്ന് ഇംഗ്ലണ്ട് ശരിക്കും തിരിച്ചറിഞ്ഞ മത്സരമായിരുന്നു ഉറുഗ്വെയ്ക്കെതിരെയുള്ളത്. ലിവര്‍പൂള്‍ മുന്നേറ്റക്കാരന്റെ നീക്കങ്ങള്‍ കണ്ട് ക്ലബ് ഫുട്ബോളിന്റെ വൈരം തലയ്ക്കുപിടിച്ചപ്പോള്‍ ആര്ത്തുവിളിച്ചവരെല്ലാം സുവാരസിന്റെ ബൂട്ടില്‍നിന്നും തലയില്‍നിന്നും വന്ന തീയുണ്ടകള്‍ക്ക് മുന്നില്‍ നിശബ്ദരായിപ്പോയി. ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയുടെ നിസ്സഹായതയാണ് മത്സരത്തില്‍ ഉറുഗ്വെ തുറന്നുകാണിച്ചത്. കഴിഞ്ഞ ലോകകപ്പിലെ ഹീറോ ഡീഗോ ഫോര്ലാന് പകരം ലൂയി സുവാരസിനെ ഒന്നാം നിരയില്‍ ഇറക്കിയ കോച്ച് ഓസ്കര് ടബാരസിന്റെ തീരുമാനം ആദ്യം ആരാധകരെ ഒരല്പം മുഷിപ്പിച്ചെങ്കിലും നൂറു ശതമാനം ശരിവെക്കപ്പെട്ടു. അതിന്റെ ഫലമായിരുന്നു 2-1ന്റെ വിജയം.
ഒരു തോല്‍വികൂടി പിണഞ്ഞാല്‍ അത് മരണത്തിന് തുല്യമായിരുന്നു ഇംഗ്ലീഷ് പടയ്ക്ക്. ജയിക്കാനായി ആക്രമിച്ചു കളിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു അവര്‍ക്ക്. യൂറോ-2012ല്‍ പരീക്ഷിച്ചിരുന്ന 4-4-2 ശൈലിയില്‍ നിന്നും 4-2-4 ശൈലിയിലേക്ക് മാറിയ ഇംഗ്ലണ്ട് പ്രതിരോധനിരയ്ക്ക് കവര്‍ നല്‍കുന്നതിനായി ഒരു സെന്റര്‍ മിഡ്ഫീല്‍ഡര്‍ ഇല്ലാതെപോയതാണ് രണ്ടു മത്സരങ്ങളിലും തിരിച്ചടിയായത്. ഫലം ജെറാര്‍ഡിനും ഹെന്‍ഡേഴ്സണും അധികസമ്മര്‍ദ്ദം വന്നു. ഫ്രാങ്ക് ലാംപാര്ഡിനെപ്പോലൊരു താരം പുറത്തിരിക്കുമ്പോള്‍ സെന്റര്‍ മിഡ്ഫീല്‍ഡില്‍ ഇംഗ്ലണ്ട് വരുത്തിയ വിടവുകള്‍ മുതലെടുത്താണ് ഉറുഗ്വെ ആക്രമിച്ചു കയറിയത്. 4-4-2 ശൈലിയില്‍ കവാനിയെയും സുവാരസിനെയും മുന്നേറ്റത്തിന് ഇറക്കി മിഡ്ഫീല്‍ഡില്‍ കളി നിയന്ത്രിക്കുന്ന ശൈലി പരീക്ഷിച്ച ഉറുഗ്വെ ഇംഗ്ലണ്ടിന്റെ വീഴ്ചകള്‍ മുതലാക്കുകയും ചെയ്തു.
രണ്ട് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരും ഗോള്‍കീപ്പറും ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിരോധത്തിന് ഉണ്ടായിരുന്നിട്ടും ഉറുഗ്വെയ്ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഉറുഗ്വെയുടെ രണ്ട് ഗോളുകളിലും ജെറാര്‍ഡിനെയും ഇംഗ്ലണ്ട് പ്രതിരോധനിരയെയും ഒരുപോലെ ക്രൂശിക്കാം. മിഡ്ഫീല്‍ഡില്‍ ജെറാദ് വരുത്തിയ പിഴവില്‍ നിന്നാണ് കവാനിയുടെ ക്രോസ് പിറന്നത്. 39-ാം മിനിറ്റില്‍ സുവാരസ് കവാനിയുടെ ക്രോസിലേക്ക് തലവെയ്ക്കാനായി നീങ്ങുമ്പോള്‍ ഇംഗ്ലീഷ് പ്രതിരോധക്കാരനായ ഗാരി കാഹില്‍ ഒരു സ്വപ്നാടകനെപ്പോലെ ബോക്സില്‍ നില്‍ക്കുകയായിരുന്നു. ലോകകപ്പ് പോലുള്ള ഉയര്‍ന്ന മത്സരങ്ങളില്‍ ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത ഒരു വീഴ്ച. 75-ാം മിനിറ്റില്‍ റൂണിയുടെ ഗോളിലൂടെ തിരിച്ചുവന്ന ഇംഗ്ലണ്ട് സമനിലയിലേയ്ക്ക് എന്ന ചിന്ത ഉണര്‍ന്നപ്പോഴാണ് ഉറുഗ്വെ ഗോള്‍കീപ്പറുടെ ഗോള്‍കിക്ക് വേണമെങ്കില്‍ റാഞ്ചിയെടുക്കാമായിരുന്നിട്ടും ജെറാര്‍ഡ് വിട്ടുകളഞ്ഞത്. 85-ാം സുവാരസ് വലതു ബോക്സില്‍നിന്നും ഇംഗ്ലണ്ട് വലയിലേക്ക് വിജയ ഗോള്‍ തൊടുക്കുമ്പോള്‍ ഒന്ന് ഡൈവ് ചെയ്യാനോ പ്രതിരോധിക്കാനോ ശ്രമിക്കാതെ വെറുതെ പിന്നാലെ ഓടുകയായിരുന്നു ഇംഗ്ലീഷ് പ്രതിരോധക്കാരനായ ഫില്‍ ജാഗ്ലിയാക്ക. ആഷ്ലി കോളും ടെറിയും റിയോ ഫെര്ഡിനാഡും എല്ലാം ഉണ്ടായിരുന്ന മുന്‍ ഇംഗ്ലണ്ട് ടീമുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ പ്രതിരോധക്കാര്‍ വെറും സ്കൂള്‍ കുട്ടികളാണെന്ന് തോന്നിപ്പോയാല്‍ അത്ഭുതമില്ല. എവര്‍ട്ടണില്‍ റൈറ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന കാഹില്‍ ദേശീയ ടീമില്‍ ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. അതിന്റെ അസ്വസ്ഥതകള്‍ കാഹിലില് ഉടനീളം കാണാമായിരുന്നു. പ്രതിരോധനിരയില്‍ ജോണ്സണ് മാത്രമാണ് വിശ്വസിക്കാവുന്ന പ്രകടനം കാഴ്ചവെച്ചത്. പകരക്കാരായി ബെഞ്ചിലുള്ള ഫില്ജോണ്സും ക്രിസ് സ്മാളിംഗും ഇക്വഡോറിനെതിരെ പരിശീലന മത്സരത്തില്‍ രണ്ട് ഗോള്‍ വഴങ്ങിയവരാണെന്നതിനാല് അവരെയും വിശ്വസിക്കാനാകില്ല. ഇംഗ്ലണ്ടിന്റെ വീഴ്ച ഇതാണ്.
ഒരുവട്ടം പോസ്റ്റ് വില്ലനായതുള്പ്പെടെ മൂന്നുവട്ടം ഉറുഗ്വെ ഗോള്‍മുഖം ലക്ഷ്യമിട്ട റൂണിക്ക് ഇന്നലത്തെ മത്സരം മെച്ചപ്പെട്ട ഒന്നായിരുന്നു. കവാനി വിയര്ത്തുകളിച്ചതാണ് ഉറുഗ്വെയ്ക്ക് ഗുണം ചെയ്തത്. അര്‍ഹിച്ച ഒരു ഗോള്‍ കവാനിക്ക് ജോ ഹാര്‍ട്ട് നിഷേധിച്ചു. ഒരര്‍ത്ഥത്തില്‍ ഇംഗ്ലണ്ട് – ഉറുഗ്വെ മത്സരം സുവാരസിന്റെ പേരിലാകും അറിയപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: