കൊച്ചി: ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മാണം സ്തംഭനത്തിലേക്ക്. കൊച്ചിന് ഷിപ്പ്യാര്‍ഡിലാണ് വിമാനവാഹിനി നിര്‍മ്മിക്കുന്നത്.
യുപിഎ സര്‍ക്കാരിന്റെ അവഗണനയെത്തുടര്ന്നുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ് നിര്‍മ്മാണം. ഇതിനുള്ള പണത്തിനായി നാവികസേനാ അധികൃതര്‍ മോദിസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. 2003 ജനുവരിയില്‍ അടല്‍ബിഹാരി വാജ്പേയിയുടെ കേന്ദ്രസര്‍ക്കാരാണ് വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ഇന്ത്യന്‍ നാവികസേനാ വിഭാഗം സ്വന്തമായി രൂപകല്‍പ്പന ചെയ്തതാണ് കപ്പല്‍. വിമാനവാഹിനിയുടെ ബാഹ്യാവരണത്തില്‍ 75 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും രണ്ടും മൂന്നും ഘട്ടങ്ങളിലെ നിര്‍മ്മാണത്തിനായുള്ള 19,000 കോടി രൂപയാണ് നാവികസേന കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുപിഎ സര്‍ക്കാരിെന്റ നേതൃത്വത്തിലുള്ള കാബിനറ്റ് കമ്മറ്റി ഓണ്‍ സെക്യൂരിറ്റി (സുരക്ഷാസമിതി)യിലുണ്ടായിരുന്ന പ്രശ്നങ്ങളും തീരുമാനം നീണ്ടുപോയതുമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്.
എന്‍ഡിഎ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 2003 ല്‍ അംഗീകരിച്ച വിമാനവാഹിനി നിര്‍മ്മാണത്തിന് 2006 നവംബറില്‍ പ്രാരംഭംകുറിച്ചു. 2009 ഫെബ്രുവരിയില്‍ കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിന് കീലിടല്‍ നടന്നു. 2013 ഓഗസ്റ്റില്‍ നീറ്റിലിറക്കിയ കപ്പലിന് ‘ഐഎന്‍എസ് വിക്രാന്ത് എന്ന് പേരുമിട്ടു.40,000 ടണ്‍ കേവ് ഭാരമുള്ള വിക്രാന്തില്‍ പോര്വിമാനങ്ങളിറങ്ങുന്നതിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുള്ള ഡക്കുകളാണ് ഉള്ളത്.12 മിഗ് 29 കെഎസ് വിമാനങ്ങളും 8 തേജസ് ഹെലികോപ്റ്ററുകളും 10 ആന്റി സബ്മറൈന് ഹെലികോപ്റ്ററുകളുമായി അത്യാധുനിക യുദ്ധോപകരണങ്ങളും സംവിധാനങ്ങളും ക്രമീകരണങ്ങളുമായാണ് പ്രഥമ ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനി കപ്പല്‍ സജ്ജമാകുക. 160 ഓഫീസര്‍മാരും 1400 സെയിലര്‍മാരുമാണ് കപ്പലിലുണ്ടാകുക. 7500 നോട്ടിക്കല്‍ മെയില്‍ വേഗതയുള്ള വിക്രാന്ത് വിമാനവാഹിനി നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്ത് വിമാനവാഹിനി കപ്പല്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉയരുകയും ചെയ്യും. അമേരിക്ക, റഷ്യ, യുകെ, ഫ്രാന്‍സ് എന്നിവരാണ് മറ്റ് രാജ്യങ്ങള്‍. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 20,000 കോടി രൂപ ചെലവ് പ്രതീക്ഷിച്ച് 2013 ല്‍ കമ്മീഷന് ചെയ്യുവാനാണ് ലക്ഷ്യമിട്ടത്. ഇന്നത്തെ സാഹചര്യത്തില്‍ വിക്രാന്ത് 2018 ലേ പൂര്‍ത്തിയാകൂ.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: