കീവ്: ആഭ്യന്തര പ്രതിസന്ധി തുടരുന്ന ഉക്രെയിനിലെ കിഴക്കന്‍ നഗരമായ ലുഹാന്‍സ്കില്‍ റഷ്യന്‍ അനുകൂല പോരാളികള്‍ സൈന്യത്തിന്റെ യാത്രവിമാനമായ ഐഐ-76 ഇന്ന് വെടിവച്ചുവീഴ്ത്തി. വിമാനത്തിലുണ്ടായിരുന്ന 49 സൈനികര്‍ കൊല്ലപ്പെട്ടു.
സൈനികരും യുദ്ധ ഉപകരണങ്ങളുമായി പോയ വിമാനം ലുഹാന്‍സ്ക് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പാണ് വെടിയേറ്റു തകര്‍ന്നത്. വിമാനത്താവളം സൈന്യത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും നഗരത്തിന്റെ മറ്റു മിക്ക ഭാഗങ്ങളും റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലാണ്.
റഷ്യയുടെ പിന്തുണയോടെയാണ് ഇവിടെ വിമതര്‍ ശക്തിപ്രാപിക്കുന്നതെന്ന് ഉക്രെയ്ന് ഭരണകൂടം നിരന്തരം ആരോപിക്കുന്നുണ്ട്. അതേസമയം, ആളും അര്‍ഥവും നല്കി മേഖലയില്‍ തീവ്രവാദം വളര്‍ത്തുന്ന റഷ്യ ഇക്കാര്യത്തില്‍ കാര്യമായി പ്രതികരിക്കാറില്ല. കിഴക്കന്‍ മേഖലയിലുള്ള റഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ സംരക്ഷണം മാത്രമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് റഷ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: