443. ഛന്ദനഃ – സുഖവും ദുഃഖവും അനുഭവിക്കുന്ന വ്യക്തിത്വം പിന്നെ ഇല്ലല്ലോ. കൈവല്യസുഖത്തെക്കുറിച്ചുള്ള ചിന്ത തത്ക്കാലത്തേയ്ക്കു മാറ്റിവച്ച് ചിന്തിച്ചാല്‍ ലൗകികനായ വ്യക്തിക്കും അങ്ങനെയുള്ള വ്യക്തികള്‍ ചേര്‍ന്ന സമൂഹത്തിനും സുഖമുണ്ടാകണമെന്നും ദുഃഖം കുറയണമെന്നുമാണ് മോഹം. ദുഃഖത്തെ നശിപ്പിച്ച് സുഖം തന്നു പ്രീതിപ്പെടുത്തുന്ന ഗുരുവായൂരപ്പനെ ഭക്തിയോടെ സ്മരിച്ചാല്‍ ഛന്ദനനായ ഭഗവാന്റെ കാരുണ്യം കൊണ്ട് സാന്ദ്രമായ അനന്ദാനുഭൂതിയും തൃപ്തിയും തീര്‍ച്ചയായും ലഭിക്കും.
444. ഛന്നഃ – ഛന്നന്, മറയ്ക്കപ്പെട്ടവന്‍, മറഞ്ഞവന്, വ്യാപശീലനാകയാലാണ് ഭഗവാന് വിഷ്ണു എന്നു പേരുണ്ടായത്. ഭഗവാന്റെ വ്യാപ്തമായ രൂപമാണ് വിശ്വം. പ്രസിദ്ധമായ വിഷ്ണു സഹസ്രനാമസ്തോത്രം തുടങ്ങുന്നത് “വിശ്വം” എന്ന നാമം കൊണ്ടാണെന്നതു ശ്രദ്ധിക്കുക. വിശ്വത്തിലുള്ള ഓരോ ജീവിയും വസ്തുവും കണവും ഭഗവാന്‍തന്നെയാണ്. ഇക്കാര്യം എല്ലാവര്ക്കും അറിയാമെങ്കിലും ആരും സാധാരണഗതിയില്‍ അത് ഓര്‍ക്കാറില്ല. ഭഗവാന്റെ തന്നെ പ്രവര്‍ത്തനശക്തിയായ മഹാമായ ഭഗവാനെ മറച്ചുകളയുന്നതാണ് കാരണം. തന്റെ തന്നെ മായയില്‍ മറഞ്ഞിരിക്കുന്നതിനാല്‍ ഭഗവാന് ഛന്നന് എന്നുപേര്.
445. ഛായാകാരഃ – നിഴലുണ്ടാക്കുന്നവന് പ്രകാശവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ് നിഴല്‍. നമുക്കു പരിചയമുള്ള ഏറ്റവും വലിയ പ്രകാശസ്രോതസ്സ് സൂര്യനാണ്. സൂര്യന്റെ പ്രകാശമേറ്റ് ഒരുമരം തിളങ്ങുമ്പോള്‍ അതിന്റെ ചുവട്ടില്‍ അല്പം ഇരുള്‍ച്ചയും തണലും ഉണ്ടായിരിക്കും. വെയിലേറ്റു നടന്നു തളര്‍ന്നുവരുന്ന വഴിയാത്രക്കാരന് ആ നിഴല്‍ ആശ്വാസമരുളും. ചോലമരങ്ങളില്ലാത്ത പെരുവഴിയില്‍ നടക്കുന്ന പഥികന് ഒരു കുട കൈയിലുണ്ടെങ്കില്‍ അതിന്റെ തണലില്‍ വലിയ ക്ലേശമില്ലാതെ നടക്കാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: