പള്ളുരുത്തി: കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവരെ ഭരണകൂടം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ജനം ഒന്നിച്ച് തെരുവിലിറങ്ങിയപ്പോള്‍ റോഡ് ഗതാഗതം സ്തംഭിച്ചത് ആറു മണിക്കൂര്‍. ചെല്ലാനം പഞ്ചായത്തിലെ ചെറിയകടവിന് സമീപം കമ്പനിപ്പടിയില്‍ നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോള്‍ തെരുവ് അക്ഷരാര്‍ത്ഥത്തില്‍ ഗതാഗതക്കുരുക്കിലമരുകയായിരുന്നു.
കടുത്ത കടലാക്രമണഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ അടിയന്തരമായി പുലിമുട്ട് സ്ഥാപിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ആറിനായിരുന്നു നാട്ടുകാര്‍ റോഡ് കയ്യടക്കി സമരം തുടങ്ങിയത്. കുട്ടികളെ സ്കൂളില്‍ വിടാതെയും ജോലിക്ക് പോകാതെയും കൂട്ടത്തോടെയാണ് ഒരു നാട് സമരമുഖത്തെത്തിയത്. ചെല്ലാനം പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലെ നാട്ടുകാരാണ് പ്രത്യക്ഷസമരത്തിനിറങ്ങിയത്.
കാല്‍നാട യാത്രക്കാരെപ്പോലും തടഞ്ഞുകൊണ്ടായിരുന്നു സമരം. ജില്ലാ കളക്ടറുടെ അടിയന്തര നിര്‍ദ്ദേശപ്രകാരം 11 മണിയോടെ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൊച്ചി തഹസില്‍ദാര്‍ എന്‍.കെ. കൃപ സമരക്കാരുമായി ചര്‍ച്ച നടത്തി. പിന്നീട് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പില്‍ നാട്ടുകാര്‍ പിരിഞ്ഞുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: