തിരുവനന്തപുരം : പ്രകൃതി ദുരന്ത മുന്നറിയിപ്പു സംവിധാനം സ്ഥാപിച്ചതിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച കമ്പനിക്കെതിരെ കേസ്. ലിങ്ക്വെല്‍ ഇലക്ട്രോണിക്സ് കമ്പനിയാണ് കോടികള്‍ വെട്ടിച്ചത്. കമ്പനി സംസ്ഥാനത്തു സ്ഥാപിച്ച എമര്‍ജന്‍സി വാണിംഗ് സിസ്റ്റം പൂര്‍ണമായും പരാജയമായിരുന്നു. സ്ഥാപിച്ചപ്പോഴേ ഏറെയും പ്രവര്‍ത്തന രഹിതമായി. കൂടാതെ പൊന്മുടി പോലീസ് കണ്ട്രോള് റൂമില്‍ സ്ഥാപിച്ചിരുന്ന എമര്‍ജന്‍സി വാണിംഗ് സിസ്റ്റത്തിന്റെ കണ്ട്രോള് പാനല്‍ തകര്‍ത്തതിന്റെ പേരില്‍ പൊന്മുടി പോലീസ് സ്റ്റേഷനില്‍ ലിങ്ക്വെല്‍ കമ്പനിക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ അതോറിട്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്.
സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ബ്രഹദ് പദ്ധതിയാണ് എമര്‍ജന്‍സി വാണിംഗ് സിസ്റ്റം. ഇന്ത്യയില്‍ തന്നെ ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള റേഡിയോ അധിഷ്ഠിത വിനിമയ സംവിധാനം നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും സ്ഥാപിക്കുന്നതും ലിങ്ക് വെല്‍ ഇലക്ട്രോണിക്സ് മാത്രമാണ്. സംസ്ഥാനത്തും ലിങ്ക് വെല്‍ കമ്പനി എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റം സ്ഥാപിച്ചു. 2009ല്‍ സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു നല്കിയ പദ്ധതി 2010 ല്‍ 379 കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു. ഇതിന് ആദ്യഗഡുവായി സര്‍ക്കാര്‍ 2.65 കോടി രൂപയും കമ്പനിക്കു നല്കി. 2012ല്‍ ദുരന്ത നിവാരണ അതോറിട്ടി നടത്തിയ പരിശോധനയില്‍ ഈ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തി. ചില സംവിധാനങ്ങള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ ഉപയോഗ യോഗ്യമല്ലാത്തവയുമായിരുന്നു. ഇതു ചൂണ്ടിക്കാട്ടി ദുരന്ത നിവാരണ അതോറിട്ടി രണ്ടു തവണ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ ജില്ലാകളക്ടര്‍മാരും താലൂക്ക് വില്ലേജ് ഓഫീസര്‍മാരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ലിങ്ക്വെല്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ചചെയ്തു. സംവിധാനത്തിന്റെ അറ്റകുറ്റപണികള്‍ ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് കമ്പനി എടുത്തത്. കരാര്‍ പ്രകാരം ഗ്യാരണ്ടി കാലാവധിയില്‍ ഉപകരണം ശരിയായി പ്രവര്‍ത്തിപ്പിക്കേണ്ട ചുമതല കരാറുകാരനാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ തിട്ടപ്പെടുത്തിയ പണം നല്കാന് കരാറുകാരന് ബാധ്യസ്ഥനാണ്.
ഗ്യാരണ്ടി കാലത്തു തന്നെ ഉപകരണം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. 2010 ജൂണ്‍ 30ന് മുന്‍പായി എല്ലാ ജില്ലകളിലേയും കേടായ ഉപകരണങ്ങള്‍ നന്നാക്കാന്‍ സ്ഥാപനത്തിനോട് ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശിച്ചിരുന്നെങ്കിലും കമ്പനിയുടെ പ്രതികരണം മോശമായിരുന്നു. ജില്ലാകളക്ടര്‍മാരും ഉപകരണം നന്നാക്കുന്നതില്‍ കമ്പനി കാണിക്കുന്ന താല്പര്യമില്ലായ്മ ചൂണ്ടിക്കാട്ടി. ഇതെല്ലാം കമ്പനിക്കെതിരെ ശക്തമായ പ്രതിരോധമാണ് ഉണ്ടാക്കിയത്. ഇതേ തുടര്‍ന്നാണ് പൊന്മുടിയിലെ പോലീസ് കണ്ട്രോള് റൂമില്‍ സ്ഥാപിച്ചിരുന്ന എമര്‍ജന്‍സി വാണിംഗ് സിസ്റ്റത്തിന്റെ കണ്ട്രോള് പാനല്‍ ലിങ്ക്വെല്‍ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുകയായിരുന്നു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നു പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് കണ്ട്രോള് റൂമില്‍ കടന്നുകൂടിയത്. കണ്ട്രോള് പാനല്‍ നശിപ്പിച്ചതു വഴി സംസ്ഥാത്തിനു നഷ്ടം 30 ലക്ഷം രൂപയോളമാണ്.
എന്നാല്‍, സ്ഥാപനത്തിനെതിരെ തെറ്റായ രീതിയില്‍ ഉപകരണം സ്ഥാപിച്ചതിനും കേടുപാടുകള്‍ പരിഹരിക്കാത്തതിനുമുള്ള നഷ്ടപരിഹാരം തിട്ടപ്പെടുത്തിയ പണം ഈടാക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. കൂടാതെ 12.82 ലക്ഷത്തിന്റെ അവസാന ഗഡു 2011 നവംബറില്‍ സ്ഥാപനത്തിനു നല്‍കുകയും ചെയ്തു. ദുരന്ത നിവാരണ അതോറിട്ടി ലിങ്ക്വെല്‍ കമ്പനിക്കെതിരെ പോലീസിനു നല്കിയ പരാതിയിന്‍ മേല്‍ പോലീസ് അന്വേഷണമോ തെളിവെടുപ്പോ ഇതുവരെ നടത്തിയിട്ടില്ല. പോലീസും ലിങ്ക്വെല്‍ കമ്പനി അധികൃതരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കാരണം. പോലീസ് സേനയുടെ ടെലികമ്യൂണിക്കേഷലിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ക്കു വേണ്ടുന്ന ഉപകരണങ്ങള്‍ നല്കുന്നതു ലിങ്ക്വെല്‍ കമ്പനിയാണ്.
കമ്പനിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നു ദുരന്തനിവാരണ അതോറിട്ടി സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: